Collecting knowledge For you !

ഫയൽ ഫോർമാറ്റുകൾ

By:
Posted: December 17, 2017
Category: World of Internet
Comments: 0
download palathully android app ! >>>> Get!

PDF to DOC, ഇമേജ് റിസൊലൂഷൻ, ഫയൽ ഫോർമാറ്റുകൾ ഇവയെപ്പറ്റി ആറു ചോദ്യങ്ങളും ഉത്തരങ്ങളും:

ചോദ്യം 1:
=======
"ഒരു ബുക്ക് സ്കാന്‍ ചെയ്തു പി ഡി എഫ് ആക്കി.
ഇനി ആ പി ഡി എഫ് ഫയല്‍ വേര്‍ഡ്‌ ആക്കി മാറ്റാന്‍ പറ്റുമോ?"

ഉത്തരം:
സ്കാൻ ചെയ്താൽ ആ പേജുകൾ ഇമേജ് ഫയലുകളായി എംബെഡ് ചെയ്ത (ഉൾച്ചേർത്ത) PDFഫയലായിരിക്കും ലഭിക്കുക. (ഇവയ്ക്കു താരതമ്യേന വലിപ്പം കൂടുതലായിരിക്കും. PDF Reader ഉപയോഗിച്ചുവായിക്കുമ്പോൾ സെലക്ഷൻ കഴ്സർ ( | )വരയ്ക്കു പകരം + രൂപത്തിൽ (ക്രോസ്സ് ഹെയർ) ആയിരിക്കും കാണുക).

[അതേ സമയം വേർഡ് പോലുള്ള ഒരു ഫോർമാറ്റിൽ നിന്നും PDF ആക്കി മാറ്റിയ ഫയലുകളിൽ മിക്കപ്പോഴും (പ്രിന്റ് സെറ്റിങ്ങ്സ് അനുസരിച്ചു്) ടെക്സ്റ്റ് ആയിത്തന്നെയാണു് ഉള്ളടക്കം ശേഖരിച്ചുവെച്ചിരിക്കുക. ഇവ താരതമ്യേന വലിപ്പം കുറഞ്ഞ ഫയലുകളായിരിക്കും. പേജുകൾ വെളുത്തു് നല്ല വൃത്തിയായി ഇരിക്കും. ടെക്സ്റ്റ് നല്ല മിഴിവോടെ വ്യക്തമായി കാണാം. ഇംഗ്ലീഷിലുള്ള വരികൾ സെലക്റ്റ് ചെയ്തു് കോപ്പി പേസ്റ്റ് ചെയ്യാനുമാവും. പക്ഷേ, മൂലരചനയിൽ ടൈപ് സെറ്റ് ചെയ്ത ഫോണ്ടിലെ വ്യത്യാസം കാരണം മലയാളം വാക്കുകൾ കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ കൃത്യമായി വരണമെന്നില്ല.]

ആദ്യം പറഞ്ഞ തരം ഫയലുകളിൽ നിന്നു് ഒറ്റയടിക്കു് ടെൿസ്റ്റ് ആയി വേർഡിലേക്കോ മറ്റോ മാറ്റുവാനോ കോപ്പി പേസ്റ്റ് ചെയ്യാനോ കഴിയില്ല. അതിനു് Optical Character Recognition (OCR) എന്ന രീതി ഉപയോഗിക്കണം.

OCR എല്ലാ ഭാഷകളിലും 100% സാദ്ധ്യമല്ല. ഇംഗ്ലീഷിൽ ഒരു വിധം നന്നായി ചെയ്യാം.പട്ടികകളും ചിത്രങ്ങളും മറ്റുമുണ്ടെകിൽ അവയൊന്നും കൃത്യമായി വന്നെന്നു വരില്ല. മഷി പരന്ന പാടുകളും മറ്റുമുണ്ടെങ്കിൽ അതൊക്കെ വികലമായി (അക്ഷരങ്ങളാണെന്നു തെറ്റിദ്ധരിക്കപ്പെട്ട്) ഔട്ട്പുട്ടിൽ വന്നേക്കാം.കയ്യെഴുത്തും മങ്ങിയ അച്ചടിയും മറ്റും കൃത്യമായി വന്നെന്നു വരില്ല. എല്ലാത്തിനും ഉപരി ഇമേജുകൾക്കു് നല്ല റെസൊലൂഷൻ ഉണ്ടാവണം. (ചുരുങ്ങിയതു് 300 dpi). PDF ആക്കിയ സമയത്തു് ഫയൽ വലിപ്പം കുറയ്ക്കാൻ റെസൊലൂഷൻ കുറച്ചിരുന്നുവെങ്കിൽ അത്രയും കൂടുതൽ വിഷമമാവും.

ഇംഗ്ലീഷ് ഗദ്യത്തിന്റെ OCR പരിവർത്തനസങ്കേതം ചില സോഫ്റ്റ്‌വെയറുകളിൽ ഉള്ളടങ്ങിയിരിക്കും. Adobe Acrobat ഒരു ഉദാഹരണമാണു്. പക്ഷേ, OCRനു വേണ്ടി മാത്രം നിർമ്മിച്ചിട്ടുള്ള ആപ്ലിക്കേഷനുകളാണു് കൂടുതൽ നല്ല ഫലം തരിക. ABBYY Fine Reader (now ver. 12) അത്തരമൊരു മികച്ച പ്രോഗ്രാമാണു്. പക്ഷേ ഇവയൊക്കെ പണം കൊടുത്തു വാങ്ങുകയോ (അല്ലെങ്കിൽ ക്രാക്ക് ചെയ്യുകയോ) വേണ്ടി വരും.

ഇനി ഇതൊന്നുമില്ലാതെ ഒരു വഴിയും പരീക്ഷിക്കാവുന്നതാണു്.
ഗൂഗിൾ ഡ്രൈവിൽ PDF ഫയൽ അപ്-ലോഡ് ചെയ്യുക. അപ്‌ലോഡ് സെറ്റിങ്ങിൽ Automatically convert എന്ന ഓപ്ഷൻ ഓൺ ചെയ്തിരിക്കണം. അപ്‌ലോഡ് ചെയ്തതിനു ശേഷം ഗൂഗിൾ ഡ്രൈവിൽ തന്നെ തുറന്നു നോക്കുക. ഏതാണ്ടൊക്കെ നന്നായി ടെക്സ്റ്റ് ആയി മാറിയിട്ടുണ്ടാവും.

ഇംഗ്ലീഷിനു പകരം മറ്റു ഭാഷകളാണെങ്കിലോ?
വളരെ കൃത്യമൊന്നുമാവുന്നില്ലെങ്കിലും മലയാളം തുടങ്ങിയ ഭാഷകളിലും ഇപ്പോൾ ഗൂഗിൾ ഡ്രൈവ് OCR സംവിധാനം ലഭ്യമാക്കുന്നുണ്ടു്.
അതിനു ചെയ്യേണ്ടതു്:

1. ഇപ്പോൾ ഉള്ള PDF ഫയലിലെ പേജുകൾ ഏതെങ്കിലും വിധത്തിൽ തിരിച്ച് ഇമേജ് രൂപത്തിലാക്കുക. JPG, PNG എന്നിവയിൽ ഒന്നായിരിക്കണം ഫോർമാറ്റ്. TIF ഫയലുകൾ ഫലിച്ചില്ലെന്നുവരാം.

2. ഗൂഗിൾ ഡ്രൈവിൽ ഒരു പുതിയ ഫോൾഡർ സൃഷ്ടിക്കുക. അതിലേക്കു് എല്ലാ പേജുകളും അപ്‌ലോഡ് ചെയ്യുക.

3. തുടർന്നു് ഓരോ ഇമേജ് ലിങ്കിനും മേലെ മൗസിന്റെ വലത്തുബട്ടൻ (റൈറ്റ്-ക്ലിക്ക്) ചെയ്യുക. അപ്പോൾ വരുന്ന മെനുവിൽ Open as Google Document.. ക്ലിക്ക് ചെയ്യുക. ഏതാനും സെക്കൻഡുകൾ കഴിയുമ്പോൾ ഒരു പുതിയ ഡോക്യുമെന്റു് ടാബ് വിരിയും. അതിൽ മുകൾഭാഗത്തു് ഇമേജും താഴെ അതിന്റെ ടെക്സ്റ്റും കാണാം. ഈ ടെക്സ്റ്റ് ആവശ്യം പോലെ തിരുത്തിയും മെച്ചപ്പെടുത്തിയും വേറൊരിടത്തേക്കു് (വേർഡിലേക്കോ മറ്റോ) കോപ്പി പേസ്റ്റ് ചെയ്യാം.

ചോദ്യം 2 (Shiju Alex):
================
OCR ചെയ്യണമെങ്കിൽ എത്ര DPI റെസൊലൂഷൻ വേണം?

ഇംഗ്ലീഷ് OCR-നു പറ്റിയ optimal resolution 400 dpi ആണു്. എന്നാൽ അക്ഷരങ്ങളുടെ വലിപ്പവും കോണ്ട്രാസ്റ്റും ഫോണ്ടുകളുടെ അച്ചടക്കവും അനുസരിച്ചു് ഇതു കൂടുകയും കുറയുകയും ചെയ്യാം.
മലയാളം ഓസീയാറിനു് 600dpi ഉണ്ടായിരിക്കുന്നതാണു് നല്ലതു്. ഫോണ്ടുകൾ കൂടുതൽ സങ്കീർണ്ണമായതും അവയ്ക്കു് ഏകതാനത ഇല്ലാത്തതുമാണു് കാരണം. ഗൂഗിളും മലയാളം ഫോണ്ടുകൾ ശരിക്കു വായിക്കാൻ പഠിച്ചുവരുന്നതേയുള്ളൂ.

സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ dpi ആദ്യമേ സെറ്റ് ചെയ്യാം. 300dpi (dots per inch) എന്നാൽ ഒരിഞ്ചു നീളത്തിനു് സമം 300 കുത്തുകൾ (മഷിത്തരികൾ) എന്നർത്ഥം.
യഥാർത്ഥലോകത്തിലെ യൂണിറ്റ് ആണു് ഇഞ്ചും സെന്റിമീറ്ററുമൊക്കെ. എന്നാൽ കമ്പ്യൂട്ടറിന്റെ ലോകത്തിൽ ഇഞ്ചൊന്നുമില്ല. കുത്തുകളേയുള്ളൂ. അവയെയാണു് പിക്സൽ എന്നു വിളിക്കുന്നതു്.
ഒരു പേജ് സ്കാൻ ചെയ്യുമ്പോൾ നാം അതിന്റെ ഉള്ളടക്കത്തെ യഥാർത്ഥ (അനലോഗ്) ലോകത്തിൽനിന്നു് ഡിജിറ്റൽ ലോകത്തേക്കു് കടത്തിവിടുകയാണു്.അപ്പോൾ ഇത്ര ഇഞ്ചിനു സമമായി എത്ര പിക്സലുകളുടെ സ്ഥലം ഒരുക്കിവെക്കണമെന്നു കൂടി നാം സ്കാനറിനെ അറിയിക്കണം.
അതാണു് DPI.
[കമ്പ്യൂട്ടറിലെ ഒരു ചിത്രം പ്രിന്റ് ചെയ്യുമ്പോൾ (അല്ലെങ്കിൽ സ്ക്രീനിൽ കാണിക്കുമ്പോൾ] നേരേ മറിച്ചാണു്. ഇത്ര പിക്സലുകളുള്ള ഒരു വരി എത്ര ഇഞ്ചു നീളത്തിൽ വലിച്ചുനീട്ടണം എന്നാണപ്പോൾ നാം പ്രിന്ററിനോടു് / മോണിട്ടറിനോടു് / മൊബൈൽ ഫോൺ സ്ക്രീനിനോടു് നിർദ്ദേശിക്കേണ്ടതു്.]
എന്നാൽ ഈയിടെയായി, ഇമേജ് ഡിജിറ്റൈസേഷനു് സ്കാനർ തന്നെ ഉപയോഗിക്കണമെന്നില്ല. അത്യാവശ്യം നല്ല മൊബൈൽ ഫോണുകളോ ക്യാമറകളോ ഉപയോഗിച്ചും സ്കാനറിന്റെ ജോലി നടത്താം.

ചോദ്യം 3 (Ramesh NG):
=================

മലയാളം ഒ.സി.ആർ എത്രത്തോളം ഡെവലപ് ആയിട്ടുണ്ട്..ഏതൊക്കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് മലയാളം ഒ.സി.ആർ സാധ്യമാകും?

തൽക്കാലം ഗൂഗിൾ ഡ്രൈവ് വഴിയുള്ള പ്രോസസ്സിങ്ങ് മാത്രമേ ഉള്ളൂ. ടെസ്സറാക്റ്റ് എഞ്ചിൻ ഉപയോഗിച്ച് ഒരു മലയാളം വേർഷനു് പലരും ശ്രമിച്ചിരുന്നു. എന്നാൽ അവയൊന്നും ഇതുവരെ വേണ്ടത്ര വിജയകരമായിട്ടില്ല.

ചോദ്യം 4:
=======
വിവിധ തരം ഫയൽ ഫോർമാറ്റുകൾ തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണു്?

താളിന്റെ മൂലവിവരങ്ങൾ ഒട്ടും നഷ്ടപ്പെടാതെ തിരിച്ച് പുനരാവിഷ്കരിക്കാൻ കഴിയുന്ന ഫോർമാറ്റുകളാണു് lossless formats. ചിത്രത്തിനെ കമ്പ്യൂട്ടർ (ഡിജിറ്റൽ) ഫയൽ ആക്കി മാറ്റുമ്പോൾ ആവശ്യമനുസരിച്ച് അതിന്റെ വലിപ്പം കുറക്കാൻ പല തോതിലും രീതിയിലും അതിനെ ചുരുക്കുന്ന വിദ്യയാണു് Compression. അതു് lossy, lossless ഈ രണ്ടുതരത്തിലുമാവാം. lossyയിൽ തന്നെ, എത്ര മാത്രം വലിപ്പം കുറക്കണമെന്നും പ്രീ-സ്കാൻ സെറ്റിങ്ങിൽ ക്രമീകരിക്കാം. (അതിനൊത്തു് ചിത്രത്തിന്റെ ആകമാനമുള്ള ഗുണമേന്മ കുറയും)
ചില പ്രമുഖ ഫോർമാറ്റുകൾ ഇവയാണു്:

a. TIFF
ആദ്യകാലം മുതലേ സ്കാനിങ്ങിനു് Tagged Image File Format (TIFF അഥവാ TIF) ഫോർമാറ്റ് ആണു് പൊതുവേ ഉപയോഗിക്കാറുള്ളതു്.
പ്രത്യേകതകൾ:
1. ലോസ്സി വേണോ ലോസ്സ്‌ലെസ്സ് വേണോ എന്നു തീരുമാനിക്കാം. അവയിൽ തന്നെ എന്തു തരം കമ്പ്രെഷൻ എത്ര നിരക്കിൽ വേണമെന്നു തീരുമാനിക്കാം.
2. ഒരേ ഡിജിറ്റൽ ഫയലിൽ ഒന്നിലധികം ചിത്രങ്ങൾ (താളുകൾ) ശേഖരിച്ചുവെക്കാം. (Multi-page image files)
3. ചിത്രത്തിലെ സുതാര്യത (transparency), ചാനലുകൾ തുടങ്ങിയ വിവരങ്ങൾ പരസ്പരം ലയിപ്പിക്കാതെ വെവ്വേറെ അടുക്കുകളായി (layers) ശേഖരിച്ചുവെക്കാം.

b. BMP

ഏറ്റവും പ്രാഥമികമായ ഇമേജ് ഫോർമാറ്റാണു് BMPഎന്നു പറയാം. ചിത്രത്തിലെ ഓരോ ബിന്ദുവിനും ചുവപ്പ്, പച്ച, നീല അളവുകൾ എത്രയുണ്ടെന്നു് അങ്ങനെത്തന്നെ മൊത്തമായി ശേഖരിച്ചുവെക്കുന്നതാണു് Bit Map Picture (BMP) ഫോർമാറ്റ്. ഒരു നിശ്ചിത നീളത്തിനും വീതിക്കും സ്കാൻ റിസൊലൂഷനും അനുസരിച്ച് നിശ്ചിതമായ ഫയൽ വലിപ്പമായിരിക്കും BMP ഫയലുകൾക്കുണ്ടായിരിക്കുക. ഗുണം ഒട്ടും നഷ്ടപ്പെടില്ല എന്ന ഗുണമുണ്ടു്. പക്ഷേ, ഫയൽ വലിപ്പം ഏറ്റവും കൂടുതലായിരിക്കും. അടുക്കുകൾ, ചാനലുകൾ തുടങ്ങിയ വിവരങ്ങൾ വേറിട്ടു ശേഖരിക്കാനുമാവില്ല. പിന്നീട് ആവശ്യം വന്നേക്കാവുന്ന ചില പ്രധാന വിവരങ്ങൾ (ആൽഫാ ചാനൽ, എക്സിഫ് മെറ്റാഡാറ്റ, കളർ പ്രൊഫൈൽ തുടങ്ങിയവ) ഉള്ളടങ്ങിയിട്ടുണ്ടാവില്ല.

c. GIF
ചലനവിശേഷങ്ങൾ (state variability) കൂടിയുള്ള animated ചിത്രങ്ങളാണു് ജിഫ്ഫുകൾ. ഇവ സാധാരണ സ്കാനിങ്ങിനു് ഉപയോഗിക്കാറില്ല. Transparency, interlacing എന്നിവ ഉൾച്ചേർക്കാൻ സാദ്ധ്യമാണു്. എന്നാൽ പരമാവധി 256 നിറങ്ങൾ മാത്രം.

d. JPEG അഥവാ JPG (Joint Pictures Entrepreneurs Group) format.
ഇപ്പോൾ ഏറ്റവും പ്രചാരമുള്ള ചിത്രശേഖരണരീതിയാണു് JPG. മിക്കവാറും സ്കാനറുകളിലും ക്യാമറകളിലും ഈ ഫോർമാറ്റാണു് സ്വതേ (ഡിഫോൾട്ട്) ലഭ്യമാവുക. പാട്ടിൽ MP3യും വീഡിയോയിൽ MP4 ഉം പോലെയാണു് ചിത്രങ്ങളിൽ JPG.
ലോസ്സി ഫോർമാറ്റാണെങ്കിലും അത്യന്തം കാര്യക്ഷമമായ കമ്പ്രഷൻ ആണു് JPന്റെ ഗുണം. അതിനാൽ ഫയൽ വലിപ്പം വളരെ കുറഞ്ഞിരിക്കും.
JPGന്റെ ദോഷങ്ങൾ:
* ലോസ്സി ഫോർമാറ്റ് - ഒറിജിനൽ ചിത്രത്തിലെ അതിസൂക്ഷ്മമായ വിവരങ്ങൾ നഷ്ടപ്പെട്ടുപോയെന്നുവരാം. ഫയൽ വലിപ്പം എത്ര ചുരുക്കുന്നോ അതിനനുസരിച്ച് ഈ നഷ്ടവും വലുതാകാം.
* അനിശ്ചിതമായ ഫയൽ വലിപ്പം - ചിത്രത്തിലെ ആകൃതി, നിറങ്ങൾ, വരകളുടെ സാന്ദ്രത എന്നിവയനുസരിച്ച് ഫയൽ വലിപ്പം സാരമായി മാറാം. ഉദാഹരണത്തിനു്, തലമുടിയുടെ JPG ചിത്രം വളരെ bytes കൂടിയതും കടൽത്തീരത്തെ മണൽപ്പുറത്തിന്റെ ചിത്രം വളരെ bytes കുറഞ്ഞതുമാവാം. കുറഞ്ഞ എണ്ണം നിറങ്ങളേ ഉള്ളൂവെങ്കിൽ വലിപ്പവും കുറഞ്ഞിരിക്കാം. (എന്നാൽ ബ്ളാക്ക് ആന്ദ് വൈറ്റ് ചിത്രം എന്നതുകൊണ്ടു മാത്രം, വർണ്ണചിത്രങ്ങളേക്കാൾ ഫയൽ വലിപ്പം കുറയുകയില്ല).
*മൾട്ടി-ലേയറുകളും അനിമേഷനുകളുംസാദ്ധ്യമല്ല. അഥവാ മൂലചിത്രത്തിൽ ഉണ്ടായിരുന്നെങ്കിൽ അവയെല്ലാം ലയിപ്പിക്കേണ്ടി വരും. അങ്ങനെ ലയിപ്പിച്ചവ തിരിച്ചെടുക്കാനാവില്ല.
*ഫയലിൽ ചെറുതായെങ്കിലും ഒരു ബിറ്റ് എറർ വന്നാൽ മൊത്തം ചിത്രം ഉപയോഗശൂന്യമായെന്നുവരാം.

e. PNG
വലിപ്പം കുറഞ്ഞ, ഏകദേശം JPG പോലുള്ള, എന്നാൽ GIF ന്റെ ഗുണങ്ങൾ കൂടി ഉൾപ്പെടുത്താവുന്ന, ട്രേഡ് മാർക്ക് നിയന്ത്രണങ്ങളില്ലാത്ത ഒരു ഫോർമാറ്റ് ആണു് PNG. അവ തന്നെ PNG-8, PNG-24, PNG-32 എന്നിങ്ങനെ പല വിധത്തിലാവാം.
f. RAW
പ്രൊഫഷണൽ ക്യാമറകളിൽ ഉപയോഗിക്കുന്ന, അത്യധികം ഫയൽ വലിപ്പമുള്ള ഫോർമാറ്റാണു് RAW. ക്യാമറയുടെ സെൻസർ ലെൻസിലൂടെ എന്തു കാണുന്നോ, അതു് അങ്ങനെത്തന്നെ, യാതൊരു മെച്ചപ്പെടുത്തലുകളോ തിരുത്തുകളോ വരുത്താതെ, യഥാതഥമായ ഇലക്ട്രിൿ സിഗ്നലുകളുടെ പ്രതിരൂപങ്ങളായി ബിറ്റ് മാപ് ആയി ശേഖരിച്ചുവെച്ചവയാണു് RAW ഫയലുകൾ. തുടർന്നു് ഇവ അങ്ങനെത്തന്നെ നേരിട്ടുപയോഗിക്കാൻ പറ്റില്ല. കമ്പ്യൂട്ടറും യോജിച്ച സോഫ്റ്റ്‌വെയറും ഗ്രാഫിൿ വൈദഗ്ദ്ധ്യവും ഉപയോഗിച്ച് post-processing ചെയ്താലേ RAWഫയലുകൾ ഉപയോഗയോഗ്യമാവുകയുള്ളൂ.

ചോദ്യം 5:
=======
എന്താണു് റിസൊലൂഷൻ?

ഒരു ചിത്രത്തിന്റെ ഗുണമേന്മയുടെ പ്രധാന മാനദണ്ഡമാണു് റിസൊലൂഷൻ.
നെടുകേ ഒരു ഇഞ്ച് നീളത്തിൽ വ്യത്യസ്തങ്ങളായ എത്ര കുത്തുകൾ രേഖപ്പെടുത്താം എന്ന അളവാണു് Dots per inch (DPI). ചിലപ്പോൾ ഇതു് സെന്റിമീറ്റർ / മില്ലിമീറ്റർ കണക്കിലും പറയാറുണ്ടു്.

നെടുകേ എന്നതുപോലെത്തന്നെ കുറുകേയും DPI പ്രസക്തമാണു്. ചിലപ്പോൾ ഇവ വ്യത്യസ്തമായി സെറ്റ് ചെയ്യാൻ പോലും പറ്റും. പ്രിന്റ് ചെയ്യുന്ന മെഷീനുകളിൽ മിക്കപ്പോഴും താളിന്റെ മുകളിൽനിന്നു താഴോട്ടുള്ള റിസൊലൂഷൻ സ്ഥിരമായിരിക്കും. അപ്പോൾ അതിനെ LPI (Lines per Inch) എന്നു വിളിക്കും. ചിലപ്പോൾ സ്കാനറിലും ഇങ്ങനെ പതിവുണ്ടു്.

വളരെ ചെറിയ ഒരു കടലാസിൽ ഒരു ഗ്രാമത്തിന്റെ വിശദമായ ചിത്രം വരയ്ക്കണമെന്നു കരുതുക. അതിനു് ഏതുതരം പെൻസിലുകളാണു് യോജിക്കുക? തീരെ വീതികുറഞ്ഞ, മുനയുള്ള പെൻസിലുകളോ അതോ തടി കൂടിയ ക്രയോണുകളോ? അല്ലെങ്കിൽ മെലിഞ്ഞ ബ്രഷുകളോ അതോ തടിയൻ ബ്രഷുകളോ? അതുപോലെത്തന്നെ, DPI എത്ര കൂടിയിരിക്കുന്നോ, ഒരിഞ്ചു വലിപ്പത്തിൽ അത്രയും കുത്തുകൾ കൂടിയിരിക്കും. അപ്പോൾ ഓരോ കുത്തിന്റെയും വലിപ്പം കുറഞ്ഞിരിക്കുകയും ചെയ്യും. അതിനനുസരിച്ച് കൂടുതൽ വിശദമായ ചിത്രവും ലഭിക്കും.

ചോദ്യം 6:
=======
സ്കാൻ ചെയ്യുമ്പോൾ എത്ര റെസൊലൂഷൻ വേണം?

ഇതു് പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു:

1. എന്ത് ആവശ്യത്തിനാണു് സ്കാൻ ചെയ്യുന്നതു്?
പെട്ടെന്നു കാര്യം നടക്കാൻ വേണ്ടി, വെറും ഒരു നമ്പറോ കുറച്ചു വിവരങ്ങളോ മറ്റൊരാൾക്കുവേണ്ടി പെട്ടെന്നു വായിച്ചറിയാൻ വേണ്ടി മാത്രമാണെങ്കിൽ വളരെ കുറഞ്ഞ റെസൊലൂഷൻ മതി. 72 DPI അല്ലെങ്കിൽ 100 DPI.
അഥവാ, ഈ ചിത്രം പ്രിന്റ് ചെയ്തു് ഒരു ഔദ്യോഗികകാര്യത്തിനു് (ഫോട്ടോകോപ്പി പോലെ) അയക്കാനുള്ളതാണെങ്കിൽ, 200 DPIഎങ്കിലും ആവാം. എന്നാൽ പ്രിന്ററിലും അതേ റെസൊലൂഷൻ തന്നെ സെറ്റ് ചെയ്യണം. അപ്പൊഴേ ഒറിജിനൽ താളിന്റെ വലിപ്പത്തിൽ തന്നെ പ്രിന്റും വരൂ.
ഇനി, ഒരു സാധാരണ(ഫിലിം) ഫോട്ടോ കളർ പ്രിന്റ് ആണെന്നിരിക്കട്ടെ.എങ്കിൽ 300 / 400 DPI ആയിരിക്കും കൂടുതൽ നല്ലതു്. 400ൽ കൂടുതൽ സെറ്റ് ചെയ്തിട്ട് വലിയ ഉപകാരമൊന്നുമുണ്ടാവില്ല. കാരണം സ്റ്റുഡിയോ ഫിലിം കളർ പ്രിന്റുകൾക്കു് അത്ര തന്നെയേ ഗുണമുള്ളൂ.
അതേ സമയം, പഴയ കാലത്തെ നെഗറ്റീവ് ഫിലിമുകൾ നിങ്ങളുടെ കയ്യിൽ ഇപ്പോഴും വലിയ കേടുപാടുകളില്ലാതെ ഉണ്ടെന്നിരിക്കട്ടെ. പ്രത്യേക അറ്റാച്ച്മെന്റ് വെച്ച് ഇവയും പുതുതായി സ്കാൻ ചെയ്തെടുക്കാം. അത്തരം ഫിലിമുകൾ 1200/2400 ഡിപിഐ വരെ ഉയർന്ന തലത്തിൽ സ്കാൻ ചെയ്യാം. മാത്രമല്ല, നന്നായി പ്രോസസ്സ് ചെയ്താൽ കടലാസ്സിൽ പ്രിന്റ് ചെയ്ത പഴയ ഫോട്ടോകളേക്കാൾ ഗംഭീരമായിരിക്കും ഇത്തരം ചിത്രങ്ങൾ!

OCR ചെയ്യാൻ എത്ര DPI വേണം?
പെട്ടെന്നൊരു കണക്കു പറഞ്ഞാൽ, 400 DPI അല്ലെങ്കിൽ 600 DPI.
ഇംഗ്ലീഷ് OCR താരതമ്യേന ഗുണമേന്മ കൈവരിച്ചതായതിനാൽ, മിക്കവാറും അച്ചടിച്ച താളുകൾക്കു് 400 ധാരാളമാണു്. എന്നാൽ, മലയാളത്തിലും മറ്റും OCR കൃത്യമല്ലാത്തതുകൊണ്ടു് 600 ഉപയോഗിക്കുന്നതാവും ബുദ്ധി.

ഇതുപോലെ, പിന്നീട് നീണ്ട കാലത്തേക്കു സൂക്ഷിച്ചുവെക്കേണ്ട ആവശ്യത്തിനു് (archive) പുസ്തകങ്ങളും മറ്റും സ്കാൻ ചെയ്യുമ്പോൾ നിശ്ചയമായും ഉയർന്ന റെസൊലൂഷൻ വേണം. മിനിമം 600 dpi ആണു് എന്റെ സാധാരണ ശുപാർശ.
ആർക്കൈവ് ചെയ്യുമ്പോൾ അതിൽ എന്തൊക്കെ വിവരങ്ങളാണു് ശേഖരിച്ചുവെക്കേണ്ടതു്? അതു് ആപേക്ഷികമാണു്. ഓരോ പത്തുവർഷം കഴിയും‌തോറും കമ്പ്യൂട്ടറുകളുടേയും സ്റ്റോറേജ് മീഡിയയുടേയും ചെലവ് കുറഞ്ഞുവരുന്നു. കുറേക്കൊല്ലം കഴിയുമ്പോൾ പഴയൊരു പുസ്തകത്തിലെ കടലാസിലെ പരുത്തിയുടെ ഒരു ഫൈബറോ അല്ലെങ്കിൽ ഒരു വിരലടയാളമോ പെൻസിൽ കൊണ്ടുള്ള ഒരു കോറിവരയോ പോലും അമൂല്യമായ ഒരു വിവരമായി എന്നു വരാം. അതിനാൽ, എന്തെങ്കിലും വഴിയുണ്ടെങ്കിൽ, ഒരു താളിലെ എല്ലാ വിവരങ്ങളും ഒരിക്കലെങ്കിലും നാം ഡിജിറ്റൽ ആയി സ്കാൻ ചെയ്തു സൂക്ഷിച്ചുവെക്കണം.

ഫോർമാറ്റും റിസൊലൂഷനും കൂടാതെയും സ്കാൻ സെറ്റിങ്ങുകളുണ്ടു്. ഇമേജ് സ്കാനിങ്ങ് ഏരിയ (സ്കാൻ ഏരിയ മുഴുവൻ ഉൾപ്പെടുത്താതെ ക്രോപ്പ് ചെയ്യണോ എന്നതു്), ചെരിവുകൾ (സ്ക്യൂ), കോട്ടങ്ങൾ (warp), ബ്രൈറ്റ്നെസ്സ്, വൈറ്റ് ബാലൻസ്, കോണ്ട്രാസ്റ്റ് തുടങ്ങിയവയാണു് അവ. സാധാരണ, ഇവയിൽ മിക്കതും ഡിഫോൾട്ട് തന്നെ സൂക്ഷിച്ചാൽ മതി. ചിലതൊക്കെ, സ്കാനിങ്ങിനുശേഷം കമ്പ്യൂട്ടറിലും അഡ്‌ജസ്റ്റ് ചെയ്യാനും പറ്റും.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *