മാമത്തുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ നീളന്‍ കൊമ്പുകളും രോമാവൃതമായ ശരീരവും ഹിമയുഗവും ഒക്കെ നമ്മുടെ മനസ്സില്‍ കടന്നു വരും . പതിനായിരക്കണക്കിന് മുന്‍പുള്ള ഭൂമിയാവും നാം അപ്പോള്‍ സങ്കല്‍പ്പിക്കുക . പക്ഷെ ഒറ്റപ്പെട്ടു കിടക്കുന്ന ചില ദ്വീപുകളില്‍ പ്രകൃതി ചിലപ്പോള്‍ ചില രഹസ്യങ്ങള്‍ ഒളിപ്പിച്ച് വെക്കും . മനുഷ്യസ്പര്‍ശം ഏല്ക്കാതെ ദൂരെ മാറി കിടക്കുന്ന ഇത്തരം ഭൂശകലങ്ങള്‍ എന്നും അത്ഭുതങ്ങളുടെ കലവറയാണ് . ആസ്ത്രേല്യായും ന്യൂസിലാണ്ടും മടഗാസ്ക്കറും ഒക്കെ ഇതിനുദാഹരണങ്ങള്‍ ആണ് . ഇതാ ഈ ഗണത്തിലേക്ക് മറ്റൊരു ദ്വീപ് കൂടി . ഉത്തര ധ്രുവത്തിനടുത്ത് റഷ്യന്‍ വന്‍കരയില്‍ നിന്നും നൂറ്റിനാല്‍പ്പത് കിലോമീറ്ററോളം വടക്കുമാറി ആർടിക് സമുദ്രത്തിലുള്ള തണുത്തുറഞ്ഞ ഒരു മായാ ലോകം ! Wrangel ദ്വീപ് . 7,600 km2 വിസ്തീർണ്ണം ഉള്ള ഈ വമ്പന്‍ ദ്വീപ് നൂറ്റാണ്ടുകളോളം ആധുനിക മനുഷ്യന് പിടികൊടുക്കാതെ മറഞ്ഞിരിക്കുകയായിരുന്നു ! ഏകദേശം മൂവായിരം കൊല്ലങ്ങൾക്ക് മുൻപ് ഭക്ഷണ കുറവ് കാരണവും കാലാവസ്ഥ വ്യതിയാനം മൂലവും അവസാന വൂളി മാമോത്ത് ഭൂമിയോട് വിട പറഞ്ഞത് റാൻഗൽ ദ്വീപിലെവിടെയോ ആയിരുന്നു! നീണ്ട പതിനെട്ടു കൊല്ലങ്ങള്‍ ദ്വീപിനെ കുറിച്ച് പഠിച്ച , WWF സയന്റിസ്റ്റ് ആയ Mikhail Stishov പറയുന്നതിങ്ങനെ ആണ്
“When you go to Wrangel , you’re going back hundreds of thousands of years. It’s a place of ancient biodiversity, but it’s also very fragile.”
കണ്ടുപിടുത്തവും അവകാശവാദങ്ങളും !
===========================
1764 ല്‍ Sergeant Stepan Andreyev തന്റെ യാത്രക്കിടയില്‍ ഈ ദ്വീപ് കാണുകയും അവിടെ പണ്ട് മനുഷ്യന് താമസിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു . ഈ റിപ്പോര്‍ട്ട് കാണാന്‍ ഇടയായ Ferdinand von Wrangel (1797–1870) , ഇവിടേക്ക് പുറപ്പെട്ടെങ്കിലും കനത്ത മഞ്ഞും മോശമായ കാലാവസ്ഥയും കാരണം ഇവിടെ ഇറങ്ങാന്‍ കഴിഞ്ഞില്ല. Chukchi എസ്ക്കിമോകളുടെ ഇടയില്‍ പറഞ്ഞു കേട്ട ഒരു കഥയാണ് ഈ പര്യവേഷകരെ എല്ലാം സൈബീരിയാക്ക് വടക്ക് സാമാന്യം വലിപ്പം ഉള്ള ഒരു ദ്വീപ് ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന നിഗമനത്തില്‍ എത്തിച്ചത് . അവരുടെ കഥ അനുസരിച്ച് Krachai എന്നൊരു നേതാവും അയാളുടെ അനുയായികളും പണ്ടെങ്ങോ ഉത്തരധ്രുവത്തില്‍ താമസമുറപ്പിക്കുവാന്‍ യാത്ര തിരിച്ചിരുന്നു . അവര്‍ ഇപ്പോഴും അവിടെ എവിടെയോ ഉണ്ട് എന്ന വിശ്വാസം ഇവര്‍ ഇപ്പോഴും വെച്ച് പുലര്‍ത്തുന്നുണ്ട് . Stepan Andreyev കണ്ട മനുഷ്യ സാന്നിധ്യത്തിന്റെ തെളിവുകള്‍ ഇവര്‍ ശേഷിപ്പിച്ചതാവാം എന്നാണ് ഇപ്പോള്‍ വിചാരിക്കുന്നത് . 1849 ല്‍ Henry Kellett എന്ന ബ്രിട്ടീഷുകാരന് ഇതിനു അറുപത് കിലോമീറ്റര്‍ കിഴക്ക് മാറിയുള്ള Herald ദ്വീപില്‍ ചെന്നിറങ്ങി . അവിടെ നിന്നും നോക്കിയ കെല്ലറ്റ് , മഞ്ഞു മൂടി കിടക്കുന്ന മറ്റൊരു വലിയ ദ്വീപ് താന്‍ കണ്ടെതായി റിപ്പോര്‍ട്ട് ചെയ്തു . 1881 ല്‍ ജര്‍മ്മന്‍ തിമിംഗല വേട്ടക്കാരന് ആയ Eduard Dallmann ഈ ദ്വീപില്‍ ചെന്നിറങ്ങിയതായി അവകാശപ്പെട്ടു . 1867 ല്‍ അമേരിക്കന്‍ തിമിംഗല വേട്ടക്കാരന് ആയ Thomas Long, Wrangel ദ്വീപില്‍ ചെന്നിറങ്ങുകയും ഈ സ്ഥലം അമേരിക്കയുടെതാണെന്ന് അവകാശം ഉന്നയിക്കുകയും ചെയ്തു . പിന്നീട് പല അമേരിക്കന്‍ നാവികരും ഇതേ പാത പിന്തുടര്ന്നു .
പക്ഷെ 1911 ല്‍ റഷ്യന്‍ പര്യവേഷക നേതാവായ Boris Vilkitsky തന്റെ കൂട്ടരുമൊത്തു ഇവിടെ ചെല്ലുകയും , ദ്വീപ് എന്നന്നേക്കുമായി റഷ്യന്‍ സാമ്രാജ്യത്തിലേക്ക് ചേര്‍ക്കുകയും ചെയ്തു . പക്ഷെ ഈ ദ്വീപിനോടുള്ള ലോക രാജ്യങ്ങളുടെ ഭ്രമം അവിടം കൊണ്ട് തീര്‍ന്നില്ല ! കാനഡയും , അമേരിക്കയും ജപ്പാനും ഇവിടെ തങ്ങളുടെ ആളുകളെ കൊണ്ട് താമസിപ്പിച്ച് ദ്വീപ് സ്വന്തമാക്കാന്‍ വരെ ശ്രമിക്കുകയുണ്ടായി ! പക്ഷെ 1924 ല്‍ സോവിയറ്റ് യൂണിയന് ഇവരെയെല്ലാം അവിടെ നിന്നും ഒഴിപ്പിച്ചു ( ആ ദ്വീപില്‍ ജനിച്ച ഒരു കുട്ടിയും അപ്പോള്‍ അവരുടെ കൂടെ ഉണ്ടായിരുന്നു !! ) പിന്നീട് ചിലര്‍ കുറച്ചു റെയിന്‍ ഡീയര്‍ മാനുകളെ ഇവടെ കുടിപാര്‍പ്പിക്കുവാന്‍ ശ്രമിച്ചു . ഇറച്ചി കയറ്റുമതി ആയിരുന്നു ലക്ഷ്യം . അവസാനം 1976 ല്‍ ഇതൊരു പരിസ്ഥിതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയും ഒന്നൊഴികെ ബാക്കിയുള്ള സെറ്റില്‍ മെന്റുകള്‍ ഒക്കെ കുടിയോഴുപ്പിക്കുകയും മാനുകളെ നിശേഷം നശിപ്പിക്കുകയും ചെയ്തു . 2004 ല്‍ UNESCO ഈ പ്രദേശം World Heritage List ല്‍ ഉള്‍പ്പെടുത്തി .
മാമത്തുകളുടെ അവസാന തുരുത്ത് !
===========================
ചരിത്രാതീത കാലത്ത് Wrangel ദ്വീപ് , ഏഷ്യന്‍ വന്‍കരയോട് ചേര്‍ന്നായിരുന്നു സ്ഥിതി ചെയ്തിരുന്നത് . ആ സമയത്ത് മാമത്തുകളുടെ ഒരു ചെറു കൂട്ടം ഇവിടെ എത്തി ചേര്‍ന്നിരിക്കാം എന്ന് അനുമാനിക്കുന്നു . പിന്നീട് വന്‍കരയില്‍ നിന്നും വേര്‍പെട്ട ഈ ഭൂവിഭാഗത്തില്‍ പിന്നീട് ഒരു കാലത്ത് ആയിരത്തോളം മാമത്തുകള്‍ മേഞ്ഞു നടന്നിരുന്നു എന്നാണ് ഈ ദ്വീപില്‍ നിന്നും ലഭിച്ച അനേകം ഫോസിലുകളില്‍ നിന്നും ഗവേഷകര്‍ ഊഹിക്കുന്നത് . ഭൂമിയിലെ മറ്റു മാമത്ത് വര്‍ഗ്ഗങ്ങള്‍ ഒക്കെയും നാമാവിശേഷമായിട്ടും വീണ്ടും ഒരു ആറായിരം കൊല്ലങ്ങളോളം ഈ ദ്വീപിലും സെയ്ന്റ് പോൾ ദ്വീപിലും (Saint Paul Island -Alaska) മാമത്തുകള്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു ! മനുഷ്യവാസം ഇല്ലാതെ ഒറ്റപ്പെട്ടു കിടന്നതിനാലും ഭൂപ്രകൃതി കാരണം മറ്റു കാലാവസ്ഥാ വ്യതിയാനങ്ങള്‍ എല്ക്കാതിരുന്നതിനാലും ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് കരുതപ്പെടുന്നു . 1900 വരെയും ഈ മേഖലയില്‍ നടന്ന മിക്ക മനുഷ്യ പ്രയാണങ്ങളും Wrangel ദ്വീപില്‍ എത്തിച്ചേരാതെ പരാജയമടയുകയായിരുനു . പലരും ദൂരെ നിന്നും കണ്ടു മാത്രം റിപ്പോര്‍ട്ട് ചെയ്ത ഈ ദ്വീപ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭ കാലങ്ങളില്‍ പോലും പലരും ഒരു മിത്ത് മാത്രമായി ആണ് കണ്ടിരുന്നത് .
ധ്രുവക്കരടികളുടെ പ്രസവ വാര്‍ഡ് !
=========================
ഇന്ന് UNESCO യുടെ World Heritage List ൽ പെട്ട ഇവിടെയാണ് ഏറ്റവും കൂടുതൽ ധ്രുവ കരടികൾ പ്രസവ കാലം കഴിച്ചു കൂട്ടുവാൻ തിരഞ്ഞെടുക്കുന്നത് . “Polar bear maternity ward” എന്നാണ് ഈ ദ്വീപിനെ വിശേഷിപ്പിക്കുന്നത് ! (world’s largest denning ground for polar bears). ഏകദേശം നാനൂറോളം അമ്മക്കരടികളെ ആണ് ഓരോ വര്‍ഷവും ഈ ദ്വീപില്‍ ‘അഡ്മിറ്റ് ” ചെയ്യുന്നത് ! ഇവ കൂടാതെ Pacific walruses (കടല്‍ പശു ) ഇവിടെ ധാരാളം ഉണ്ട് . ഏഷ്യയില്‍ snow goose (Chen caerulescens) കൂട് കൂട്ടുന്നത് ഈ ദ്വീപില്‍ മാത്രമാണ് ! arctic foxes നെ ഇവിടെ കണ്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ഇത്രയേറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാവാം ( കൂട്ടത്തില്‍ പ്രകൃതി വാതകവും ) ചില അമേരിക്കന്‍ ദേശീയ വാദികള്‍ ഈ ദ്വീപിനു അവകാശവാദം ചിലപ്പോഴൊക്കെ ഉന്നയിക്കുന്നത് .
ജൂൾ വേണിന്റെ (Jules Verne) César Cascabel എന്ന നോവലിന്റെ പശ്ചാത്തലം ഈ ദ്വീപാണ് . muskox ന്റെ ചിത്രം ആണ് താഴെ കാണുന്നത് .