പണ്ടുകാലത്തു നാവികർ സ്ഥിരമായി പറയുന്ന ഒരു കഥയുണ്ട്. അത് കഥയാണോ സത്യമാണോ എന്നതിൽ ഇപ്പോഴും തർക്കം തുടരുകയുമാണ്. വായ് നിറയെ കൂർത്ത പല്ലുകളുള്ള ഒരു വമ്പൻ പാമ്പിനെ അവർ സമുദ്രോപരിതലത്തിൽ പലപ്പോഴും കാണാറുണ്ടെന്നതായിരുന്നു അത്. ‘കടൽ സർപ്പം’ എന്ന പേരിട്ടാണ് അവർ ആ ജീവിയെപ്പറ്റിയുള്ള കഥകൾ മെനഞ്ഞത്. പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞാണ് ലോകം ഫ്രിൽഡ് സ്രാവുകളെപ്പറ്റി കേൾക്കുന്നത്. വായിൽ നിറയെ പല്ലുകളും പാമ്പുകൾക്കു സമാനമായ ശരീരവുമാണ് ഇവയുടെ പ്രത്യേകത.
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അഗാധതയിൽ കഴിയുന്ന ഇവ വളരെ അപൂർവമായേ സമുദ്രോപരിതലത്തിലേക്ക് എത്താറുള്ളൂ. മനുഷ്യനിൽ നിന്ന് ഒളിച്ചിരിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. എങ്കിലും വളരെ അപൂർവമായി ഇവ മത്സ്യബന്ധന വലകളിൽ പെടും. ഇന്നേവരെ ഇതിന്റെ ജീവിതരീതിയും വാസസ്ഥാനവും സംബന്ധിച്ച കാര്യമായ ഒരു വിവരവും ശാസ്ത്രലോകത്തിനു കിട്ടിയില്ല. എല്ലാറ്റിനുമുപരിയായി ‘ജീവിക്കുന്ന ഫോസിൽ’ എന്നാണ് ഇവ അറിയപ്പെടുന്നതു തന്നെ. കാരണം, കഴിഞ്ഞ എട്ടു കോടി വർഷങ്ങളായി ഫ്രിൽ‍ഡ് സ്രാവുകൾ ഭൂമിയിലുണ്ട്. ഭൂമിയിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും ‘പഴക്കമുള്ള’ ജീവിവിഭാഗങ്ങളിൽ ഒന്നുമാണ് ഫ്രിൽഡ് സ്രാവുകൾ. അതായത്, ആറു കോടി വർഷങ്ങൾക്കു മുൻപേ ദിനോസറുകൾ കൊല്ലപ്പെട്ടിട്ടും പിടിച്ചു നിൽക്കാൻ സാധിച്ചവയാണ് ഇവ.
അടുത്തിടെ പോർച്ചുഗലിലെ അൽഗാർഫ് തീരത്തു നിന്ന് ഒരു ഫ്രിൽഡ് സ്രാവിനെ പിടികൂടിയതോടെയാണ് ശാസ്ത്രലോകം വീണ്ടും ഇതിനെപ്പറ്റിയുള്ള ചർച്ച ആരംഭിച്ചത്. എട്ടു കോടി വർഷങ്ങളായി ഇപ്പോഴും ശരീരഘടനയിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല ഇവയ്ക്ക്. ദിനോസറുകളെ ഇല്ലാതാക്കിയ കാലാവസ്ഥാമാറ്റത്തിലും എങ്ങനെയാണിവ രക്ഷപ്പെട്ടത് എന്ന കാര്യത്തിലുൾപ്പെടെ ഇപ്പോഴും ഗവേഷകർക്കു യാതൊരു പിടിയും കിട്ടിയിട്ടില്ല. അഞ്ചടിയോളം നീളമുള്ള ഫ്രിൽഡ് സ്രാവാണ് മത്സ്യബന്ധന ബോട്ടിൽ കുടുങ്ങിയത്. അതും 2300 അടിയിലേറെ താഴെ നിന്നു ലഭിച്ചത്. അൽഗാർഫിലെ അനധികൃത മത്സ്യബന്ധനത്തെപ്പറ്റി പഠിക്കുകയായിരുന്ന ഗവേഷക സംഘത്തിന് ഇതിനെ കൈമാറുകയും ചെയ്തു.
വൃത്താകൃതിയിലാണ് ഈ സ്രാവുകളുടെ വായ. അതിനു ചുറ്റിലും കൂർത്തപല്ലുകളും; എണ്ണം മുന്നൂറോളം വരും! കണവയും മറ്റു സ്രാവുകളും ചെറുമീനുകളുമൊക്കെയാണു ഭക്ഷണം. ഇവയ്ക്കിടയിലേക്ക് പെട്ടെന്ന് നീന്തിക്കയറി ഇരകളെ പല്ലിൽ കോർത്തെടുത്താണ് തീറ്റതേടൽ. വായിൽ തൊങ്ങലു പിടിപ്പിച്ചതു പോലെ പല്ലുള്ളതു കൊണ്ടാണ് ഇവയെ ‘ഫ്രിൽഡ്’ സ്രാവുകളെന്നു വിളിക്കുന്നത്. ഇതിനെയാണു പണ്ടുള്ളവർ ‘കടൽ സർപ്പം’ എന്നു തെറ്റിദ്ധരിച്ചിരുന്നതെന്നും ഗവേഷകർ പറയുന്നു. ചെകിളകളുടെ എണ്ണക്കൂടുതലും വമ്പൻ വായും തലയുടെ വശങ്ങളിൽ കണ്ണുകളുമെല്ലാമുള്ള പ്രാചീന കാല സ്രാവുകളുടെ അതേ ശരീരവിശേഷങ്ങളാണ് ‘ഫ്രിൽഡു’കൾക്കുമുള്ളത്. ഇവയുടെ പൂർവികരുടെ ഫോസിലുകളും നേരത്തേ പലയിടത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. അൽഗാർഫ് സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ ഇതിന്റെ ശരീരഘടനയെപ്പറ്റി വിശദപഠനത്തിനൊരുങ്ങുകയാണ്.
#ജിജ്ഞാസാ (Whatsapp, Telegram,facebook &Google+ Groups)
@bipins (TG)
By Bipin Elias Thampy

Leave a Reply

Your email address will not be published. Required fields are marked *