പടുകൂറ്റൻ പിരമിഡുകളെ നോക്കി നാം മനുഷ്യർ ഇന്നും പറയാറുണ്ട് , ” ഇതെങ്ങിനെ സാധിച്ചു ?”. പക്ഷെ അതൊന്നും ഒരാൾ തനിയെ ഉണ്ടാക്കിയതല്ല എന്ന് നമുക്കറിയാം . എന്നാൽ അമേരിക്കയിൽ അങ്ങിനെയൊരു സ്ഥലമുണ്ട് . അവിടെ ചെന്നാൽ നാമും ചോദിക്കും .. ഇതൊരാൾ ഒറ്റയ്ക്കുണ്ടാക്കിയതോ ?
അമേരിക്കയുടെ തെക്കേഅറ്റത്തുള്ള ഫ്ലോറിഡ സംസ്ഥാനത്തിലെ Leisure City യിലാണ് ഈ അത്ഭുതം സ്ഥിതിചെയ്യുന്നത് . കണ്ടാൽ ചെറിയൊരു പാർക്ക് . അതിൽ നിറയെ പാറകൾ കൊണ്ടുള്ള വിവിധ നിർമ്മിതികൾ . പക്ഷെ ഈ പാറകൾക്കെല്ലാം കൂടി ആയിരത്തി ഒരുന്നൂറോളം ടൺ ഭാരം വരും . ഓരോ പാറകൾക്കും പതിനഞ്ചു മുതൽ മുപ്പത് ടണ്ണോളം തൂക്കമുണ്ട് ! പാർക്കിലെ ഗേറ്റ് , പടവുകൾ , മുറികൾ, കസേരകൾ , മേശകൾ എല്ലാം തന്നെ ഇത്തരം റോക്ക് ബ്ലോക്കുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് . ഒന്നിന് മുകളിൽ ഒന്നായി വെറുതെ എടുത്ത് വെച്ചിരിക്കുന്ന ഈ റോക്ക് ബ്ലോക്കുകൾക്കിടയിലൂടെ സൂര്യപ്രകാശം പോലും കടന്നുപോകാത്തത്ര സൂക്ഷ്മതയിലാണ് നിർമ്മാണം ! . ഇന്ന് ആധുനിക മെഷിനറികളും , ഏതാനും എൻജിനീയർമാരും വിചാരിച്ചാൽ ഒന്നോ രണ്ടോ മാസങ്ങൾകൊണ്ട് പൂർത്തിയാക്കാവുന്ന ഈ പാർക്ക് പക്ഷെ ഏതാണ്ട് മുപ്പത് വർഷങ്ങളോളം ഒര് മനുഷ്യൻ ഒറ്റയ്ക്ക് പണിതുണ്ടാക്കിയതാണ് എന്ന് അറിയുമ്പോഴാണ് നമ്മുടെ കണ്ണുകൾ വിടരുന്നത് .
Edward Leedskalnin എന്ന ലാറ്റ്_വിയൻ വംശജനാണ് തൊള്ളായിരത്തി ഇരുപത് -മുപ്പത് കാലഘട്ടങ്ങളിൽ ഈ അത്ഭുതം നിർമ്മിച്ചെടുത്ത് . ലാറ്റ്_വിയയിലുണ്ടായിരുന്ന തൻ്റെ ബാല്യകാല പ്രണയിനിയുടെ ഓർമ്മയിൽ നിർമ്മിച്ചെന്ന് അവകാശപ്പെട്ടുന്ന ഈ ഗാർഡൻ ആദ്യം പക്ഷെ ഇന്ന് കാണുന്ന സ്ഥലത്തായിരുന്നില്ല ഉണ്ടായിരുന്നത് . പത്തു മൈൽ മാറി മറ്റൊരിടത്ത് നിർമ്മാണം തുടങ്ങിയ ഈ നിർമ്മിതികൾ ഇദ്ദേഹം ഒറ്റയ്ക്കാണ് മാസങ്ങൾ കൊണ്ട് ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റിയത് . പിന്നീട് ഗേറ്റ് ഉൾപ്പടെയുള്ള വൻ നിർമ്മിതികൾ ഇവിടെത്തന്നെയാണ് നിർമ്മിച്ചെടുത്ത് . തെക്കൻ ഫ്ലോറിഡാ തീരങ്ങളിൽ കാണുന്ന Oolite അല്ലെങ്കിൽ egg stone എന്നറിയപ്പെടുന്ന സെഡിമെൻറ്ററി ശിലകൾ ആണ് എഡ്വേർഡ് നിർമ്മാണങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത് . കാണുന്ന വലിപ്പത്തിന്റെ അത്രയും തൂക്കം ഇത്തരം പാറകൾക്ക് ഉണ്ടാവില്ല . ടൺകണക്കിന് ഭാരമുള്ള പാർക്കിന്റെ ഗേറ്റ് വർഷങ്ങൾക്ക് മുൻപ് വരെ ഒരു കൊച്ചുകുട്ടി തള്ളിയാൽ പോലും തുറക്കുന്ന എൻജിനീയറിങ് വൈഭവത്തോട് കൂടിയാണ് ഉണ്ടാക്കിയിരുന്നത് . ഈയിടെ ഇതിന്റെ പ്രവർത്തനം നിലച്ചപ്പോൾ , ഇത് പണിയാൻ വന്ന എൻജിനീയർമാർ , ഇതിനകത്ത് ഒരു മെറ്റൽ ഷാഫ്റ്റ് കണ്ടെത്തിയിരുന്നു .
ഇത്രയും ഭാരമുള്ള പാറകൾ എഡ്വേർഡ് എങ്ങിനെ ഒറ്റയ്ക്ക് ഒന്നിന് മുകളിൽ ഒന്നായി ഇത്രയും കൃത്യതയോടെ വെച്ചു എന്നത് വലിയൊരു അത്ഭുതമായിരുന്നു ഒരുകാലത്ത് . ഇതിന്റെ നിർമ്മാണഘട്ടത്തിൽ അദ്ദേഹം ഇങ്ങോട്ട് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല . എന്നാൽ സൈറ്റിൽ ഒളിഞ്ഞു കടന്ന ചില കുട്ടികൾ കണ്ടത് ആകാശത്ത് ഉയർന്ന് നിൽക്കുന്ന പാറകലെയായിരുന്നു എന്ന രീതിയിലുള്ള കഥകൾ ഇന്നും പ്രചാരത്തിൽ ഉണ്ട് . അദ്ദേഹത്തന് “മാഗ്നറ്റിക് ലെവിറ്റേഷൻ ” എങ്ങിനെ ചെയ്യണം എന്നു അറിയാമായിരുന്നു ഏന് ചിലർ വിശ്വസിക്കുന്നു . അന്യഗ്രഹജീവികളുടെ “സഹായവും ” ചിലർ ഉന്നയിക്കുന്നുണ്ട് . പക്ഷെ പാർക്കിൽ പ്രദർശനത്തിന് വെച്ചിരിക്കുന്ന എഡ്വേർഡിന്റെ പണിയായുധങ്ങളും മറ്റും കണ്ടാൽ നമ്മുക്ക് ഒന്നുറപ്പിക്കാം , മികച്ച എൻജിനീയറിങ് മികവ് , ധൈര്യം , നിശ്ചയദാർഢ്യം , ഇത്രയുമായിരുന്നു അദ്ദേഹത്തിന്റെ സഹായികൾ .
പാർക്കിന്റെ സൈറ്റ് : http://coralcastle.com/
പുറത്തേയ്ക്കുള്ള കണ്ണി : https://www.livescience.com/41075-coral-castle.html