ഈ ധാരാവി ധാരാവി എന്നു കേട്ടിട്ടുണ്ടോ?
ലോകത്തെ ഏറ്റവും വലിയ ചേരികളിലൊന്നായ ഈ ധാരാവിക്കു തൊട്ടുവടക്കുവശത്തായിട്ടാണ് മുംബൈയിലെ മഹിം പ്രകൃതിയുദ്യാനം. 37 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ പാര്‍ക്കില്‍ 200 ഇനങ്ങളിലായി 18000-ത്തോളം മരങ്ങളുണ്ട്. കണ്ടല്‍ക്കാടുകളും ഉള്ള ഈ നിത്യഹരിതവനം ധാരാളം പക്ഷികളെയും പൂമ്പാറ്റകളെയും പ്രാണികളെയും ആകര്‍ഷിക്കുന്നു. ഒക്ടോബര്‍-മാര്‍ച്ച് കാലത്ത് പക്ഷിനിരീക്ഷകരെക്കൊണ്ട് ഇവിടം നിറയും. മുംബൈ എന്നമെഗാസിറ്റിയിലെ ജനങ്ങള്‍ക്ക് പെട്ടെന്ന് പ്രകൃതിരമണീയമായ ഒരിടത്ത് എത്തിച്ചേരാവുന്ന രീതിയില്‍ ആണ് ഇതിന്റെ സ്ഥാനം. ധാരാളം കുട്ടികള്‍ പ്രകൃതിപഠനത്തിന് ഇവിടെ വരുന്നു. ഇതോടൊപ്പം ഗ്രന്ഥാലയം, ഓഡിയോവിഷ്വല്‍ ഹാള്‍, പ്രദര്‍ശനമുറി, കുട്ടികള്‍ക്ക് പലതരം കളികള്‍ക്കുള്ള സ്ഥലം, തുറന്ന ആംഫിതീയേറ്റര്‍, ലൈബ്രറി, ചെടികളുടെ നേഴ്സറി ഒക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിലെന്താണിത്ര പറയാന്‍? ഇങ്ങനെ ധാരാളം ഉദ്യാനങ്ങള്‍ പലനഗരത്തിലും ആള്‍ക്കാര്‍ക്ക് സമയം ചെലവഴിക്കാന്‍ ഉണ്ടല്ലോ എന്നാവും അല്ലേ?
1977 വരെ ഇത് ദിവസേന നൂറുകണക്കിനു ടണ്‍ നഗരമാലിന്യങ്ങള്‍ കൊണ്ടുപോയിത്തള്ളിക്കൊണ്ടിരുന്ന ഒരു മാലിന്യകേന്ദ്രമായിരുന്നു. സാലിം അലിയുടെ പ്രവൃത്തികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഡബ്ലിയുഡബ്ലിയു എഫിന്റെ മഹാരാഷ്ട്ര ചെയര്മാന് സാന്ത ചാറ്റര്‍ജിയും വിദ്യാഭ്യാസ ഉദ്യോഗസ്ഥന് ഹിമാന്‍ഷു ജോഷിയും ചെര്‍ന്ന് ആര്‍ക്കിടെക്ട് ആയ ഉല്ലാസ് റാണെയോടൊപ്പം ചേര്‍ന്നപ്പോള്‍ നഗരവാസിക്കള്ക്കും ജീവജാലങ്ങള്‍ക്കും ഒരാശ്വാസമായ ഹരിതസ്ഥലം നഗരമധ്യത്തില്‍ രൂപപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തെ സഹായിക്കുന്ന ഒരു പാര്‍ക്കും അതോടൊപ്പം ഒരു കണ്ടല്ക്കാടുമാണ് ഇവരുടെ ഭാവനയില്‍ ഉണ്ടായിരുന്നത്. പക്ഷികളെ ആകര്‍ഷിക്കുന്ന മരങ്ങളാണ് ഇവിടെ നട്ടുവളര്‍ത്താന്‍ ഉദ്യേശിച്ചത്, അത്തരത്തിലുള്ള ആദ്യമരം 1983 -ല്‍ സാലിം അലിയാണ് ഇവിടെ നട്ടത്. വിചാരിക്കുന്നത്ര എളുപ്പമൊന്നുമായിരുന്നില്ല കാര്യങ്ങള്‍. വിഷംനിറഞ്ഞ മാലിന്യക്കോട്ടയുടെ ഉള്ളില്‍നിന്നും അവ നീക്കം ചെയ്ത് പുതിയ മണ്ണ് കൊണ്ടുവന്നിട്ടതിനുശേഷമേ മരങ്ങള്‍ നടുവാന്‍ കഴിയുമായിരുന്നുള്ളൂ.
ഇതോടൊപ്പം മലിനമായ മിഥി നദിയും മാലിന്യം കൊണ്ടുചെന്ന് ഉപേക്ഷിച്ചുകൊണ്ടിരുന്ന മഹിം ഉള്‍ക്കടലും ശുദ്ധീകരിക്കുകയും ഒന്നരലക്ഷത്തോളം കണ്ടല്‍ച്ചെടികള്‍ അവിടെ നടുകയും ചെയ്തു. ഇന്ന് അതൊരു നിത്യഹരിതകണ്ടല്വനമാണ്. മുംബൈ കലാപം നടന്നുകൊണ്ടിരിക്കുന്നകാലത്ത് പണിനടക്കുന്നത് ബുദ്ധിമുട്ടായിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ നീണ്ട പുനരുജ്ജീവനത്തിനുശേഷം 1992 -ല്‍ പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിരക്കില്‍ കുട്ടികള്‍ക്ക് പ്രകൃതിയുമായി സഹവര്ത്തിച്ചുപഠിക്കാനുതകുന്ന ഒരിടമായിരുന്നു സാലിം അലിയുടെ മനസ്സില്‍. അതു സാര്‍ത്ഥകമാക്കുന്നതിന് അഴുക്കും മാലിന്യങ്ങളും നിറഞ്ഞസ്ഥലത്തെ മാറ്റിയെടുക്കുന്നതിന് ഭഗീരഥപ്രയത്നം തന്നെ വേണ്ടിവന്നു. 1994 -ല്‍ മഹാരാഷ്ട്ര നാചുര്‍ പാര്‍ക് സൊസൈറ്റി ഇതേറ്റെടുക്കുകയും പൊതുജനങ്ങള്‍ക്കുംകൂടി പാര്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തു. കൂടുതല്‍ സൌകര്യങ്ങള്‍ ഉണ്ടാക്കാനുള്ള ചെലവ് നിര്വഹിക്കാനായിട്ടായിരുന്നു ഔഷധസസ്യവില്പ്പന പാര്‍ക്കില്‍ തുടങ്ങിയത്. വിഷമയമായ മണ്ണില്‍ നട്ടമരങ്ങള്‍ പലതും ഉണങ്ങിപ്പോയി. ജലസേചനവും വലിയ വെല്ലുവിളിയായിരുന്നു. മിക്കവാറും ഇന്ത്യയില്‍ത്തന്നെ കാണുന്ന മരങ്ങളാണ് പാര്‍ക്കില്‍ നട്ടത്. അവിടെ പെയ്യുന്നമഴവെള്ളം മുഴുവന്‍തന്നെ സംഭരിച്ച് ഓരോ മഴക്കാലത്തും 20 ലക്ഷത്തോളം ലിറ്റര്‍ ജലം ശേഖരിച്ചു. ഈ വെള്ളമാവട്ടെ ഒരു തുറന്ന തടാകത്തില്‍ നിർത്തുകയും ആ വെള്ളത്തില്‍ നിരവധിജലസസ്യങ്ങള് നട്ടുവളര്‍ത്തുകയും ചെയ്യുന്നു.
ഇന്ന് മുപ്പതുവര്‍ഷത്തിനുശേഷം ഓരോകൊല്ലവും ഒന്നര ലക്ഷത്തോളം ആള്‍ക്കാരാണ് ഇവിടം സന്ദര്‍ശിക്കുന്നത്. 14000 സ്പീഷിസ് സസ്യങ്ങള്‍, 120 തരം പക്ഷികള്‍, 75 ഇനം പൂമ്പറ്റകള്‍ എന്നിവ കൂടാതെ നിരവധി ഉരഗങ്ങളും ചിലന്തികളും ഇവിടെ വസിക്കുന്നുണ്ട്. തൊട്ടുതെക്ക് ഒരു റോഡിനിപ്പുറം ഏഷ്യയിലെ ഏറ്റവും വലിയചേരിയായ ധാരാവി നിലകൊള്ളുമ്പോള്‍ സമാധാനത്തില്‍ ശുദ്ധവായുശ്വസിക്കാന്, പ്രകൃതിയെ അറിഞ്ഞാസ്വദിക്കാന്‍ ആള്ക്കാര് ഇങ്ങോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നു. Я V įɒɿɒγɒniV