ചോദ്യം: “മുങ്ങിക്കപ്പലുകൾ കടലിന്റെ അടിത്തട്ടിലൂടെയാണോ സഞ്ചരിക്കുന്നതു്? അല്ലെങ്കിൽ, എങ്ങനെയാണു് അവിടെയുള്ള ഭൂപ്രകൃതിയെപ്പറ്റി നാം അറിയുന്നതു്?”
ഉത്തരം:
കടലമ്മയുടെ അടിവയറിനെക്കുറിച്ചു് നമുക്കെന്തറിയാം?
നമുക്കധികമൊന്നും ഇപ്പോഴും അറിയില്ലെന്നതാണു വാസ്തവം!
മുങ്ങിക്കപ്പലുകൾ ആഴക്കടലിന്റെ അടിത്തട്ടിൽ എത്തുന്നില്ല. ഒരു നിശ്ചിത ആഴത്തിലും കീഴിൽ അവയ്ക്കു മുങ്ങാനാവുകയുമില്ല.
ആഴക്കടലിന്റെ അടിത്തട്ടിലെ കുന്നുകളും മലകളും ചാലുകളും മറ്റും അളന്നറിയുവാൻ ഉപയോഗിക്കുന്ന അതിസമർത്ഥമായ, എങ്കിലും പരിമിതികളുള്ള, ചില ശാസ്ത്രവിദ്യകളെപ്പറ്റി ചെറുതായി വിശദീകരിക്കാം.
ഭൂമിയുടെ ഉപരിതലം – എന്നു വെച്ചാൽ കരപ്രദേശങ്ങളും സമുദ്രത്തിന്റെ ഉപരിതലവും – ഒട്ടുമിക്കവാറും മുഴുവനായിത്തന്നെ നാം മാപ്പു ചെയ്തുകഴിഞ്ഞു. അത്യാധുനിക ഉപഗ്രഹങ്ങളും വിമാനങ്ങളും ഉപയോഗിച്ചു് വളരെ വിശദമായ ഭൂപടങ്ങൾ ഇപ്പോൾ ലഭ്യമാണു്. ഭൂമിയുടെ സുപ്രധാനമായ ചില കോണുകളിലൊക്കെ സെന്റിമീറ്ററുകളോളം സൂക്ഷ്മതയിൽ ഭൂപടചിത്രീകരണം നടത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ടു്. ഒരു മീറ്ററോളം റിസൊലൂഷനുള്ള ഭൂതലത്തിന്റെ മൊത്തം മാപ്പുകൾ ഏകദേശം മുഴുവനായിത്തന്നെ ഇന്നു് വികസിതരാജ്യങ്ങളുടെ ഡാറ്റാബേസുകളിൽ ലഭ്യമാണത്രേ.
എന്തിനു ഭൂമി? ചന്ദ്രൻ, ചൊവ്വ, ശുക്രൻ, സൂര്യൻ, വ്യാഴം തുടങ്ങിയ ഖഗോളവസ്തുക്കൾ വരെ ഇന്നു വളരെ കൃത്യമായി നാം ഭൂ‘പട‘മാക്കിയിട്ടുണ്ടു്.
ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചു പഠിക്കുകയും അതിന്റെ മാപ് തയ്യാറാക്കുകയും ചെയ്യുന്ന വിദ്യയാണു് Selenography എന്ന ശാസ്ത്രശാഖ. നൂറ്റാണ്ടുകൾക്കുമുമ്പേ നാം ചന്ദ്രന്റെ കണ്ടെഴുത്തുപടങ്ങൾ തയ്യാറാക്കാൻ തുടങ്ങി. ഏറ്റവും ഒടുവിലെ വിവരങ്ങൾ അനുസരിച്ചു് 7 മീറ്ററിനു കൃത്യമായി നമുക്കു് ചന്ദ്രന്റെ മിക്കവാറും മൊത്തം ഉപരിതലവും അറിയാം. (എങ്കിലും ധ്രുവപ്രദേശങ്ങളിലും അഗാധഗർത്തങ്ങളിലുമായി ഇനിയും വിശദമായി കണ്ടെഴുതേണ്ട ഏതാനും മേഖലകൾ ബാക്കിയുണ്ടു്).
അടുത്ത സ്ഥാനം ചൊവ്വയ്ക്കും ശുക്രനുമാണു്. ചൊവ്വയുടെ ഉപരിതലം 60 ശതമാനവും ഇപ്പോൾ 20 മീറ്റർ കൃത്യതയിൽ നമുക്കറിയാം. 100 മീറ്റർ കണക്കിലാണെങ്കിൽ മൊത്തമായും. 100 മീറ്റർ കണക്കിൽ ശുക്രൻ (venus) 98% നമ്മുടെ കാഴ്ചയിലായിക്കഴിഞ്ഞു.
എന്നാൽ, ഇത്രയൊക്കെയായിട്ടും നമ്മുടെ സ്വന്തം കടലിന്റെ അടിത്തട്ടിനെക്കുറിച്ചോ ഭൂമിയുടെ ഉൾക്കാമ്പിനെക്കുറിച്ചോ നമുക്കെത്രത്തോളം അറിയാം?
നാം വസിക്കുന്ന കരപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കടൽ എല്ലാ നിലയ്ക്കും അതിഭീമം തന്നെയാണു്. മനുഷ്യരാശിയുടെ 99 ശതമാനവും സമുദ്രനിരപ്പിൽനിന്നു് 1800 മീറ്ററിനുള്ളിൽ ഉയരത്തിലാണു് ജീവിക്കുന്നതു്. എന്നാൽ, സമുദ്രത്തിന്റെ ശരാശരി ആഴം തന്നെ (3688 മീറ്റർ) ഇതിന്റെ ഇരട്ടിയെങ്കിലുമുണ്ടു്. കടലിലെ ഏറ്റവും ആഴമുള്ള ഗർത്തത്തിലാവട്ടെ, താഴ്ച 11,000 മീറ്ററോളം വരും.
ഇത്രയും ആഴത്തിലേക്കു് നമുക്കു് ചെന്നെത്താനാവുമോ? ഒട്ടും എളുപ്പമല്ല. അതിസമ്മർദ്ദം, കുറ്റാക്കൂരിരുട്ട് ഒക്കെയാണു് അവിടെയുള്ളതു്. അത്രത്തോളം മുങ്ങിച്ചെല്ലാൻ പോയിട്ട്, ഒരു പര്യവേക്ഷണയന്ത്രം അയക്കുന്നതുപോലും ഭാരിച്ച ചെലവും വൈഷമ്യവുമുള്ള കാര്യമാണു്.
രണ്ടുവർഷം മുമ്പ് മലേഷ്യൻ എയർലൈൻസിന്റെ MH-370എന്ന വിമാനം യാതൊരു തുമ്പുമില്ലാതെ കാണാതായപ്പോഴാണു് നമ്മുടെ സ്വന്തം മുറ്റത്തെ കടലിന്റെ അടിത്തട്ടിനെപ്പറ്റി എത്ര പരിമിതമായ അറിവാണു് നമുക്കുള്ളതെന്നു ലോകമാകെയുള്ള ആളുകൾക്കു് വ്യാപകമായി ബോദ്ധ്യം വന്നതു്.
കടലിന്റെ അടിത്തട്ടു് കണ്ടെഴുതുന്ന രീതി:
പ്രത്യേക തരം കപ്പലുകളും അവയിൽ ഘടിപ്പിച്ച സോണോഗ്രാഫ് എന്ന മാറ്റൊലിയന്ത്രവുമാണു് കടലിന്റെ അടിത്തട്ടിനെക്കുറിച്ചു് പഠിക്കാൻ ഉപയോഗിക്കുന്നതു്. കപ്പലിൽ നിന്നും ഒരു ശബ്ദം താഴേക്ക് അയച്ചു് അതിന്റെ മാറ്റൊലിയുടെ തീവ്രതയും അതു തിരിച്ചെത്താൻ വേണ്ടി വരുന്ന സമയവും കണക്കാക്കി അതിൽ നിന്നും അടിത്തട്ടിന്റെ ആഴവും ആകൃതിയും മനസ്സിലാക്കിയെടുക്കുന്നതാണു് സോണോഗ്രാഫിന്റെ അടിസ്ഥാനതത്ത്വം. ആധുനിക സോണോഗ്രാഫ് ഉപയോഗിച്ച് 100 മീറ്റർ സൂക്ഷ്മത വരെ ഇങ്ങനെ കണ്ടുപിടിക്കാം.
പക്ഷേ, ഇതിനൊരു പരിമിതിയുണ്ടു്. ഒരു കപ്പലിനു പോകാവുന്ന, വളരെ വീതികുറഞ്ഞ ഒരു മേഖലയുടെ വിവരം മാത്രമാണു് ഇങ്ങനെ ശേഖരിക്കാനാവുക. അതായതു് 500 മീറ്റർ വീതിയുള്ള ഒരു പാതയിലൂടെയാണു് കപ്പൽ പോകുന്നതെന്നു കരുതിയാൽ പതിനായിരക്കണക്കിനു കിലോമീറ്ററുകൾ വീതിയും അത്ര തന്നെ നീളവുമുള്ള മഹാസമുദ്രമേഖല മൊത്തം അളന്നെത്താൻ എത്ര വർഷങ്ങൾ വേണ്ടി വരും? എന്തു ചെലവുണ്ടാവും?
അതിനാൽ സോണോഗ്രാഫി ഉപയോഗിച്ച് ഇതുവരെ ആകെ അളന്നെടുത്തിട്ടുള്ളതു് മൊത്തം കടലിന്റെ 10-15 % മാത്രമേ വരൂ.
അതിരിക്കട്ടെ, സോണാറിന്റെ സൂക്ഷ്മത ഇനിയും വർദ്ധിപ്പിക്കാനാവുമോ? സോണാർ ശബ്ദം കപ്പലിൽ നിന്നയക്കുന്നതിനു പകരം കുറേക്കൂടി ആഴത്തിൽനിന്നുതന്നെയായാലോ? അങ്ങനേയും ചെയ്തുനോക്കിയിട്ടുണ്ടു്. ഒട്ടൊക്കെ ആഴങ്ങളിലേക്കു് മുങ്ങിക്കപ്പലുകളോ റിമോട്ട് കണ്ട്രോൾ യന്ത്രങ്ങളോ അയച്ചു് അവിടെ നിന്നും സോണാർ / അൾട്രാവയലറ്റ് ക്യാമറകളുപയോഗിച്ച് അളന്നുനോക്കുന്ന വിദ്യയാണിതു്. പണ്ടെന്നോ മുങ്ങിപ്പോയ കപ്പലുകൾ വരെ വളരെ വിശദമായി കാണാം. എങ്കിലും തീരെച്ചെറിയ ഒരു ഭാഗം മാത്രമേ ഓരോ തവണയും ഇങ്ങനെ മാപ്പ് ചെയ്യാനാവൂ. ഇങ്ങനെ മാപ്പിങ്ങ് നടത്തിയിട്ടു് ഇതുവരെ ആകെ കടലിന്റെ 0.05 ശതമാനം പോലും അളന്നെത്തിയിട്ടില്ലത്രേ. കടൽ മുഴുവൻ ഈ രീതിയിൽ അളന്നെടുക്കാൻ ആയിരക്കണക്കിനു കൊല്ലങ്ങൾ വേണ്ടിവരുമെന്നർത്ഥം.
അതിനാൽ, കടൽ നിരപ്പിൽ നിന്നും കുറേക്കൂടി മുകളിലേക്കു പോവാം. ഉപഗ്രഹങ്ങളാണു് അടുത്ത വഴി. ഭൂമിയിൽ നിന്നും വളരെ അകലെ മാറിനിൽക്കുന്നതിനാൽ ഭൂമിയെ അപ്പാടെ നോക്കിക്കാണാനും അതിവേഗം അളന്നെടുക്കാനും സാധിക്കും എന്നതാണു് ഉപഗ്രഹങ്ങളുടെ മെച്ചം.
ഉപഗ്രഹങ്ങൾ മാപ്പ് ചെയ്യുന്നതു് റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണു്. റഡാറിൽനിന്നും റേഡിയോ തരംഗങ്ങൾ ഭൂതലത്തിലേക്കയക്കുന്നു. എന്നിട്ടു് അവയുടെ പ്രതിഫലനത്തിന്റെ തീവ്രതയും സഞ്ചാരസമയവും അതിസൂക്ഷ്മമായി അളന്നെടുക്കുന്നു. ഈ ഡാറ്റയിൽ നിന്നു് ഉപരിതലത്തിന്റെ ഉയരം കണക്കാക്കാം.
പക്ഷേ, റഡാർ കിരണങ്ങൾക്കു് സമുദ്രജലത്തെ തുളച്ചു് ആഴങ്ങളിൽ പോയി മടങ്ങിവരാനാവില്ല. ഉപ്പുവെള്ളത്തിൽ ഈ കിരണങ്ങൾ നിർവീര്യമായിപ്പോകും. അതുകൊണ്ടു് ഉപഗ്രഹറഡാറുകൾ ഉപയോഗിച്ച് നേരിട്ടു് ആഴം അളക്കുന്നതും അസാദ്ധ്യം.
അപ്പോഴാണു് മറ്റൊരു ആശയം!
ഏതാനും തിരകളും ചുഴികളുമൊഴിച്ചാൽ, സമുദ്രത്തിന്റെ മേൽത്തലം (കടൽനിരപ്പ്) കൃത്യമായും പരന്നു് ഒരേ (ഗോളീയ) പ്രതലത്തിലാണു് എന്നല്ലേ നാം ധരിച്ചുവെച്ചിരിക്കുന്നതു്? എന്നാൽ അങ്ങനെയല്ലത്രേ!
ആഴത്തിലുള്ള മലനിരകൾക്കും ഗർത്തങ്ങൾക്കുമനുസരിച്ചു് കടലിന്റെ അടിത്തട്ടിലെ ഓരോ ബിന്ദുവിലും ഭൂകേന്ദ്രത്തിൽനിന്നുള്ള ആകർഷണബലത്തിൽ വളരെ നേരിയ വ്യത്യാസങ്ങൾ കാണപ്പെടും. (മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം ഭൂഗുരുത്വത്വരണമായി കണക്കാക്കുന്ന 9.8 m/sec2 എന്ന സംഖ്യ പലയിടത്തും നേരിയ തോതിൽ മാറിക്കൊണ്ടിരിക്കും). ഈ വ്യത്യാസങ്ങൾക്കനുസരിച്ചു് സമുദ്രോപരിതലത്തിലും പ്രത്യേകം മുഴകളും കുഴികളും കാണും. കൂടുതൽ ഭാരമനുഭവപ്പെടുന്ന (കടലിനുള്ളിൽ മലയായി നിൽക്കുന്ന ഭാഗങ്ങൾക്കു മുകളിൽ) കടൽവെള്ളവും ഉയർന്നു നിൽക്കും. കടലിനുള്ളിൽ കൂടുതൽ കുഴിഞ്ഞുകിടക്കുന്ന ഗർത്തങ്ങൾക്കു മുകളിൽ കടൽവെള്ളവും സ്വല്പം താഴ്ന്നു നിൽക്കും.
കടൽനിരപ്പിലെ ഇത്തരം ഉയരവ്യത്യാസങ്ങൾ വളരെ വളരെ നേരിയതായിരിക്കും. എങ്കിലും മില്ലിമീറ്ററുകളോളം മാത്രമുള്ള ഈ ഏറ്റക്കുറച്ചിലുകൾ പോലും ഉപഗ്രഹങ്ങൾക്കു് റഡാർ വഴി കണ്ടുപിടിക്കാൻ കഴിയും. റഡാറിൽനിന്നു ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തിലേക്കയച്ചുകിട്ടുന്ന ഈ ഡാറ്റയിൽ നിന്നും കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു് കടലിന്റെ അടിയിലെ കുന്നുകളും കുണ്ടുകളും കണക്കുകൂട്ടിയെടുക്കാനും സാധിക്കും.
എങ്കിലും, ഇങ്ങനെയൊക്കെയായിട്ടും, ഇപ്പോഴും 5 കിലോമീറ്റർ റിസൊലൂഷൻ വരെയേ നമ്മുടെ കടൽക്കാഴ്ച (കടലിന്റെ അടിത്തട്ടിന്റെ ഭൂമിശാസ്ത്രം) തെളിഞ്ഞുവന്നിട്ടുള്ളൂ.