1959 ലാണ് ആൽബി ഡിക്രൂസ്(സര്‍വീസ് നമ്പര്‍ 141222) തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ അസം റൈഫിൾസിൽ ചേരുന്നത്. തൊട്ടടുത്ത വർഷമായിരുന്നു ഗറില്ലാ ആക്രമണം. ലാൻസ് നായിക്ക് ആയിരുന്ന ആൽബിക്കായിരുന്നു ആക്രമണം നടന്ന പോസ്റ്റിലെ സിഗ്നൽ കമ്യൂണിക്കേഷന്റെ ചുമതല. വയർലെസ് സെറ്റു വഴി ആക്രമണ വിവരങ്ങൾ ഹെഡ് ക്വാർട്ടേഴ്സിൽ അറിയിക്കുകയായിരുന്നു ജോലി. അശോക ചക്ര നേടുന്ന ആദ്യ മലയാളി കൂടിയാണ് ആൽബി എന്നറിയുമ്പോഴാണ് ഒരു ജനത അദ്ദേഹത്തോട് കാട്ടിയ അവഗണനയുടെ ചിത്രം പൂർത്തിയാകുന്നത്. നാഗാ ഗറില്ലകൾ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സജീവമായിരുന്ന കാലം. ഗറില്ലാ ആക്രമണത്തിൽനിന്നു രാജ്യത്തെ കാത്തിരുന്ന അസം റൈഫിൾസിന്റെ ഒരു പോസ്റ്റ് . ഇന്ത്യൻ യൂണിയനിൽ താല്പര്യമില്ലാതിരുന്ന നാഗന്മാരെ മെരുക്കാൻ നിയോഗിക്കപ്പെട്ട ആസ്സാം റൈഫിൾസ് യൂണിറ്റിലെ കമ്മ്യൂണിക്കേഷന്റെ ചുമതല ആൽബിക്കായിരുന്നു. ഏകദേശം അൻപതോളം പട്ടാളക്കാരുടെ യൂണിറ്റിനെ അഞ്ഞൂറോളം വരുന്ന നാഗ പടയാളികൾ വളഞ്ഞു. പടക്കോപ്പും വെടിമരുന്നുമൊക്കെ അവസ്സാനിക്കാറായി. ആക്രമണം തുടങ്ങി ആദ്യ ദിവസം വൈകിട്ട് വയർലെസ് എൻജിൻ പ്രവർത്തിപ്പിക്കുന്നതിനുള്ള മണ്ണെണ്ണ തീർന്നതിനാൽ റേഡിയോ കമ്മ്യൂണിക്കേഷനും സാധ്യമല്ലാതായി. അല്പം അകലെ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്തുകൊണ്ടുവരാൻ ചുമതലപ്പെട്ട ജവാൻമാർ ഭയപ്പെട്ടു, കാരണം ബങ്കറിന് ചുറ്റും നാഗന്മാരുടെ വെടിയൊച്ചകൾക്കു പുറമെ അമ്പുകളും മൂളിപ്പറക്കുകയായിരുന്നു. തന്റേതല്ലാത്ത ദൗത്യം ആൽബി സ്വയം ഏറ്റെടുത്തു. ഇരുട്ടിന്റെ മറവുപറ്റി ആൽബി ഒറ്റക്കു പോയി ഇന്ധന ബാരൽ ചുമന്നു കൊണ്ടു വന്നു. താമസിയാതെ റേഡിയോ ബന്ധം പുനഃസ്ഥാപിക്കുകയും കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. രണ്ടാം ദിവസമാണു സേനയുടെ ഹെലികോപ്റ്ററിൽ ആയുധങ്ങളെത്തി. പക്ഷെ ആകാശത്തു നിന്ന് നിലത്തിട്ട രണ്ടു പെട്ടി ആയുധങ്ങളിൽ ഒരെണ്ണം ക്യാമ്പിനു പുറത്താണ് വീണത്. രണ്ടു സാധ്യതകൾ അപ്പോൾ ആസാം റൈഫിൾസ് നേതൃത്വം തിരിച്ചറിഞ്ഞു. ഒന്ന് അത്രയും ആയുധങ്ങൾ നഷ്ടപ്പെടാം, രണ്ട്, ആയുധങ്ങൾ നാഗാ ഗറില്ലകളുടെ കയ്യിൽ കിട്ടിയാൽ അവർ പട്ടാള ക്യാമ്പ് ചുട്ടെരിക്കും. പക്ഷെ ധൈര്യമായി ആരു ചെന്നു ആയുധമെടുക്കും ? റേഡിയോ ഓഫീസറിനു ആയുധങ്ങളുടെ യാതൊരു ഉത്തരവാദിത്വമില്ല. പക്ഷെ ആൽബി അല്ലാതെ മറ്റൊരാൾ ഈ ഓപ്പറേഷന് തയ്യാറുമല്ലായിരുന്നു. തീ തുപ്പുന്ന നാഗാ ആക്രമണങ്ങൾക്കിടയിലൂടെ ആൽബി ആയുധത്തിനടുത്തെത്തി. പക്ഷെ ഒറ്റക്കു എടുത്താൽ പൊങ്ങാവുന്നതിലും അധികമായിരുന്നു ഭാരം. തോളിലെടുത്തും, വലിച്ചും, ഇടക്ക് ഒന്ന് നടുവു നിവർത്തിയും ആൽബി വിജയകരമായി ദൗത്യം പൂർത്തിയാക്കി. തീരെ ചെറിയ ഒരു കാര്യമാണ് താൻ നിർവഹിച്ചത് എന്നു കരുതിയതു പോലെയായിരുന്നില്ല സൈനീക മേധാവികൾ ഈ നടപടികളെ കണ്ടത്. കാരണം അറുപതുകളിൽ ഒരു ഇന്ത്യൻ പട്ടാള ക്യാമ്പ് തകർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സ്വതന്ത്ര നാഗാലാൻഡ് എന്ന സ്വപ്നത്തിലേക്ക് അവർ കൂടുതൽ അടുക്കുമായിരുന്നു. ഇന്ത്യക്കും ഒരു ദിവസം മുമ്പേ സ്വാതന്ത്ര്യം പ്രഖ്യാപിച്ച നാഗന്മാർ സ്വതന്ത്ര നാഗാലാൻഡ് എന്ന ഉറപ്പു 1929 ൽ തന്നെ ബ്രിട്ടീഷുകാരിൽ നിന്നും വാങ്ങിയിരുന്നു. ഇന്നത്തെ മണിപ്പൂരിലും ആസ്സാമിലും അരുണാചൽ പ്രദേശിലും ബർമ്മയിലുമായി പരന്നു കിടക്കുന്ന പഴയ ‘നാഗാ ഹിൽസ് ‘ ഒരുമിച്ചു കിട്ടുക എന്നതായിരുന്നു അവരുടെ നൂറ്റാണ്ടു പഴക്കമുള്ള ആവശ്യം. ചൈനയുടെ കൂടി പിന്തുണയുള്ള ഈ ലക്ഷ്യത്തിലോട്ടു ഒരു പടി കൂടി നീങ്ങാൻ കഴിയുമായിരുന്ന ആക്രമണത്തെയാണ് വെറുമൊരു റേഡിയോ ഓഫീസറായ ആൽബിയുടെ സമയോചിതമായ നടപടികളിലൂടെ സൈന്യം തകർത്തത്. ഒരു ‘ സ്വതന്ത്ര നാഗരാജ്യ’ മായി മാറി ഇന്നത്തെ പാക്കിസ്ഥാൻ നൽകുന്ന തലവേദനകൾ പോലെ മറ്റൊരെണ്ണം രാജ്യത്തിന്റെ കിഴക്കു വശത്തും രൂപം കൊടുക്കുന്നതിൽ നിന്നും ഒഴിവാക്കിയതിൽ നിർണ്ണായക പങ്കു വഹിച്ചു.
1962 ലാണ് ആൽബിയുടെ ധീരതയെ രാജ്യം അശോകചക്ര(ക്ലാസ് മൂന്ന്) നൽകി ആദരിച്ചത്. ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിൽ നിന്നാണ് അശോക ചക്ര സ്വീകരിച്ചത്. അനുമോദിക്കാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും എത്തിയിരുന്നു.യുദ്ധേതര ഘട്ടത്തില്‍ കാട്ടുന്ന വീര്യം, ധീരമായ പ്രവര്‍ത്തനം , സ്വമേധയായുള്ള ത്യാഗം എന്നിവ പരിഗണിച്ചാണ് ഇന്ത്യന്‍ സേന അശോക ചക്രം നല്‍കുന്നത്. യുദ്ധ കാലഘട്ടത്തില്‍ നല്കുന്ന പരം വീരചക്രത്തിന് സമാനമാണ് അശോകചക്രവും.
മരണാനന്തര ബഹുമതിയായി സൈനികനോ സിവിലിയനോ ഈ ബഹുമതി ലഭിക്കാം. സ്വാതന്ത്ര്യത്തിന് ശേഷം നാല്പതോളം പേര്‍ക്ക് മാത്രമേ അശോക ചക്രം ലഭിച്ചിട്ടുള്ളൂ. സൈനിക ഓഫിസര്‍മാര്‍, സിവിലിയന്മാര്, വ്യോമസേനാംഗങ്ങള്‍, റഷ്യ ന് കോസ്മനോട്ടുകള്‍ എന്നിവര്‍ക്ക് ധീരതയ്ക്കുളള ബഹുമതിയായി അശോക ചക്രം ലഭിച്ചിട്ടുണ്ട്.1952-ല്‍ നല്കാന് തുടങ്ങിയ അശോകചക്ര പുരസ്കാരം ആദ്യകാലത്ത് ക്ലാസ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. 1967-ല്‍ ക്ലാസ് അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ഇല്ലാതായി. ഈ പുരസ്കാരങ്ങള്‍ അശോകചക്ര, കീര്‍ത്തിചക്ര, ശൗര്യചക്ര എന്നിങ്ങനെ വെവ്വേറെ പേരുകളില്‍ അറിയപ്പെടാനും തുടങ്ങി.
അസുഖം കാരണം 1975-ല്‍ പട്ടാളത്തില്‍നിന്നു വിരമിച്ച ആല്‍ബി, പിന്നീട് ജീവിതം കണ്ടെത്തിയത് ദുബായിലാണ്. അവിടെ വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ വില്പനശാലയില് ഉദ്യോഗസ്ഥനായി. പിന്നീട് ചെറിയതുറയിലേക്കു മടങ്ങി. ഇപ്പോള്‍ ഭാര്യ മെറ്റില്‍ഡയും മക്കളും ചെറുമക്കളുമൊക്കെയുള്ള കുടുംബത്തില്‍ വിശ്രമജീവിതം നയിക്കുന്നു.
Pscvinjanalokam