ആറു ടണ്ണിലേറെ ഭാരമുള്ള ഒരു ഉരുക്കുബ്ലേഡ് 60 അടി ഉയരത്തില്‍ നിന്നും ശക്തിയായി താഴോട്ടിടുകയാണു ചെയ്യുന്നത്. ഒരു തവണ ഇടുമ്പോള്‍ത്തന്നെ അതുവന്നുവീഴുന്നവിമാനം ഉപയോഗശൂന്യമായിട്ടുണ്ടാവും എന്നാലും നാലഞ്ചുതവണ കൂടി ഇതാവര്‍ത്തിക്കുന്നു. ചിറകുകള്, വാല് അവസാനം പ്രധാനബോഡിയുടെ മധ്യത്തില്ക്കൂടിയും ഒരുതവണ. വെണ്ണയില്‍ കത്തിതാഴുന്നപോലെ വിമാനത്തിന്റെ ശരീരത്തില്‍ക്കൂടി കത്തി അങ്ങുതാഴെ വരെ എത്തുന്നു.
അമേരിക്കയുടെ സൈനികവിമാനങ്ങളില്‍ ഏറ്റവും മുമ്പന്മാരില് ഒന്നാണ് ബോയിംഗ് ഉണ്ടാക്കിയ ബി-52. 83000 കിലോഗ്രം ഭാരമുള്ള ഈ വിമാനത്തിന് 32000 കിലോ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ടെന്നു മാത്രമല്ല ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 14000-ത്തിലേറെ കിലോമീറ്ററുകള്‍ നിര്‍ത്താതെ പറക്കാനും കഴിവുള്ളതാണ്. ഇത്തരം 365 വിമാനങ്ങളാണ് അമേരിക്കയും റഷ്യയും തമ്മില്‍ ഒപ്പുവച്ച ആയുധനിര്മ്മാര്ജ്ജനപരിപാടിയുടെ ഭാഗമായി നശിപ്പിച്ചത്. ഇന്നത്തെ വിലയ്ക്ക് ഓരോന്നിനും ഏതാണ്ട് 2000 കോടി രൂപ വിലവരുന്നതാണ്. നശിപ്പിക്കാന്‍ എത്തിക്കുന്ന വിമാനത്തിന്റെ എഞ്ചിനും മറ്റു ഉപയോഗമുള്ള ഭാഗങ്ങളും അഴിച്ചുമാറ്റിയതിനുശേഷമാണ് നശിപ്പിക്കുക. പൊളിച്ചതിനുശേഷം 90 ദിവസം അവ അങ്ങനെയവിടെ കിടക്കുന്ന ആ സമയത്ത് സോവിയറ്റുയൂണിയന്റെ ഉപഗ്രഹങ്ങള്‍ അവ നിരീക്ഷിച്ച് വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നു ഉറപ്പുവരുത്തും. അതിനുശേഷം അവ ലോഹത്തിന്റെ വിലയ്ക്ക് വില്‍ക്കും.
ഉപയോഗം കഴിഞ്ഞവിമാനങ്ങള്‍ സൂക്ഷിക്കുന്നതിനും നന്നാക്കുന്നതിനും ആവശ്യമുള്ള ഭാഗങ്ങള്‍ പുനരുപയോഗിക്കുന്നതിനും വേണ്ടി കൊണ്ടുപോയി സൂക്ഷിക്കുന്ന ധാരാളം ഇടങ്ങള്‍ പലരാജ്യങ്ങളിലുമുണ്ട്. ഇത്തരത്തിലെ ഏറ്റവും വലുത് അമേരിക്കയിലെ ബോണ്‍യാഡ് എന്നറിയപ്പെടുന്ന സൂക്ഷിപ്പുകേന്ദ്രമാണ്. 27000 ഏക്കര്‍ സ്ഥലത്ത് അരിസോണയിലെ മരുഭൂമിയില്‍ അതങ്ങനെ പരന്നുകിടക്കുകയാണ്. ആര്‍ദ്രത തീരെക്കുറഞ്ഞ ഇവിടെ മഴയാവട്ടെ തീരെയില്ലതാനും. അമ്ലതയില്ലാത്ത അന്തരീക്ഷമായതിനാല്‍ ലോഹങ്ങളുടെ സ്വാഭാവികമായുള്ള നാശം തീരെ കുറവുമായിരിക്കും. ഇവിടെയെത്തുന്ന വിമാനങ്ങളില്‍ പലതും റിപ്പയര്‍ ചെയ്തു പുനരുപയോഗിക്കുന്നവയാണ്. അതിനു സാധ്യതയില്ലാത്തവ ഉപയോഗിക്കാന്‍ പറ്റുന്ന ഭാഗങ്ങള്‍ അഴിച്ചെടുത്തതിനുശേഷം ലോഹത്തിന്റെ വിലയ്ക്ക് വില്‍ക്കും. ഏതാണ്ട് 4400 വിമാനങ്ങള്‍ ആണ് ഇവിടെയുള്ളത്.
ഓരോ വിമാനവും എത്തുമ്പോള്‍ അതിന്റെ മുഴുവന്‍ പൂര്‍വകാലചരിത്രം അടങ്ങിയ രേഖകളും അതോടൊപ്പം അവിടെയെത്തുന്നു. ആയുധങ്ങളും സീറ്റുകളും വിലപിടിച്ചസാധങ്ങളുമെല്ലാം അതില്‍ നിന്നും അഴിച്ചുമാറ്റും. എവിടുന്നൊക്കെയോ വരുന്നവയായതിനാല്‍ തുടര്‍ന്നു വിമാനങ്ങള്‍ കഴുകിവൃത്തിയാക്കും. ഇന്ധനം നീക്കി കാലാവസ്ഥയില്‍ പിടിച്ചുനില്ക്കാന് പറ്റുന്നരീതിയില്‍ ചായമടിച്ച് ഓരോതരം വിമാനങ്ങള്‍ക്കും നിശ്ചയിച്ച സ്ഥലത്തുപാര്‍ക്കുചെയ്യുന്നു. നാലുതരത്തിലാണ് വിമാനങ്ങളെ തരംതിരിക്കുന്നത്.
* ടൈപ്പ് 1000 വിഭാഗത്തില്‍പ്പെടുന്നവ ഏതുനേരവും ആവശ്യത്തിന് ഉപകരിക്കത്തക്കരീതിയില്‍ സജ്ജമാക്കി നിര്ത്തുന്നവയാണ്. ഇവയില്‍നിന്നും ഭാഗങ്ങള്‍ ഒന്നും നീക്കം ചെയ്യില്ല.
* ടൈപ്പ് 2000 വിഭാഗത്തിലുള്ളവയുടെ മികച്ച ഭാഗങ്ങള്‍ ഊരിയെടുത്ത് മറ്റുവിമാനങ്ങള്ക്കുള്ള ഭാഗങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു.
* ടൈപ്പ് 3000 ഏതാണ്ട് പറക്കാന്‍ പറ്റുന്നതരത്തിലാവും. മറ്റൊരു യൂണിറ്റിലേക്ക് കൈമാറുകയോ നന്നാക്കി മറ്റുരാജ്യങ്ങള്‍ക്കു വിൽക്കുകയോ ചെയ്യും.
* ടൈപ്പ് 4000 -ത്തില്‍ കൊള്ളാവുന്നവ എന്തെങ്കിലും ഉണ്ടെങ്കില്‍ അഴിച്ചുമാറ്റി ശേഷിക്കുന്നവ ഇരുമ്പുവിലയ്ക്ക് ആക്രിക്ക് കൊടുക്കും.
പൊതുവേ ജീവനക്കാര്‍ക്കുമാത്രം പ്രവേശനമുള്ള ഇവിടെ നടക്കുന്ന ബസ് ടൂര്‍ വഴി മറ്റുള്ളവര്‍ക്കും ഇവിടം കാണം. താഴെ ഇറങ്ങാന്‍ അനുവാദമില്ലാത്ത ഒന്നര മണിക്കൂര്‍ നീളുന്ന ബസ് യാത്രയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവാദമുണ്ട്.
ഒരു വലിയ ബസ്സ്റ്റാന്റുപോലും വലിപ്പം കൊണ്ട് നമ്മളെ അമ്പരപ്പിക്കുമ്പോളാണ് ഇവിടെ 4400 വിമാനങ്ങള്‍ വൃത്തിയില്‍ അടുക്കിയിട്ടിരിക്കുന്നത്. യുദ്ധക്കൊതിയും സാമ്രാജ്യത്തമോഹങ്ങളും ഉണ്ടാക്കിയ വിമാനങ്ങള്‍ അവയുടെ ജീവല്ദശകഴിയുമ്പോള് കൊണ്ടുപോയി പാര്‍ക്കുചെയ്യുന്ന സ്ഥലതിന്റെ വലിപ്പംപോലും നമുക്ക് സങ്കല്പ്പിക്കാന് ആവുന്നതിലും എത്രയോ മടങ്ങാണ്. ഈ ലോകഗോളത്തിന്റെ മറ്റൊരുമൂലയ്ക്കിരിക്കുന്ന നമ്മള് കഥയെന്തുകണ്ടു? Я V įɒɿɒγɒniV