ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന് റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന് റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന് റം ആണ് മലയാളത്തില്‍ മന്നമായത്. ‘തറവാടി’ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.
സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന് റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോട്ടവകാശമുള്ള ജനാധിപത്യ സ്ഥാപനമായി കാണാമെങ്കിലും തമിഴകത്തെ ‘പൊതുവില്‍’ പോലെ പൊതു ഇടമായിരുന്നില്ല.
1907ല്‍ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റ് റോയല്‍ കമ്മീഷന് ഫോര്‍ ഡീ സെന്‍ട്രലൈസേഷന്‍ രൂപവത്കരിക്കുകയും കമ്മീഷന് റിപ്പോര്‍ട്ടനുസരിച്ച് 1911ല്‍ തദ്ദേശസ്വയംഭരണത്തിന് പരിമിതമായ അധികാരമുള്ള സമിതികളുടെ തിരഞ്ഞെടുപ്പിനായി നിയമം കൊണ്ടുവരികയുമുണ്ടായി. നികുതി കൊടുക്കുന്നവര്‍ക്കുമാത്രം വോട്ടവകാശമുള്ള സംവിധാനമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കിയത്. മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഭൂമിയില്ല, അതിനാല്‍ നികുതിയുമില്ല എന്നതിനാല്‍ തിരഞ്ഞെടുപ്പവകാശത്തിനു പുറത്തായിരുന്നു. ജുഡീഷ്യല്‍ അധികാരമുള്ള വില്ലേജ് പഞ്ചായത്തുകളും പഞ്ചായത്ത് കോടതികളും സ്വാതന്ത്ര്യപൂര്‍വകാലത്തുതന്നെ നിലവില്‍ വന്നെങ്കിലും ജന്മിമാര്‍ക്കും ഭൂവുടമകള്‍ക്കും മാത്രമായിരുന്നു പങ്കാളിത്തം. കാസര്‍കോട് ജില്ലയില്‍ പഞ്ചായത്ത് കോടതിയുടെ പ്രസിഡന്റായിരുന്ന എ.സി.കണ്ണന് നായര്‍ പ്രസിഡന്റ് സ്ഥാനം 1925ല്‍ രാജിവെച്ചാണ് സ്വാതന്ത്ര്യ പോരാട്ടത്തിന് നേതൃത്വം നല്കാനിറങ്ങിയത്.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 71ഉം 72ഉം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തീരാജ് നിയമം കൊണ്ടുവരികയും നരസിംഹറാവു ഭരണത്തില്‍ 73ാം ഭരണഘടനാ ഭേദഗതിയിലൂടെ വ്യക്തതവരുത്തുകയും ചെയ്താണ് വിപുലമായ അധികാരാവകാശങ്ങളുള്ള പ്രാദേശിക സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്. ഗ്രാമസഭ വന്നത് അപ്പോള്‍ മുതല്‍ മാത്രമാണ്. ഗ്രാമസഭകള്‍ ഇന്നും കാട്ടിക്കൂട്ടി ഒപ്പിക്കലാണ് പലേടത്തും. കുറഞ്ഞ പങ്കാളിത്തവും പ്രായോഗികമായി അധികാരങ്ങളൊന്നുമില്ലായ്മയുമൊക്കെ ഗ്രാമസഭയുടെ ന്യൂനതകളായി നില്‍ക്കുകയാണ്. സംഘകാലത്ത് നിലവിലുണ്ടായിരുന്നതായി സംഘസാഹിത്യമായ എട്ടുത്തൊകൈ (അകനാനൂറ്, പുറനാനൂറ്, കലിത്തൊകൈ, കുറുന്തൊകൈ, നറ്റിണൈ, ഐങ്കുറുനൂറ്, പരിപാടല്‍, പതിറ്റുപ്പത്ത്) കൃതികളും തൊല്ക്കാപ്പിയം, ഇറൈയനാര്‍ അകപ്പൊരുള്‍, മധുരൈ കാഞ്ചി എന്നീ സംഘസാഹിത്യ ചരിത്ര ലക്ഷണ ഗ്രന്ഥങ്ങളും തെളിവ് നല്കുന്ന ഗ്രാമസഭകളായ മന്റങ്ങള്‍ ഇന്നത്തെ ഗ്രാമസഭകളേക്കാള് എത്രയോ ഉദാത്തമായിരുന്നു.
അയോയുഗമെന്നോ മഹാശിലായുഗമെന്നോ പറയാവുന്ന എ.ഡി. ആദ്യശതകങ്ങളിലെ കേരളത്തില്‍ നിലനിന്നിരുന്ന മന്റങ്ങള്‍ ആധുനിക തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളേക്കാളും പ്രതിച്ഛായയോടെയാണ് ചരിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. പൊതുഇടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് പൊതുഇടത്തിന്റേതായ ഉജ്ജ്വലമായ സംസ്കാരമാണ് സംഘകാലത്ത് കേരളത്തില്‍ നിലനിന്നിരുന്നതെന്നും ആ പൊതു ഇടത്തിലെ സാംസ്കാരിക വിനിമയങ്ങളുടെ തുടര്‍ച്ചയാണ് ആധുനിക കേരള സംസ്കാരത്തിലും വലിയൊരളവോളം തുടര്‍ന്നിരുന്നതെന്നും ഓര്‍ക്കുന്നത് പ്രസക്തമാണ്.
സംഘകാലത്ത് ‘മുവേന്ത’രാണ് അഥവാ ചേരചോളപാണ്ഡ്യന്മാരാണ് തമിഴകത്തിന്റെ ഭരണം കൈയാളിയിരുന്നത്. തൊട്ടുതാഴെ കുറുനിലമന്നന്മാര്. കുറുനിലമന്നന്മാര്ക്ക് നിയമനിര്മാണാധികാരമുണ്ടായിരുന്നില്ല. തറകളും തറകള്‍ ചേര്‍ന്ന് നാടുകളും കൂട്ടങ്ങളും മണ്ഡലങ്ങളും ചേര്‍ന്ന് അധികാര വികേന്ദ്രീകരണത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു. ഏറ്റവും താഴത്തെ ഘടകമായ മന്റമാണ് ഗ്രാമീണ പൊതു അസംബ്ലി. അതിനുമേലെ തറക്കൂട്ടങ്ങള്‍ തര്‍ക്കപരിഹാരത്തിനും ക്ഷേമകാര്യങ്ങള്‍ക്കുമായി നിലകൊണ്ടു.
ജൈനമതത്തില്പ്പെട്ടവരും ബുദ്ധമതത്തില്പ്പെട്ടവരും ബ്രാഹ്മണരും അന്ന് കേരളത്തില്‍ (പില്ക്കാലത്ത് കേരളമായി രൂപം പ്രാപിച്ച ഭൂവിഭാഗം) എത്തിയിരുന്നെങ്കിലും മതത്തിന് ഭരണത്തിലോ പൊതുജീവിതത്തിലോ സ്വാധീനമുണ്ടായിരുന്നില്ല. 80 ശതമാനം പേരും മതത്തിന് പുറത്ത്. ഗ്രാമഭരദേവതയായി, ഉര്വരതാദേവതയായി കൊറ്റവൈയെയും മറ്റും ആരാധിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ഹിന്ദുമതം ഈ മേഖലയില്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നില്ല. ബ്രാഹ്മണര്‍ക്ക് ചാതുര്‍വര്‍ണ്യം പ്രചരിപ്പിച്ച് വിജയിപ്പിച്ചെടുക്കാനായിരുന്നില്ല. ശിവനും മുരുകനും വിഷ്ണുവും ആരാധിക്കപ്പെട്ടുവന്നിരുന്നെങ്കിലും മതത്തിന്റെ ദൃഢരൂപം യാഥാര്ഥ്യമായിക്കഴിഞ്ഞിരുന്നില്ല.
അതുകൊണ്ട് തികച്ചും മതനിരപേക്ഷമായാണ് മന്റം പ്രവര്‍ത്തിച്ചത്. ക്ഷേത്രങ്ങള്‍ വ്യാപകമായി നിലവില്‍ വന്നുകഴിഞ്ഞില്ല. കോട്ടങ്ങളും കോവിലുകളും മാത്രം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നുള്ള പഴയ കാവുകളും കോട്ടങ്ങളും സംഘകാലത്തെ ആരാധനാ കേന്ദ്രങ്ങളുടെ തുടര്‍ച്ചയത്രെ. ചാതുര്‍വര്‍ണ്യം അടിച്ചേല്പ്പിച്ചുകഴിഞ്ഞിട്ടില്ലാത്തതിനാല് കോട്ടങ്ങളിലും കോവിലുകളിലും പൂജാരികളായി (വെളിച്ചപ്പാടുമാര്‍) പ്രവര്‍ത്തിച്ചത് പില്ക്കാലത്ത് കീഴ്ജാതിക്കാരായി മാറ്റിനിര്‍ത്തപ്പെട്ട തൊഴില്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍. പോരാട്ടങ്ങളില്‍ മരിച്ചുവീണ വീരന്മാരുടെയും മരണപ്പെട്ട കാരണവന്മാരുടെയും പേരില്‍ വീരക്കല്ലുകളും നടുകല്ലുകളും സ്ഥാപിക്കാന്‍ മന്റത്തിനെത്തുന്ന കുടുംബങ്ങള്ക്കവകാശം. ആ കല്ലുകളെ പൂജിക്കാനും പ്രതീകാത്മകമായി ഊട്ടാനും അവകാശം മന്റത്തില് ഇതിനു ചുമതലക്കാരനായി മണ്‍പാത്രനിര്‍മാണ തൊഴില്‍ വിഭാഗത്തില്‍പ്പെട്ടവര്‍. മന്റത്തില് കല്ലുകള്‍ സ്മാരകമായി സ്ഥാപിച്ചതിനു പുറമെ വൃക്ഷങ്ങളും ആരാധനയ്ക്കായി വളര്‍ത്തി. പ്ലാവും വേങ്ങയും മറ്റും. ഭൂതപ്രേത പിശാചുക്കള്‍ക്ക് ആവാസം വൃക്ഷത്തില്‍. അവ കാവല്‍മരങ്ങള്‍ എന്നറിയപ്പെട്ടു.
മന്റങ്ങള്‍ മൊത്തം ഗ്രാമീണരുടെ പൊതുസമ്മേളനവേദിയും ആരാധാനാകേന്ദ്രവും മാത്രമല്ല, കോടതിയുമായിരുന്നു. വ്യക്തികളും കുടുംബങ്ങളും കൂട്ടങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണവന്മാര് പറഞ്ഞുതീര്‍ത്തത് അവിടെവെച്ചാണ്. അരയസമുദായത്തിനകത്തും മറ്റും ഇന്നും അതിന്റെ തുടര്‍ച്ച കാണാം. തര്ക്കപരിഹാരകേന്ദ്രമെന്ന നിലയില്‍ അരംവളര്ക്കും മന്റം എന്ന പേരിലാണ് സംഘം കവികളില്‍ പലരും മന്റത്തെ വിശേഷിപ്പിച്ചത്. മന്റം ക്ഷേമപ്രവര്‍ത്തനത്തിന്റെ കേന്ദ്രമെന്ന നിലയില്‍ ഉലകഅരവി എന്നും അറിയപ്പെട്ടു.
പൊതു ഇടം മനുഷ്യര്‍ക്ക് മാത്രമായിരുന്നില്ല. കാവല്‍മരമായ അരയാലും തറയും അതിനെ ചുറ്റിയുള്ള വിശാലമായ മൈതാനവും പരിരക്ഷിക്കാന്‍ കാവല്‍ക്കാരുണ്ടാവും. കാവല്ക്കാര് സായുധരായി രാപകല്‍ ഉണ്ടാവുന്നതിനാല്‍ ഗ്രാമീണര്‍ അവരുടെ കാലിക്കൂട്ടങ്ങളെ രാത്രികാലത്ത് മന്റത്തില് പാര്‍പ്പിക്കും; കള്ളന്മാരില്നിന്നുള്ള രക്ഷയ്ക്ക്. ശത്രുക്കളെത്തുമ്പോള് കാവല്ക്കാര് പെരുമ്പറയടിച്ച് ഗ്രാമീണരെ വിളിച്ചുകൂട്ടി. വിദൂരങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകരെ പാര്‍പ്പിക്കാനുള്ള അതിഥിമന്ദിരവും ‘പള്ളി’കളില്‍ എഴുത്തും എണ്ണവും പഠിക്കുന്ന കുട്ടികള്‍ക്ക് ഹോസ്റ്റലായും മന്റത്തിലെ കുടിലുകള്‍ ഉപയോഗിച്ചുവെന്ന് കുറുന്തൊകൈ സാക്ഷ്യപ്പെടുത്തുന്നു.
സംഘകാലത്ത് തമിഴകത്തെ ഭൂമിയുടെ നിലയനുസരിച്ച് വിഭജിച്ചിരുന്നത് ഐന്തിണകളായാണ്. കുറിഞ്ചി, പാലൈ, മുല്ലൈ, മരുതം, നെയ്തല്‍ എന്നിങ്ങനെ. വേട്ടയാടി ജീവിച്ച കുറിഞ്ചി നിവാസികള്‍ക്കും നെയ്തല്‍ നിലത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തിനും മുല്ലൈയിലെ പശുപാലകരായ ആയന്മാര്ക്കും മരുതത്തിലെ കൃഷിക്കാര്‍ക്കും പാലൈ നിലത്ത് ജീവനോപാധികള്‍ തേടിയ മറവന്മാര്ക്കും വേട്ടുവര്ക്കുമെല്ലാം പ്രത്യേകം പ്രത്യേകം മന്റങ്ങളുണ്ടായിരുന്നു.
രാഷ്ട്രീയകാര്യങ്ങള്‍, ഗ്രാമത്തിന്റെ വികസനപ്രശ്നങ്ങള്‍, ഗതാഗതവികസനം എന്നിവ കൈകാര്യം ചെയ്തതിനുപുറമെ നീതിന്യായ പരിപാലനം നടത്തിയതും മന്റത്തില്. സായാഹ്നങ്ങളില്‍ മന്റങ്ങള്‍ കുടുംബങ്ങളുടെ സംഗമകേന്ദ്രങ്ങളായി. വൃദ്ധന്മാര് അവിടെ ചൂതുകളിച്ചും കള്ള് കുടിച്ചും സായാഹ്നം ആഘോഷമാക്കി. കള്ളും ഇറച്ചിയുമെല്ലാമടങ്ങിയ സദ്യകളും സാധാരണം. വിശേഷാവസരങ്ങളില്‍ ഇറച്ചിച്ചോറ് വലിയ പാത്രങ്ങളില്‍ വെച്ചുവിളമ്പി.
വാര്‍ഷിക ഉത്സവങ്ങളും 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടത്തുന്ന പ്രത്യേക ഉത്സവങ്ങള്‍ക്കും (പെരുങ്കളിയാട്ടത്തെ ഓര്‍മിപ്പിക്കുന്നത്) മന്റങ്ങള്‍ വേദിയായി. കവികളായ പാണന്മാരും വിരൈലികളും പുതിയ കവിതകള്‍ മന്റങ്ങളില്‍ നിറഞ്ഞ കുടുംബസദസ്സുകളില്‍ അവതരിപ്പിച്ചുപോന്നു. (സംഘകാലം കവികളുടെ സുവര്‍ണകാലമായിരുന്നു. അവര്‍ പ്രണയകവിതകളും പച്ച ശൃംഗാരകവിതകളും എഴുതുന്നതിനുപുറമെ രാജാക്കന്മാരുടെയും കുറുനിലമന്നന്മാരുടെയും സ്തുതിപാഠകരായും പ്രവര്‍ത്തിച്ചു). ഗായകസംഘങ്ങള്‍ മന്റങ്ങളില്‍ നിന്ന് മന്റങ്ങളിലേക്ക് പാട്ടുകളുമായി സഞ്ചരിച്ചു. പാട്ടും നൃത്തവും നാടകവും (മുത്തമിഴ്) മന്റങ്ങളില്‍ ഒഴിവാക്കാനാവാത്ത പരിപാടികളായിരുന്നു. ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തിന്റെ വേരുകള്‍ സംഘകാലത്തെ ജനകീയ സംഗീതത്തിലാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തിരുവാതിരകളി അന്നത്തെ ഗ്രാമോത്സവത്തിലെ, മന്റത്തിലെ പ്രധാന നൃത്തമായിരുന്നു.
മന്റങ്ങളില്‍ നൃത്തവും നാടകവും കൂത്ത് എന്ന പേരിലാണറിയപ്പെട്ടത്. അമ്മദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുള്ള വള്ളിക്കൂത്തും കുരൈവക്കൂത്തുമെല്ലാം നിശ്ചിതദിവസങ്ങളില്‍ അരങ്ങേറി. പൂജാരികളായ വേലന്മാര് യുദ്ധത്തില്‍ കൊല്ലപ്പെട്ട പോരാളികളുടെ വീരഗാഥകള്‍ വാളെടുത്ത് നൃത്തംചെയ്തവതരിപ്പിച്ചു. തെയ്യംതിറകളുടെ വെളിച്ചപ്പാടുകളിലൂടെ, കോമരങ്ങളിലൂടെ കേരളം ഇന്നും അത് പിന്തുടരുന്നു. പോരാളികള്‍ പയറ്റുമത്സരങ്ങള് നടത്തി മന്റങ്ങളെ ത്രസിപ്പിച്ചു.
തിരുവോണവും ധനുമാസത്തിലെ തിരുവാതിരയും മീനമാസത്തിലെ ഭരണിയും മന്റങ്ങളിലെ പ്രധാന വിശേഷാല്‍ ഉത്സവങ്ങളായിരുന്നു. കാര്‍ത്തികദിവസം മന്റങ്ങള്ക്കുപുറമെ വീടുകളും ആരാധനാലയങ്ങളായ കോട്ടങ്ങളും സംഘകാല ജനത ദീപ്തങ്ങളാക്കിപ്പോന്നു. കേരളത്തിലെ കാവുകളിലും പൂജകളില്‍ ആര്യാധിനിവേശമില്ലാത്ത ക്ഷേത്രങ്ങളിലും നടക്കുന്ന ഉത്സവങ്ങളില്‍ മന്റത്തിലെ ഉത്സവശൈലി കാണാം.
ഏറക്കുറെ മതനിരപേക്ഷവും ജാതി നിരപേക്ഷവുമായ, ഗ്രാമക്കൂട്ടായ്മ ഇന്നത്തെ ഗ്രാമസഭയെക്കാള് വിപുലമായ അധികാരത്തോടെ പ്രവര്‍ത്തിച്ചതാണ് സംഘകാലത്തെ സാംസ്കാരികമായി ഔന്നത്യത്തിലേക്ക് നയിച്ചത്. സംഘകാല സംസ്കാരത്തില്‍ പലപല അധിനിവേശങ്ങളിലൂടെ മിശ്രണം സംഭവിക്കുകയും തൊഴില്‍ വിഭജനം മാത്രമായിരുന്നിടത്തുനിന്ന് മാറി ജാതി പ്രധാന സ്ഥാപനമായി മാറുകയും ചെയ്തതോടെ സംഘംനാഗരികത ക്ഷയോന്മുഖമായി. കേരളമാകട്ടെ സ്വന്തം വേരിനെ പൂര്‍ണമായും മറക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നിരുന്നാലും സംഘകാല സംസ്കൃതിയുടെ അടിവേരുകള്‍ ഇപ്പോഴും മലയാള സംസ്കൃതിക്ക് കരുത്തേകിക്കൊണ്ടിരിക്കുന്നു.
സിന്ധുനദീതട സംസ്കാരത്തിനുശേഷം ഇന്ത്യയില്‍ രൂപപ്പെട്ട പ്രധാന നാഗരികതയായ സംഘം നാഗരികതയുടെ കാലത്തിന് അല്പം മുമ്പ്തന്നെ ഉത്തരേന്ത്യയില്‍ മൗര്യ ഭരണകാലത്ത് പുഷ്ടിപ്പെട്ട നാഗരികതയിലും ഗ്രാമഭരണ സംവിധാനത്തിന് ജനാധിപത്യപരമായ ഉള്ളടക്കമുണ്ടായിരുന്നു. വൈദികകാലത്തെ സഭ, സമിതി, വിദാതാ എന്നീ ജനാധിപത്യ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായി മൗര്യ കാലത്ത് നിലവില്‍വന്ന പ്രാദേശിക ഭരണത്തിന് 30 അംഗ കൗണ്‍സിലുണ്ടായിരുന്നു. വിവിധ വകുപ്പുകളിലെ ഭരണ നിര്‍വഹണത്തിന് അഞ്ചംഗങ്ങള്‍ വീതമുള്ള സ്ഥിരം സമിതികളുമുണ്ടായിരുന്നതായി (സ്റ്റാന്‍ഡിങ് കമ്മിറ്റി) മൗര്യ രാജധാനിയിലെ ഗ്രീക്ക് അംബാസഡറായിരുന്ന മെഗസ്തനീസ് രേഖപ്പെടുത്തി.
സംഘകാലത്തെ മന്റത്തിന്റെ തുടര്‍ച്ചയായി കേരളം ഉള്‍പ്പെട്ട തമിഴകത്ത് ചോള ഭരണകാലത്ത് ‘രഹസ്യ ബാലറ്റി’ലൂടെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമഭരണ സമിതികളുണ്ടായിരുന്നതായി പരാന്തക ചോളന്റെ ഉത്തരമേരൂര്‍ ശിലാശാസനത്തില്‍ ഉണ്ട്. ഇതിന്റെ പ്രത്യേക രൂപത്തിലുള്ള തുടര്‍ച്ചയാണ് 1617 നൂറ്റാണ്ടുകളില്‍ അത്യുത്തര കേരളത്തില്‍ രൂപംകൊണ്ട കഴകങ്ങളും താനങ്ങളും മുച്ചിലോടുകളുമെന്ന് ചരിത്രഗവേഷകനായ ഡോ. സി.ബാലന് നിരീക്ഷിക്കുന്നു. തികച്ചും ജനാധിപത്യപരമായി സംഘടിപ്പിക്കപ്പെട്ടതും നിലനിന്നതും പ്രാദേശികമായി സ്വന്തം സമുദായത്തിനകത്ത് നീതിന്യായ, ഭരണനിര്‍വഹണ, നിയമനിര്‍മാണ അധികാരങ്ങള്‍ ൈകയാളിയിരുന്നതുമായ ഈ സ്ഥാപനങ്ങള്‍ കൊളോണിയല്‍ കോടതികളും മറ്റ് സ്ഥാപനങ്ങളും സക്രിയമായതോടെ ക്രമത്തില്‍ ക്ഷേത്രങ്ങളുടെയും കാവുകളുടെയും നടത്തിപ്പില്‍ മാത്രം പരിമിതപ്പെട്ടു.
എങ്കിലും ഏറെക്കുറെ സമുദായത്തിനകത്തെ ജനാധിപത്യ സ്ഥാപനമായി നിലനിന്ന കഴകങ്ങളിലും താനങ്ങളിലും മുച്ചിലോട്ടുകളിലും മറ്റും ആഭ്യന്തരമായ നവീകരണപ്രക്രിയയും ക്ഷേമപ്രവര്‍ത്തനങ്ങളും നടന്നുവന്നു. സംഘകാലത്തെ മന്റങ്ങളെ അനുസ്മരിപ്പിക്കുന്നതാണിത്.
അടിത്തട്ടിലുള്ള ജനാധിപത്യസ്ഥാപനങ്ങളുടെ പ്രാചീനകാലം മുതലുള്ള തുടര്‍ച്ച ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തും ഈ വിധത്തില്‍ കാണാനാവില്ലെന്ന് ഡോ. ബാലന് അഭിപ്രായപ്പെടുന്നു. കേരളത്തിലും ഇന്ത്യയിലും അടിയുറച്ച ജനാധിപത്യം നിലനില്ക്കുന്നതിന്റെ അടിസ്ഥാനം എ.ഡി. ആദ്യശതകങ്ങളില്‍ത്തന്നെ രൂപപ്പെടുകയും പല പ്രതിസന്ധികളും തരണം ചെയ്ത് വളരുകും ചെയ്ത ഗ്രാമസഭകളും കൂട്ടായ്മകളുമാണെന്നും അദ്ദേഹം പറയുന്നു.
എഴുതിയത് :
കെ.ബാലകൃഷ്ണന്…… at: http://www.mathrubhumi.com/features/heritage/manram-malayalam-news-1.636115