Collecting knowledge For you !

ആർട്ടിക്കിലെ കൃഷിഭൂമികൾ !

By:
Posted: December 24, 2017
Category: Environment , Hard to Believe , Plants/Flowers
Comments: 0
download palathully android app ! >>>> Get!

അലാസ്കയിൽ കൃഷിചെയ്ത ബാർലി , ഗ്രീൻലാൻഡിൽ വിളഞ്ഞ തക്കാളി ..... ഇതൊക്കെ ആദ്യം കേൾക്കുമ്പോൾ അങ്ങിനൊന്നുണ്ടോ എന്ന ചോദ്യമാവും മനസ്സിൽ വരിക . പക്ഷെ ജലത്തിനോടും , പാറയോടും , കാടിനോടും മല്ലിട്ട് ജയിച്ച മനുഷ്യൻ ഇപ്പോൾ മഞ്ഞിനോടും സമരം ചെയ്ത് അവിടെയും കൃഷിചെയ്ത് വിജയിച്ചിരിക്കുന്നു . ആർട്ടിക് വൃത്തത്തിലേക്ക് കണ്ണോടിച്ചാൽ വിളഞ്ഞു നിൽക്കുന്ന അനേകം കൃഷിഭൂമികൾ ഇപ്പോൾ കാണാം .  അതിലൊന്നാണ് നോർവെയ്‌ക്കും ഉത്തരധ്രുവത്തിനും ഇടയിൽ കിടക്കുന്ന Svalbard ദ്വീപുകൾ . Polar Permaculture Solutions (www.polarpermaculture.com) എന്ന പേരിൽ ഒരുകൂട്ടം ആളുകളാണ് ഇവിടുത്തെ കൃഷിക്കാർ . വേനലിൽ അർദ്ധരാത്രിയിലും ഊറിച്ചിരിക്കുന്ന സൂര്യനും (midnight sun) , പ്രഭാതമില്ലാത്ത ശീതകാല ദിനങ്ങളും (polar night) ഒത്തുചേരുന്ന ഈ ധ്രുവഭൂമിയിൽ കൃത്രിമമായി സൃഷ്ടിച്ചെടുത്ത പരിസ്ഥിതിയിലല്ലാതെ കൃഷി ഏറെക്കുറെ അസാധ്യമാണ് .  പക്ഷെ പോളാർ പെർമാകൾച്ചർ സൊലൂഷൻസിന്റെ തലവനും പേരുകേട്ട ഷെഫും ആയ Benjamin Vidmar തൻ്റെ ആവശ്യങ്ങൾക്കായി മൈക്രൊഗ്രീനുകൾ (microgreens - ചെറുചട്ടികളിൽ വളർത്തി ഒന്നോ രണ്ടോ  മാസം മൂപ്പാകുമ്പോൾ മുറിച്ചെടുക്കുന്ന ഭക്ഷ്യയോഗ്യമായ ഇലച്ചെടികൾ - ഉദാ: മല്ലി ) വളർത്തിയെടുക്കാനുള്ള വഴികൾ തേടിയതാണ്  ഇന്നൊരു ജൈവവിപ്ലവമായി രൂപാന്തരം പ്രാപിച്ചത് . പ്രത്യേകം തയ്യാറാക്കിയ ഇൻസുലേറ്റഡ് ഡോമുകളിലാണ് പച്ചക്കറികൾ കൃഷിചെയ്തെടുക്കുന്നത് .ചുറ്റുവട്ടത്തിലുള്ള , ജനവാസമുള്ള ദ്വീപുകളിലെ വെയ്സ്റ്റുകൾ സംഭരിച്ച് vermicomposting വഴി  വളക്കൂറുള്ള മണ്ണ് ഉണ്ടാക്കിയെടുത്താണ് ഇവർ കൃഷി ചെയ്യുന്നത് .  ഇതിനു മുൻപ് ഇത്തരം അവശിഷ്ടങ്ങൾ കടലിലൊഴുക്കികളയുകയായിരുന്നു പതിവ് . ഇന്നിപ്പോൾ ദ്വീപുകളിലെ സകല റെസ്റ്റോറന്റുകളിലേക്കും പച്ചക്കറികൾ ഇവർ ആണ് വിതരണം ചെയ്യുന്നത് , കൂടാതെ പക്ഷികളെ വളർത്തി മുട്ടസംഭരണവും , ഇതൊക്കെ വിറ്റഴിക്കുവാൻ സ്വന്തമായി ഒരു മാർക്കറ്റും ഇവർ ആരംഭിച്ചിട്ടുണ്ട് .ഇനി കുറച്ചുകൂടി പടിഞ്ഞാറോട്ട് മാറി ഗ്രീൻലാൻഡിൽ എത്തിയാൽ അവിടെയും താരം മറ്റൊരു ഷെഫ് തന്നെ, പേര് Kim Ernst. റെയിൻ ഡിയറുകളെ മേയിച്ചുകൊണ്ടുനടന്നിരുന്ന തദ്ദേശവാസികൾ കൃഷിയിലേക്ക് തിരിഞ്ഞതിന് കിം നന്ദി പറയുന്നത് ആഗോളതാപനത്തിനാണ് ! ഇങ്ങനെ പോയാൽ ഗ്രീൻലാൻഡ് ഭൂമിയിലെ ഏറ്റവും വലിയ കൃഷിഭൂമിയായി മാറും എന്നാണ് അദ്ദേഹത്തിൻ്റെ പ്രവചനം . തലസ്ഥാനമായ Nuuk ൽ പ്രാദേശികമായി കൃഷിചെയ്തെടുത്ത വിളകൾ സൂപ്പർമാർക്കറ്റുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു . മഞ്ഞു  മാറിത്തുടങ്ങിയ ഭൂമികളിൽ പുല്ല് വളർന്നുതുടങ്ങിയതോടെ ആളുകൾ ആടുവളർത്തലിലേയ്ക്കും തിരിഞ്ഞതായി കിം പറയുന്നു .  ഗ്രീൻലാൻഡിലെ തക്കാളി ഉൽപ്പാദനം കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ച് ഇരട്ടിയിലധികമായിട്ടുണ്ട് . “The hotter, the better,”  എന്നതാണ് അരലക്ഷത്തോളം വരുന്ന ഗ്രീൻലാൻഡ് ജനതയുടെ പുതിയ ചൊല്ല് !ഇനി വീണ്ടും പടിഞ്ഞാറോട്ട് മാറി കനേഡിയൻ പ്രദേശമായ  Inuvik  ൽ ചെല്ലാം . 1998 ൽ രൂപമെടുത്ത Good Food Organizations പ്രോഗ്രാം ആണ് ഇവിടുത്തെ കർഷകരുടെ കൂട്ടായ്മ . സ്പിനാച്ച് , പെപ്പെർ , തക്കാളി തുടങ്ങിയവയാണ് ഇവരുടെ ഉൽപ്പന്നങ്ങൾ  (www.facebook.com/inuvikcommunitygreenhouse). തലമുറകളായി ഇറച്ചി പ്രധാന ആഹാരമാക്കിയിരുന്ന Inuit വർഗ്ഗക്കാർ മാറിയ പരിസ്ഥിതിയിൽ പഴങ്ങളും ധാന്യങ്ങളും ഭക്ഷിക്കാനാരംഭിച്ചു കഴിഞ്ഞു. ഒറ്റപ്പെട്ടു നിൽക്കുന്ന വില്ലേജുകളിൽ  മറ്റുഭാഗങ്ങളിൽ നിന്നും പച്ചക്കറികൾ എത്തുമ്പോൾ കാബേജ് ഒരു കുട്ടയ്ക്കു 28 ഡോളർ വരെ ചാർജ് ആയിരുന്നിടത്ത് ഇപ്പോൾ അവർതന്നെ വീട്ടുവളപ്പിലെ ഗ്രീൻ ഹൌസുകളിൽ കൃഷിചെയ്തെടുക്കുന്നവയ്ക്കു വിലയോ തുച്ഛം ഗുണമോ മെച്ചം എന്ന നിലയിലായി കാര്യങ്ങൾ . ഇപ്പോൾ ഭീമൻ കമ്യൂണിറ്റി ഹരിതഗൃഹങ്ങളിലാണ് വൻ തോതിൽ ഇവർ കൃഷി നടത്തുന്നത് .  എന്തായാലും ഇതൊന്നും നടക്കില്ലെന്നും , ഇവയൊന്നും വളരില്ലെന്നും നാം കരുതിയിരുന്ന സ്ഥലങ്ങളിലാണ് ഈ പച്ചക്കറിവിപ്ലവം അരങ്ങേറുന്നത് . അതെ , ഉത്തരധ്രുവം ഒരു ഹരിതവിപ്ലവത്തിന്റെ പാതയിലാണ് .

 

 

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *