നിലവിൽ ഭൂമിയിലെ പുരാതന സസ്യവർഗ്ഗങ്ങളിൽ ഒന്നാണ് സൈപ്രസ് വൃക്ഷവംശം (Cupressaceae) . ഇരുന്നൂറു മില്യൺ വർഷങ്ങൾക്ക് മുൻപ് , അഖണ്ഡ ഭൂഖണ്ഡമായിരുന്ന പാൻജിയായുടെ (Pangaea) കാലത്തു തന്നെ ഇവർ ഭൂമിയിൽ തളിരിട്ടു തുടങ്ങിയിരുന്നു. ഇന്ന് അന്റാർട്ടിക്ക ഒഴികെയുള്ള വൻകരകളിലൊക്കെ വളരുന്ന ഈ വർഗ്ഗം , ഹിമയുഗത്തിന് മുൻപ് ഭൂമിയിലെ നിറസാന്നിധ്യമായിരുന്നു . ലഭ്യമായ ഫോസിലുകളും, 122 സൈപ്രസ് ജാതികളുടെ DNA കളുമാണ് ഗവേഷകരെ ഈ അനുമാനത്തിലെത്തിച്ചത് . എന്നാൽ ഇന്ന് ഈ മരങ്ങൾ നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത് മറ്റൊരു വിധത്തിലാണ് . ഭൂമിയിലെ പലഭാഗങ്ങളിൽ നിന്നും മണ്മറഞ്ഞുപോയ പഴയ സൈപ്രസ് വനങ്ങൾ പതുക്കെ പതുക്കെ തലയുയർത്തി നോക്കാൻ തുടങ്ങിയിരിക്കുന്നു . ഭീമൻ ഹിമാനികൾക്കടിയിലും , സമുദ്രത്തിനടിയിലും മറ്റും പെട്ടുപോയ പുരാതന സൈപ്രസ് കാടുകളാണ് ഇപ്പോൾ നമ്മുട മുന്നിൽ ഹിമയുഗത്തിന്റെ നറുമണവുമേറി മരക്കുറ്റികളുടെ രൂപത്തിൽ തെളിഞ്ഞു വരുന്നത് .
പുഴപോലെ ഒഴുകിമാറുന്ന അലാസ്ക്കൻ ഹിമാനിയായ Mendenhall Glacier ന്റെ അടിത്തട്ടിൽ നിന്നാണ് ആദ്യ സൈപ്രസ് കുറ്റികൾ ഓക്സിജൻ ശ്വസിച്ചത് . ഹിമാനി പിൻവാങ്ങുന്ന സ്ഥലങ്ങളിൽ കണ്ട സൈപ്രസ് തടികൾ പഴയ അതെ അപ് റൈറ്റ് പൊസിഷനിൽ തന്നെയായിരുന്നു നിന്നിരുന്നത് . പലതും വേരുകൾ പോലും അതേപടി നിലനിർത്തിയിട്ടുണ്ട് . തുടക്കത്തിൽ പൈൻ മരങ്ങളാകാം എന്ന് തെറ്റിദ്ധരിച്ചെങ്കിലും തുടർ പഠനങ്ങൾ ഇവ ആയിരം വർഷങ്ങളെങ്കിലും പഴക്കമുള്ള സൈപ്രസ് മരങ്ങളുടേതാവാം എന്ന് ഉറപ്പിച്ചു . ഹിമാനി കൂടുതൽ പ്രദേശങ്ങളിൽ നിന്നും പിൻവാങ്ങുന്നതോടെ ഇത്തരം കൂടുതൽ മരങ്ങൾ ഉയർത്തെഴുന്നെറ്റേക്കാം എന്നാണ് കരുതപ്പെടുന്നത് .
ഇതിനു നേരെ വിപരീതദിശയിലാണു Taku ഹിമാനിയുടെ പോക്ക് . ഇന്ന് നിലനിൽക്കുന്ന കോട്ടൻവുഡ് മരങ്ങളുടെ മുകളിലേക്കാണ് ഈ ഹിമാനി ഒഴുകിക്കയറുന്നത് . അതായത് മുൻപ് പറഞ്ഞ സൈപ്രസ് മരങ്ങൾ എങ്ങിനെ മഞ്ഞിനടിയിലായി എന്ന് ഗവേഷകർക്ക് ലൈവ് ആയി പഠിക്കാനുള്ള സൗകര്യമാണ് Taku ഹിമാനി ഇപ്പോൾ ഒരുക്കിത്തരുന്നത് .
ഇനി രണ്ടായിരത്തി അഞ്ചിലെ ഹറിക്കേൻ കത്രീനയാണ് തുടർ പഠനത്തിന് നമ്മുക്ക് അവസരം ഉണ്ടാക്കിത്തന്നത് . ഈ കൊടുങ്കാറ്റ് അമേരിക്കൻ തീരങ്ങളുടെ ഘടനയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് . ഈ വായൂപാതത്തിനു ശേഷം അലബാമൻ തീരങ്ങളിൽ മീൻപിടിക്കുവാൻ പോയവരാണ് ഒരു പ്രത്യേക സ്ഥലത്ത് കടൽജീവികളുടെ “പെരുപ്പം” ശ്രദ്ധിച്ചത് . അവരിൽ നിന്നും വിവരങ്ങൾ മനസിലാക്കിയ ചില ലോക്കൽ ഡൈവേഴ്സ് കാര്യങ്ങളുടെ നിജസ്ഥിതിയറിയാൻ മുങ്ങാകുഴിയിട്ടു നോക്കിയെങ്കിലും അറിഞ്ഞ വിവരങ്ങൾ ആരോടും പങ്കുവെച്ചില്ല . ഏതെങ്കിലും പഴയ കപ്പലിന്റെ അവശിഷ്ടങ്ങളാവാം കടലിനടിയിൽ എന്ന തെറ്റിദ്ധാരണയാണ് വിവരങ്ങൾ മൂടിവെക്കുവാൻ അവരെ പ്രേരിപ്പിച്ചത് . പിന്നീട് വർഷങ്ങൾക്ക് ശേഷം (2012) കാര്യങ്ങൾ “മണത്തറിഞ്ഞ ” ചില ഗവേഷകർ ആ പ്രദേശത്തു കാര്യമായി തന്നെ മുങ്ങിത്തപ്പി . പതിനെട്ടു മീറ്റർ താഴെ , ഏതാണ്ട് 1.3 ചതു: കിലോമീറ്റർ ചുറ്റളവിൽ സൈപ്രസ് മരക്കുറ്റികൾ നിറഞ്ഞ മറ്റൊരു ലോകമാണ് അവർ അവിടെ കണ്ടത് . കൃത്രിമ പവിഴപ്പുറ്റുകളായി മാറിയ , ദ്രവിച്ച മരക്കുറ്റികളുടെ രുചി പിടിച്ച ജലജീവികളാണ് മുക്കുവരുടെ ശ്രദ്ധയാകർഷിച്ച ചാകര ഒരുക്കിയത് . അതുകൊണ്ടു തന്നെ ഈ പുരാതന വനം ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവർ തിന്നു തീർക്കും എന്നാണ് കരുതപ്പെടുന്നത് .
അറിയപ്പെടുന്ന ഡെൻഡ്രോക്രോണോലോജിസ്റ്റ് (dendrochronologist) ആയ ( മരങ്ങളുടെ വാർഷിക വളയങ്ങളെ പറ്റിയുള്ള പഠനം ) Grant Harley യുടെ പഠനത്തിൽ ഈ സൈപ്രസ് മരക്കുറ്റികൾക്ക് ഏതാണ് 52,000 വർഷങ്ങളോളം പഴക്കമുണ്ട് . Wisconsin Glacial യുഗത്തിൽ (മുൻപും ) സമുദ്രനിരപ്പ് നന്നേ താഴ്ന്ന നിലയിലായിരുന്നപ്പോൾ ഉരുത്തിരിഞ്ഞ വനമാകണം ഇതെന്നാണ് അനുമാനം . പിന്നീട് ആയിരം വർഷങ്ങൾ കൊണ്ട് 25 മീറ്ററാണ് ജലനിരപ്പ് ഉയർന്നത് .
“These stumps are so big, they’re upwards of two meters in diameter — the size of trucks, They probably contain thousands of growth rings.”
എന്നാണ് ഹാർലിയുടെ അഭിപ്രായം . പഠനത്തിനായി ഒരു ഭാഗം അറുത്തെടുക്കുന്നതാണ് ചിത്രത്തിൽ കാണുന്നത് (Credit: Ben Raines). ഇതുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയിലേക്കുള്ള ലിങ്ക് >> https://youtu.be/PKm0eRfFFfo
www.palathully.com