Collecting knowledge For you !

ബിറ്റ് കോയിൻ

By:
Posted: December 10, 2017
Category: World of Internet
Comments: 0
download palathully android app ! >>>> Get!

പണത്തിനെക്കുറിച്ച് ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ ആദ്യം കേൾക്കുന്ന ഒന്നായിരിക്കും 'ബാർട്ടർ സമ്പ്രദായം' അതായത് വസ്തുക്കൾ പരസ്പരം കൈമാറ്റം ചെയ്തുകൊണ്ട് നടക്കുന്ന ഇടപാടുകൾ. മാങ്ങയ്ക്ക് പകരം ചക്ക, ചക്കയ്ക്ക് പകരം നെല്ല്, നെല്ലിനു പകരം ഗോതമ്പ്.. അങ്ങനെ അവനവനാവശ്യമുള്ള സാധനങ്ങൾ സ്വന്തം കൈവശമുള്ള സാധനങ്ങൾ കൈമാറ്റം നൽകിക്കൊണ്ട് വാങ്ങുന്ന ഈ ബാർട്ടർ സമ്പ്രദായത്തിനു പല ദോഷങ്ങളും അപ്രായോഗികതകളും ഉണ്ടായിരുന്നു. ഒരാൾക്ക് ആവശ്യം അരിയാണ്‌. കയ്യിലുള്ളത് മാങ്ങയും. അരി കൈവശമുള്ളയാൾക്ക് മാങ്ങ നൽകി അരി വാങ്ങാൻ ശ്രമിക്കുമ്പോൾ അയാൾക്ക് വേണ്ടത് മാങ്ങയല്ല ചക്കയാണ്‌. ഇത്തരം സാഹചര്യങ്ങളിൽ ഇടപാടുകൾ നടക്കാതെയായി. അതോടെ എല്ലാവർക്കും എപ്പോഴും ആവശ്യമുള്ള പൊതു വസ്തുക്കൾ കൈമാറ്റം ചെയ്യപ്പെട്ട്‌ തുടങ്ങി. ഉദാഹരണത്തിന് നെല്ല്. നെല്ല് എല്ലാവർക്കും എപ്പോഴും ആവശ്യമുള്ളതായതിനാൽ നെല്ല് കച്ചവടക്കാരൻ ഏത് ഉൽപ്പന്നം വാങ്ങിയും അതിനു പകരം നെല്ല് നൽകാൻ തുടങ്ങി. ഈ കച്ചവടക്കാരന്റെ കൈവശം ഇത്തരത്തിൽ പലവിധ ഉൽപ്പന്നങ്ങൾ നെല്ലിനു പകരമായി കൈമാറ്റം ചെയ്ത് ലഭിച്ചപ്പോൾ അയാൾ നെല്ല് പകരമായി വാങ്ങി തന്റെ കൈവശമുള്ള ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ തുടങ്ങി. ഇതിനും പല ദോഷങ്ങളും ഉണ്ടായിരുന്നു. നെല്ല് സൂക്ഷിച്ചു വയ്ക്കാനുള്ള ബുദ്ധിമുട്ട്. പലരും കൊണ്ടൂ വരുന്ന പല ഇനം നെല്ലുകൾ അങ്ങനെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ നെല്ലിനു പകരം ഈ ദോഷങ്ങളൊന്നുമില്ലാത്ത പൊതു സ്വീകാര്യതയുള്ള സ്വർണ്ണം, വെള്ളി തുടങ്ങിയ വിലകൂടിയ ലോഹങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ഇവിടെ സൂക്ഷിച്ചു വയ്ക്കാനുള്ള പ്രശ്നങ്ങൾ, നാശമായിപ്പോവുക, തുല്ല്യ മൂല്ല്യമുള്ള ഭാഗങ്ങളാക്കി മാറ്റാൻ കഴിയുക തുടങ്ങിയ പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടെങ്കിലും പുതിയ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. സാധനങ്ങൾ വാങ്ങാനായി കൊണ്ടു വരുന്ന സ്വർണ്ണം ശുദ്ധമാണോ എന്ന് എങ്ങിനെ പരിശോധിക്കും.?

ആവശ്യമുള്ള അളവിൽ സ്വർണ്ണം എങ്ങിനെ കഷണങ്ങളാക്കും? ആ അവസരത്തിൽ വിദഗ്ദരായ സ്വർണ്ണപ്പണിക്കാരുടെ സഹായം ആവശ്യമായി വന്നു. സ്വർണ്ണപ്പണിക്കാർ ഇത്തരത്തിൽ ഇടപാടുകൾ നടത്തുമ്പോൾ സ്വർണ്ണത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കാനും തുല്ല്യ മൂല്ല്യമുള്ള കഷണങ്ങളാക്കാൻ സഹായിക്കുകയും ചെയ്യുന്ന വിശ്വസനീയരായ മദ്ധ്യ വർത്തികളായി പ്രവർത്തിക്കാൻ തുടങ്ങി. അതായത് ആദ്യകാല ബാങ്കർമ്മാർ ആയിരുന്നു സ്വർണ്ണപ്പണിക്കാർ എന്നു സാരം. അപ്പോഴും പുതിയ പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞു. വില കൂടീയ ലോഹമായതിനാൽ സ്വർണ്ണം വളരെ എളുപ്പത്തിൽ മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടാക്കൾക്ക് കടന്നു ചെല്ലാനാകാത്ത സുരക്ഷിതമായ സ്വർണ്ണക്കലവറകൾ ഉണ്ടാക്കുക ചെറുകിട വ്യാപാരികൾക്ക് പ്രായോഗികമല്ലാതായപ്പോൾ അവിടെയും സ്വർണ്ണപ്പണിക്കാർ ഒരു മാർഗ്ഗം കണ്ടെത്തി. സ്വന്തമായി അതീവ സുരക്ഷിതമായ കലവറകൾ ഉണ്ടാക്കി ഇടപാടുകാരുടെ സ്വർണ്ണം അവിടങ്ങളിൽ സൂക്ഷിക്കാൻ തുടങ്ങി. ഇതിനു പകരമായി ഓരോരുത്തരുടേയുമായി സൂക്ഷിക്കപ്പെട്ടീട്ടുള്ള സ്വർണ്ണത്തിന്റെ വിവരങ്ങൾ രേഖപ്പെടൂത്തി ഒപ്പിട്ട് നൽകിയ ചെമ്പോലകൾ ഇടപാടുകൾക്കായി ഉപയോഗപ്പെടുത്തിത്തുടങ്ങി. ഇന്നു കാണുന്ന തരം കറൻസികളുടെ ഒരു പഴയ രൂപമായിരുന്നു അത്. ഇത്തരത്തിൽ ഒരു കടലാസു കഷണത്തിനോ ചെമ്പു തകിടിനോ‌ തുല്ല്യമൂല്ല്യമുള്ള സ്വർണ്ണത്തിന്റെ വില വന്നതോടെ ഇടപാടുകൾ കൂടുതൽ എളുപ്പമായി. രാജ ഭരണ കാലമായിരുന്നതിനാൽ ക്രമേണ സ്വർണ്ണപ്പണിക്കാരുടെ ഇത്തരത്തിലുള്ള ഇടപാടുകളുടെ നിയന്ത്രണം രാജാക്കന്മാർ ഏറ്റെടുത്തു. ഖജനാവ് സുരക്ഷിത സ്വർണ്ണ ശേഖരങ്ങളായി മാറി. രാജാവ് കയ്യൊപ്പിട്ട് നൽകുന്ന തുല്ല്യ മൂല്ല്യമുള്ള കടലാസുകളും നാണയങ്ങളും പണമായും ഇടപാടുകൾക്കായി ഉപയോഗപ്പെടുത്തി തുടങ്ങി. ഇന്ന് കാണുന്ന പേപ്പർ കറൻസികളുടെ ചരിത്രം ചൈനയിൽ നിന്ന് തുടങ്ങുന്നു. ഏഴാം നൂറ്റാണ്ടിൽ ചൈനയിലെ ടാംഗ് രാജ വംശം ആണ്‌ പണമായി ഇടപാടുകൾ നടത്താൻ ഉപകരിക്കുന്ന പേപ്പർ കറൻസികൾ ഉപയോഗപ്പെടുത്തിയത്. ആധുനിക ലോകത്തെ പേപ്പർ കറൻസികളെ ഫിയറ്റ് കറൻസികൾ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. അതായത് ഒരു കടലാസു കഷണത്തിന് അതാതു രാജ്യത്തെ സർക്കാരോ സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത ബാങ്കോ നിശ്ചിത മൂല്ല്യം ഉറപ്പ് നൽകുന്നു. ഇവിടെ കടലാസു കഷണത്തിനു ലഭിക്കുന്ന മൂല്ല്യം ആദ്യ കാലങ്ങളിൽ തുല്ല്യ ശതമാനം സ്വർണ്ണ നിക്ഷേപത്തെ ആശ്രയിച്ചായിരുന്നു എങ്കിൽ ഇന്ന് അങ്ങിനെ അല്ല. ഇടപാടുകൾക്ക് അന്താരാഷ്ട്ര മാനങ്ങൾ കൈവന്നതോടെ, ഒരു രാജ്യത്തിലെ ഫിയറ്റ് കറൻസിയുടെ മൂല്ല്യം ആ രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക ഭദ്രതയേയും വിദേശ നാണയ ശേഖരത്തെയും അന്താരാഷ്ട്ര തലത്തിലുള്ള വിശ്വാസ്യതയേയുമെല്ലാം ആശ്രയിച്ചിരിക്കുന്നു. ആധുനിക കറൻസികളാണെങ്കിലും ഇടപാടുകൾക്ക് ഉപയോഗിക്കുന്ന പണം എന്ന നിലയിൽ ഫിയറ്റ് കറൻസികൾക്ക് ധാരാളം ദോഷങ്ങളുണ്ട്.

1. മൂല്ല്യം- സർക്കാരോ ഒരു കേന്ദ്രീകൃത ഏജൻസിയോ കല്പിച്ചു നൽകുന്ന മൂല്ല്യം ആയതിനാൽ ഏത് അവസരത്തിലും അത് പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട് വെറും ഒരു കടലാസു കഷണം ആയി മാറാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ഉദാഹരണത്തിന് ഇപ്പോഴും പലരുടേയും കൈവശമുള്ള പഴയ 500 രൂപയുടേയും 1000 ന്റെയും കറൻസികൾ. പല ആഫ്രിക്കൻ രാജ്യങ്ങളിലും തെക്കേ അമേരിക്കൻ രാജ്യങ്ങളിലും ഭരണത്തകർച്ചയും ആഭ്യന്തര കലാപവും രൂഷമായതിനെത്തുടർന്ന് വലിയ ഉല്പാദന നഷ്ടം നേരിട്ടു. അത് അവിടങ്ങളിലെ കറൻസിയുടെ വില ആനുപാതികമായി കുറഞ്ഞ് വെറും കടലാസു കഷണങ്ങൾക്ക് തുല്ല്യമായിത്തീരാൻ ഇടയായി.

2. വ്യാജന്മാർ - എത്ര അത്യാധുനിക കറൻസി ആണെങ്കിലും അവയ്ക്കൊക്കെ വ്യാജന്മാരെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാൻ കഴിയുന്നു എന്നത് ഫിയറ്റ് കറൻസികളൂടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്‌. വ്യാജ കറൻസികൾ തിരിച്ചറിയുന്നത് എളുപ്പമല്ലാതാകുമ്പോൾ ഇടപാടുകളീൽ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നു.

3. നാശനം - തുടർച്ചയായ ഉപയോഗം കറൻസി നോട്ടുകളെ നശിപ്പിക്കുന്നു. ബാങ്കുകളിലൂടെയും മറ്റും മാറ്റിയെടുക്കാനാകുമെങ്കിലും പ്രായോഗിക തലത്തിൽ ഇതും ഒരു ന്യൂനത തന്നെ.

ഇത്തരത്തിൽ ഫിയറ്റ് കറൻസികൾക്കുള്ള ദോഷങ്ങളെ പരിഹരിച്ചുകൊണ്ട് ഒരു മാതൃകാ കറൻസി ആണ്‌ ബിറ്റ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ സൃഷ്ടാവ്(ക്കൾ) വിഭാവനം ചെയ്തത്. ബിറ്റ് കോയിൻ വക്താക്കളൂടെ അഭിപ്രായത്തിൽ ഒരു കറൻസിയ്ക്ക് അവശ്യം വേണ്ട ഗുണങ്ങൾ:

1. ഒരിക്കലും നശിച്ച് പോകുന്നതായിരിക്കരുത് - സ്വർണ്ണം പോലെ നാശന പ്രതിരോധ ശേഷിയുള്ളതും സ്വയം നശിച്ച് പോകാത്തതും ആയിരിക്കണം. കടലാസു കറൻസികൾ ഇക്കാര്യത്തിൽ പരാജയമാണ്‌.

2. കേന്ദ്രീകൃത നിയന്ത്രണം ഉണ്ടാകരുത് - ഒരു വ്യക്തിയുടേയോ‌ സ്ഥാപനത്തിന്റേയോ‌ സംഘടനയുടേയോ നിയന്ത്രണത്തിൽ ആയിരിക്കരുത് കറൻസികൾ, കാരണം ഇത്തരം വ്യക്തികളുടേയോ കേന്ദ്രീകൃത സംവിധാനങ്ങളുടേയോ പിടിപ്പുകേടുകളും സ്വാർത്ഥ താല്പര്യങ്ങളും കറൻസിയുടെ മൂല്ല്യം നഷ്ടപ്പെടുത്താൻ ഇടയാക്കുന്നു. ഇക്കാര്യത്തിൽ സ്വർണ്ണം നല്ലൊരു കറൻസി ആണ്‌. കാരണം സ്വർണ്ണത്തിന്റെ മൂല്ല്യം അന്താരാഷ്ട്ര തലത്തിലുള്ള പൊതു സ്വീകാര്യതയാണ്‌. ഫിയറ്റ് കറൻസികൾ അങ്ങിനെ അല്ല. കേന്ദ്രീകൃത നിയന്ത്രണമായതിനാൽ അതിന്റെ മൂല്ല്യം പൂർണ്ണമായോ ഭാഗികമായോ‌ നഷ്ടപ്പെടാനുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നു.

3. വ്യാജ നാണയങ്ങൾ അസാദ്ധ്യമായിരിക്കണം - ഇവിടെ സ്വർണ്ണവും ഫിയറ്റ് കറൻസികളും ഒരു പണമെന്ന് നിലയിൽ പരാജയപ്പെടുന്നു. എളുപ്പം തിരിച്ചറിയാനാകാതെ വ്യാജ നാണയങ്ങൾ നിർമ്മിക്കാനാകും സ്വർണ്ണത്തിൽ മായം ചേർക്കാനുമാകും. അതിനാൽ ഒരു മാതൃകാ കറൻസിക്ക് ആവശ്യമായ അടിസ്ഥാനപരമായ ഈ ഗുണം സ്വർണ്ണത്തിനും ഫിയറ്റ് കറൻസികൾക്കും ഇല്ലാതെ പോകുന്നു,.

4. ഇടപാടുകൾക്ക് ഇടനിലക്കാരുടെ ആവശ്യം ഉണ്ടാകരുത്. ആധുനിക ലോകത്തെ കൊടുക്കൽ വാങ്ങലുകളുടെ പൊതു സമ്മതരായ ഇടനിലക്കാരാണല്ലോ‌ ബാങ്കുകൾ. കറൻസിയുടെ വിശ്വസനീയത ഉറപ്പാക്കാൻ വേണ്ടിയും കറൻസികൾ സൂക്ഷിക്കുന്നതിനും വേണ്ടിയാണല്ലോ‌ പ്രധാനമായും ബാങ്കുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇവിടെ ഇടനിലക്കാരായ ബാങ്കുകൾ ഇടപാടുകൾ നടത്തുമ്പോൾ ഈടാക്കുന്ന ഫീസ് യഥാർത്ഥ കറൻസിയെ സംബന്ധിച്ചിടത്തോളം ഒഴിവാക്കപ്പെടേണ്ടതാണ്‌. പൊതു സമ്മതരെന്ന് വിശ്വസിക്കപ്പെടുന്ന ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതും വലിയ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു. ഗ്രീസിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് അത് തിരിച്ചെടുക്കാൻ കഴിയാതെ വന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതോടെ ബാങ്കുകളുടെ വിശ്വാസ്യത സംശയത്തിന്റെ നിഴലിലാവുകയും ജനങ്ങൾ മറ്റ് സുരക്ഷിത നിക്ഷേപ മാർഗ്ഗങ്ങളിലേക്ക് തിരിയുകയും ചെയ്തു.

5. തുല്ല്യമായി വിഭജിക്കപ്പെടാൻ കഴിയണം: പണത്തിനെ ഇടപാടുകൾ നടത്തുന്നതിന്റെ സൗകര്യത്തിനായി തുല്ല്യ മൂല്ല്യമുള്ള ഭാഗങ്ങളായി എളുപ്പത്തിൽ വിഭജിക്കാൻ കഴിയുന്നതായിരിക്കണം. നൂറു രൂപയെ ഒറ്റ രൂപാ നാണയങ്ങളാക്കി മാറ്റുന്നതുപോലെ. ഇവിടെ ഫിയറ്റ് കറൻസിയ്ക്കും സ്വർണ്ണത്തിനുമെല്ലാം പ്രായോഗിക വിഷമതകൾ ഉണ്ട്. ' ചില്ലറ ക്ഷാമം രൂഷമാകുന്നു' എന്നെല്ലാം പത്രങ്ങളിൽ വായിക്കാറില്ലേ‌? സ്വർണ്ണത്തിന്റെ കാര്യവും അതുപോലെ. ഒരു സാധാരണ ഉപഭോക്താവിന് ഇടനിലക്കാരായ് സ്വർണ്ണ വിൽപ്പനക്കാരുടെ സഹായമില്ലാതെ തുല്ല്യ മൂല്ല്യമുള്ള ഭാഗങ്ങളായി സ്വർണ്ണത്തേയും വിഭജിക്കാനാകില്ല.

6. വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതായിരിക്കണം: ഒരു മാതൃകാ കറൻസിയുടെ മൂല്ല്യം ഇടനിലക്കാരുടെ സഹായമില്ലാതെ വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതായിരിക്കണം. നമ്മൂടെ സാധാരണ കറൻസിയെ വ്യാജനിൽ നിന്നും തിരിച്ചറിയുക എത്ര വിഷമകരമാണെന്ന് അറിയാമല്ലോ. സ്വർണ്ണം കറൻസിയായി ഉപയോഗ്ഗിക്കുമ്പോഴും ഇതു തന്നെ സ്ഥിതി.

7. അന്താരാഷ്ട്ര തലത്തിലുള്ള സ്വീകാര്യത- ഇന്ത്യയിലെ രൂപ കൊണ്ടുപോയി ആസ്ത്രേലിയയിൽ വിൽപ്പന നടത്താൻ കഴിയുമോ ? കറൻസി എക്സ്ചേഞ്ച് നടത്താതെ അസാദ്ധ്യമാണത്. എന്താണതിനു കാരണം ? മറ്റു രാജ്യങ്ങളിലുള്ളവർക്ക് കറൻസികളും അവയുടെ മൂല്ല്യവും തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ ഇടനിലക്കാരുടെ സഹായമില്ലാതെ ഇടപാടുകൾ നടത്താൻ അവ സ്വീകരിക്കാൻ കഴിയില്ല.

8. ദുർലഭമായിരിക്കണം - എളുപ്പത്തിൽ ആർക്കും ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒന്നാകരുത് ഒരു മാതൃകാ കറൻസി. സ്വർണ്ണവും വെള്ളിയും പോലെയുള്ള ലോഹങ്ങൾ പ്രകൃത്യാ തന്നെ ദുർലഭം ആയതിനാൽ അവയ്ക്ക് സ്വാഭാവികമായും ഒരു മൂല്ല്യം കൈവരുന്നു. ദൗർലഭ്യത ഉറപ്പ് വരുത്താനാകുമെങ്കിലും മൂല്ല്യം നിർണ്ണയിക്കുന്ന മറ്റു ഘടങ്ങളുടെ സ്വാധീനത്താൽ ഫിയറ്റ് പേപ്പർ കറൻസികൾക്ക് ഈ ഗുണം നഷ്ടമാകുന്നു.

9. ഇടപാടുകളുടെ രഹസ്യ സ്വഭാവം - പണമിടപാടുകൾ രണ്ട് കക്ഷികൾക്കിടയിൽ മാത്രം നടക്കെണ്ട ഒന്നായതിനാൽ അതിൽ ഒരു മൂന്നാം കക്ഷിയുടെ സാന്നിദ്ധ്യമോ ഇടപെടലോ അതിന്റെ രഹസ്യ സ്വഭാവത്തെ നഷ്ടപ്പെടുത്തുന്നു. മൂല്ല്യം പണത്തിനു മാത്രമായിരിക്കണം അവിടെ ഇടപാടുകൾ നടത്തുന്ന വ്യക്തിയെ തിരിച്ചറിയപ്പെടേണ്ട ആവശ്യം ഒരിക്കലും നിർബന്ധമാകരുത്. ബാങ്കുകൾക്കും മറ്റും ഇടപാടുകൾ നടത്താനുള്ള പൊതു സമ്മതനായ ഇടനിലക്കാരായി പ്രവർത്തിക്കുന്നതിനായി വ്യക്തികളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

സാധാരണ കറൻസികൾക്കും കറൻസി ഇടപാടുകൾക്കുമുള്ള ദോഷങ്ങളുടെ ഒരു പരിഹാരമെന്നോണം വിഭാവനം ചെയ്യപ്പെട്ടതാണ്‌ ബിറ്റ് കോയിൻ എന്ന ക്രിപ്റ്റോ കറൻസി. 2008 ൽ സതോഷി നാക്കാമോട്ടോ എന്ന ഒരു കക്ഷിയാണ്‌ ആദ്യമായി ബിറ്റ് കോയിൻ എന്ന ആശയം ഒരു പ്രബന്ധ രൂപത്തിൽ വിശദമായി അവതരിപ്പിച്ചത്. സതോഷി നാക്കാമോട്ടോ എന്നത് ഒരു തൂലികാ നാമമാണ്‌. ഈ പേരിനു പിറകിൽ ആരാണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. 2009 ൽ തന്റെ ആശയത്തിനനുസരിച്ചുള്ള ഒരു ബിറ്റ് കോയിൻ പ്രോട്ടോക്കോളും അനുബന്ധ സോഫ്റ്റ്‌‌വെയറുകളും സംവിധാനങ്ങളുമായി ആദ്യ ബിറ്റ് കോയിൻ ശ്രുംഖല നിലവിൽ വന്നു.

ബിറ്റ് കോയിൻ എന്നതിനെ ഒരു കറൻസി ആയി സങ്കൽപ്പിക്കുക. നിങ്ങൾ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കറൻസി നോട്ടുകൾ കൊണ്ടുപോകില്ലേ ? 100 രൂപാ നോട്ടിനു പകരം 100 രൂപ എന്നെഴുതിയ ഒരു കടലാസു കഷണം കൊണ്ടുപോയി കടക്കാരനു കൊടുത്താൽ ആയാൾ എന്തുകോണ്ട് അത് സ്വീകരിക്കില്ല ? ഒറ്റ നോട്ടത്തിൽ തന്നെ അയാൾക്കത് വിലയില്ലാത്ത ഒരു കടലാസാണെന്ന് മനസ്സിലാകും. ഇനി നൂറു രൂപ നോട്ടിന്റെ ഒരു കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി കൊണ്ടു പോയാലോ? കടക്കാരനത് ഒന്ന് കയ്യിലെടുക്കുമ്പോൾ തന്നെ മനസ്സിലാകും അത് വ്യാജനാണെന്ന് . ഇനി ശരിക്കും കൂടുതൽ കുറ്റമറ്റ രീതിയിൽ പ്രിന്റ് ചെയ്തെടുത്ത ഒരു വ്യാജ നോട്ട് ആണെങ്കിലോ കടക്കാരൻ തിരിച്ചും മറിച്ചുമൊക്കെ നോക്കി അയാൾക്ക് അറിയുന്ന രീതിയിൽ വ്യാജനാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കും. തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അതെടുത്ത് പെട്ടിയിലിടും. ഇനി ബിറ്റ് കോയിനിലേക്ക് തിരിച്ചു വരാം. ബിറ്റ് കോയിനെയും രൂപയേയും ഡോളറിനേയുമൊക്കെ പോലെയുള്ള ഒരു കറൻസിയായി സങ്കൽപ്പിക്കണമെന്ന് നേരത്തേ പറഞ്ഞത് ഓർക്കുമല്ലോ. നിങ്ങളുടെ കൈവശം രൂപയ്ക്ക് പകരം ബിറ്റ് കോയിനാണുള്ളത്. ബിറ്റ് കോയിൻ നമ്മൾ കറൻസി നോട്ടുകൾ സൂക്ഷിച്ചു വയ്ക്കാനുപയോഗിക്കുന്നതുപോലെയുള്ള ഒരു പേഴ്സിൽ തന്നെയായിരിക്കും സൂക്ഷിച്ചു വച്ചിരിക്കുക (അതിന്റെ പേരാണ്‌ ബിറ്റ് കോയിൻ വാലറ്റ്). നിങ്ങളുടെ പേഴ്സിൽ 100 ബിറ്റ് കോയിനുകൾ ഉണ്ട്. നിങ്ങൾക്ക് വാങ്ങേണ്ടത് ഒരു കിലോ അരിയാണ്‌. ഒരു കിലോ അരിയുടെ വില 10 ബിറ്റ് കോയിനുകൾക്ക് തുല്ല്യമായ വിലയാണെന്ന് സങ്കൽപ്പിക്കുക. കടക്കാരനോട് എവിടെയാണു ബിറ്റ് കോയിൻ നിക്ഷേപിക്കാനുള്ളതെന്ന് ചോദിക്കുക. അയാൾ ബിറ്റ് കോയിൻ നിക്ഷേപിക്കാനുള്ള അയാളുടെ സ്വന്തം പേഴ്സ് കാണിച്ച് തരും. നിങ്ങൾ നിങ്ങളുടെ പേഴ്സ് തുറന്ന് അതിൽ നിന്നും 10 ബിറ്റ് കോയിനുകൾ എടുത്ത് കച്ചവടക്കാരന്റെ പേഴ്സിലേക്ക് നിക്ഷേപിക്കുന്നു. ഇനി നിങ്ങൾ നൽകിയത് യഥാർത്ഥ ബിറ്റ് കോയിൻ ആണെന്ന് എങ്ങിനെ ഉറപ്പിക്കും? അവിടെയാണ്‌ ബിറ്റ് കോയിൻ സംവിധാനം പ്രസക്തമാകുന്നത്. നിങ്ങളുടെ കൈവശമുള്ള പേഴ്സിൽ എത്ര ബിറ്റ് കോയിനുകൾ ഉണ്ടെന്നും അവ യഥാർത്ഥത്തിലുള്ളതാണോ എന്നുമെല്ലാം ലോകത്ത് ആർക്കും എളുപ്പത്തിൽ പരിശോധിക്കാൻ കഴിയുന്ന ഒരു സംവിധാനമൊരുക്കിയിട്ടുണ്ട്. അതായത് എല്ലാ ബിറ്റ് കോയിൻ ഇടപാടുകളും ക്രമമായി അക്കമിട്ട് സൂക്ഷിയ്ക്കപ്പെട്ടിരിക്കുന്ന ഒരു ഭീമൻ കണക്ക് പുസ്തകം. കറൻസി നോട്ടുകൾ തിരിച്ചും മറിച്ചും നോക്കി വ്യാജനാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുന്നതുപോലെയുള്ള ബുദ്ധിമുട്ടുകളൊന്നും ഇവിടെ ഇല്ല. ഓരോ പേഴ്സിലും എത്ര പണം ബാക്കിയുണ്ടെന്നും ഇടപാടുകൾ നടന്നോ എന്നും എളുപ്പത്തിൽ ഈ കണക്ക് പുസ്തകം നോക്കി മനസ്സിലാക്കാനാകും. ഈ കണക്കു പുസ്തകത്തിന്റെ പേരാണ്‌ ബ്ലോക് ചെയിൻ.

ഈ കണക്ക് പുസ്തകത്തിനൊരു പ്രത്യേകതയുണ്ട്. ഇത് കേന്ദ്രീകൃത സ്വഭാവമുള്ള ഒരു കണക്ക് പുസ്തകം അല്ല. അതായത് ഒരു വ്യക്തിയോ സംഘടനയോ സ്ഥാപനമോ പരിപാലിക്കുന്ന കണക്ക് പുസ്തകം അല്ല. ബിറ്റ് കോയിൻ ഇടപാടുകൾ നടത്തുന്നവർ തന്നെയാണ്‌ പൊതു സമ്മതമായ രീതിയിൽ ഈ പുസ്തകത്തിൽ ഇടപാടുകൾ രേഖപ്പെടുത്തുന്നത്. അതിനാൽ ഒരു വ്യക്തിയ്ക്കോ ഒരു കൂട്ടം വ്യക്തികൾക്കോ ഒന്നും ഇതിൽ യാതൊരു വിധ കയ്യാങ്കളികളും നടത്താൻ കഴിയില്ല.

ബിറ്റ് കോയിൻ എങ്ങിനെ ഇരിക്കും എന്ന് നോക്കാം. ബിറ്റ് കോയിൻ എന്നത് ഒരു ക്രിപ്റ്റോ കറൻസി ആണെന്ന് പറഞ്ഞല്ലോ. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം 3GtmDuwLfZJsLgVjV7tKwH3N4paYXR56dT ഇത് ഒരു ബിറ്റ് കോയിൻ അഡ്രസ് ആണ്‌. ഈ ബിറ്റ് കോയിൻ അഡ്രസ്സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബ്ലോക് ചെയിൻ എന്ന രജിസ്റ്ററിലൂടെ അറിയാൻ കഴിയും. ബ്ലോക്ക് ചെയിൻ ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്ന രീതിയിൽ തയ്യാർ ചെയ്ത ധാരാളം സോഫ്റ്റ് വെയറുകളും അപ്ലിക്കേഷനുകളും വെബ് സൈറ്റുകളുമൊക്കെ ലഭ്യമാണ്‌. ഇതിൽ ബിറ്റ് കോയിൻ വാലറ്റ് അഡ്രസ് നൽകിയാൽ എല്ലാ വിവരങ്ങളും ലഭിക്കും ഉദാഹരണത്തിന് മേൽ സൂചിപ്പിച്ച അഡ്രസ്സിലെ വിവരങ്ങളും അതിൽ എത്ര ബിറ്റ് കോയിനുകൾ ബാക്കിയുണ്ടെന്നുമെല്ലാമുള്ള വിവരങ്ങള്‌blockchain.info/address/3GtmDuwLfZJsLgVjV7tKwH3N4paYXR56dT എന്ന ലിങ്കിൽ പോയി നോക്കിയാൽ കാണാം. പുതിയ ഒരു പേഴ്സ് വാങ്ങുന്നതുപോലെ ആർക്കും ബിറ്റ് കോയിൻ വാലറ്റുകൾ ഉണ്ടാക്കാവുന്നതാണ്‌. ഇതിനായി ഓൺലൈൻ , ഓഫ് ലൈൻ , മൊബൈൽ ആപ്പ് സോഫ്റ്റ്‌‌വെയറുകൾ ഉപയോഗിക്കാവുന്നതാണ്‌. ഇത്തരത്തിൽ തുടക്കത്തിൽ ഒരു വാല്ലറ്റ് ഉണ്ടാക്കുമ്പോൾ സ്വാഭാവികമായും അത് കാലി ആയിരിക്കുമല്ലോ. ഇത്തരത്തിലെ ഒരു പേഴ്സിൽ ഓരോ തവണയും മറ്റ് പേഴ്സുകളിൽ നിന്നും പണം സ്വീകരിച്ച് ഇടപാടുകൾ നടത്തുമ്പോൾ അവ എല്ലാം ബ്ലോക് ചെയിൻ എന്ന രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കുന്നു. എത്ര ഇടപാടുകൾ നടന്നെന്നും ഇപ്പോൾ എത്ര പണം ബാക്കി ഉണ്ടെന്നുമെല്ലാമൂള്ള വിവരങ്ങൾ ഇവിടെ ലഭ്യമാണ്‌. ക്ഷേത്രങ്ങൾക്ക് മുന്നിൽ വച്ചിരിക്കുന്ന ഭണ്ഡാരത്തിലേക്ക് ആർക്കും പണം നിക്ഷേപിക്കാമെന്നതുപോളെ മേൽ സൂചിപ്പിച്ച പേഴ്സിന്റെ വിലാസത്തിലേക്ക് ആർക്കും സ്വന്തം പേഴ്സിൽ നിന്നും പണം നിക്ഷേപിക്കാൻ കഴിയും. പക്ഷേ പണം പേഴ്സിൽ നിന്നും പുറത്തെടുക്കാൻ പ്രസ്തുത പേഴ്സിന്റെ ഉടമയ്ക്ക് മാത്രമേ‌ കഴിയൂ. അതെന്തുകൊണ്ടാണ്‌ അങ്ങിനെ? പേഴ്സ് അങ്ങിനെ ആർക്കും തുറക്കാൻ കഴിയുന്ന ഒന്നല്ല. അതിനൊരു പൂട്ട് ഉണ്ട്. അതിന്റെ താക്കോൽ കൈവശമുള്ള ആൾക്ക് മാത്രമേ പേഴ്സ് തുറന്ന് പണം ചെലവാക്കാനാകൂ. ഒരു ഡീജിറ്റൽ കറൻസി ആയതിനാൽ ഈ താക്കോലിനെ എളുപ്പം മനസ്സിലാക്കാൻ പാസ്‌‌വേഡിനോട് ഉപമിക്കാം.

ബിറ്റ് കോയിൻ വാലറ്റ് പ്രത്യേകിച്ച് ചെലവൊന്നുമില്ലാതെ ആർക്കും ഉണ്ടാക്കിയെടുക്കാമെന്ന് പറഞ്ഞല്ലോ. ഇത്തരത്തിൽ ബിറ്റ് കോയിൻ വാലറ്റ് ഉണ്ടാക്കുമ്പോള്‌ അതിനു രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും . ഒന്ന് പ്രൈവറ്റ് കീ രണ്ട് പബ്ലിക് കീ. ഇതിൽ പ്രൈവറ്റ് കീ ആണ്‌ നിങ്ങളുടെ താക്കോൽ - അത് രഹസ്യമായി സൂക്ഷിക്കുക. പ്രൈവറ്റ് കീ എൻക്രിപ്റ്റ് ചെയ്ത് പാസ് വേഡ് ഉപയോഗിച്ച് മറ്റുള്ളവർക്ക് കിട്ടിയാലും ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ സുരക്ഷിതമാക്കി വയ്ക്കുന്നതാണ്‌ കൂടുതൽ നല്ലത്. ഇനി പ്രൈവറ്റ് കീ എൻക്രിപ്റ്റ് ചെയ്യാതെയും സൂക്ഷികാവുന്നതാണ്‌. കമ്പ്യൂട്ടറുകൾ എന്തെങ്കിലും കാരണവശാൽ നഷ്ടപ്പെട്ട് പോയാലോ നാശമായാലോ ബിറ്റ് കോയിൻ വാലറ്റുകൾ തുറക്കാൻ കഴിയാത്ത അവസ്ഥ വരുന്നതിനാൽ പ്രൈവറ്റ് കീ പ്രിന്റ് ചെയ്ത് സുരക്ഷിതമായ ഇടങ്ങളിൽ സൂക്ഷിക്കുന്നതും നല്ലതാണ്‌. ചുരുക്കം പറഞ്ഞാൽ പ്രൈവറ്റ് കീ രഹസ്യമായി സൂക്ഷിക്കുക പബ്ലിക് കീ ആർക്ക് വേണമെങ്കിൽ പണം സ്വീകരിക്കാൻ നൽകാവുന്നതാണ്‌.

ബിറ്റ് കോയിൻ എന്താണെന്ന് ചെറിയ ഒരു പുക പോലെ എങ്കിലും  മനസ്സിലായിട്ടുണ്ടാകുമല്ലോ . ഇല്ലെങ്കിൽ ഇത്രയും അറിയുക കുറേ അക്ഷരങ്ങളും അക്കങ്ങളുമൊക്കെ ചേർന്ന ഒരു നീണ്ട കോഡ്. അതിന്റെ വില എത്രയുണ്ടെന്ന് ഒരു കണക്ക് പുസ്തകത്തിൽ നോക്കി ആർക്കും പരിശോധിക്കാം. ആ കോഡ് ഒരു വിലാസമായി എടുത്ത് അതിലേക്ക് ആർക്കും കൂടൂതൽ ബിറ്റ് കോയിനുകൾ കൂട്ടിച്ചേർക്കാം. ആ കണക്കും കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിൽ നിന്നും കുറയ്ക്കണമെങ്കിൽ പ്രസ്തുത കോഡുമായി ബന്ധപ്പെട്ട മറ്റൊരു രഹസ്യ കോഡ് കൂടി വേണം. അതാണ്‌ പ്രൈവറ്റ് കീ. പ്രൈവറ്റ് കീ എന്ന താക്കോൽ കൈവശമുള്ള ആൾക്ക് മാത്രമേ ചെലവാക്കാൻ പറ്റൂ. പാലിയേറ്റീവ് കെയറുകാർ കടകളിൽ വച്ചിരിക്കുന്ന സുതാര്യമായ സംഭാവനപ്പെട്ടി കണ്ടിട്ടില്ലേ അതുപോലെ ഒന്നായി ഇതിനെ കണ്ടാൽ മനസ്സിലാക്കുക എളുപ്പമാകും. പെട്ടിയിലെ ദ്വാരത്തിലൂടെ ആർക്കും പണം നിക്ഷേപിക്കാം. എത്ര പണം അകത്തുണ്ടെന്ന് പെട്ടി തുറക്കാതെ തന്നെ ആർക്കും കാണാനും കഴിയും പക്ഷേ പണം പുറത്തെടുത്ത് ചെലവാക്കാൻ കഴിയുന്നത് അതിന്റെ താക്കോൽ കൈവശമുള്ള ആൾക്ക് മാത്രം.

ഇനി ഈ ബിറ്റ് കോയിൻ ഉണ്ടാകുന്നതെങ്ങിനെ എന്ന് പറയാം. ബിറ്റ് കോയിൻ, ബിറ്റ് കോയിൻ ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന പ്രൈവറ്റ് കീ. ബിറ്റ് കോയിനുകളുടെ മൂല്ല്യവും ഇടപാടുകളുമെല്ലാം സൂക്ഷിച്ചു വയ്ക്കുന്നതും രേഖപ്പെടുത്തുന്നതുമായ ബ്ലോക് ചെയിൻ എന്ന ഒരു കണക്ക് പുസ്തകം. ഇത് മൂന്നും അടങ്ങിയതാണ്‌ അടിസ്ഥാനപരമായി ഒരു ബിറ്റ് കോയിൻ നെറ്റ്‌‌വർക്ക് .

ബിറ്റ് കോയിൻ നെറ്റ്‌‌വർക്ക് എന്നത് ഒരു പീർ - ടു -പീർ നെറ്റ്‌‌വർക്ക് ആണെന്നറിയാമോ ? പീർ ടു പീർ എന്ന പേരു കേട്ട് പേടിക്കേണ്ട. നമ്മൾ ഫയലുകൾ ഷെയർ ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമൊക്കെ ഉപയോഗിക്കുന്ന ബിറ്റ് ടോറന്റ് സാങ്കേതിക വിദ്യ തന്നെ. ബിറ്റ് ടോറന്റ് നെറ്റ് വർക്കിൽ നിന്നും ടോറന്റ് ക്ലയന്റ് സോഫ്റ്റ്‌‌വെയറുകളായ യു ടോറന്റ്, ട്രാൻസ്മിഷൻ തുടങ്ങിയവ ഉപയോഗിച്ച് നമ്മൾ ഫയലുകൾ ഡൗൺ ലോഡ് ചെയ്യാറും അപ് ലോഡ് ചെയ്യാറുമൊക്കെയില്ലേ ? ചെയ്യാറുണ്ടെങ്കിലും ഇതിനു പിറകിലെ സാങ്കേതിക വിദ്യ എല്ലാവർക്കും അറിയണമെന്നില്ല. യൂടൂബിൽ നിന്നും ഒരു വീഡിയോ കാണുമ്പോഴോ ഡൗൺ ലോഡ് ചെയ്യുമ്പോഴോ നമ്മൾ നേരിട്ട് യൂടൂബ് സെർവറുമായി ബന്ധം സ്ഥാപിച്ച് അവിടെ നിന്നും ഡൗൺ ലോഡ് ചെയ്യുന്നു. ഫേസ് ബുക്ക്, ഗൂഗിൾ , ജി മെയിൽ തുടങ്ങിയവയുടെ സേവനങ്ങളെല്ലാം നമ്മൾ ഇതുപോലെ അതാത് കമ്പനികളുടെ സെർവ്വറുകളിൽ നിന്നും സ്വീകരിക്കുന്ന സേവനങ്ങളാണ്‌. ഇതിനെ ക്ലയന്റ് സെർവ്വർ ആർക്കിടെക്ചർ എന്ന് വിളിക്കാം. ഈ സംവിധാനത്തിൽ സെർവ്വർ ഉടമയ്ക്കായിരിക്കും പ്രസ്തുത ഫയലിന്റെ പൂർണ്ണ നിയന്ത്രണം. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു സാങ്കേതിക വിദ്യയാണ്‌ പീർ ടു പീർ ടെക്നോളജി. ഇവിടെ ഒരു കേന്ദ്രീകൃത സർവ്വർ ഇല്ല. പിന്നെങ്ങിനെ അപ്‌‌ലോഡ് / ഡൗണ്‌ലോഡ് പ്രക്രിയകൾ നടക്കും ? പത്ത് കമ്പ്യൂട്ടറുകൾ ഉണ്ടെങ്കിൽ അവയെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ട് ഒരു ശ്രുംഖല ഉണ്ടാക്കിയാൽ എങ്ങിനെ ഇരിക്കും ? ഏത് കമ്പ്യൂട്ടറിനും ഏത് കമ്പ്യൂട്ടറുമായും വിവരങ്ങൾ കൈമാറാൻ കഴിയും . ആ സാങ്കേതിക വിദ്യയാണ്‌ പീർ ടു പീർ ടെക്നോളജി. പീർ ടു പീർ ടെക്നോളജിയിൽ ആരും ഉടമകളല്ല ആരും അടിമകളുമല്ല. ഉള്ളത് പരസ്പരം പങ്കുവയ്ക്കുന്ന തികഞ്ഞ സോഷ്യലിസം. എല്ലാവരും ഒരുപോലെ. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ബിറ്റ് ടോറന്റിൽ നിന്നും ഒരു ഫയൽ ഡൗൺ ലോഡ് ചെയ്യുമ്പോൾ എന്താണ്‌ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന് കൂടി പറയേണ്ടി വരും . അതിനായി പൊതുവേ ഉപയോഗിക്കുന്ന ഒരു ഉദാഹരണം തന്നെ ഇവിടെയും പറയാം.

ഒരാളുടെ കൈവശം 100 പേജുള്ള ഒരു പുസ്തകം ഉണ്ട്. അത് പത്തു പേർക്കായി പങ്കു വയ്ക്കണം . സാധാരണ ഗതിയിൽ എന്ത് ചെയ്യും? പുസ്തകത്തിന്റെ എല്ലാ പേജിന്റേയും ഫോട്ടോസ്റ്റാറ്റ് കോപ്പികൾ എടുത്ത് പത്തുപേർക്കുമായി വിതരണം ചെയ്യുന്നു. ഇത് നേരത്തേ സൂചിപ്പിച്ച ക്ലയന്റ് സർവ്വർ രീതിയാണ്‌. അതായത് മുഴുവൻ പുസ്തകവും കയ്യിലുള്ളവൻ അതിന്റെ പകർപ്പുകൾ മറ്റുള്ളവർക്കായി എടുത്ത് കൊടുക്കുന്ന രീതി. ഇതിനു പല ദോഷങ്ങളുമുണ്ട്. പുസ്തകം കയ്യിലുള്ള ആളുടെ ഫോട്ടോ കോപ്പിയർ കേടായാലോ ? ആർക്കും പുസ്തകം കിട്ടാതാകും. ഇത്രയും കോപ്പികളെടുക്കാൻ അയാൾക്ക് കൂടുതൽ കറന്റ് ചെലവാകും, പേപ്പർ ചെലവാകും , സമയ നഷ്ടവും . ഇതല്ലാതെ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ ? ഉണ്ട്. പുസ്തകം കയ്യിലുള്ള ആൾ പകർപ്പെടുത്ത് നൽകേണ്ട പത്തു പേരെയും ഒരു വട്ടമേശക്ക് ചുറ്റും ഇരുത്തുന്നു. പുസ്തകത്തിന്റെ കുത്തഴിച്ച് പത്തു പത്ത് പേജുകളാക്കി പത്തു പേർക്കുമായി വിതരണം ചെയ്യുന്നു. അതായത് ഒന്നാമന് ഒന്നു മുതൽ പത്തു വരെയുള്ള പേജുകൾ രണ്ടാമന് പത്തു മുതൽ ഇരുപതു വരെയുള്ള പേജുകൾ അങ്ങനെ പത്താമന് തൊണ്ണൂറു മുതൽ നൂറു വരെയുള്ള പേജുകൾ. തുടർന്ന് ഓരോരുത്തരോടും സ്വന്തം കൈവശമുള്ള പേജുകളുടെ പകർപ്പ് എടുത്തതിനു ശേഷം പേജുകൾ മറ്റുള്ളവർക്ക് കൈമാറാൻ ആവശ്യപ്പെടുന്നു. അതായത് ഒന്നു മുതൽ പത്തു വരെ പേജുകൾ കൈവശമുള്ളവൻ ഒന്നാമത്തെ പേജിന്റെ പകർപ്പെടുത്ത് കഴിഞ്ഞാൽ അത് മറ്റുള്ള ആർക്കെങ്കിലും കൈമാറുന്നു. ഇത്തരത്തിൽ സ്വന്തം കൈവശമുള്ള പേജുകൾ അത് ഇല്ലാത്തവർക്കായി കൈമാറ്റം ചെയ്യുന്ന പ്രക്രിയ തുടരുന്നു. അവസാനം എല്ലാവരുടേയും കയ്യിൽ എല്ലാ പേജുകളും ഉള്ള ഒരു അവസ്ഥ ഉണ്ടാകുന്നു. സ്വന്തം കയ്യിലുള്ള പേജുകൾ പകർപ്പെടുത്ത് മറ്റുള്ളവർക്കായി നൽകുന്ന പ്രക്രിയയെ വിളിക്കുന്ന പേരാണ്‌ സീഡിംഗ്, അതുപോലെ മറ്റുള്ളവരിൽ നിന്നും സ്വന്തം കയ്യിലില്ലാത്ത പേജുകളുടെ പകർപ്പുകൾ സ്വീകരിക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരാണ്‌ ലീച്ചിംഗ്. സീഡിംഗ് - ലീച്ചിംഗ് പ്രക്രിയയിലൂടെ ഒരു കേന്ദ്രികൃത സംവിധാനമില്ലാതെ കൊടുക്കൽ വാങ്ങലുകളിലൂടെ എല്ലാവർക്കും ഇത്തരത്തിൽ മുഴുവൻ പുസ്തകവും ലഭ്യമാകുന്നു. നിങ്ങൾ ടോറന്റിൽ നിന്നും ഒരു ഫയൽ ഡൗൺ ലോഡ് ചെയ്യുമ്പോഴും സംഭവിക്കുന്നത് ഇതു തന്നെയാണ്‌. അപ്പോൾ സ്വാഭാവികമായും പൈറേറ്റ് ബേ, ടോറന്റ്സ്.ഇയു, മിനോവ, തുടങ്ങിയ വെബ് സൈറ്റുകൾ ഇവിടെ എന്ത് ധർമ്മമാണ്‌ വഹിക്കുന്നതെന്ന ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകും . ഇവർ നേരത്തേ സൂചിപ്പിച്ച വട്ടമേശയുടെ ജോലിയാണു ചെയ്യുന്നത്. അതായത് ഒരു ഫയലിന്റെ കഷണങ്ങൾ ആരെല്ലാം അപ്‌‌ലോഡ് ചെയ്യുന്നു ആരെല്ലാം ഡൗൺലോഡ് ചെയ്യുന്നു എന്നെല്ലാമുള്ള വിവരങ്ങൾ നൽകാനുള്ള ടോറന്റ് ട്രാക്കിംഗ് എന്ന ജോലി മാത്രമാണ് ഈ സൈറ്റുകൾ ചെയ്യുന്നത്. കേന്ദ്രീകൃതമായ ഒരു സംവിധാനം ഇവിടെ ഇല്ലാത്തതിനാൽ ബിറ്റ് ടോറന്റുകൾ വഴിയുള്ള ഫയൽ കൈമാറ്റങ്ങൾ ആർക്കും നിയന്ത്രിക്കാനാകില്ല. കമ്പ്യൂട്ടറുകളിലും സ്മാർട്ട് ഫോണുകളിലുമെല്ലാമുപയോഗിക്കുന്ന ബിറ്റ് ടോറന്റ് ക്ലയന്റ് സോഫ്‌‌റ്റ് വെയറുകളായ മ്യു ടോറന്റ്, ട്രാൻസ്മിഷൻ തുടങ്ങിയവയിലൂടെ ഒരു പ്രത്യേക ഫയലുമായി ബന്ധപ്പെട്ട് കിടക്കുന്ന ലോകത്തെല്ലായിടത്തുമുള്ള കമ്പ്യൂട്ടറുകളുമായി നേരിട്ട്‌ ബന്ധം സ്ഥാപിക്കപ്പെടുന്നു. അതായത് ഒരു ഭീമൻ വട്ടമേശയ്ക്ക് ചുറ്റുമിരുന്നുകൊണ്ട് നിങ്ങൾ പരസ്പരം ഇടനിലക്കാരില്ലാതെ കൊടുക്കൽ വാങ്ങലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്‌.

പറഞ്ഞ് പറഞ്ഞ് കാട് കയറുന്നില്ല. ബ്ലോക് ചെയിൻ എന്നത് ഒരു പബ്ലിക് ഡാറ്റാബേസ് ആണ്‌, പീർ - ടൂ - പീർ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നതാണ്‌. തുറന്ന ഒരു കണക്ക് പുസ്തകമാണ്‌, ആർക്കും പരിശോധിക്കാവുന്നതാണ്‌, ഇതിനായി ഒരു കേന്ദ്രീകൃത സംവിധാനമില്ലാത്തതിനാൽ കയ്യാങ്കളികൾ അസാദ്ധ്യമാണ് എന്നൊക്കെ മനസ്സിലാകണമെങ്കിൽ പീർ ടു പീർ സാങ്കേതിക വിദ്യയെക്കുറിച്ച് ഇത്രയെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതായത് ബ്ലോക് ചെയിൻ എന്ന ബിറ്റ് കോയിനിന്റെ ഹൃദയം ഒരു പ്രത്യേക സർവ്വറിലും സൂക്ഷിക്കപ്പെടുന്നില്ല. ആർക്ക് വേണമെങ്കിലും ടോറന്റ് ഉപയോഗിച്ച് സിനിമ ഡൗൺ ലോഡ് ചെയ്യുന്നതുപോലെ ബിറ്റ് കോയിൻ നെറ്റ്‌‌വർക്കിൽ നിന്നും ഡൗൺ ലോഡ് ചെയ്തെടുക്കാം.

ബിറ്റ് കോയിൻ ഒരു വികേന്ദ്രീകൃത ശ്രുംഖലയാണെന്നും ആ ശ്രുംഖലയിലെ അംഗങ്ങൾ പരസ്പരം നടത്തുന്ന ഇടപാടുകൾ ഒരു തുറന്ന പുസ്തകമായ - എല്ലാവരുടേയും കയ്യിൽ പകർപ്പുകളുള്ള ബ്ലോക് ചെയിൻ എന്ന രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യുന്ന മൈനിംഗ് എന്ന മത്സരാത്മകമായ പ്രക്രിയയുടെ പ്രതിഫലമായി നിശ്ചിത എണ്ണം പുതിയ ബിറ്റ് കോയിനുകൾ ശ്രുംഖലയിലേക്ക് ചേർക്കപ്പെടുകയും ചെയ്യുന്നു എന്ന് ഒറ്റ വാചകത്തിൽ പറയാം . കഴിഞ്ഞ മൂന്നു ഭാഗങ്ങളായിട്ട പോസ്റ്റുകളിൽ നിന്നും ഏകദേശ ധാരണെയെങ്കിലും അതിനെക്കുറിച്ച് കിട്ടിയിട്ടുണ്ടാകുമെന്ന് കരുതുന്നു.

ബിറ്റ് കോയിനെക്കുറിച്ച് പറയുമ്പോൾ ഒട്ടും ദഹിക്കാത്ത രണ്ടു വിഷയങ്ങളാണ്‌ ഒന്ന് തിരുത്താനാകാത്ത- വികേന്ദ്രികൃതമായ ബ്ലോക് ചെയിൻ എന്ന കണക്ക് പുസ്തകം . രണ്ട് ഈ കണക്ക് പുസ്തകത്തിൽ ഇടപാടുകൾ പരിശോധിച്ച് പുതിയ കണക്കുകൾ എഴുതിച്ചേർക്കുന്ന മൈനിംഗ് എന്ന പ്രക്രിയ. ഇത് രണ്ടും മനസ്സിലാക്കുകയും മനസ്സിലാക്കിപ്പിക്കുകയും അത്ര എളുപ്പമല്ല. എങ്കിലും ഒരു ശ്രമം നടത്താം .

ആർക്കും തിരുത്താനാകാത്ത ഒരു രജിസ്റ്റർ- അത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സംശയം തോന്നും . ഇതെങ്ങിനെ സാദ്ധ്യമാകും ? തിരുത്താനാകാത്തതായി ഈ ലോകത്ത് ഒന്നുമില്ല. പക്ഷേ തിരുത്തിയത് വളരെ പെട്ടന്ന് ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞാൽ ആരെങ്കിലും അത്തരം ഒരു തിരുത്തലിനു മുതിരുമോ? ഒരു ഫുട്ബാൾ കളി നടന്നുകൊണ്ടിരിക്കുന്നു. കാണികളെല്ലാം കളി കണ്ടുകൊണ്ടിരിക്കുന്നു. കളി മുഴുവനാക്കി ഒരു ടീം 1-0 എന്ന സ്കോറിനു വിജയിച്ചു. ആ കളിയുടെ സ്കോർ ആർക്കെങ്കിലും തിരുത്താനാകുമോ? എന്തുകൊണ്ടില്ല? അവിടെ സ്കോർ പൊതുവായി അംഗീകരിക്കപ്പെട്ട ഒന്നാണ്‌. സ്കോർ തിരുത്തണമെങ്കിൽ പൊതു സമ്മതത്തോടെ കളി വീണ്ടും കളിക്കേണ്ടി വരും. ബിറ്റ് കോയിൻ എന്ന വികേന്ദ്രീകൃത പൊതു കണക്ക് പുസ്തകത്തിലെ ഓരോ ഇടപാടുകളും ഇതുപോലെ ബിറ്റ് കോയിൻ സിസ്റ്റത്തിലെ അംഗങ്ങൾ മനസ്സിലാക്കി ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തി രേഖപ്പെടുത്തിയവയാണ്‌. അപ്പോഴും ഒരു സംശയമുണ്ടാകും ഇത് ചെയ്യുന്നത് മനുഷ്യരായ അംഗങ്ങളാണോ എന്ന്. അല്ല- ബിറ്റ് കോയിൻ സോഫ്റ്റ്‌‌വെയർ കോഡുകൾ ആണ്‌ ഓട്ടോമാറ്റിക് ആയി ഈ ഉറപ്പ് വരുത്തൽ പണി ചെയ്യുന്നത്. കണക്കുകൾ പുസ്തകത്തിൽ ചേർക്കുന്ന മൈനിംഗ് എന്ന പ്രക്രിയ അതി സങ്കീർണ്ണമായതും വലിയ കമ്പ്യൂട്ടർ വിഭവ ശേഷി ആവശ്യമുള്ളതാണെങ്കിലും കണക്ക് ശരിയാണോ എന്ന് പരിശോധിച്ച് ശരി തെറ്റ് അഭിപ്രായം രേഖപ്പെടുത്തുക എന്നത് മൈക്രോ സെക്കന്റുകൾ പോലും ആവശ്യമില്ലാത്ത ഒന്നാണ്‌. ഇത്തരത്തിൽ ബിറ്റ് കോയിൻ ശ്രുംഖലയിലെ നോഡുകൾ ഒരു ഇടപാട് ശരിയാണെന്ന് കൂട്ടമായി അംഗീകരിച്ചാൽ മാത്രമേ അത് കണക്ക് പുസ്തകത്തിൽ ചേർക്കപ്പെടുകയുള്ളൂ. ഇനി ബ്ലോക് ചെയിൻ തിരുത്താനാകാത്ത കണക്കു പുസ്തകമായി നിലകൊള്ളുന്നതെങ്ങിനെ എന്നും തിരുത്തലുകൾക്കായി ആരെങ്കിലും ശ്രമിച്ചാൽ വളരെ പെട്ടന്ന് അത് മനസ്സിലാക്കാൻ കഴിയുന്നതെങ്ങിനെ എന്നും ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കിത്തരാൻ ശ്രമിക്കാം.

എന്റെ കൈവശം ഒരു ഡോക്യുമെന്റ് ഫയൽ ഉണ്ട്. അത് പത്തു പേർക്ക് പകർപ്പെടുത്ത് ഈ മെയിൽ ആയോ പെൻ ഡ്രൈവിലോ സി ഡിയിലോ മറ്റോ നൽകുന്നു. നമ്മൾ പൊതുവേ ഇത്തരത്തിലൊക്കെയാണല്ലോ ഫയലുകൾ കൈമാറ്റം ചെയ്യാറ്. ഈ ഫയലുകളിൽ ഇടയ്ക്ക് ആരെങ്കിലും കയ്യാങ്കളി നടത്തിയിട്ടൂണ്ടോ‌ എന്നോ അല്ലെങ്കിൽ പകർത്തുന്ന സമയത്ത് പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ‌ എന്നോ അതുമല്ലെങ്കിൽ അനാവശ്യമായ എന്തെങ്കിലും ഡാറ്റ ഇതിനോട് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടോ എന്നുമെല്ലാം എങ്ങിനെ അറിയാൻ കഴിയും ? ഇതൊരു പ്രശ്നമാണ്‌. നമ്മളൊക്കെ വെബ് സൈറ്റുകളീൽ നിന്നും സോഫ്റ്റ്‌‌വെയറുകളും മറ്റും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുമ്പോൾ ചിലപ്പോൾ പ്രവർത്തിക്കാതിരിക്കുന്നതിനു കാരണം ഇതാണ്‌. ഇതിനുള്ള ഒരു മരുന്നാണ്‌ ക്രിപ്റ്റോഗ്രാഫിക് ഹാഷ് ഫംഗ്ഷൻ. കേൾക്കാത്തവർ പുതിയൊരു പേരായതുകൊണ്ട് കേട്ട് പേടിക്കേണ്ട ഇതിന്റെ പ്രവർത്തനം ലളിതമാണ്‌.

എത്ര വലിയ ഡാറ്റയേയും നിശ്ചിത നീളത്തിലുള്ള ഒരു പ്രത്യേക വാക്ക് ആക്കി മാറ്റുന്ന വിദ്യയാണ്‌ ക്രിപ്റ്റോഗ്രാഫിക് ഹാഷിംഗ്. മനസ്സിലായില്ലെങ്കിൽ ഒന്നു രണ്ട് ഉദാഹരണങ്ങൾ പറയാം അപ്പോൾ മനസ്സിലാകും.
sujith എന്ന വാക്കിന്റെ ഹാഷ് ആണ്‌ 5de9a49f8302435f66f4ae51df10aef4c1ea7544
ഇനി ഞാൻ ആദ്യ അക്ഷരം മാറ്റി Sujith എന്നാക്കുന്നു. അതിന്റെ ഹാഷ് പരിശോധിച്ച് നോക്കാം b0fc9cafa3b2cc16a754841adb4914020ce6db20
ഇനി പേരിന്റെ അവസാനം ഒരു കുത്ത് ഇട്ട് sujith.എന്നാക്കുന്നു അതിന്റെ ഹാഷ് എന്താകുമെന്ന് നോക്കാം 8bc8ee67a48615caba594bb52060bec7bbcf8ac6 ഇതെല്ലാം കണ്ടിട്ട് എന്ത് മനസ്സിലായി? ചെറിയ ഒരു വ്യത്യാസം കൊണ്ട് തന്നെ ഹാഷ് ചെയ്ത് കിട്ടിയ വാക്ക് പൂർണ്ണമായും മാറ്റപ്പെട്ടിരിക്കുന്നു. sujith,Sujith, sujith. ഇവ തമ്മിൽ വളരെ ചെറിയ വ്യത്യാസങ്ങളല്ലേ‌ ഉള്ളൂ പക്ഷേ‌ ഹാഷ് നോക്കുക. മൂന്നും തമ്മിൽ ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാം. ഈ ഉദാഹരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന ഹാഷ് ഉണ്ടാക്കിയിരിക്കുന്നത് SHA1 എന്ന അൽഗോരിതം ഉപയോഗിച്ചാണ്‌. MD5, SHA1, SHA2 തുടങ്ങി ഇതിനായി പല സാങ്കേതിക വിദ്യകൾ വേറെയും ഉണ്ട്. ഓഫ് ലൈനായും ഓൺലൈനായും നിങ്ങളുടെ കമ്പ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായുമെല്ലാം ഹാഷിംഗ് സോഫ്റ്റ്‌‌വെയറുകൾ ഉപയോഗിക്കുന്നുണ്ട്. എന്റെ പേര് Sujith Kumar അതിന്റെ SHA1 ഹാഷ് ഫംഗ്‌‌ഷൻ 78282d192f8d94bf471afa6283b4c835c593d1bd ഇതാണ്‌ എന്നു കൂടി പറയുകയാണെങ്കിൽ ലോകത്തെവിടെയുമുള്ള ആർക്കും വളരെ എളുപ്പത്തിൽ എന്റെ പേര് ശരിയായിട്ട് തന്നെയാണോ എഴുതിയിരിക്കുന്നത് എന്ന് അതിന്റെ SHA1 ഹാഷ് മാത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. അതായത് ഒരു വാക്കിന്റെ ഫിംഗർ പ്രിന്റ് ആണ്‌ അതിന്റെ ഹാഷ് എന്ന് പറയാം. ഇത്തരത്തിലുള്ള് ഹാഷിംഗിന് പല ഉപയോഗങ്ങളുണ്ട്. ബിറ്റ് കോയിൻ ബ്ലോക് ചെയിനെക്കുറിച്ച് മനസ്സിലാക്കുന്ന വഴിക്ക് ആ കാര്യങ്ങൾ കൂടി കുറച്ച് മനസ്സിലാക്കാൻ ശ്രമിക്കാം. ഹാഷ് ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ചാലും അതിനു ചില പൊതുവായ പ്രത്യേകതകളുണ്ട്. അവ;:
1. നിശ്ചിത വലിപ്പം ( MD5 ആണെങ്കിൽ 32, SHA1 ആണെങ്കിൽ 40, SHA256 ആണെങ്കിൽ 64).
2. ഒരേ ഡാറ്റ എപ്പോഴും ഒരേ ഹാഷ് തന്നെയായിരിക്കും നൽകുക.
3. ‌ഡാറ്റയിലുള്ള വളരെ ചെറിയ വ്യത്യാസം പോലും മൊത്തം മാറി മറിഞ്ഞ ഹാഷ് ആയിരിക്കും നൽകുക.
4. ഹാഷിനെ ഒരിക്കലും ഡാറ്റ ആക്കി മാറ്റാനാകില്ല.
5. വളരെ എളുപ്പത്തിൽ ഏതൊരു ഡാറ്റയുടേയും ഹാഷ് വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ക്ഷണ നേരം കൊണ്ട് ഉണ്ടാക്കിയെടുക്കാനും പരിശോധിക്കാനുമാകും.

നിങ്ങളുടെ ഗൂഗിൾ , ഫേസ് ബുക്ക്, ട്വിറ്റർ, യാഹൂ അക്കൗണ്ടുകളിലൊക്കെ പാസ് വേഡുകൾ എങ്ങിനെയാണ്‌ സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്നറിയാമോ ? abcd1234 എന്ന ഒരു പാസ്‌‌വേഡ് ഗൂഗിളിന്റെ ഡാറ്റാബേസിൽ നിങ്ങളുടെ യൂസർ നേമിന്റെ കൂടെ പാസ് വേഡ് കോളത്തിൽ അതേ പോലെ അല്ല സൂക്ഷിച്ചു വച്ചിരിക്കുന്നത്. മറിച്ച് ഈ പാസ്‌‌വേഡിന്റെ ഹാഷ് രൂപത്തിൽ ആയിരിക്കും സൂക്ഷിച്ചു വച്ചിരിക്കുക. നിങ്ങൾ ലോഗിൻ ചെയ്യാൻ പാസ് വേഡ് നൽകുമ്പോൾ ഒരു സ്ക്രിപ്റ്റ് ആദ്യം നിങ്ങൾ നൽകിയ പാസ് വേഡിനെ ഹാഷ് ചെയ്ത് ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന ഹാഷുമായി താരതമ്യപ്പെടുത്തി നോക്കി ശരിയാണെങ്കിൽ ലോഗിൻ സാദ്ധ്യമാക്കുന്നു. ഇതുകൊണ്ട് പല ഗുണങ്ങളുമുണ്ട്. ഒന്ന് എന്തെങ്കിലും കാരണ വശാൽ ഡാറ്റാബേസിൽ ആർക്കെങ്കിലും കയ്യാങ്കളിക്ക് അവസരം ലഭിച്ചാലും പാസ് വേഡ് എന്താണെന്ന് കണ്ടുപിടിക്കാനാകില്ല. ഈ കമ്പനികളിൽ ജോലി ചെയ്യുന്ന ഡാറ്റാബേസ് അഡ്മിനിസ്ട്രേട്ടർമ്മാർക്ക് വരെ നിങ്ങൾ എന്ത് പാസ് വേഡ്‌ആണ്‌ ഉപയോഗിക്കുന്നതെന്ന് കണ്ടുപിടീക്കാനാകില്ല.

അടുത്ത ഒരു ഉപയോഗം ഡാറ്റയുടെ വിശ്വസനീയത ഉറപ്പു വരുത്താനായും ഹാഷുകൾ ഉപയോഗിക്കാം. അതായത് ഞാൻ ഒരു ഫയൽ ഒരാൾക്ക് അയയ്ക്കുന്നു. ആ ഫയൽ പൂർണ്ണമായും യാതൊരു വ്യത്യാസങ്ങളുമില്ലാതെയാണ്‌ സ്വീകരിക്കപ്പെടുന്നത് എന്ന് എങ്ങിനെയാണുറപ്പ് വരുത്തുക? അതിനായി പ്രസ്തുത ഫയലിന്റ ഒരു ഹാഷ് ഉണ്ടാക്കി അതിന്റെ കൂടി പരിശോധിക്കാനായി അയക്കാവുന്നതാണ്‌. ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രത്യേകിച്ച് സോഫ്റ്റ്‌‌വെയറുകളൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.

ഉദാഹരണത്തിന് ഞാനൊരു ഡോക്യുമെന്റ് ഫയൽ ഡസ്ക്ടോപ്പിൽ ഉണ്ടാക്കി വച്ചിരിക്കുന്നു. അതിനെ സുഹൃത്തിന് അയച്ചു കൊടുക്കണം. പ്രസ്തുത ഫയലിന്റെ ഹാഷ് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം. ആദ്യം ഫയൽ ഡസ്ൿടോപ്പിലേക്ക് പകർത്തുക. അതിനു ശേഷം വിൻഡോസ് ആണെങ്കിൽ കമാൻഡ് വിൻഡോയിൽ certutil -hashfile <നിങ്ങളുടെ ഫയലിന്റെ പേര്> md5 എന്നോ certutil -hashfile <നിങ്ങളുടെ ഫയലിന്റെ പേര്> SHA256 എന്നോ ഒക്കെ ടൈപ്പ് ചെയ്താൽ ആ ഫയലിന്റെ ഹാഷ് കിട്ടും . ലിനക്സ് ആണെങ്കിൽ md5sum <ഫയലിന്റെ പേര്> അല്ലെങ്കിൽ sha256sum <ഫയലിന്റെ പേര്> എന്ന കമാഡും ഉപയോഗിക്കാം. ഇങ്ങനെ ലഭിക്കുന്ന ഹാഷ് കൂടി ഫയലിന്റെ കൂടെ അയച്ച് കൊടുത്താൽ ലഭിക്കുന്ന ആൾക്ക് ഇതുപോലെ പരിശോധിച്ച് ഹാഷുമായി ഒത്തു നോക്കി ലഭിച്ച ഫയലിൽ കടുകിട വ്യത്യാസമില്ല എന്ന് ഉറപ്പ് വരുത്താനാകും. പരീക്ഷണ കുതുകികൾക്ക് സംശയമുണ്ടെങ്കിൽ പ്രസ്തുത ഫയലിൽ ഒരു കുത്തോ കോമയോ ഇടുകയോ ചെയ്ത് വീണ്ടും ഹാഷ് ഒന്ന് പരിശോധിച്ച് നോക്കുക. ലഭിക്കുന്ന ഹാഷ് ആദ്യത്തേതിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമായിരിക്കും.

ഇത്രയും രാമായണം എഴുതേണ്ടി വന്നത് ബ്ലോക് ചെയിനിന്റെ അടിസ്ഥാനമായ ഹാഷിംഗിനെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടാനാണ്‌. വായിച്ച് മനസ്സിലാക്കി സ്വയം പരീക്ഷിച്ച് സംത്രുപ്തരായെങ്കിൽ നമുക്ക് ബ്ലോക് ചെയിൻ എന്ന തിരുത്താനാകാത്ത - തിരുത്തിയാൽ വളരെ എളുപ്പം പിടിക്കപ്പെടുന്ന - പൊതു കണക്ക് പുസ്തകത്തിലേക്ക് കടക്കാം . അതിനോടൊപ്പം മൈനിംഗ് എന്ന കുരുക്കഴിക്കൽ വിദ്യയിലേക്കും.

 

ബിറ്റ് കോയിനെക്കുറിച്ച് പറയുമ്പോൾ ബ്ലോക് ചെയിൻ എന്ന ആശയം മനസ്സിലായാൽ ബിറ്റ് കോയിനും മനസ്സിലായി എന്നു പറയാം. അതിനാൽ ബ്ലോക് ചെയിനെക്കുറിച്ചും അതിൽ ബിറ്റ് കോയിൻ ഇടപാടുകൾ ചേർക്കുന്ന മൈനിംഗ് എന്ന ഡാറ്റാ എൻട്രി ജോലിയെക്കുറിച്ചും പറയാം.

ബാങ്കുകളിലും മറ്റും പണ്ട് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ സൂക്ഷിച്ചിരുന്ന തടീയൻ കണക്ക് പുസ്തകങ്ങൾ ഓർക്കുന്നില്ലേ? അതിൽ ഓരോ അക്കൗണ്ട് നമ്പരുകൾക്കും ഓരോ പേജും ആ പേജുകളിൽ ഇടപാട് വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ കമ്പ്യൂട്ടറുകൾ വന്നപ്പൊൾ അത് കമ്പ്യൂട്ടർ ഡാറ്റാബേസിനു വഴിമാറി. നിങ്ങളുടെ അക്കൗണ്ടിൽ എത്ര പണം ബാക്കിയുണ്ട്, ഇതുവരെ എന്തൊക്കെ ഇടപാടുകൾ നടന്നു തുടങ്ങിയ എല്ലാ കാര്യങ്ങളും അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തുന്ന പേജിൽ ലഭ്യമായിരിക്കും. ബിറ്റ് കോയിൻ ബ്ലോക് ചെയിനും ഇതുപോലെയുള്ള ഒരു കണക്ക് പുസ്തകം തന്നെയാണ്‌. പക്ഷേ പ്രധാന വ്യത്യാസമെന്താണെന്ന് വച്ചാൽ ഇവിടെ കണക്കുകൾ രേഖപ്പെടുത്താൻ ഒരു കേന്ദ്രീകൃത സംവിധാനമില്ല, എല്ലാവരുടേയും കയ്യിൽ കണക്ക് പുസ്തകത്തിന്റെ പകർപ്പുകൾ ഉണ്ട്. ആർക്ക് വേണമെങ്കിലും കണക്ക് ചേർക്കാം. കണക്ക് ചേർക്കുന്നവന് അതിനുള്ള പ്രതിഫലം ബിറ്റ് കോയിൻ രൂപത്തിലോ ഇടപാടുകൾക്കുള്ള ഫീസ് ആയോ ലഭിക്കുകയും ചെയ്യും. ആർക്കും കണക്ക് ചേർക്കാമെന്നതിനാൽ സംഗതി വളരെ എളുപ്പമായിരിക്കുമെന്ന് കരുതേണ്ട. ഇത്തരത്തിൽ ഒരു കണക്ക് പുസ്തകം തുറന്ന് വച്ചിരിക്കുന്നു. ഇടപാടുകാർ തങ്ങളുടെ കണക്ക് നോക്കി ഇടപാട്‌ ചേർക്കാനായി കാത്ത് നിൽക്കുന്നു. അപ്പോൾ കാഴ്ച്ചക്കാരായി നിൽക്കുന്ന ധാരാളം പണിക്കാർ കണക്ക് ചേർക്കുമ്പോൾ കിട്ടുന്ന പ്രതിഫലം മോഹിച്ച് മുന്നോട്ട് വരുന്നു. കാരണം കണക്ക് പരിശോധിക്കുന്ന പണിയും ചേർക്കുന്ന പണിയും വളരെ എളുപ്പമാണ്‌. ഓരോ അക്കൗണ്ടും നോക്കുക, അതിൽ പണം ബാക്കിയുണ്ടോ എന്ന് പരിശോധിക്കുക, നിശ്ചിത പേജിൽ അത് രേഖപ്പെടുത്തുക. ഒന്നിൽ കൂടുതൽ കണക്കപ്പിള്ളമാർ ഇങ്ങനെ തിക്കും തിരക്കും കൂട്ടിയാൽ പണി ആരെ ഏൽപ്പിക്കും . അതിനായി ഒരു മത്സരം ഉണ്ട്. പത്ത് കിലോമീറ്റർ ഓടി അതിൽ ആദ്യം എത്തുന്നവനു കണക്ക് രേഖപ്പെടുത്താം. കൊള്ളാമല്ലേ കളി. നല്ല ആരോഗ്യമുള്ളവൻ ആദ്യം ഓടി എത്തി കണക്ക് രേഖപ്പെടുത്തുന്നു. രേഖപ്പെടുത്തിയ കണക്ക് മറ്റുള്ളവർ ശരിയാണെന്ന് ഉറപ്പ് വരുത്തുന്നു. അതോടെ ഇടപാട് പൂർത്തിയാകുന്നു.

ബിറ്റ് കോയിൻ ബ്ലോക് ചെയിനിൽ ഇത്തരത്തിൽ കണക്ക് ചേർക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരാണ്‌ മൈനിംഗ്.യഥാർത്ഥത്തിൽ മൈനിംഗ് നടത്തുന്നവരാണ്‌ ബിറ്റ് കോയിൻ ശ്രുംഖലയെ നിലനിർത്തുന്നത്. ബ്ലോക് ചെയിനെ ഒരു കണക്ക് പുസ്തകത്തിനൊട് ഉപമിക്കാമെങ്കിലും ഇതിന്റെ പ്രത്യേകത ഇതിലെ ഒരു പുസ്തകത്തിന്റെ രൂപത്തിലല്ല, മറിച്ച് ഒരു ചങ്ങലയുടെ രൂപത്തിലാണ്‌ എന്നത് തന്നെ. അതായത് പുസ്തകത്തിലെ ഒരു പേജ് കീറിക്കളഞ്ഞാലോ ചെറിയ എന്തെങ്കിലും വെട്ടലും തിരുത്തലും നടത്തിയാലോ എളുപ്പത്തിൽ മനസ്സിലാക്കാനാകില്ല. പക്ഷേ‌ ബ്ലോക് ചെയിൻ അങ്ങിനെ അല്ല. വളരെ ചെറിയ ഒരു തിരുത്തൽ പോലും ചങ്ങലയുടെ കണ്ണി മുറിക്കും. അതോടെ കള്ളത്തരം വെളിച്ചത്ത് വരികയും പ്രസ്തുത കണക്ക് പുസ്തകത്തിന്റെ പകർപ്പ് വ്യാജനാണെന്ന് മനസ്സിലാക്കി ബിറ്റ് കോയിൻ ശ്രുംഖലയുടെ പുറത്ത് പോവുകയും ചെയ്യുന്നു.

ബ്ലോക് ചെയിനെക്കുറിച്ച് പറയുമ്പോൾ ബ്ലോക്കുകളുടെ ഒരു ചങ്ങല ആണെന്നുള്ള ഒരു ധാരണയെങ്കിലും വരുന്നുണ്ടല്ലോ അല്ലേ? അതായത് ഇടപാടുകൾ രേഖപ്പെടുത്തിയ ബ്ളോക്കുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടൂള്ള ഒരു ചങ്ങലാണ്‌ ബ്ലോക് ചെയിൻ. അപ്പോൾ ചങ്ങലക്ക് ഒരു തുടക്കം ഉണ്ടാകുമല്ലോ അല്ലേ? തുടക്കം ഉണ്ട്. ചങ്ങലയുടെ ആദ്യത്തെ ബ്ലോക്ക് ഉണ്ടാക്കിയത് ആരായിരിക്കും? സംശയം വേണ്ട ബിറ്റ് കോയിനിന്റെ പിതാവെന്ന് അറിയപ്പെടുന്ന അജ്ഞാതനായ സതോഷി നക്കാമോട്ടോ എന്ന ജീനിയസ് തന്നെ. ഇത്തരത്തിൽ ബിറ്റ് കോയിൻ നിയമാവലിപ്രകാരം ആദ്യമായി ഉണ്ടാക്കിയ ബ്ലോക്കിന്റെ പേരാണ്‌ ജെൻസിസ് ബ്ലോക്ക് (Gensis Block). ജെൻസിസ് എന്ന വാക്കിന്റെ അർത്ഥം ഉൽപ്പത്തി, തുടക്കം എന്നൊക്കെയാണല്ലോ. അതുകൊണ്ട്‌ ഇത് ബിറ്റ് കോയിൻ ഇടപാട് കണക്ക് പുസ്തകമായ ബ്ലോക്ക് ചെയിനിന്റെ ആദ്യ ബ്ലോക് ആയി. ഇതിന്റെ പേജ് നമ്പർ അഥവാ ബ്ളൊക് നമ്പർ 0 ആണ്‌. ബിറ്റ് കോയിനിന്റെ തുടക്കമായതിനാൽ ചേർക്കാൻ കണക്കുകളൊന്നുമില്ലല്ലോ. അതിനാൽ ആദ്യ പേജിൽ സതോഷി ഇങ്ങനെ രേഖപ്പെടുത്തി "The Times 03/Jan/2009 Chancellor on brink of second bailout for banks". എന്താണീ വാചകമെന്ന് വല്ല പിടിയുമുണ്ടോ ? 2009 ജനുവരി മൂന്നാം തീയ്യതിയിലെ ടൈംസ് ദിനപ്പത്രത്തിന്റെ തലക്കെട്ട് ആയിരുന്നു ഇത്. കണക്ക് പുസ്തകത്തിൽ പ്രത്യേകിച്ച് ഇടം കൊടുക്കേണ്ട ആവശ്യമൊന്നുമില്ലാത്ത ഈ വാചകം കൊണ്ട് സതോഷി എന്തായിരിക്കാം ഉദ്ദേശിച്ചത്? ഒന്ന് ആദ്യ ബ്ലോക് ചേർത്തത് ജനുവരി മൂന്നാം തീയ്യതി എന്നോ അല്ലെങ്കിൽ പരമ്പരാഗത ബാങ്കിംഗ് സിസ്റ്റത്തിന്റെ തകർച്ചയെ സൂചിപ്പിക്കാനോ ആകാം. എന്തായാലും ആ ജീനിയസ്സിന്റെ ജെൻസിസ് ബ്ലോക്കിലെ ഈ കുറിമാനത്തിൽ തുടങ്ങിയ ബ്ളോക് ചെയിൻ ഇന്ന് ലോകമെമ്പാടും പരമ്പരാഗത അർത്ഥ വ്യവസ്ഥയ്ക്ക് ഒരു വെല്ലുവിളിയായി പുതിയ മാനങ്ങൾ നൽകുകയാണ്.
ബിറ്റ് കോയിൻ ആദ്യ ബ്ളോക്ക് ആയ ജെൻസിസ് ബ്ലോക്കിലേക്ക് തിരിച്ചു വരാം. ഇടപാടുകൾ ഒന്നും ചേർക്കാനില്ലെങ്കിലും ആദ്യ ബ്ളോക്ക് ഉണ്ടാക്കിയതിന്റെ പ്രതിഫലമായി സതോഷിക്ക് 50 ബിറ്റ് കോയിനുകൾ സ്വന്തമാകുന്നു. ഇതിനെ കോയിൻ ബേസ് ട്രാൻസാൿഷൻ എന്നാണു വിളിക്കുന്നത്. അതായത് ഇടപാടുകൾ ചേർക്കുന്നതിനു പ്രതിഫലമായി സ്വന്തം പേരിൽ എഴുതി എടുക്കാവുന്ന തുക. ഈ തുകയും സ്വന്തം ബിറ്റ് കോയിൻ വിലാസത്തിന്റെ നേരേ ചേർത്ത് ഒന്നാമത്തെ ബ്ളോക് തയ്യാറാക്കി. ഇവിടെയും മത്സരാത്മകമായ ഒരു പ്രക്രിയയാണ്‌ കണക്ക് ചേർക്കൽ പിന്നെങ്ങനെ സതോഷി മത്സരമൊന്നുമില്ലാതെ കണക്ക് ചേർത്തു എന്ന് സംശയം തോന്നിയേക്കാം. മത്സരിക്കാൻ ആരുമില്ലെങ്കിലും കള്ളക്കളിക്കൊന്നും സതോഷിയും തയ്യാറായിരുന്നില്ല. വീടീന്റെ ചുറ്റും ഒരു റൗണ്ട്‌ ഓടിയതിനു ശേഷമാണ്‌ കണക്ക് ചേർത്തത്. എന്താണ്‌ ഈ ഓട്ടം എന്ന് മനസ്സിലാക്കിയാൽ ബിറ്റ് കോയിൻ മൈനിംഗിനെക്കുറിച്ച് മനസ്സിലാക്കാം .

ബിറ്റ് കോയിൻ ബ്ലോക്കിൽ കണക്കുകൾ ചേർക്കുന്നതിനു മുൻപ് ഒരു പ്രശ്നത്തിന് ഉത്തരം കണ്ടുപിടിച്ചാലേ കണക്ക് ചേർക്കാൻ അനുവദിക്കൂ. അത് എന്താണെന്ന് പറയുന്നതിനു മുൻപ് നേരത്തേ സൂചിപ്പിച്ച (കഴിഞ്ഞ ഭാഗത്ത്) ക്രിപ്റ്റോഗ്രാഫിക് ഹാഷ് എന്താണെന്ന് ചെറിയ ഒരു ധാരണയെങ്കിലും വേണം. ക്രിപ്റ്റോഗ്രാഫിക് ഹാഷ് എന്നാൽ ഡാറ്റയുടെ ഫിംഗർ പ്രിന്റ് ആയി കണക്കാക്കാം. അതായത് എത്ര വലിയ മനുഷ്യൻ ആയാലും ചെറിയൊരു വിരലടയാളം കൊണ്ട് തിരിച്ചറിയാമെന്നതുപോലെ.. ഫിംഗർ പ്രിന്റിലെ ചെറിയ വ്യത്യാസം നോക്കിത്തന്നെ ആളുമാറി എന്ന് മനസിലാക്കാൻ കഴിയുന്നതുപോലെ, ഫിംഗർ പ്രിന്റിൽ നിന്നും തിരിച്ച് ആളെ ഉണ്ടാക്കാൻ കഴിയാത്തതുപോലെയുള്ള ഒരു സംവിധാനമാണ്‌ ഹാഷിംഗ്. ഏത് ഡാറ്റയിൽ നിന്നും നിശ്ചിത വലിപ്പത്തിലുള്ള ഒരു വാക്ക് ആയ ഹാഷ് ഉണ്ടാക്കിയെടുക്കാൻ കഴിയും. രണ്ട് വ്യത്യസ്ത ഡാറ്റകൾക്ക് ഒരേ ഹാഷ് ഒരിക്കലും ഉണ്ടായിരിക്കില്ല. ഹാഷിൽ നിന്നും തിരിച്ച് ഡാറ്റ ഉണ്ടാക്കാനാകില്ല. ഡാറ്റയിലുള്ള വളരെ സൂഷ്മമായ വ്യത്യാസം പോലും ഹാഷിൽ വലിയ വ്യത്യാസങ്ങൾ വരുത്തും. പെട്ടന്ന് ഒരു ഉദാഹരണം പറയാം .
Sujith എന്നതിന്റെ ഹാഷ് ആണ്‌ 8691DD14CB5E57C529007FA104D40864B8FCC140FF516ED6E2B2BE3D8334A1D9
Sujith! എന്നതിന്റെ ഹാഷ് 569EE8FF3D99C56BE13300E8EC62C314FB15410F55B0B85EDA885C7C95B86228
ഇത് രണ്ടും ഒന്ന് താരതമ്യം ചെയ്തു നോക്കുക. ഒറ്റ നോട്ടത്തിൽ തന്നെ രണ്ട് ഹാഷുകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാം. ഒരു ചെറിയ ആശ്ചര്യ ചിഹ്നം ചേർത്തതോടെ ഹാഷ് മൊത്തം മാറി മറിഞ്ഞിരിക്കുന്നു. അതായത് ഹാഷ് പരിശോധിച്ചാൽ തന്നെ ഡാറ്റയിലുള്ള അതി സൂഷ്മമായ വ്യത്യാസം പോലും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം.

ബ്ലോക് ചെയിനിൽ കണക്കുകൾക്കൊപ്പം അവയുടെ ഹാഷുകൾ കൂടി പ്രത്യേക രീതിയിൽ കൂട്ടിച്ചേർത്ത് വീണ്ടും ഹാഷ് ചെയ്താണ്‌ രേഖപ്പെടുത്തുന്നത്. അതായത് ഡാറ്റയിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഹാഷ് മൊത്തമായി മാറും. അത് എളുപ്പത്തിൽ മനസ്സിലാക്കുവാനും കഴിയും . ഇനി ബ്ലോക് ചെയിൻ കണക്ക് പുസ്തകത്തിന്റെ കണ്ണികളിൽ ഒന്നായ ബ്ലോക്കുകളിൽ എന്തെല്ലാമൊക്കെയാണുള്ളതെന്ന് നോക്കാം
1. ബ്ലോക് ചെയിൻ വേർഷൻ നമ്പർ,
2. തൊട്ട്‌ മുൻപുള്ള ബ്ലോക്കിന്റെ ഹാഷ് നമ്പർ,
3. പ്രസ്തുത ബ്ലോക്കിൽ രേഖപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഇടപാടുകളെ എല്ലാം കൂടി ഒരു പ്രത്യേക രീതിയിൽ കൂട്ടങ്ങളായി അവയുടെ ഹാഷ് കണ്ടുപിടിച്ച് ഈ ഹാഷുകളേ വീണ്ടും ഹാഷ് ചെയ്ത് ഒരൊറ്റ ഹാഷ് ആക്കി മാറ്റിയ ഇടപാടുകളുടെ റൂട്ട് ഹാഷ്.
4. ഇടപാടു രേഖപ്പെടുത്തുന്ന സമയം (ടൈം സ്റ്റാമ്പ്)
5. നിലവിൽ ഒരു ബ്ലോക്ക് ഉണ്ടാക്കാൻ ആവശ്യമായ വിഷമതയെ സൂചിപ്പിക്കുന്ന ഒരു നമ്പർ (അത് ഒരു പ്രത്യേക രീതിയിൽ കണക്കാക്കി എടുക്കുന്നതാണെന്ന് മാത്രം മനസ്സിലാക്കുക)
6. നൗൺസ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു റാൻഡം നമ്പർ ( ഇതിനെക്കുറിച്ച് തുടർന്ന് വിശദമാക്കാം)

നമുക്ക് സതോഷി ഉണ്ടാക്കിയ ആദ്യ ബ്ലോക്കിലേക്ക് തിരിച്ചു വരാം . മേൽ സൂചിപ്പിച്ചതിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള കാര്യങ്ങളെല്ലാം നിർദ്ദിഷ്ട ഇടങ്ങളിൽ ചേർത്ത് അതിനെ ഒരൊറ്റ ഡാറ്റയായി കണക്കാക്കാം. അതായത് ബ്ലോക് ചെയിൻ വേർഷൻ നമ്പർ (ബ്ലോക് ചെയിൻ നിയമാവലിയുടെ പതിപ്പിനെ സൂചിപ്പിക്കുന്ന ഒരു നമ്പർ- 1),
തൊട്ട് മുൻപുള്ള ബ്ലോക്കിന്റെ ഹാഷ് നമ്പർ- ഇത് ആദ്യ ബ്ലോക്ക് ആയതിനാൽ സ്വാഭാവികമായും തൊട്ട് മുൻപുള്ള ബ്ലോക്കിന്റെ നമ്പർ 0000000000000000000000000000000000000000000000000000000000000000 ആയിരിക്കുമല്ലോ.
എല്ലാ ഇടപാടുകളുടെ ഹാഷ് - ഇവിടെ ഒരേ ഒരു ഇടപാടല്ലേ‌ നടക്കുന്നുള്ളൂ.. അതായത് ബ്ലോക്ക് ഉണ്ടാക്കിയതിന് സതോഷിക്ക് പ്രതിഫലമായി ലഭിക്കുന്ന 50 ബിറ്റ് കോയിനുകളും അവ ഏത് ഏത് എഴുതി എടുക്കുന്ന സതോഷിയുടെ ബിറ്റ് കോയിൻ വിലാസവും ഉൾപ്പെടുത്തിയ ഡാറ്റയും അതിന്റെ ഹാഷും.
ഇനി മൈനിംഗ് വിഷമതയെ സൂചിപ്പിക്കുന്ന ഒരു നമ്പർ. ആദ്യ ബ്ലോക്ക് ആയതിനാൽ അത് 1 ആയി കണക്കാക്കിയിരിക്കുന്നു.
സമയം സതോഷി കണക്ക് രേഖപ്പെടുത്തിയ കമ്പ്യൂട്ടറിന്റെ സമയം 2009-01-03 18:15:05 ആയിരുന്നു.
മേൽ സൂചിപ്പിച്ച ഡാറ്റയെ ഒക്കെ ഒരൊറ്റ ബ്ലോക് ഡാറ്റയായി കണക്കാക്കി അതിനോടൊപ്പം ഒരു പ്രത്യേക നമ്പർ (നൗൺസ്) കൂടി ചേർത്ത് അതിനെ ഹാഷ് ചെയ്താൽ കിട്ടുന്ന ഹാഷ് ആയിരിക്കും പ്രസ്തുത ബ്ളോക്കിന്റെ ഹാഷ് നമ്പർ. അതായത് ഇവിടെ ആദ്യ ബ്ലോക്കിന്റെ ഹാഷ് നമ്പർ. ഇവിടെയാണ്‌ കളി കിടക്കുന്നത്. ആ‌ കളി മനസ്സിലായാൽ മൈനിംഗും മനസ്സിലാകും

ഇത്തരത്തിൽ ബ്ലോക്കിന്റെ ഹാഷ് ഉണ്ടാക്കുമ്പോൾ അത് പാലിക്കേണ്ട ഒരു നിയമം ഉണ്ട്. വെറുതേ ഒരു ഹാഷ് ഉണ്ടാക്കിയാൽ പോര. ഹാഷ് തുടങ്ങുന്നത് നിശ്ചിത എണ്ണം പൂജ്യങ്ങളിൽ ആയിരിക്കണമെന്ന ഒരു നിബന്ധന. കുഴഞ്ഞില്ലേ കാര്യം? ഏത് ഡാറ്റയ്ക്ക് ഏത് ഹാഷ് കിട്ടുമെന്ന് യാതൊരു വിധ ധാരണയുമില്ല. അങ്ങനെ മുൻകൂട്ടി കാണാനും പറ്റില്ല, പിന്നെ എന്ത് ചെയ്യും? ഡാറ്റയുടെ കൂടെ എന്തെങ്കിലും ചേർത്തുകൊണ്ട് അതിന്റെ ഹാഷുകൾ പരിശോധിച്ചുകൊണ്ടിരിക്കുക. ഇങ്ങനെ ഡാറ്റയുടെ കൂടി ചേർത്ത് പരിശോധിക്കുന്ന നമ്പരിനു പറയുന്ന പേരാണ്‌ നൗൺസ്. നൗൺസ് എന്നാൽ 32 ബിറ്റ് ഉള്ള 0 ത്തിൽ തുടങ്ങി 4294967296 ൽ അവസാനിക്കുന്ന നമ്പരുകളിൽ ഏതുമാകാം. അതായത് ഡാറ്റ എടുക്കുക - അതിനോട് നൗൺസ് കൂട്ടീച്ചേർക്കുക - അതിന്റെ ഹാഷ് പരിശോധിക്കുക, നിശ്ചിത എണ്ണം പൂജ്യങ്ങളിൽ തുടങ്ങുന്ന ഹാഷ് കിട്ടുന്നുണ്ടോ എന്ന് നോക്കുക, കിട്ടിയാൽ നിങ്ങൾ വിജയിച്ചു. നിങ്ങൾ ഒരു പുതിയ ബ്ളോക്ക് ഉണ്ടാക്കി പ്രതിഫലമായി കിട്ടുന്ന ബിറ്റ് കോയിനുകൾ നിങ്ങൾക്ക് സ്വന്തം. നിങ്ങൾ ചെയ്ത കണക്ക് ശരിയാണോ എന്ന് ബിറ്റ് കോ യിൻ നെറ്റ് വർക്കിലുള്ളവർ പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം കേട്ടോ.

നേരത്തേ സൂചിപ്പിച്ച നൗൺസിന്റെ കണക്ക് മനസ്സിലാകാത്തവർക്കായി ഒരു ഉദാഹരണം
sujith എന്ന ഡാറ്റയോടു കൂടി ഒരു അക്കം കൂട്ടീച്ചേർത്താൽ രണ്ട് പൂജ്യങ്ങളിൽ തുടങ്ങുന്ന ഒരു ഹാഷ് ലഭിക്കണം. ആ ഹാഷ് ആയിരിക്കും ബ്ലോക്കിന്റെ ഹാഷ് നമ്പർ എന്ന നിയമമാണെങ്കിൽ
sujith എന്നതിനോട് വ്യത്യസ്ത നമ്പരുകൾ കൂട്ടീച്ചേർത്ത് പരിശോധിച്ചപ്പോൾ sujith3132222222222 എന്നതിന് 00E7078F91341C9753D82FB6B1EBB413D9BF35F53A937B1306A7F1007EB0DDB9 എന്ന ഹാഷ് ലഭിച്ചു.

( ഇതെല്ലാം നിങ്ങൾക്ക് http://passwordsgenerator.net/sha256-hash-generator/ എന്ന സൈറ്റിൽ പോയി സ്വയം പരിശോധിക്കാവുന്നതാണ്‌)
ഇവിടെ sujith എന്നത് ഡാറ്റയും 3132222222222 നൗൺസും ആയിരിക്കും. ഈ നൗൺസ് കണ്ടുപിടിക്കുന്ന പ്രക്രിയയാണ്‌ മൈനിംഗ്. അതായത് ഡാറ്റയോടൊപ്പം 0 മുതൽ 4294967296 വരെയുള്ള സംഖ്യകളിൽ ഏതെങ്കിലും ഉപയോഗിച്ച് നിശ്ചിത എണ്ണം പൂജ്യങ്ങളിൽ തുടങ്ങുന്ന ഹാഷ് കണ്ടുപിടീക്കുന്ന വിദ്യ. നല്ല സ്പീഡുള്ള കമ്പ്യൂട്ടറുകളിൽ ഈ പറഞ്ഞ സംഖ്യകൾ മുഴുവനായും ഏതാനും മിനിട്ടുകൾക്കകം തന്നെ പരീക്ഷിക്കാനാകും. പക്ഷേ ഇപ്പറഞ്ഞ മുഴുവൻ നമ്പരുകളും പരീക്ഷിച്ചാലും നിശ്ചിത എണ്ണം പൂജ്യങ്ങളിൽ തുടങ്ങുന്ന ഹാഷുകൾ കിട്ടുമെന്ന് ഉറപ്പൊന്നുമില്ല. അതായത് നൗൺസ് തീർന്ന് പോകുന്ന അവസ്ഥ. ഈ അവസ്ഥയിൽ ഡാറ്റയിൽ കുറയ്ക്കലോ കൂട്ടീച്ചേർക്കലോ നടത്തേണ്ടി വരും. അതായത് പുതിയതായി കണക്ക് പുസ്തകത്തിൽ ചേർക്കാക്കാനായി കാത്തിരിക്കുന്ന ഇടപാടുകൾ കൂട്ടിച്ചേർക്കുകയോ , ഉള്ളതിൽ നിന്നും ഇടപാടുകൾ മാറ്റുകയോ ഒക്കെ ചെയ്യേണ്ടി വരും. നമുക്ക് സതോഷി മൈനിംഗ് ചെയ്ത ആദ്യ ബ്ലോക്കിലേക്ക് തിരിച്ചു വരാം. ബ്ലോക് ചെയിൻ വിഷമതയുടെ ആദ്യ ലെവൽ ആയ 1 അനുസരിച്ച് പത്ത് പൂജ്യങ്ങളിൽ തുടങ്ങുന്ന ഒരു ഹാഷ് ലഭിക്കണം എന്നായിരുന്നു നിബന്ധന (0000000000). സതോഷി അക്കാലത്ത് ഉപയോഗിച്ചിരുന്നെന്ന് വിശ്വസിക്കുന്ന പേഴ്സണൽ കമ്പ്യൂട്ടർ കൊണ്ട് തന്നെ ഏതാനും മിനിട്ടുകൾക്കകം അക്കാര്യം നടന്നിരിക്കാം . ഇത്തരത്തിൽ നിശ്ചിത എണ്ണം ബ്ലോക്കുകൾ കൂട്ടിച്ചേരുമ്പോൾ ബ്ലോക്കുകൾ കൂട്ടിച്ചേർക്കാനുള്ളത വിഷമതയുടെ സൂചകവും മാറും, അതായത് 2016 ബ്ളോക്കുകൾ കൂട്ടിച്ചേർക്കുമ്പോൾ ബിറ്റ് കോയിൻ വിഷമതാ സൂചകം പുനർ നിർണ്ണയിക്കപ്പെടും . ഒരു ബ്ലോക്ക് ഉണ്ടാക്കുന്നതിനുള്ള സമയം 10 മിനിട്ട് ആണ്‌. കൂടുതൽ ശക്തിയുള്ള കമ്പ്യൂട്ടറുകൾ ഉപയോഗപ്പെടുത്തുമ്പോൾ , കൂടുതൽ പേർ മൈനിംഗിനായി എത്തുമ്പോൾ സ്വാഭാവികമായും ഇതിനുള്ള സമയവും കുറഞ്ഞ് വരും പക്ഷേ അപ്പോൾ ആനുപാതികായി വിഷമതാ സൂചകവും കൂടുന്ന രീതിയിലാണിതിന്റെ ഗണിത സൂത്ര വാക്യം. ഹാഷിന്റെ മുന്നിൽ ആവശ്യമായ പൂജ്യങ്ങളുടെ എണ്ണം കൂടുന്തോറും വിഷമതയും പതിന്മടങ്ങായി വർദ്ധിക്കുന്നു എന്ന് പറയാം.

ഇങ്ങനെ ഒരു ബ്ളോക്കിന്റെ ഹാഷ് അടുത്ത ബ്ലോക്കിൽ ചേർക്കുന്നു. അതും കൂടി ചേർത്ത് ഇടപാടുകളും നൗൺസും ചേർത്ത് പുതിയ ബ്ളോക്ക് ഉണ്ടാക്കുന്നു. ഈ ബ്ലോക്കിന്റെ ഹാഷ് അടുത്ത ബ്ലോക്കിൽ ചേർക്കുന്നു.. അങ്ങനെ ഈ പ്രക്രിയ തുടർച്ചയായി നടന്ന് ബ്ലോക്കുകളുടെ ഒരു ചങ്ങല ഉണ്ടാകുന്നു. അതാണ്‌ ബ്ലോക് ചെയിൻ. ചെയിനിലോ ഡാറ്റയിലോ ഇടപാടുകളിലോ ചെറിയ ഒരു മാറ്റം വരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ തന്നെ ഹാഷുകളീൽ വലിയ വ്യത്യാസം വരുമെന്നതിനാൽ അത് പെട്ടന്ന് തിരിച്ചറിയാനാകും . ബിറ്റ് കോയിൻ ശ്രുംഖലയിലുള്ള എല്ലാവരുടെ കയ്യിലും ബ്ലോക് ചെയിനിന്റെ പതിപ്പുകൾ ഉള്ളതിനാൽ ആരെങ്കിലും കയ്യാങ്കളിക്ക് ശ്രമിക്കുമ്പോൾ തന്നെ നെറ്റ്‌‌വർക്കിന് അത് എളുപ്പം തിരിച്ചറിയാൻ കഴിയുകയും ചെയ്യുന്നു.

ഇത്തരത്തിൽ ആദ്യത്തെ കുറേ ബ്ലോക്കുകൾ സതോഷി തന്നെ ഒറ്റയ്ക്ക് മൈനിംഗ് നടത്തി കാര്യമായ ഇടപാടുകളൊന്നുമില്ലാതെ ഓരോ ബ്ലോക്കും ഉണ്ടാക്കും ഉണ്ടാക്കുമ്പോൾ ലഭിക്കുന്ന ബിറ്റ് കോയിനുകൾ സ്വന്തമാക്കുകയാരുന്നു. ഇപ്പോൾ ഇത് കേൾക്കുമ്പോൾ അദ്ദേഹത്തെ സ്വന്തമായി നോട്ടടിക്കുന്ന ഒരു തട്ടിപ്പുകാരനെന്ന് വിളിക്കാൻ തോന്നുന്നുണ്ടാകും അല്ലേ? ഒരു പൈസയ്ക്ക് പോലും ഉപകാരമില്ലാതിരുന്ന ഒരു സാധനത്തിനായി സ്വന്തം കമ്പ്യൂട്ടറുകൾ മണിക്കൂറുകളോളം ഓൺ ചെയ്തിട്ട് വെള്ളവും വളവും നൽകി വളർത്തിയെടുത്ത ഒരു ചെറിയ തൈമാവിനെ അന്ന് പലരും പുച്ഛത്തോടെ നോക്കിയിരുന്നു. ഇന്നത് വളർന്ന് ഒരു വൻ മരമായപ്പോൾ വളർച്ചയുടെ പടവുകളുടെ ചരിത്രം അറിയാത്തവർക്ക് മുന്നിൽ ഇതൊരു അത്ഭുത വൃക്ഷമായി നിലകൊള്ളുന്നു. തുടക്കത്തിൽ സതോഷിയും ബിറ്റ് കോയിൻ പീർ ഗ്രൂപ്പിൽ അംഗമായിരുന്ന ക്രിപ്റ്റോ കറൻസി പ്രേമികളായിരുന്ന ഏതാനും ചിലർ വെറുതേ ഒരു തമാശയ്ക്കായി - അതിലുമുപരിയായി അക്കാദമിക താല്പര്യങ്ങൾക്ക് മുകളിൽ ആയിരുന്നു ഇതിന്റെ ഇടപാടുകൾ നടത്തിയിരുന്നത്. താരതമ്യേന മൈനിംഗ് എളുപ്പമായിരുന്ന ആദ്യ വർഷങ്ങളിലെ മൈനിംഗിലൂടെ സതോഷിയുടെ അക്കൗണ്ടിൽ മാത്രം പത്തു ലക്ഷം ബിറ്റ് കോയിനുകളെങ്കിലും ഉണ്ടായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു. പക്ഷേ ആരാണീ സതോഷി? ഈ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിലിരുന്നുകോണ്ട് ഈ നാടകമെല്ലാം ആസ്വദിക്കുന്നുണ്ടാകും.

ഒരു കാര്യം ഉറപ്പ്. സതോഷി ഒരു മലയാളി ആയിരിക്കുകയില്ല എന്ന കാര്യം തീർച്ച. കാരണങ്ങളെന്താണെന്ന് ഊഹിക്കാമല്ലോ?

Originally Written By  സുജിത് കുമാർ

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *