Collecting knowledge For you !

ആർപ്പുക്കരയിലെ പ്രേതങ്ങൾ !

By:
Posted: November 12, 2017
Category: എൻ്റെ ഡയറി (ജൂലിയസ് )
Comments: 0
download palathully android app ! >>>> Get!

കോട്ടയം ജില്ലയിൽ കുറുക്കൻ കുന്ന് എന്നൊരു സ്ഥലമുണ്ട് . കേൾക്കാൻ വഴിയില്ല . ഇന്നത്തെ കോട്ടയം മെഡിക്കൽ കോളേജ് ഇരിക്കുന്ന സ്ഥലത്തിന് പണ്ട് പറഞ്ഞിരുന്ന പേരാണ് . അവിടെ നിന്നും നേരെ പടിഞ്ഞാറോട്ടു തിരിച്ചാൽ പതിനഞ്ചാം നൂറ്റാണ്ടിലെ ചുവർ ചിത്രങ്ങൾ പേറുന്ന സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ എത്തും . ഇവിടുത്തെ മയിലാട്ടം പ്രശസ്തമാണ് . വീണ്ടും പടിഞ്ഞാറോട്ട് പോകാം , അവിടെ കുന്നിൻ മുകളിൽ കുന്നത്തൃക്ക ശ്രീ മഹാദേവക്ഷേത്രം ഇരിപ്പുണ്ട് . ഇനിയും പടിഞ്ഞാറോട്ടു നടന്നാൽ ചെളി ചവിട്ടും . കാരണം അപ്പർ കുട്ടനാട് തുടങ്ങുകയായി . നേരെ മുന്നിൽ മീനച്ചിലാറിന്റെ ഒരു കൈവഴിയാണ് , മീനച്ചിലാറിൽ കുടമാളൂരിലെ കല്ലേകടവിൽ തുടങ്ങി കുറച്ചു ദൂരം ആറുമായി പിണങ്ങി ഒഴുകി അവസാനം പിണക്കം മാറ്റി വീണ്ടും മീനച്ചിലാറ്റിൽ തന്നെ അവസാനിക്കുന്ന ചെറിയൊരു അരുവി . ഇതിന്റെ തീരത്താണ് ശ്രീമാൻ ഞാൻ കളിച്ചു വളർന്നത് . ചരിത്രസംഭവങ്ങൾ ഉറങ്ങിക്കിടക്കുന്ന ഏതൊരുനാട്ടിലെയും അവസ്ഥയാണ് എനിക്കും കുട്ടിക്കാലത്ത് ഉണ്ടായിരുന്നത് . മുന്നിൽ വന്നു പെടുന്ന സകല കാരണവൻമ്മാരും നമ്മെ ചരിത്രം പഠിപ്പിക്കും . അങ്ങിനെ മുൻതലമുറകളിലെ സകല ചരിത്രവും ആവാഹിച്ചെടുത്ത കുറച്ചുപേർ ( എന്റെ പിതാവ് ഉൾപ്പടെ ) എന്റെ ചുറ്റും ഉണ്ടായിരുന്നതിനാൽ കുറച്ചു കാര്യങ്ങൾ തീരെ ചെറുപ്പത്തിൽ തന്നെ പഠിക്കുവാൻ പറ്റി . പക്ഷെ നന്നേ ചെറുപ്പത്തിൽ ചെമ്പകശ്ശേരി രാജാവിന്റെ ചരിത്രത്തിൽ ആർക്കാണ് താൽപ്പര്യം ? അന്ന് എനിക്ക് താൽപ്പര്യം മറ്റൊരു വിഷയത്തിലായിരുന്നു ... പ്രേതങ്ങൾ !!!

ഇത് പക്ഷെ സാരിച്ചുറ്റി പാട്ടുപാടി നടക്കുന്ന ഐറ്റംസ് അല്ല . മറിച്ച്, പുരാതന കാലത്തെ സാക്ഷാൽ ഡെമൻസ് ! . കേരളത്തിലെ ശിവക്ഷേത്രങ്ങളുടെ ശരിയായ കാലഗണന ആരെങ്കിലും തിട്ടമായി കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല , പക്ഷെ അക്കൂട്ടത്തിൽ നന്നേ പഴക്കമുള്ള ഒന്നാണ് ഞാൻ മുന്നേ പറഞ്ഞ കുന്നത്തൃക്ക ശിവക്ഷേത്രം . ഈ ക്ഷേത്രം ഇരിക്കുന്ന കുന്ന് ചെമ്പകശ്ശേരി രാജാക്കൻമാരുടെ കാലത്ത് ഒരു തടവറയായിരുന്നു എന്നാണു പറച്ചിൽ . തടവറക്ക്‌ ചുറ്റും വൻകിടങ്ങുകൾ . ഈ ക്ഷേത്രത്തിന് ചുറ്റും ഇന്നുള്ള വഴികൾ സത്യത്തിൽ ആ കിടങ്ങുകളാണ് . ഈ തടവറയുടെ സംരക്ഷണത്തിനും , തടവുകാരുടെ ആരാധനാവശ്യങ്ങൾക്കുമായി ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് ചിലർ പറയുന്നുണ്ടെങ്കിലും എന്റെ അഭിപ്രായത്തിൽ ഇതിന് അതിലും നന്നേ പഴക്കമുണ്ട് . തകർന്ന് കിടന്ന ക്ഷേത്രത്തിൽ വീണ്ടും ആരാധനകൾ തുടങ്ങിയിട്ട് ഒരു മനുഷ്യായുസ് പോലും ആയിട്ടില്ല . എന്റെ ചെറുപ്പത്തിൽ സ്‌കൂൾ വിട്ട് ഈ വഴി വരുമ്പോൾ ഒറ്റയ്ക്കാണെങ്കിൽ സാധാരണ ഓടാറായിരുന്നു പതിവ് . കാരണം മറ്റൊരുന്നുമല്ല , വഴിയിൽ ചിലപ്പോൾ എന്തെങ്കിലും കണ്ടേക്കാം !

സന്ധ്യമയങ്ങുന്ന സമയം . കത്തിച്ചു പിടിക്കാൻ ചൂട്ടുകറ്റകൾ ഒന്നും ഉണ്ടാവില്ല നമ്മുടെ കാരണവൻമ്മാർക്ക് . പേടി മാറ്റാൻ ഉച്ചത്തിൽ വർത്തമാനം പറഞ്ഞു പോകലാണ് പതിവ് . പക്ഷെ കുന്ന് കയറുമ്പോൾ ചെറുതായൊന്ന് വിറയ്ക്കും . തകർന്നു കിടക്കുന്ന അമ്പലം , തടവ് പുള്ളികളുടെ രോദനം .... എല്ലാം മനസ്സിലൂടെ മിന്നായം പോലെ കടന്നുപോകും . അപ്പോഴതാ വഴിയുടെ അരികെ കുറച്ചു പുല്ലൊക്കെ വളർന്നു നിൽക്കുന്ന സ്ഥലത്ത് ഒരു കാള കിടക്കുന്നു ! നല്ല വെളുപ്പ് നിറത്തിൽ ഒരു കൂറ്റൻ മൃഗം . മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ അത് പതുക്കെ എഴുന്നേറ്റു . ഈശ്വരാ ഒരാനയുടെ വലിപ്പം ! പിന്നൊന്നും നോക്കാനില്ല മുണ്ടുമടക്കി ഒരൊറ്റയോട്ടം. ഒന്ന് പിന്നോക്കം നോക്കിയാലോ ... അതാ വരുന്നു ആ മൃഗം പിറകെ ! കുന്നിറങ്ങികഴിഞ്ഞാൽ പിന്നെ അതിനെ കാണില്ല . ഏതാണാമൃഗം ? മറ്റാര് ? സാക്ഷാൽ നന്ദികേശൻ തന്നെ ! ഈ പുരാണം കേട്ടിട്ടുള്ള കുഞ്ഞു ജൂലിയസ് ആ വഴി എങ്ങിനെ നടന്നു പോകും ? കണ്ണും പൂട്ടി ഓടുക അത്ര തന്നെ .

പിതാമഹൻമ്മാർ ചില കാര്യങ്ങളിൽ വളരെ ടഫ് ആയിരുന്നു . വെള്ളം പൊങ്ങികിടക്കുമ്പോൾ അസാമാന്യ ഒഴുക്കാണ് ആറ്റിൽ . രണ്ടു പേർക്ക് കഷ്ടിച്ചു ഇരിക്കാവുന്ന കൊച്ചുവള്ളത്തിൽ ഒരു തുഴയും തന്ന് ഇരുത്തിയിട്ട് വള്ളം ആറ്റിലേക്ക് ഒരൊറ്റ തള്ളാണ് . നൂല് പൊട്ടിയ പട്ടം പോലെ ആറിന്റെ നടുക്ക് ഞാനും വള്ളവും ഒരു തുഴയും ! കരയിൽ നിന്ന് വല്യപ്പൻ പറയും - " എടാ ഇനി തന്നെ തഴഞ്ഞു പോരെ ". എന്താണ് സംഭവം ? ആള് എന്നെ വള്ളം ഊന്നാൻ പഠിപ്പിക്കുവാണ് ! വല്യപ്പൻ ഇങ്ങനെ ആണെങ്കിൽ മകൻ ഒട്ടും കുറയ്ക്കാൻ പറ്റില്ലല്ലോ . വെള്ളത്തിൽ മുങ്ങിക്കിടക്കാൻ എനിക്ക് പേടിയായിരുന്നു . ഒരു ദിവസം കടവിൽ കുളിച്ചോണ്ടിരുന്ന എന്റെ പിറകിൽ വന്ന് പപ്പാ മുടിക്കുത്തിന് പിടിച്ചു ഒരൊറ്റ മുക്കിപ്പിടി ! കാൽമിനിറ്റിനകം ജലത്തിൽ നിന്നുയർന്നുവന്ന ജൂലിയസ് പിന്നെ ജീവിതത്തിൽ ജലത്തെ പേടിച്ചിട്ടില്ല . ഇത്രയും പറഞ്ഞത് ഇനി പറയാൻ പോകുന്ന പ്രേതങ്ങൾ ജലപിശാചുക്കളാണ് ! മാംസം മാത്രം ഭക്ഷിക്കുന്ന ഒരു പുരാതന സത്വത്തിന്റെ കഥ അടുത്തഭാഗത്തിൽ !

കൂട്ടത്തിൽ ആർപ്പുക്കരയിലെ അന്യഗ്രഹജീവികളുടെ സാന്നിധ്യം കൂടി പറയാം . അങ്ങു ചിക്കാഗോയിലായിരുന്ന വല്യമ്മച്ചി നാട്ടിൽ തിരികെയെത്തിയ ശേഷമാണ് നാട് പുരാണങ്ങളുടെ ബാക്കിഭാഗങ്ങൾ ഞാൻ ചികഞ്ഞെടുത്ത് . ഒരു ദിവസം വൈകിട്ട് മുറ്റത്തെ പേരയുടെ മുകളിലെ കൊമ്പിൽ ടേപ്പ് റെക്കോർഡർ കൊണ്ട് വെച്ച് പാട്ട് കേട്ട് സുഖിച്ചിരിക്കുമ്പോൾ അമ്മച്ചിയിറങ്ങി വന്ന്‌ കൂടെ കൂടി . എന്നിട്ടൊരു ചരിത്രപരമായ കമന്റ് പാസാക്കി . " എടാ പണ്ട് നിന്റെ അപ്പൂപ്പന്റെ കൂടെ രാത്രി പാടത്ത് നെല്ലിന് കാവലിരിക്കാൻ വരമ്പത്ത് ചെറിയ പെരയിൽ കിടക്കുമ്പോൾ ആകാശത്തൂടെ ഇതുപോലെ പാട്ട് ഒഴുകിപ്പോകും . ഞങ്ങൾ പല തവണ ഇറങ്ങി നോക്കിയിട്ടുണ്ട് . അങ്ങ് മുകളിൽ നിന്നാണ് വരുന്നത് പാട്ടല്ല എന്തോ ഒന്ന് വായിക്കുന്നത് പോലെയാണ് തോന്നുക . ചാച്ചൻ പറഞ്ഞത് ഗന്ധർവ്വൻമാരാണെന്നാ ! " തലയിൽ പൂവുള്ള , കൂവുന്ന പൂവൻ പാമ്പിനെ (കരിങ്കോളി ) നേരിട്ട് കണ്ടയാളാണ് ഈ അമ്മച്ചി ! എന്തായാലും ഈ പാട്ടൊന്നു കേൾക്കാൻ കുറെ പയറ്റി നോക്കി . പക്ഷെ കേട്ടത് വേറെ ശബ്ദമാണ് സാക്ഷാൽ കാലൻകോഴിയുടെ അലർച്ച !










പുഴ .......... അത് മുകളിൽ നിന്നും നോക്കി രസിക്കാൻ ഒരു സുഖം തന്നെയാണ് . നീന്തിത്തുടിക്കുന്ന പരൽ മീനുകൾ , തെന്നി നടക്കുന്ന ആഫ്രിക്കൻ പായലുകളും കുളവാഴകളും , ഒഴുകി നടക്കുന്ന മരക്കൊമ്പിൽ ചിറകുവിടർത്തി ആരോ ഹാൻഡ്‌സ് അപ്പ് പറഞ്ഞ മാതിരിയിരിക്കുന്ന നീർക്കാക്കകൾ , ഇതിനിടയിലൂടെ ഞെങ്ങി ഞെരുങ്ങി പോകുന്ന താറാൻകൂട്ടങ്ങളും അവയുടെ പിറകെ കൊതുമ്പു വള്ളങ്ങളും . ചെളിയിൽ കളിച്ചു, കാലിൽ മുഴുവനും ചൊറി പിടിച്ച കുഞ്ഞിപ്പിള്ളേരെ നേരെ കടവത്തിറക്കി അരയറ്റം വെള്ളത്തിൽ ഒരു നിർത്തുണ്ട് . രണ്ടു സെക്കൻഡ് മതി പരൽമീനുകളുടെ കൂട്ടം വന്നു പൊതിയാൻ . ചൊറിയും , പഴുപ്പും , അതിനുമുകളിലെ ഉണങ്ങിയ പൊറ്റനും ഒറ്റ കൊത്തിന് അകത്താക്കിക്കളയും ! തിരിച്ചു കരയിൽ കയറുമ്പോഴേക്കും കുഞ്ഞിക്കാലുകൾ നല്ല വെളുത്തു വൃത്തിയായിരിക്കും . പ്രകൃതിയുടെ ഡ്രസിങ് ! രാത്രി പത്തു കഴിയുമ്പോഴാണ് ഞങ്ങൾ നാലുപേരുടെ വേട്ടയാടൽ ആരംഭിക്കുന്നത് . ഞാൻ , പപ്പാ , പപ്പയുടെ കളിക്കൂട്ടുകാരൻ അപ്പച്ചൻ ചേട്ടൻ , പിന്നെ ജോർജേട്ടൻ , അവസാനം എന്റെ പ്രിയ സുഹൃത്ത് അനിൽകുമാർ എന്ന അനി . തോർത്ത് മാത്രമുടുത്ത് രണ്ടു അലുമിനിയം കുടവും എടുത്തുകൊണ്ടു നേരെ ആറ്റിൽ ചാടും . "അണ്ടതപ്പൽ " എന്ന കലാപരിപാടിയാണ് അവതരിപ്പിക്കുവാൻ പോകുന്നത് . ആറിന്റെ അരികിനോട് ചേർന്ന് ജലത്തിനടിയിലുള്ള വിടവുകളിൽ (അണ്ട ) നേരെ കൈകൊണ്ടങ്ങിടും . പരൽ , ചെമ്പല്ലി , കൊഞ്ച് തുടങ്ങിയവ ഇത്തരം പൊത്തുകളിൽ കയറിയിരുപ്പുണ്ടാവും . ആകെ നമ്മുടെ കൈയ്യ് കഷ്ടിച്ചു കയറാവുന്ന ഇത്തരം പോതുകളിൽ വിരലുകൾ കൊണ്ടിട്ട് അനക്കുമ്പോഴേ മീൻ വന്നു മുട്ടുന്നത് അനുഭവപ്പെടും . അപ്പോൾ നാം ആവേശത്തോടെ വീണ്ടും കൈ ഉള്ളിലേക്ക് കയറ്റി ആശാനേ ഉടലോടെ പിടിച്ച് കുടത്തിൽ ഇടും . കല്ലടയെന്ന മീനാണെങ്കിൽ മുള്ളു കയറി കൈമുഴുവനും നാശമാകും . ആഴക്കൂടുതലുള്ള സ്ഥലങ്ങളിൽ മുങ്ങിക്കിടന്നു ചെയ്യുന്ന ഈ അണ്ടതപ്പൽ പരിപാടിക്ക് ഒരു റിസ്ക്ക് ഉണ്ട് . നാം കയ്യ് ഉള്ളിൽ കയറ്റുമ്പോഴാവും മുകളിലെ മണ്ണ് ഇടിഞ്ഞു താഴുന്നത് , അങ്ങിനെ കൈ ലോക്കായാൽ കുടുങ്ങിയത് തന്നെ . അവിടെയാണ് വിര പോലിരിക്കുന്ന ജോർജേട്ടന്റെ റോൾ . കക്ഷി ആറ്റിലുടനീളം നീന്തിത്തുടിച്ച് അണ്ടതപ്പിക്കൊണ്ടിരിക്കുന്ന ഞങ്ങൾ എല്ലാവരുടെയും അരികെ ഊഴമിട്ട് വന്ന് കാര്യം തിരക്കി പോകും . എല്ലാവരും ഉറക്കെ വർത്തമാനം പറയാണെമെന്നാണ് ചട്ടം . വർത്തമാനം നിന്നാൽ കുഴപ്പമായി എന്നർത്ഥം . ഈ കൊഞ്ച് എന്ന സാധനം കയ്യിൽ ഇറുക്കി പിടിക്കും എന്നൊഴിച്ചാൽ ഈ പരിപാടി സേഫാണ് . ആറ്റിലെ വെള്ളത്തിനടിയിൽ വിഷപ്പാമ്പുകൾ കാണില്ല . ആകെയുള്ളത് നീർക്കോലിയാണ് . അദ്ദേഹം കടിച്ചാൽ അത്താഴം കഴിക്കാതെ കിടന്നാൽ മതിയത്രെ !

ഇതിനിടയിലാണ് ഇരുട്ടത്ത് ആശാൻമ്മാർ പ്രേതകഥകൾ കെട്ടഴിച്ചുവിടുന്നത് . കൂരിട്ടത്ത് ഇത് പറയാനും കേൾക്കാനും ഒരു പ്രത്യേക രസമാണ് . തപ്പി തപ്പി പള്ളിയുടെ മുന്നിലെ വളവിലെത്തുമ്പോഴാണ് പപ്പയുടെ മുന്നറിയിപ്പ് . " മതി കൂടുതൽ പോകേണ്ട , ഒരു രണ്ടു തലമുറ മുന്നേ വീട്ടിൽ പണിക്കു നിന്നിരുന്ന ഒരു പെൺകൊച്ച് ഇവിടെ മുങ്ങി ചത്തിട്ടുണ്ടെന്ന് അപ്പൻ പറഞ്ഞിട്ടുണ്ട് . എടാ വെള്ളത്തിൽ നിന്നും പൊങ്ങി വരുമ്പോ ഒരു പെണ്ണിന്റെ മുഖം കണ്ടാൽ പേടിക്കേണ്ട . ഉപദ്രവം ഇല്ല . " ഞങ്ങള് പിള്ളേരെ പേടിപ്പിച്ച സാറ്റിസ്ഫാക്ഷൻ പിന്നീട് മുപ്പതു സെക്കൻഡ് നേരമുണ്ടാകുന്ന നിശബ്ദതയിൽ നിന്നും തിരിച്ചറിയാം . പക്ഷെ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്ന് ചുറ്റും നോക്കുമ്പോൾ ആ പെണ്ണ് അവിടെയും ഇവിടെയും മൊക്കെ നിൽക്കുന്നതായി തോന്നും . വെളുത്തു സുന്ദരിയായ ഒരു വേലക്കാരിയായി ആണ് ഞാൻ കാണുന്നതെങ്കിൽ , കാരണവൻമ്മാരുടെ പീഡനങ്ങളേറ്റു വാങ്ങി ആത്മഹത്യ ചെയ്ത ഒരു പാവം പെൺകിടാവായി ആയിരുന്നു കൂട്ടുകാരൻ അനി കണ്ടിരുന്നത് . ഇങ്ങനെ വെള്ളത്തിൽ കിടന്ന ഒരു രാത്രിയാണ് പടിഞ്ഞാറൻ പാടശേഖരങ്ങളിൽ കണ്ടുവന്നിരുന്ന ഒരു പ്രത്യേകതരം സത്വത്തിന്റെ കഥ പപ്പാ പറഞ്ഞത് . കണ്ടത്തിലെ പണിയും കഴിഞ്ഞു വള്ളത്തിലാണ് ആളുകൾ തിരികെ വീട്ടിലെത്തുന്നത് . നേരം നന്നേ ഇരുട്ടിയിരിക്കും . ചെറുതോടുകളിലൂടെ വള്ളമൂന്നി പിന്നീട് മീനച്ചിലാറ്റിൽ എത്തി വീണ്ടും പല കൈവഴികളിലൂടെ തുഴഞ്ഞാണ് വല്യപ്പൂപ്പൻമ്മാർ തിരികെ വീട്ടിലെത്തിയിരുന്നത് . ഇത്തരമൊരു കൈവഴിയിലാണ് ഇവൻ ഉണ്ടായിരുന്നത് . തോടിന് ഇരുകരകളിലുമായി കാലുറപ്പിച്ചു ഒരു തെങ്ങിന്റെ ഉയരത്തോളം വലിപ്പത്തിൽ അവനങ്ങനെ ഞെളിഞ്ഞു നിൽക്കും . അവന്റെ കാലിനിടവഴി വേണം വള്ളം തുഴഞ്ഞു പോകാൻ . നല്ല കോടമഞ്ഞിന്റെ നിറമാണ് . അവ്യക്തമായ മുഖം. " അപ്പോൾ ഇത് മഞ്ഞിറങ്ങിയത് തന്നെ . പണി കഴിഞ്ഞു അന്തികള്ളടിച്ച കാർന്നോൻമാർക്കു ഇതല്ല ഇതിലപ്പുറവും തോന്നും " അനി എന്നോടായി അടക്കം പറഞ്ഞു . നമ്മൾ തൊട്ടടുത്തെത്തിയാലോ .. ആ രൂപം മാഞ്ഞുപോകും ! പപ്പാ തുടർന്നു . കുറച്ചു കഴിയുമ്പോൾ വെള്ളത്തിൽ നിന്നും എന്തോ നീന്തി വള്ളത്തിനരികിലേക്ക് വരുന്നതായി തോന്നും . നമ്മൾ തുഴച്ചിലിന്റെ വേഗത കൂട്ടിയിട്ട് കാര്യമൊന്നുമില്ല , അവനും വേഗം കൂട്ടും . എന്താണ് നീന്തിയടുക്കുന്നത് എന്നൊന്നും കാണില്ല , വെള്ളം ഓളം തല്ലി വരുന്നത് മാത്രം കാണാം . വള്ളത്തിനടുത്തെത്തിയാൽ അനക്കം നില്കും . നാം ചുറ്റും നോക്കിയാലും ഒന്നും കാണില്ല . ആ സമയം വള്ളം താഴോട്ടൊന്നിരിക്കും . എന്താ കാര്യം ? അവൻ വള്ളത്തിൽ കയറിയിട്ടുണ്ട് ! വള്ളം താഴോട്ടിരുന്നപ്പോൾ ഞാനും അനിയും മുകളിലേക്ക് പൊന്തി . " എന്നിട്ട് ?? " അനിയാണ് ചോദിച്ചത് . അവൻ പോകില്ല , അവന് വേണ്ടത് കൊടുക്കണം . അല്ലെങ്കിൽ വള്ളം മറിക്കും . " എന്താണവന് വേണ്ടത് ? " ഞാനപ്പോൾ എന്തും കൊടുക്കാൻ തയ്യാറായിരുന്നു . മനസാ ഞാനിപ്പോൾ വള്ളത്തിലാണല്ലോ . " കള്ളും പച്ചയിറച്ചിയും" . ഏതെങ്കിലും ഒന്ന് കിട്ടിയാലും മതി . "അല്ല , ഇവനെ കാണാൻ പറ്റില്ലല്ലോ , പിന്നെ ഇതെങ്ങിനെ കൊടുക്കും ? " അനി സയന്റിഫിക്കായി ചിന്തിച്ചു . എടാ നാം വള്ളത്തിൽ നിന്ന് കള്ളും ഇറച്ചിയും വെള്ളത്തിലിട്ടാൽ മതി , അവൻ കൊണ്ടുപോയ്ക്കോളും . ആനി തൃപ്തനായി . ഇതൊക്കെ ഇപ്പോഴുമുണ്ടോ പപ്പാ ? ആ റൂട്ട് ഒഴിവാക്കാനാണ് ഞാൻ ചോദിച്ചത് . " കാണും, പക്ഷെ ആളും തരവും സമയവും നോക്കിയേ അവൻ വരൂ ." കഥയവസാനിക്കുമ്പോൾ കുടം നിറഞ്ഞിട്ടുണ്ടാവും . നേരെ കരയ്ക്കു കയറി തോർത്തി വീട്ടിലോട്ട് . മമ്മി അപ്പോൾ തന്നെ, പിടിച്ച മീനുകളെ സംസ്‌ക്കരിച്ചു വറുത്തു ചോറിനൊപ്പം വിളമ്പും . അങ്ങിനെ ഒരു അപ്പർ കുട്ടനാടൻ ദിനം അവസാനിച്ചു .

മഴക്കാലം തുടങ്ങുമ്പോഴാണ് കൂടുതൽ രസം . കലക്കവെള്ളത്തിലെ കൂരിപിടുത്തമാണ് വർഷാവർഷം അരങ്ങേറുന്ന പ്രധാന മൺസൂൺ പരിപാടി . തോട് നിറയുന്നതിന് മുന്നേ വട്ടവല വെച്ച് കൂരിയെയും പരൽ മീനുകളെയും പിടിക്കും . ആറു നിറഞ്ഞു കവിഞ്ഞാൽ പിന്നെ അത് നടക്കില്ല . മഞ്ഞക്കൂരികളുടെ കൂട്ടങ്ങൾ വെള്ളം തിളച്ചു മറിയും പോലെ അവിടെയും ഇവിടെയുമായി പ്രത്യക്ഷപ്പെടും . മണിക്കൂറുകളോളം ഒരേ സ്ഥലത്തു തന്നെ അവ കിടന്ന് കളിച്ചു മറിയും . അങ്ങിനെയൊരു സംഭവം കണ്ടാൽ ഉടനെ പിള്ളേര് കൂട്ടത്തിന് വിവരം ലഭിക്കും . പിന്നെ ആ സ്ഥലത്തിനരികെയുള്ള ഏതെങ്കിലും ചെറുമരത്തിൽ ( അന്ന് കൊക്കോ മരമായിരുന്നു കൂടുതലും ) കയറിക്കൂടും . അവിടെ നിന്നും നീളമുള്ള മുപ്പല്ലി കൊണ്ട് മീനുകളെ കുത്തിപ്പിടിക്കും . അങ്ങിനെ തൊണ്ണൂറ്റി രണ്ടിലെ ഒരു മഹാപ്രളയ കാലത്താണ് ചെറുപ്പത്തിൽ , കേട്ട് മാത്രം പരിചയമുണ്ടായിരുന്ന ഒരു പുരാതന സത്വവുമായി ഡയറക്റ്റ് എൻകൗണ്ടർ ഉണ്ടായത് .











 

 

പ്രീഡിഗ്രി രണ്ടാം വർഷം . കാലവർഷം എത്തിക്കഴിഞ്ഞു . പുറത്ത് പെരുമഴ ! തറയിൽക്കൂടി തണുപ്പ് അരിച്ചുകയറുന്നു . രാത്രിയായി തുടങ്ങുന്നു . പപ്പാ ചേതക്ക് സ്‌കൂട്ടറിൽ എത്തിക്കഴിഞ്ഞു . രണ്ടു കാറ്റടിച്ചപ്പോഴേ കറന്റു പോയി . ജനലൊക്കെ അടച്ചിടെടാ പാമ്പുകയറും . വല്യമ്മച്ചി അകത്തു നിന്നും ഒച്ചയിട്ടു . എടാ കിഴക്ക് ഉരുള് പൊട്ടിയിട്ടുണ്ട് . വെള്ളം നല്ല വരവാണ് , നീ പോയി വള്ളം നല്ലപോലെ കെട്ടിയിട് . അതും പറഞ്ഞു പപ്പ അകത്തേക്ക് പോയി . വീടിനു പിറകിലെ തോട്ടിലെ വെള്ളത്തിന്റെ നിറം കണ്ടപ്പോഴേ പിടികിട്ടി . നാളെ നേരം പുലരുമ്പോൾ കളി മാറും . അതാ ജോർജേട്ടനും , അപ്പച്ചൻ ചേട്ടനും എത്തിക്കഴിഞ്ഞു . രാത്രിയിൽ തോടിനു കുറുകെ വട്ടവല വെക്കണം . പരലും , കൂരിയും കിട്ടും . തോർത്തുടുത്തു കുടവും എടുത്ത് നേരെ തോട്ടിലേക്ക് . കുറ്റാക്കൂരിരുട്ടാണ് , എന്നും ഇറങ്ങുന്ന കടവിൽ വെളിച്ചത്തിന്റെ ആവശ്യമില്ലല്ലോ . അവിടുന്നും ഇവിടുന്നും ഒക്കെ കൂവലുകൾ കേൾക്കാം . ആരൊക്കെയോ വലയുമായി ഇറങ്ങിയിട്ടുണ്ട് . അരയറ്റം വെള്ളത്തിൽ ഇറങ്ങിനിന്ന് ഒഴുക്കിനെതിരായി ആണ് വലവെയ്ക്കുന്നത് . കയ്യിലെ രണ്ടു വിരൽ വലയിലേക്ക് ഇറക്കിയിടും . മീൻ വന്നു തട്ടിയാൽ അറിയാനാണ് . നല്ല തട്ട് കിട്ടുമ്പോൾ തന്നെ മറ്റേ തലയ്ക്കൽ കോർത്തിരിക്കുന്ന കയറിൽ പിടിച്ച് വല പൊക്കും . ചിലപ്പോൾ ഒന്നോ രണ്ടോ എണ്ണം , അല്ലെങ്കിൽ പരൽക്കൂട്ടമോ , കൂരിക്കൂട്ടമോ കയറും . കലക്കവെള്ളത്തിൽ കണ്ണുംകെടയും കാണാൻവയ്യാതെ വന്നു കയറുന്നതാണ് . ആവശ്യത്തിന് കിട്ടിയാൽ നേരെ അടുക്കളയിലേയ്ക്ക് . മമ്മി ഇതെല്ലാം വറുത്ത് കൊണ്ടുവരുന്ന സമയം വരെ വിളക്കും വെട്ടത്തിൽ ചീട്ടുകളി . അപ്പച്ചന് ചേട്ടന് ടെൻഷനാണ് . ഇപ്രാവശ്യം നെൽക്കൃഷിയിറക്കിയിട്ടുണ്ട് . വെള്ളം വരവ് കണ്ടിട്ട് . പാടത്തെ മട പൊട്ടും. നെല്ലെല്ലാം വെള്ളത്തിൽ കിടന്ന് ചീയും . ടെൻഷൻ ഒഴിവാക്കാനാണ് ചീട്ടുകളി . കൂട്ടത്തിൽ ജോർജേട്ടൻ കൊണ്ടുവന്ന കുറച്ചു കള്ളും ഉണ്ട് . ചെറുപ്പത്തിൽ എനിക്കൊരു ശീലമുണ്ടായിരുന്നു . പെരുത്ത മഴയത്ത് കറണ്ട് പോകുകയും , വെള്ളം പൊങ്ങുകയും ചെയ്യുമ്പോൾ മാത്രം വരുന്ന ഒരു പൂതി . ചെറിയ കസേരകളെല്ലാം വൃത്താകൃതിയിൽ കൂട്ടിയിടും . എന്നിട്ടു പുതപ്പു തുണികൾ കൊണ്ട് മുകളും വശങ്ങളും മൂടും . വീടിനകത്തൊരു ടെൻറ്റ് ! രാത്രിയുറക്കം പിന്നെ അതിനകത്താണ് . പിന്നെ മുതിർന്നപ്പോൾ കാട് കയറുമ്പോഴായിരുന്നു ഈ രോഗം കൂടുതലായി കണ്ടിരുന്നത് .

നേരം വെളുത്തപ്പോഴാണ് ഉരുൾ പൊട്ടലിന്റെ പരിണിതഫലങ്ങൾ ശരിക്കും കണ്ടത് . വീടിന്റെ ഒന്നാം പടി വരെ വെള്ളം ഉണ്ട് . മുറ്റത്തു തോട്ടിലെപ്പോലെതന്നെ നല്ലയൊഴുക്ക് . പപ്പയുടെ ഓർക്കിഡ് ചട്ടികളൊക്കെ മറിച്ച് ചിലതൊക്കെ ഒഴുക്കിയെടുതുകൊണ്ട് പോയിട്ടുമുണ്ട് . ആഞ്ഞിലിയിലും , പൂവരശിലും , മഹോഗണിയിലും ഒക്കെ ചകിരിയിലും തൊണ്ടിലുമൊക്കെ ഫിറ്റ് ചെയ്ത് വെച്ചിരുന്ന ഓർക്കിഡുകളൊക്കെ ഒടിഞ്ഞു വെള്ളത്തിൽ ഒഴുകിപ്പോയി . കനത്ത മഴയിൽ ഇനി ഇതൊക്കെ മുങ്ങി തപ്പിയെടുക്കണം . ഒഴുകി വരുന്ന കമ്പിലും , തടിയിലുമൊക്കെ ഇഴജന്തുക്കൾ പ്രാണരക്ഷാർത്ഥം പറ്റിപ്പിടിച്ചിരിപ്പുണ്ടാവാം . സൂക്ഷിക്കണം . ഒഴുക്കത്ത് എങ്ങോട്ട് പോകണമെന്നറിയാതെ നീർക്കോലികൾ തല വെളിയിൽക്കാണിച്ച് അങ്ങോട്ടും ഇങ്ങോട്ടും തുഴയുന്നുണ്ട് . പനീർ ചാമ്പയിൽ സ്ഥിരമായി കാണുന്ന രണ്ടു നത്തുകളും നനഞ്ഞു കുതിർന്ന് അവിടെത്തന്നെ ഇരിപ്പുണ്ട് . ഒതളങ്ങാ മരത്തിലെ പൊത്തിൽ കൂടുകൂട്ടിയിരുന്ന പച്ചോലക്കുടുക്ക , പിള്ളേരുമായി തണുത്ത് വിറച്ചിരിക്കുന്നു . കൊക്കോ മരത്തിൽ ചാരമുണ്ടികൾ സ്ഥാനം പിടിച്ചിട്ടുണ്ട് . "പള്ളീടപ്പുറത്തു കൂരിയിളകിയിട്ടുണ്ട് " ആരോ വിളിച്ചു പറയുന്ന ശബ്ദം കേട്ടു . ഇനി പകല് മുഴുവനും കൂരിപ്പിടുത്തം . പപ്പയുടെ ചേതക്ക് സ്‌കൂട്ടർ , വള്ളത്തിൽ കയറ്റി അപ്പച്ചൻ ചേട്ടന്റെ വീടുവരെ എത്തിച്ചു . ഞങ്ങളെ സംബന്ധിച്ചടുത്തോളം അപ്പർ കുട്ടനാടിന്റെ അതിർത്തിയാണ് അപ്പച്ചൻ ചേട്ടന്റെ വീട് . വെള്ളം പൊങ്ങിയാൽ അവിടം വരെ ബസ് വരും .
ഇതിനിടെ കൂട്ടുകാരൻ അനിയുടെ വീടിനകത്തുവരെ വെള്ളം കയറിയിരുന്നു . വെള്ളം പൊങ്ങിയാൽ പിന്നെ ആർപ്പൂക്കര ഗുരുത്വകര്ഷണം കൂടുതലുള്ള പ്രദേശമാണ് . അത്രയ്ക്ക് ബുദ്ധിമുട്ടാണ് വെള്ളത്തിൽക്കൂടി കാല് ഏന്തിക്കുത്തിയുള്ള നടത്തം . കുറച്ചു നേരം നടന്നാൽ കാൽ കഴയ്ക്കും . വള്ളം കൊണ്ട് ആരോ പോയതിനാൽ നീന്തിയും പതച്ചും അനിയുടെ വീട്ടിലെത്തി . അനിയും പെങ്ങൾ അനിതയും മാത്രമേയുള്ളു അപ്പോൾ അവിടെ . അവളെ നനയാതെ ബസ് സ്റ്റോപ്പ് വരെ എത്തിക്കണം . പിന്നെ മെഡിക്കൽ കോളേജിനടുത്തുള്ള അമ്മവീട്ടിലേക്ക് പൊയ്ക്കോളും . പിന്നെ ഒന്നും ആലോചിച്ചില്ല , ഒടിഞ്ഞ വാഴപിണ്ടികളെല്ലാം വെട്ടി അതിനകത്തൂടെ ഇരുവശവും കമ്പ് കുത്തിക്കയറ്റി ഒന്നാംതരമൊരു ചങ്ങാടമുണ്ടാക്കി അവളെ അതിലുരുത്തി ബസ് സ്റ്റോപ്പ് വരെ വലിച്ചു . വെള്ളപ്പൊക്കം വന്നാൽ രാത്രീയും പകലുമൊക്കെ ഇതുപോലെ രസമുള്ള പണികൾ ഉണ്ടാവും . ഇനി രാത്രിയായി തുടങ്ങി . പപ്പ വരുമ്പോൾ എട്ടൊമ്പത് മണിയാകും . വള്ളവും കൊണ്ട് അപ്പച്ചൻ ചേട്ടന്റെ വീട് വരെ തുഴയണം . വണ്ടി അവിടെ വെച്ചിട്ട് പപ്പ സാധനങ്ങളുമായി വരുന്നത് വരെ വള്ളത്തിൽ ഇരിപ്പാണ് . ഇറങ്ങാൻ നേരം വല്യമ്മച്ചി ഒരു ഉപേദശം . " എടാ ശനിയാഴ്ചയാ , അവന്റെ കയ്യിൽ ഇറച്ചി കാണും . തിരികെ വരുമ്പോൾ തോട്ടിൽ കൂടെ തുഴയേണ്ട , കൊക്കോ തോട്ടത്തിൽ വെള്ളം കയറിയല്ലോ , അത് വഴി വന്നാൽ മതി " . ങേ ! അതെന്താ ? ഞാൻ ചോദിച്ചു . "ഓ .. ആ വളവിൽ ഒരുത്തനുണ്ട് .. അവനു ഇറച്ചി ഇഷ്ടമാ , വള്ളം മറിച്ച് ഇറച്ചി കൊണ്ട് പോകും" . പിടികിട്ടി . അവിടെയൊരു പുരാതന സാധനം കുടിയിരുപ്പുണ്ടെന്ന് കേട്ടിട്ടുണ്ട് . ഈ അമ്മച്ചീടൊരു കാര്യം എന്നൊക്കെ വിചാരിച്ച് . വെള്ളമെടുത്ത് തുഴയാൻ തുടങ്ങി . വളവിൽ എത്തിയപ്പോൾ കയ്യിലെ ടോർച്ച് തെളിച്ച് ഫോർ ഡൈമെൻഷനിൽ ഒന്ന് പരാതി നോക്കി . നല്ലയിരുട്ടാണ് , പെരുത്ത മഴയും . ഒന്ന് കിടുങ്ങി . ഇനി ഇതെങ്ങാനും ശരിക്കുള്ളതാണോ ? പപ്പാ വരാൻ കുറെ സമയമെടുത്തു . രണ്ടു കയ്യിലും നിറയെ സാധനങ്ങളുണ്ട് . എല്ലാം വള്ളത്തിൽ കയറ്റി , പപ്പാ അങ്ങേ തലയ്ക്കൽ ഇരുന്ന് കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു . ഇറച്ചി ഉണ്ടോ ? ഉണ്ടെടാ , നാളെ ഞായറാഴ്ചയല്ലേ . എന്നാൽ വളവിൽക്കൂടി പോകേണ്ട എന്നാ അമ്മച്ചി പറഞ്ഞേ . " ഓ സാരമില്ലെടാ ...... അവൻ വരുമ്പോൾ നാളെ കറി വെച്ച് കൊടുക്കാമെന്ന്‌ പറയാം " പപ്പാ തമാശിച്ചു . പോകുന്ന വഴി ചോദിച്ചു. പപ്പാ ഈ കൂവുന്ന പാമ്പൊക്കെ ഉള്ളതാണോ ? " പാമ്പ് കൂവത്തില്ല . പക്ഷെ കൂവുന്ന മറ്റേതെങ്കിലും ജീവി പണ്ട് ഉണ്ടായിരുന്നിരിക്കാം . വേമ്പനാട്ടു കായലിൽ മുതല ഉണ്ടായിരുന്നു . നമ്മൾ ഇപ്പോൾ പോകുന്ന തോട്ടിൽ ധാരാളം നീർനായ്ക്കളും . രണ്ടും ഇപ്പോഴില്ലല്ലോ . അതുപോലെ എന്തെങ്കിലും ആവാം .



പറഞ്ഞു പറഞ്ഞു ... വളവെത്തി . ആഴമില്ലായെന്നു കരുതി തുഴകുത്തി . പക്ഷെ തുഴ നിലം കൊണ്ടില്ല . പകരം ഞാൻ മുനനീം കുത്തി വെള്ളത്തിൽ വീണു . കൂട്ടത്തിൽ പപ്പയും വള്ളവും മറിഞ്ഞു . മുങ്ങിപൊങ്ങിയ ഞങ്ങൾ വള്ളം നിവർത്തു വെള്ളം തേകിയെടുത്തു . വെള്ളത്തിൽ പോയ കൂടുകൾ ഓരോന്നായി മുങ്ങിയെടുത്തു . പക്ഷെ ഒരെണ്ണം മാത്രം കിട്ടിയില്ല . ആ ഇറച്ചിയുള്ള കൂട് ! സത്യത്തിൽ പേടിയും കൗതുകവുമല്ല അപ്പോൾ തോന്നിയത് . വീട്ടിൽത്തിയാൽ അമ്മച്ചി തലതിന്നുകളയും . എങ്ങിനെയും അത് കണ്ടു പിടിച്ചേ മതിയാകൂ . പക്ഷെ നിരാശയായിരുന്നു ഫലം . നനഞ്ഞു നാറി വീട്ടിലെത്തിയപ്പോഴേ അമ്മച്ചി കാര്യം ഗ്രഹിച്ചു . ആകെ ബഹളം . ഞായറാഴ്ച്ച ഇറച്ചിയല്ലാതെ ചോറ് കഴിക്കേണ്ടി വരും എന്നുള്ളതായിരുന്നു പ്രധാന പ്രശ്‌നം . പകലത്തെ പണികളെല്ലാം കൂടെയായപ്പോൾ ഞാൻ പെട്ടെന്നുറങ്ങി . പക്ഷെ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു . ഓടി വള്ളമെടുക്കാൻ ചെന്നപ്പോഴുണ്ട് പപ്പാ വള്ളത്തേൽ ഇരിപ്പുണ്ട് . രണ്ടു പേരുടെയും ഉദ്യേശം ഒന്ന് തന്നെ . ഇന്നലത്തെ ക്രൈം സീൻ പകൽ വെളിച്ചത്തിൽ ഒന്നുകൂടി പരിശോധിക്കണം . നേരെ ചെന്ന് നോക്കിയപ്പോൾ പിടികിട്ടി . വള്ളം തോട്ടിലല്ല , കരയിൽ തന്നാണ് മറിഞ്ഞത് . ഒരു കുഴിയിലാണ് ഞാൻ തുഴ കുത്തിയത് . വെള്ളം കുറെ തെളിഞ്ഞിരുന്നു . കുറെ നേരം തപ്പി നോക്കി . ഒഴുക്ക് കുറവാണ് . സാധനം അടുത്തെവിടെയോ കാണണം . പക്ഷെ കിട്ടിയത് കൂടു മാത്രമാണ് . അവസാനം ആ പുരാതന ഇറച്ചി തീനി സത്വത്തിന്റെ അസ്ഥിത്വം അംഗീകരിച്ചുകൊണ്ട് ഞങ്ങൾ വിടവാങ്ങി . പക്ഷെ പപ്പാ പിറുപിറുത്തുകൊണ്ടിരുന്നു . നല്ല ഒഴുക്കല്ലേ , പിന്നെയെങ്ങനെ കിട്ടും . വീട്ടിൽ അമ്മച്ചിയുടെ ചോദ്യത്തിന് ഒരു അമ്പതു തവണ ഞങ്ങൾ ഇതേ ഉത്തരം പറഞ്ഞു . " നല്ല ഒഴുക്കല്ലേ , പിന്നെയെങ്ങനെ കിട്ടും ? "

മഴകുറഞ്ഞു . വെള്ളമിറങ്ങിത്തുടങ്ങി . ഇപ്പോൾ കൊക്കോതോട്ടത്തിൽ മുട്ടിനു താഴെ പകുതി വെള്ളമേയുള്ളൂ . ഇനിയാണ് മീൻ പിടുത്തതിന്റെ അടുത്ത ഘട്ടം . രാത്രി പത്തു മണികഴിഞ്ഞാൽ വെട്ടുകത്തിയും ടോർച്ചുമായും ഇറങ്ങും . പതുക്കെ ശബ്ദമുണ്ടാക്കാതെ വെള്ളത്തിൽക്കൂടി നടക്കും . വലിയ വരാലൊക്കെ അനങ്ങാതെ നിൽപ്പുണ്ടാവും . കുറച്ചു വെള്ളമല്ലേ ഉള്ളൂ . വെട്ടുകത്തിയെടുത്ത് നിലം ചേർത്ത് ഒറ്റവെട്ട്‌ . തല വേറെ ഉടല് വേറെ . രണ്ടോ മൂന്നോ എണ്ണം കിട്ടിയാൽ പണി നിർത്തും . വീണ്ടും രാത്രി പഴയതു പോലെ തന്നെ കറിവെയ്ക്കൽ ... ചീട്ടുകളി ......... രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കരയിൽ നിന്നെല്ലാം വെള്ളമിറങ്ങി . അപ്പോഴുണ്ട് പഴയ വളവിൽ നമ്മുടെ ഇറച്ചിപ്പൊതി കിടക്കുന്നു . മീൻ സകലതും കൊത്തിപ്പറിച്ചിരിക്കുന്നു . മിച്ചം കിട്ടിയതുമായി ഞാൻ അമ്മച്ചിയുടെ അടുത്തേക്ക് ഓടി . പക്ഷെ അമ്മച്ചിയുണ്ടോ വിടുന്നു . സാധനം MPI യുടെ ഫ്രോസൺ പശുവിറച്ചിയാണ് . അവന് ഇഷ്ട്ടപ്പെട്ടു കാണത്തില്ല . അതാണത്രേ കളഞ്ഞത്!, കക്ഷി ഫ്രഷ് പോത്തിറച്ചിയെ കഴിക്കൂ . .......

 









 

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :: ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം ഉടുമ്പിനെ പിടിക്കുവാനോ കടത്തുവാനോ വേട്ടയാടാനൊ കൈവശം വക്കുവാനോ പാടുള്ളതല്ല.തടവുശിക്ഷയടക്കം ജാമ്യം ഇല്ലാത്ത കുറ്റമാണ് ഇത്.









ആർപ്പുക്കരയിലെ വീടിനുചുറ്റുമുള്ള ചെറുതോടുകൾ വേനൽക്കാലത്ത് പൂർണ്ണമായും വറ്റും . പിന്നെ അതിൽ കരിയിലകൾ നിറയും . പറമ്പുമുഴുവനും വീണുകിടക്കുന്ന ഇലകൾ സഹജീവികളുടെ സാന്നിധ്യം നമ്മെ അറിയിക്കും . നിലത്ത് ചാടി ചാടി നടക്കുന്ന ചെമ്പോത്തും (ഉപ്പൻ ) , കൂട്ടമായി ചലപിലാ ശബ്ദമുണ്ടാക്കിക്കൊണ്ട് നിലത്തും ചെടികളിലുമായി തലങ്ങും വിലങ്ങും പരക്കം പായുന്ന കരിയിലപ്പിടച്ചികളും കൂടി നട്ടുച്ചയ്ക്കും പറമ്പ് മുഴുവനും ശബ്ദമുഖരിതമാക്കും . ആത്മഹത്യാമരമായ ഒതളത്തിന്റെ പൊത്തുകളിൽ അടയിരിക്കുന്ന പച്ചോലക്കുടുക്കയുടെ (ചിന്ന കുട്ടുറുവന്‍) മുട്ടകൾ കണ്ടെത്തി നിർവൃതിയടഞ്ഞിരുന്ന കുട്ടിക്കാലം . ദിവസേന പാഷൻഫ്രൂട്ട് ചെടിയുടെ വള്ളികൾക്കിടയിൽ കാക്കകളുടെ കണ്ണിൽപ്പെടാതെ രഹസ്യമായിരിയ്ക്കുന്ന രണ്ടു നത്തുകളോട് കുശലം പറഞ്ഞിരുന്ന നാളുകൾ . ഇതിന്റെ തണലിൽ ഒരു കസേരയുമിട്ട് മമ്മിയുണ്ടാക്കിയ കട്ടൻകാപ്പിയും മോന്തി പൊറ്റക്കാടിന്റെ നൈൽഡയറിയും , സിംഹഭൂമിയും പത്താംതവണയും വായിച്ചിരിക്കുന്ന സമയം . സുഡാനിലെ തെരുവുകളിൽ ഹിപ്പൊപ്പൊട്ടാമസ് രാത്രിസഞ്ചാരത്തിനിറങ്ങുന്ന ഭാഗം വായിക്കുമ്പോഴതാ കൺമുൻപിൽ കേരളത്തിലെ മിനി ദിനോസർ പതുക്കെ മുറ്റം വഴി നിരങ്ങി വരുന്നു . കുറഞ്ഞത് ഒരു നാലഞ്ച് ഉടുമ്പുകളെങ്കിലും ഞങ്ങളുടെ പറമ്പിൽതന്നെയുണ്ട് . വേനലിൽവീണ കരിയിലകൾക്കിടയിലൂടെ ഈ മഹാൻ ഓടിപ്പോകുന്ന ശബ്ദംകേട്ടാൽ ഒന്നോരണ്ടോ കള്ളൻമാർ പിറകുവശത്തുകൂടി വേഗത്തിൽ നടക്കുന്നതായേ തോന്നൂ . കോഴിക്കൂട്ടിൽ കയറിയുള്ള ഉടുമ്പിന്റെ ആക്രമണം പപ്പയെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത് . അങ്ങിനെ ഒരുനാൾ കോഴിക്കൂട്ടിൽ കയറിയ ഒരു മൂത്ത ഉടുമ്പിനെ മമ്മി സൂത്രത്തിൽ കുരുക്കിൽ വീഴ്ത്തി . തെങ്ങോലയുടെ മടലിന്റെ അരികിൽ നിന്ന് ചീകിയെടുത്തുണ്ടാക്കിയ കുരുക്കിൽ കക്ഷി അറിയാതെ തല വെച്ചുകൊടുത്തു . കുരുക്ക് മുറുകിയതും മമ്മി ഒച്ചവെച്ച് ആളെ കൂട്ടി . പതിവുപോലെ പറമ്പിൽ പണിതുകൊണ്ടിരുന്ന ജോർജേട്ടനാണ് ആദ്യമെത്തിയത് . പുള്ളി ഉടൻതന്നെ പപ്പയെ വിളിച്ചുകൊണ്ടു വന്നു . കൂടുതൽ ആലോചിക്കാൻ മിനക്കെടാതെ പപ്പാ വീട്ടിലുള്ള എയർഗൺ എടുത്തോണ്ടുവന്നു ലവന്റെ വായിക്കകത്ത് തിരുകിക്കയറ്റി ഒരു താങ്ങ് !

പുറത്തെടുത്ത മൃതദേഹത്തിനരികെ നിന്നുകൊണ്ട് കാരണവൻമാർ ചരിത്രം വിളമ്പി . കല്ലിലിട്ടു ഇടിച്ചുവേണം ഇതിന്റെ ഇറച്ചി പാകപ്പെടുത്തിയെടുക്കുവാൻ . ഇടിക്കുംതോറും ഇറച്ചികൂടുതൽ വലിപ്പം വെയ്ക്കുമത്രേ ! ഉടുമ്പിന്റെ വാലുകൊണ്ടുള്ള അടിയാണ് ഏറ്റവും മാരകം . കള്ളൻമാർ ഇതിനെ മെരുക്കിയെടുത്ത് അരയിൽ കയറിട്ടു കെട്ടി കൂറ്റൻ മതിലുകളിൽക്കൂടി കയറ്റിവിടും . ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉടുമ്പിന്റെ അരയിൽകെട്ടിയ കയറിലൂടെ അവർ മുകളിലേക്ക് കയറും . അത്രയ്ക്ക് ഭീകരമാണ് ഉടുമ്പിന്റെ പിടുത്തം ! ഇവന്റെ കൂട്ടത്തിൽ മറ്റൊരു ജാതിയുണ്ട് , പൊന്നുടുമ്പ് . അതിന്റെ നാക്ക് ജീവനോടെ പിഴുതെടുത്ത് അപ്പടി വിഴുങ്ങിയാൽ ഒരുവിധത്തിലുള്ള വിഷപ്രയോഗങ്ങളും ഏശില്ല . വാചകമടി അങ്ങിനെ നീണ്ടുപോയെങ്കിലും പപ്പയുടെ ഉന്നം മറ്റൊന്നായിരുന്നു . നല്ല വൃത്തിയായി ഇതിന്റെ തൊലി ഉരിഞ്ഞെടുക്കണം . എന്നിട്ട് ഉണക്കി തോക്കിന്റെ കൂട്ടത്തിൽ ഭിത്തിയിൽ പതിപ്പിക്കണം . സംഭവം അങ്ങിനെ തന്നെ ചെയ്തു . പക്ഷെ അവിടവിടയെയായി പറ്റിപ്പിടിച്ചിരുന്ന മാംസഭാഗങ്ങൾ പൂർണ്ണമായും ഉങ്ങാത്തതിനാൽ ഉടുമ്പുംതോൽ അധികംതാമസിയാതെ ഉറുമ്പരിച്ചു തീർത്തു .

ഞങ്ങളുടെ പറമ്പിൽ ഉടുമ്പ് നടത്തിയ രണ്ടാമത്തെ സൂയിസൈഡ് അറ്റാക്ക് മറ്റൊരു വേനലിൽ ആയിരുന്നു . ജോർജേട്ടന്റെ കാലിനിടയിലൂടെ തിക്കിത്തിരഞ്ഞു ഓടിപ്പോയ ഉടുമ്പ് വറ്റിയ തോടിന്റെ വശത്തിലെ ചെറുമാളത്തിലേക്കു കയറുന്നതു അങ്ങേര്‌ കണ്ടു . ഉടൻതന്നെ ആ ചെറുഗുഹാമുഖത്ത് മുളക് പൊടി ചേർത്തുള്ള ഉഗ്രൻ തീക്കുണ്ഡം കൊളുത്തുകയും ചെയ്തു . പിന്നീട് മുറം കൊണ്ട് വീശി പുകമുഴുവനും ആ മാളത്തിലേക്ക് അടിച്ചു കയറ്റി . അപ്പപ്പോഴതാ അത്ഭുതം ! പറമ്പിന്റെ നാനാഭാഗത്തുനിന്നും പുക ഉയരുന്നു . ഉടുമ്പുകയറിയ മാളത്തിന്റെ വിവിധവാതിലുകൾ ! ഉടൻതന്നെ ചാടിയോടി ചെന്ന് അതെല്ലാം മണ്ണുകൊണ്ട് അടക്കുകയോ ഇടിച്ചു തകർക്കുകയോ ചെയ്തു . ഇനി ഒരേയൊരു ദ്വാരം . അവിടെയാണ് ജോർജേട്ടൻ മുളകുക്കുണ്ഡം തെളിയിച്ചിരിക്കുന്നത് . അടുത്ത സീൻ നിലവിളിച്ചുകൊണ്ട് കക്ഷി മറിഞ്ഞു വീഴുന്ന ഭാഗമായിരുന്നു . പുകകൊണ്ട് കരിഞ്ഞു, മുളകുപൊടികാരണം സഹികെട്ട ഉടുമ്പ് കണ്ണുംപ്പൂട്ടി മാളത്തിൽ നിന്നും ജോർജേട്ടന്റെ ദേഹത്തോട്ട് ചാടി വീണു . അവിടെനിന്നും ശരവേഗത്തിൽ തൊട്ടടുത്തുണ്ടായിരുന്ന ആഞ്ഞിലിയുടെ വേരിനിടയിലെ പൊത്തിലേക്കു പാഞ്ഞുകയറി . കലിപൂണ്ട ജോർജേട്ടൻ വിടുമോ . ആഞ്ഞിലിയുടെ ചുവട് പുകയ്‌ക്കാൻ പറ്റില്ലല്ലോ . അപ്പോൾ അടുത്ത ഐഡിയ ! .പറമ്പിലെ ജലസേചനത്തിനായി വെച്ചിരുന്ന മോട്ടോർ ഓണാക്കി ഹോസ് നേരെ ആ മാളത്തിലേക്ക് ഇറക്കി . പതിനഞ്ച് മിനറ്റ് എടുത്തു അവിടെനിന്നും ഉടുമ്പ് വീണ്ടും പുറത്ത് ചാടാൻ . ഇപ്രാവശ്യം അത് തീരെ അവശനായിരുന്നു . കൂടുതൽ പ്രതിരോധത്തിനു നിൽക്കാതെ അത് മനുഷ്യന്റെ കുടിലബുദ്ധിക്ക് മുൻപിൽ കീഴടങ്ങി .

ഇന്നും പറമ്പിൽ ഉടുമ്പുകളുടെ സജീവസാന്നിധ്യമുണ്ട് . ഒരെണ്ണം സ്ഥിരമായി അടുക്കളവാതിക്കലിൽ എത്തി മമ്മിയുടെ കയ്യിൽ നിന്നും ചോറുകഴിക്കും . വേട്ടക്കാരനിൽ നിന്നും പ്രകൃതിസ്‌നേഹിയായി മാറിയ പപ്പയുടെ ഭീഷണിയില്ലാത്തതിനാൽ അവ യഥേഷ്ടം വിഹരിക്കുന്നു . ബാക്കിയെല്ലായിടത്തും ഉടുമ്പ് വംശനാശഭീഷണി നേരിട്ടേക്കാം . പക്ഷെ ഇവിടെയില്ല . പപ്പയും ഞാനുമൊക്കെ "പ്രകൃതിസ്നേഹികളായ " കഥ പിന്നെ ഒരിക്കൽ പറയാം .

ചിത്രം അതിരപ്പിള്ളി വനമേഖലയിൽ കണ്ടെത്തിയ ഉടുമ്പ് (മനോരമ ചുറ്റുവട്ടം )

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *