സാബ്ലോണ്‍ സെമന്റോവ് അഫ്ഘാനിസ്ഥാനിലെ ഒരു റെസ്റ്റോറന്റ് നടത്തിപ്പുകാരനാണ്. അവിടത്തെ ജൂതപ്പള്ളിയിലെ റാബിയും അയാളാണ്. ഇതൊന്നുമല്ല കാര്യം അയാളാണ് അഫ്ഘാനിസ്ഥാനില്‍ ജീവിച്ചിരിക്കുന്ന അവസാനത്തെ ജൂതന്.
1500 വര്‍ഷങ്ങള്‍ എങ്കിലുമായി ജൂതന്മാര് അഫ്ഘാനിസ്ഥാനില്‍ ജീവിക്കുന്നുണ്ട്. തുകലിന്റെയും ചെമ്മരിയാടിന്റെ രോമത്തിന്റെയുമെല്ലാം വ്യാപാരികളായി കഴിഞ്ഞിരുന്ന അവരില്‍ ബഹുഭൂരിപക്ഷവും 1948-ല്‍ ഇസ്രായേല്‍ രൂപംകൊണ്ടപ്പോള്‍ അങ്ങോട്ടുകുടിയേറുകയും ഏതാണ്ട് 5000 പേര് മാത്രം ബാക്കിയാവുകയും ചെയ്തു. 1979 -ല്‍ റഷ്യക്കാര്‍ അഫ്ഘാന്‍ ആക്രമിച്ചപ്പോള്‍ ബാക്കിയുള്ളവരും നാടുവിട്ടു. 1996 -ല്‍ പത്തുജൂതന്മാരായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. ഒടുവില്‍ 21 -ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേവലം രണ്ടുജൂതന്മാര് മാത്രമാണ് അഫ്ഘാനിസ്ഥാനില്‍ അവശേഷിച്ചത്.
അവരായിരുന്നു ഇസ്ഹാക് ലെവിനും സാബ്ലോണ്‍ സെമന്റോവും. ഒരു വലിയ പഴയ സമൂഹത്തിന്റെ ഇങ്ങേയറ്റത്ത് ബാക്കിയായ രണ്ടുപേര്‍ മാത്രമായിത്തീര്‍ന്ന ഒരു സമൂഹത്തില്‍ പരസ്പരം കാണാനും സഹായിക്കാനും മനസ്സിലാക്കാനും സാധ്യതയുള്ള രണ്ടേരണ്ടുവ്യക്തികള് എങ്ങനെയായിരിക്കാം ജീവിച്ചിരുന്നത്? നമ്മളോര്‍ക്കും പരസ്പരം താങ്ങും തണലുമായിട്ടാണ് അവര്‍ ജീവിച്ചിട്ടുണ്ടാവുക എന്ന്. എന്നാല്‍ കൊടിയശത്രുതയില് പട്ടിയേയും പൂച്ചയേയും പോലെയാണവര്‍ കഴിഞ്ഞിരുന്നത്. ഒരേ ആരാധാനാലയത്തിന്റെ രണ്ടറ്റത്ത് ആരാധനയുടെ സമയം തമ്മില്‍ക്കാണാതെ ഒരു കര്ട്ടന് കൊണ്ട് മറച്ച് അവര്‍ ജീവിച്ചു. താലിബാനെ സന്തോഷിപ്പിക്കാനായി മതം മാറിയവനാണ് താഴെത്താമസിക്കുന്ന ലെവിന്‍ എന്ന് സെമന്റോവ് ആരോപിക്കുമ്പോള്‍ മുകള്നിലയില്ത്താമസിക്കുന്ന സെമന്റോവിനെ ഒന്നിനും വിശ്വസിക്കരുതെന്നാണ് മറ്റേയാളുടെ നിലപാട്. ലെവിനു താത്പര്യമുണ്ടെങ്കില്‍ ഇസ്രായേലിലേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന് സെമന്റോവ് പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കാബൂളിലെ കൊടിയതണുപ്പില്‍ നിന്നുംരക്ഷപ്പെടാന്‍ ലെവിനെ സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നു സെമന്റോവ് പറയുമ്പോള്‍ തന്നെ ഒഴിവാക്കി ജൂതപ്പള്ളി കൈവശപ്പെടുത്താനാണ് സെമന്റോവ് ശ്രമിക്കുന്നതെന്നായി ലെവിന്‍. കൂടാതെ ജൂതരുടെ വിശുദ്ധപുസ്തകത്തിന്റെ കോപ്പി താലിബാന് കൈവശപ്പെടുത്തിയത് സെമന്റോവിന്റെ പിടിപ്പുകേടാണെന്നും ലെവിന്‍ ആരോപിക്കുന്നു. അങ്ങനെയിരിക്കേ 2005 -ല്‍ 80 വയസ്സായ ലെവിന്‍ സ്വാഭാവികമായ കാരണങ്ങളാല്‍ മരണമടഞ്ഞതോടെ അഫ്ഘാനിസ്ഥാനിലെ അവസാനത്തെ ജൂതനായിമാറി സെമന്റോവ്.
തന്റെ മതവിശ്വാസവുമായി അഫ്ഘാനില്‍ തുടര്‍ന്നുപോവാന്‍ എളുപ്പമല്ലെന്ന് സെമന്റോവ് പറയുന്നു. ജൂതനിയമമനുസരിച്ച് മാംസം കഴിക്കണമെങ്കില്‍ അടുത്തുള്ള പുരോഹിതന്റെ അനുവാദത്തോടെ പ്രത്യേകരീതിയില്‍ കശാപ്പ് ചെയ്തതേ ഉപയോഗിക്കാവൂ. അതിനായി ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിലെ റാബിയുടെ അനുമതി അയാള്‍ നേടിയെടുത്തിട്ടുണ്ട്. പലരാജ്യങ്ങാളിലെ ജൂതരുടെയും നാട്ടുകാരായ കാരുണ്യമുള്ള മുസ്ലീമുകളുടെയും സംഭാവനകൊണ്ടാണ് അയാള്‍ കഴിഞ്ഞുപോവുന്നത്. അയാളുടെ ഭാര്യയും രണ്ടുപെണ്‍മക്കളും ഇസ്രായേലില്‍ ആണു ജീവിക്കുന്നത്. സെമന്റോവിന്റെ റെസ്റ്റോറന്റില്‍ കെബാബ് ഉണ്ടാക്കുന്നതെല്ലാം മുസ്ലീങ്ങളാണ്. നാറ്റോ സേന കാബൂളില്‍ ഉണ്ടായിരുന്ന കാലത്ത് നല്ല കച്ചവടം ലഭിച്ചിരുന്നത് സേനയുടെ പിന്മാറ്റത്തോടെ ഇല്ലാതെയായി. ഇനി ഇങ്ങനെ തുടരാനാവില്ലെന്നും കച്ചവടം നിര്‍ത്തി നാടുവിടേണ്ടിവരുമെന്നുമാണ് അയാള്‍ പരിതപിക്കുന്നത്. ഇവരുടെ തമ്മില്‍ത്തല്ല് വിഷയമാക്കി ഒരു ബ്രിട്ടീഷ് നാടകം പോലുമുണ്ടായിട്ടുണ്ട്. Я V įɒɿɒγɒniV