കേരളത്തിലെ ഒരു ഇടത്തരം കുടുംബത്തിലെ പിതാവ് സ്വയം കഴിച്ചില്ലെങ്കിലും കുട്ടികള്‍ക്ക് ബ്രെഡില്‍ തേച്ചു കൊടുത്തിട്ടുണ്ടാവും ഈ ചോക്കലേറ്റ് നിറമുള്ള പേസ്റ്റ് . ഏതു സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നാലും ഒരു വരി നിറച്ച് ഇരിപ്പുണ്ടാവും ഇത് . പറഞ്ഞു വരുന്നത് Nutella യെ പറ്റി ആണ് . 3650 ലക്ഷം കിലോ Nutella യാണ് ഒരു വര്‍ഷം ലോകമെമ്പാടും വിറ്റഴിയുന്നത് ! മിക്ക വിദേശ സ്കൂളുകളുടെയും പ്രഭാത മെനുവിലെ പ്രധാന ഐറ്റം നൂട്ടെല്ലാ തന്നെ ആണ് . ഏകദേശം അന്‍പതില്‍ പരം വര്‍ഷങ്ങളായി ലോക ജനതയെ ഈ പേസ്റ്റ് തീറ്റിച്ചുകൊണ്ടിരിക്കുന്നത് ഇറ്റാലിയന്‍ കമ്പനിയായ Ferrero ആണ് . ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ചോക്കലേറ്റ് നിര്‍മ്മാതാവ് ആണ് ഇവര്‍. Nutella യിലെ പ്രധാന ഘടകമായ ചെമ്പങ്കായ (Hazelnut) ഏറ്റവും കൂടുതല്‍ വാങ്ങിക്കുന്ന കമ്പനിയും ഫെരേരോ തന്നെയാണ് . എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയി തീരാന്‍ കമ്പനി നന്ദി പറയേണ്ടത് രണ്ടു വ്യക്തികളോടാണ് . മറ്റാരുമല്ല ഈ രണ്ടു പേര്‍ … നെപ്പോളിയനും ഹിറ്റ്‌ ലറും !!!

എല്ലാത്തിനും തുടക്കം ഇട്ടത് 1806 ലെ നെപ്പോളിയന്റെ സൈനിക നീക്കങ്ങള്‍ ആണ് (War of the Fourth Coalition 1806–1807). ഈ സമയത്ത് യൂറോപ്പിലെ ചോക്കലേറ്റിന്റെ വില അതി ഭീമയായി വര്‍ധിച്ചു . മാത്രവുമല്ല അത് തീരെ ലഭ്യമല്ലാതെ ആകുകയും ചെയ്തു . മെഡിറ്ററേനിയന്‍ ബ്രിട്ടീഷുകാര്‍ ഉപരോധിച്ചതോടെ ഇറ്റലിയിലെ ചോക്കലേറ്റ് നിര്‍മ്മാതാക്കള്‍ ആകെ പ്രതിസന്ധിയില്‍ ആയി . അക്കാലത്ത് ടൂറിനിലെ പ്രമുഖ ചോക്കലേറ്റ് നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന Michele Prochet ന് ഒരു ബുദ്ധി തോന്നി . തന്‍റെ ഉല്പ്പന്നത്തിലെ ചോക്കല്ട്ടിന്റെ അളവ് കുറച്ചു പകരം ചെമ്പങ്കായയും (Hazelnut), സ്വല്‍പ്പം പഞ്ചസാരയും കൂടി അരച്ച് ചേര്‍ത്ത് വിറ്റഴിക്കുക ! നിറത്തിന് നിറവും രുചിക്ക് രുചിയും ആയി ! ചെമ്പങ്കായ ആകട്ടെ ടൂറിനില്‍ ധാരാളം ലഭ്യവും ആയിരുന്നു . ധാരാളം വിറ്റഴിഞ്ഞ ഈ ഉല്‍പ്പന്നം ആദ്യം Gianduia എന്നറിയപ്പെട്ടു എങ്കിലും കാലക്രമേണ അതിന്‍റെ പേര് Gianduja എന്നായി മാറി . Gianduja എന്നത് അക്കാലത്തെ ഒരു ഇറ്റാലിയന്‍ കോമഡി കഥാപാത്രം ആയിരുന്നു . വീണ്ടും ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു . പഴയ ചോക്കലേറ്റിന്റെ കഥ വീണ്ടും തുടര്‍ന്നു . എങ്ങും കിട്ടാനില്ലാത്ത അവസ്ഥ ! ഇത്തവണ രംഗത്തെത്തിയത് Pietro Ferrero എന്ന ബേക്കറി ഉടമയാണ് . ചെമ്പങ്കായ ഉത്പാദനത്തിന് പേര് കേട്ട Piedmont ല്‍ ആയിരുന്നു അദേഹത്തിന്റെ കട . കക്ഷി പഴയ Gianduja വീണ്ടും ഉണ്ടാക്കി വില്‍പ്പന ആരംഭിച്ചു (1946) . ഇത്തവണ Pasta Gianduja എന്നായിരുന്നു പേരിട്ടത് (Gianduja യുടെ പേസ്റ്റ് ). ഇത് കട്ടിയുള്ള ഒരു പ്രോഡക്ട്റ്റ് ആയിരുന്നു . കത്തി വെച്ച് റൊട്ടി മുറിക്കുന്നതുപോലെ കഷ്ണിച്ചു ബ്രെഡിനു ഇടയില്‍ വെച്ചാണ് കുട്ടികള്‍ക്ക് കൊടുത്തുകൊണ്ടിരുന്നത് . പക്ഷെ ഒരു കുഴപ്പം ! പിള്ളേര്‍ ബ്രെഡ്‌ ദൂരെയെറിഞ്ഞു Pasta Gianduja മാത്രം കഴിക്കുവാന്‍ തുടങ്ങി ! അമ്മമാര്‍ ഇതൊരു പരാതിയായി കടയില്‍ വന്നു പറഞ്ഞതോടെ ഫെരേരോ അടവ് മാറ്റി . Pasta Gianduja വയെ ക്രീം ആക്കി മാറ്റി . ഇപ്പോള്‍ ബ്രെഡില്‍ തേച്ചു പിടിപ്പിക്കാം. രണ്ടും കൂട്ടി കഴിച്ചാല്‍ നല്ല സ്വാദ് ! . അങ്ങിനെ Pasta Gianduja പേര് മാറ്റി “Supercrema” എന്ന പേരില്‍ വില്‍പ്പന ആരംഭിച്ചു (1951) .

1963 ല്‍ Ferrero യുടെ മകന്‍ Michele Ferrero തങ്ങളുടെ ഈ സൂപ്പര്‍ ഫുഡ് യൂറോപ്പ് മുഴുവനും വിതരണം ചെയ്യുവാന്‍ തന്നെ ഉറച്ചു . അതിന്‍റെ ആദ്യപടിയായി Supercrema എന്ന പേര് മാറ്റി Nutella എന്ന പേര് സ്വീകരിച്ചു . “Made from Nut” എന്നാണ് Nutella എന്ന പേര് കൊണ്ട് ഫെരേരോ ഉദ്യേശിചത് ( ഇതിന്‍റെ ശരിയായ ഉച്ചാരണം(“nuh-tell-uh”) നട്ടെല്ലാ എന്നാണ് പക്ഷെ ഇത് അമേരിക്കയില്‍ എത്തിയതോടെ ഉച്ചാരണം “new-tell-uh” എന്നായി മാറി ) . ഇന്നത്തെ രീതിയിലുള്ള നുട്ടെല്ലായുടെ ആദ്യ ജാര്‍ ഫാക്റ്ററിയില്‍ നിന്നും പുറത്തിറങ്ങിയത് 1964 ഏപ്രില്‍ 20 നു ആയിരുന്നു . അക്കാലത്ത് ചോക്കലേറ്റിനു Nutella യുടെ ആറു ഇരട്ടി വില ഉണ്ടായിരുന്നതിനാല്‍ പുതിയ ഉല്‍പ്പന്നം യൂറോപ്പിലെങ്ങും വ്യാപകമായി സ്വീകരിക്കപ്പെട്ടു . ഇതിന്‍റെ പ്രചാരത്തിനായി “The Smearing” എന്നൊരു പരിപാടിയും ഇറ്റലിയില്‍ നടത്തി . ഒരു കഷ്ണം ബ്രെഡും ആയി ഒരു കുട്ടി Nutella സ്റ്റോറില്‍ ചെന്നാല്‍ ഫ്രീ ആയി അതില്‍ Nutella തേയ്ച്ചു കൊടുക്കും ! എന്തായാലും Ferrero കമ്പനിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . യൂറോപ്പുകാര്‍ മുഴുവനും Nutella കഴിച്ചു എന്ന് ഉറപ്പു വരുത്തി ഫെരേരോ നേരെ അമേരിക്കയിലേക്ക് തിരിഞ്ഞു .

1983 ല്‍ അമേരിക്കയില്‍ എത്തിയ കമ്പനിക്കു പക്ഷെ അവിടെ ചെറിയൊരു അമ്മളി പിണഞ്ഞു . നുട്ടെല്ലാ ഒരു “nutritious breakfast” ആണെന്ന് പരസ്യം ചെയ്തതാണ് അബദ്ധം ആയത് . ഇതില്‍ കാര്യമായ “പോഷക ഗുണങ്ങള്‍ ” ഒന്നും ഇല്ലെന്നു കോടതിയില്‍ തെളിഞ്ഞതോടെ കമ്പനിക്കു അന്ന് മൂന്ന് മില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു . മേലില്‍ ഇത്തരം “ഗീര്‍ വാണങ്ങള്‍ ” അടിക്കെരുതെന്നു താക്കീതും കിട്ടി . ഇത് ” രുചികരമായ ഭക്ഷണം ” എന്നതില്‍ കവിഞ്ഞു ഒന്നുമല്ല എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം . പക്ഷെ ഉപഭോക്താക്കള്‍ Nutella യെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു . ഇന്ന് ലോകമെമ്പാടുമുള്ള പതിനൊന്നില്‍ പരം ഫാക്ടറികളില്‍ നിന്നും എഴുപത്തി അഞ്ചോളംരാജ്യങ്ങളില്‍ Nutella എത്തുന്നുണ്ട് . ഓരോ രണ്ടര സെക്കണ്ടിലും ഒരു Nutella ജാര്‍ വിറ്റുപോകുന്നു എന്നാണ് കണക്ക് ! 2005 ല്‍ നുട്ടെല്ലായുടെ നാല്‍പ്പത്തി അഞ്ചാം വാര്‍ഷികത്തില്‍ ജര്‍മ്മനിയില്‍ നടത്തിയ പ്രഭാത വിരുന്ന് സല്‍ക്കാരത്തില്‍ 27,854 പേര്‍ ആണ് പങ്കെടുത്തത് . അതൊരു ലോക റെക്കോര്‍ഡ് ആണ് (Largest continental breakfast -attendance). Nutella യുടെ അന്‍പതാം വാര്‍ഷികത്തില്‍ ഇറ്റാലിയന്‍ തപാല്‍ കമ്പനി ആയ Poste italiane ഒരു സ്റ്റാമ്പ് തന്നെ ഇറക്കി Nutella യെ ആദരിച്ചു ! ഇപ്പോള്‍ എല്ലാ വര്‍ഷവും ഫെബ്രുവരി അഞ്ചിന് ലോക Nutella ദിനമായി ആചരിക്കുകയാണ് കമ്പനിയും ആരാധകരും !

അടിക്കുറിപ്പ്
=========

1. 2012 ഇറ്റാലിയന്‍ സര്‍ക്കാര്‍ പാം ഓയിലിന്‍റെ വിലയും ടാക്സും വര്‍ദ്ധിപ്പിക്കുകയുണ്ടായി . പാം ഓയില്‍ Nutella യുടെ ഒരു പ്രധാന ഘടകം ആയതിനാല്‍ ആ ടാക്സ് പിന്നീട് “the Nutella tax” എന്നാണ് പത്ര മാധ്യമങ്ങളില്‍ അറിയപ്പെട്ടത് .

2. Nutella Ingredients: sugar, modified palm oil, hazelnuts, cocoa, skimmed milk powder, whey powder, lecithin, and vanillin

3. രണ്ടു ടേബിള്‍ സ്പൂണ്‍ Nutella യില്‍ 21gm ഷുഗര്‍ അടങ്ങിയിട്ടുണ്ട് ! (www.meghantelpner.com/blog/5-reasons-nutella-should-be-banned-from-your-breakfast-table/)

References
=========

1. http://www.nutellausa.com/history.htm
2. http://www.linns.com/en/insights/international-stamps-and-postal-history/2014/05/italy-issues-nutella-stamp-for-its-50th-anniversar.html
3. http://www.guinnessworldrecords.com/world-records/largest-continental-breakfast-(attendance)
4. http://www.meghantelpner.com/blog/5-reasons-nutella-should-be-banned-from-your-breakfast-table

By ജൂലിയസ് ഇമ്മാനുവേൽ
http://www.palathully.com

Leave a Reply

Your email address will not be published. Required fields are marked *