Collecting knowledge For you !

അഴകിന്റെ ആറളം

By:
Posted: November 27, 2017
Category: കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ
Comments: 0
download palathully android app ! >>>> Get!

അകത്തേക്ക് കടക്കുന്തോറും വിസ്തൃതമായിക്കൊണ്ടിരിക്കുന്നു അതിന്റെ ആഴവും ഉയരവും. കാണുംതോറും തിടംവച്ച് വളരുന്ന പച്ചപ്പ്. ചെവിയോര്‍ത്തിരിക്കേ കനത്തുവരുന്നു ശബ്ദധ്വനികള്‍

-ആ കാട്ടില്‍ രണ്ടുദിവസം കഴിയാനായിരുന്നു യാത്ര. തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി വഴി ആറളത്തെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക്. 5500 ഹെക്ടറില്‍ പ്രകൃതി ഒളിപ്പിച്ചുവെച്ച മറ്റൊരു രാജ്യം കാണാന്‍.

ആറളം എന്ന് വെറുതെ പറഞ്ഞാല്‍പ്പോലും ആറളം ഫാം എന്നാണ് ആളുകള്‍ കേള്‍ക്കുക. ആറളവുമായി 'ഫാ'മിന് അത്ര അടുത്ത ബന്ധമുണ്ട്. എന്നാല്‍ ഈ യാത്ര ഫാമും കടന്ന് പശ്ചിമഘട്ടത്തോട് തൊട്ടുകിടക്കുന്ന ആറളം വന്യജീവി സങ്കേതത്തിലേക്കാണ്. കാടും കാട്ടാനയും കുന്നുകളും മരുതും മലമുഴക്കിയും മലയണ്ണാനും രാജവെമ്പാലയും പൂമ്പാറ്റകളും പച്ചയുടുപ്പിട്ട ആയിരം സസ്യജാലങ്ങളും അതിനുകാവലിരിക്കുന്ന ചീങ്കണ്ണിപ്പുഴയും ചേര്‍ന്ന ആറളം വന്യജീവി സങ്കേതത്തിലേക്ക്.

-വനമധ്യത്തില്‍ രണ്ടുദിവസം തങ്ങാനും മകരത്തണുപ്പില്‍ കാല്‍നടയായി കാടുകയറാനും ഒരു യാത്ര.

ആറുകളുടെ അളം

കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായ ബ്രഹ്മഗിരി സാങ്ച്വറിയുടെ തുടര്‍ച്ചയായി കുടക് മലകള്‍ക്ക് കീഴില്‍ 5500 ഹെക്ടറില്‍ (13750 ഏക്കര്‍) പടര്‍ന്നുകിടക്കുന്ന ആറളം വന്യജീവി സങ്കേതം 'കണ്ടുപിടിച്ച'തിനെക്കുറിച്ചുള്ള ഒരു വിശദീകരണം ഇങ്ങനെയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടുത്തെ പ്രബലന്‍മാരായ വാഴുന്നോര്‍ ജന്‍മിയുടെ കീഴിലായിരുന്നത്രേ വന്യജീവി സങ്കേതം ഉള്‍പ്പെട്ട പ്രദേശം. 'ഓടന്തോട് മലവാരം' എന്നാണ് അന്ന് ഈ പ്രദേശം അറിയപ്പെട്ടത്. വാഴുന്നോര്‍ തറവാട്ടുകാര്‍ക്ക് വൃദ്ധിക്ഷയം സംഭവിച്ചപ്പോള്‍ തെക്കുദേശത്തുനിന്നെത്തിയ അതിസമ്പന്നനായ കുഞ്ഞമ്മാന്‍ ഹാജി അവരുടെ 100 ഏക്കര്‍ വിലയ്ക്കുവാങ്ങി. കാട്ടിലേക്ക് വഴിതുറക്കുന്ന 100 ഏക്കര്‍ കൈയിലായതോടെ കുഞ്ഞമ്മാന്‍ ഹാജി അകത്തേക്കുള്ള വഴിയടച്ചു. പിന്നീട് ആരെയും ഉള്ളിലേക്ക് കടത്തിവിട്ടില്ല. പിന്നില്‍ ഉറങ്ങിക്കിടക്കുന്ന 13750 ഏക്കര്‍ വനത്തെ ഹാജി 100 ഏക്കര്‍കൊണ്ട് മറച്ചുപിടിച്ചു. ഇത്ര വിശാലമായ പ്രദേശം ഇവിടെയുണ്ടെന്നുപോലും പിന്നീട് ആര്‍ക്കും അറിയാതായി.

വെസ്റ്റിങ് ആന്‍ഡ് അസൈന്‍മെന്‍റ് ആക്ട് പ്രകാരം 1971-ല്‍ ഈ ഭൂമി കേരളസര്‍ക്കാര്‍ ഏറ്റെടുത്ത് നിക്ഷിപ്ത വനമാക്കി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ആറളത്തിന്റെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ് 1984-ല്‍ വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഒരു റേഞ്ച് ആയിട്ടാണ് തുടങ്ങിയത്. 1998-ല്‍ പ്രത്യേക ഡിവിഷന്‍ ആക്കി മാറ്റി.

തെക്കുഭാഗത്ത് ചീങ്കണ്ണിപ്പുഴയും കിഴക്ക് കര്‍ണാടകത്തിലെ ബ്രഹ്മഗിരി മലനിരകളും പടിഞ്ഞാറ് ആറളം ഫാമും വടക്ക് കണ്ണൂര്‍ ഡിവിഷന്റെ ഭാഗമായ വനങ്ങളുമാണ് ആറളം വന്യജീവി സങ്കേതത്തിന് അതിരിടുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം. സമുദ്രനിരപ്പില്‍നിന്ന് 50 മുതല്‍ 1589 മീറ്റര്‍വരെ ഉയര്‍ന്നുകിടക്കുന്ന ആറളം ആയിരത്തിലേറെ സപുഷ്പികളായ സസ്യജാലങ്ങളാല്‍ സമൃദ്ധം. 49 ഇനം സസ്തനികളും 53 ഉരഗജീവികളും ഇരുന്നൂറിലേറെ ഇനം പക്ഷികളും 249 തരം ചിത്രശലഭങ്ങളും ചേര്‍ന്ന ജൈവമണ്ഡലം. കണ്ണില്‍ കാണാത്തതും തിരിച്ചറിഞ്ഞിട്ടല്ലാത്തതുമായ ജീവികളും സസ്യങ്ങളും ഇനിയുമെത്രയോ.. ഇടതൂര്‍ന്നു നില്‍ക്കുന്ന വനപ്രദേശം. നിത്യഹരിത വനങ്ങളും ആര്‍ദ്ര ഇലപൊഴിയും വനങ്ങളും ചോലവനങ്ങളും പുല്‍മേടുകളുമെല്ലാം ചേര്‍ന്ന വൈവിധ്യം. വര്‍ഷത്തില്‍ ശരാശരി 400 സെ.മീ മഴ ലഭിക്കുന്നു. 1589 മീറ്റര്‍ ഉയരത്തിലുള്ള അമ്പലപ്പാറയാണ് ഏറ്റവും ഉയര്‍ന്ന പ്രദേശം.

കുരങ്ങുവര്‍ഗത്തില്‍പ്പെട്ട അഞ്ചുജീവികള്‍ -സിംഹവാലന്‍, ഹനുമാന്‍, നാടന്‍, കരിങ്കുരങ്ങ്- ആറളത്തുണ്ട്. അതുപോലെ മലമുഴക്കി, കോഴിവേഴാമ്പല്‍, പാണ്ടന്‍, നാട്ടുവേഴാമ്പല്‍ എന്നീ വേഴാമ്പലുകളും. കുട്ടിത്തേവാങ്ക് ഏറ്റവും കൂടുതലുള്ള മേഖലയാണിത്. പൂമ്പാറ്റകളുടെ ദേശാടനമാണ് മറ്റൊരു പ്രത്യേകത.

വന്യജീവി സങ്കേതത്തിന്റെ സമീപപ്രദേശങ്ങളില്‍ ആദിവാസി പുനരധിവാസ മേഖലയുണ്ട്. ചീങ്കണ്ണിപ്പുഴ കടന്നാല്‍ അക്കരെ കേളകം പഞ്ചായത്താണ്. ആറളം തൂക്കുപാലം കടന്നാല്‍ കേളകത്ത് എത്താം. കുടിയേറ്റ കര്‍ഷകര്‍ മണ്ണില്‍ പണിയെടുത്ത് ഉണ്ടാക്കിയ മറ്റൊരു ലോകം.

എഴുത്ത്: കെ. സുരേഷ് / ചിത്രങ്ങള്‍ : മധുരാജ്

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *