Collecting knowledge For you !

ഉപഗ്രഹങ്ങളുടെ ഉപയോഗം

By:
Posted: January 23, 2018
Category: Space
Comments: 0
download palathully android app ! >>>> Get!

നൂറ്റിനാല് ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് വിക്ഷേപിക്കുക വഴി ഇന്ത്യ ഒരിക്കൽക്കൂടി അന്താരാഷ്ട്ര രംഗത്ത് ഉപഗ്രഹ സാങ്കേതികവിദ്യയിൽ നമ്മുടെ വൈദഗ്ദ്ധ്യംതെളിയിച്ചിരിക്കുകയാണ്. വാസ്തവത്തിൽ ഉപഗ്രഹങ്ങളുടെ മാർക്കറ്റിലെ ഏറ്റവും വലിയ ഡിസ്‌റപ്റ്റീവ് ഫോഴ്‌സാണ് ഇന്ത്യ എന്നുപറയാം. ഇന്ത്യ ഈ രംഗത്ത് എത്തുന്നതിനു മുൻപ് ഒന്നാം കിട രാജ്യങ്ങൾക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു, ഉപഗ്രഹവിക്ഷേപണം. അവിടുത്തെ ശാസ്ത്രജ്ഞന്മാരുടെ ഉയർന്ന ശമ്പളവും ഉപഗ്രഹവിക്ഷേപണത്തിനും മറ്റുമുള്ള വലിയ ചെലവും കാരണം ഈ രംഗത്തെ സേവനവും വളരെ ചിലവുള്ളതായിരുന്നു.



ഞാൻ ആദ്യമായി ഒരു ഉപഗ്രഹ ചിത്രം വാങ്ങിയത് 1995 ലാണ്, അന്നതിന് ഇരുപതിനായിരം ഡോളറോളം ചിലവായി. ഇപ്പോൾ അതേ ഭൂവിഭാഗത്തിന്റെ അതിലും കൂടുതൽ വിവരങ്ങളടങ്ങിയ, മിഴിവുമുള്ള ചിത്രങ്ങൾക്ക് നൂറു ഡോളറിൽ താഴെയേ വിലയുള്ളൂ. ഇതിന്റെ ഒരു പ്രധാന കാരണം ഇന്ത്യ ഈ രംഗത്ത് എത്തിയതാണ്.അതോടെ വികസിതരാജ്യങ്ങൾക്ക് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന്റെയോ ചിത്രങ്ങളുടെയോ മാർക്കറ്റ് നിയന്ത്രിക്കാൻ പറ്റാതായി. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാർക്ക് ഉപഗ്രഹചിത്രങ്ങളുപയോഗിച്ച് ഗവേഷണം മുതൽ നയരൂപീകരണം വരെ നടത്താമെന്നായി.

തീർച്ചയായും നമ്മുടെ ശാസ്ത്രജ്ഞന്മാർ അഭിനന്ദനം അർഹിക്കുന്നു. ‘പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ ശൂന്യാകാശത്തേക്ക് റോക്കറ്റ് വിട്ട് കാശു കളയുന്നു’ എന്നൊക്കെ നമ്മുടെ ഗവേഷണത്തെ നമ്മളും മറ്റു നാട്ടുകാരും കുറ്റം പറഞ്ഞിട്ട് പതിറ്റാണ്ടുകളേ ആയിട്ടുള്ളു. ലക്ഷ്യബോധമുള്ള നേതൃത്വവും പതിറ്റാണ്ടുകളോളം നീണ്ട സധൈര്യമായ നിക്ഷേപവുമുണ്ടെങ്കിൽ നമ്മുടെ ശാസ്ത്രജ്ഞർ ലോകത്താരോടും കിടപിടിക്കും എന്നുമാത്രമല്ല, അവരെക്കാൾ ചെലവ് കുറഞ്ഞ് കാര്യങ്ങൾ ചെയ്യുമെന്നതിന്റെ ഉദാഹരണം കൂടിയാണിത്.

ഉപഗ്രഹങ്ങളെ കൊണ്ട് പ്രപഞ്ചത്തെയും ശൂന്യാകാശത്തേയും അടുത്തറിയുന്നത് തൊട്ട് കാലാവസ്ഥ പ്രവചിക്കുന്നത് വരെ പല ഉപയോഗങ്ങളുണ്ട്. ഭൂമിയിൽ ഏതൊരാളുടെയും സ്ഥലത്തിന്റെയും വസ്തുവിന്റെയും സ്ഥാനം കൃത്യമായി നിർണ്ണയിക്കുന്ന ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം, ഭൂമിയുടെ ഉപഗ്രഹ ചിത്രമെടുത്ത് അതിൽ നിന്നും അനവധി കാര്യങ്ങൾ മനസ്സിലാക്കുന്ന റിമോട്ട് സെൻസിംഗ് എന്നിങ്ങനെ ലോകത്തിൽ എല്ലാവർക്കും ഗുണമുള്ള ഏറെ കാര്യങ്ങളാണ് ഉപഗ്രഹങ്ങൾ കൊണ്ട് നടത്താവുന്നത്. എന്നാൽ കേരളത്തിൽ ഐ എസ് ആർ ഓ ഒക്കെ ഉണ്ടെന്ന് വലിയ അഭിമാനത്തോടെ നമ്മൾ പറയുമെങ്കിലും, അവർ സാധ്യമാക്കുന്ന ഉപഗ്രഹ സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ സമൂഹത്തിനു വേണ്ടി ഉപയോഗിക്കുന്നതിൽ നാം ഏറെ പിന്നിലാണ്. തൊഴിലിന്റെ ഭാഗമായി എപ്പോഴും ഉപഗ്രഹ സാങ്കേതികെ വിദ്യകൾ ഉപയോഗിക്കുന്ന ഒരാളെന്ന നിലക്ക് ഇതെന്നെ വിഷമിപ്പിക്കാറുണ്ട്. കേരളത്തിൽ ഒരു റിമോട്ട് സെൻസിംഗ് ഏജൻസി ഉണ്ടെന്നും, കേരളത്തിലെ ദുരന്തനിവാരണ വകുപ്പിൽ ഉൾപ്പെടെ ഈ വിഷയത്തിൽ അറിവും കഴിവുമുള്ളവർ ഏറെയുണ്ടെന്നും അറിയാതെയല്ല ഞാനിത് പറയുന്നത്. ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എന്തൊക്കെ സാധ്യമാണോ അതിന്റെ ഒരംശം പോലും നമ്മൾ ഉപയോഗിക്കുന്നില്ല എന്ന് ഓർമ്മിപ്പിക്കുകയാണ് ചെയ്യുന്നത്. നമുക്കുള്ള വിദഗ്ദ്ധരെയും ചിലവ് കുറഞ്ഞ ഉപഗ്രഹ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്താൻ പാകത്തിന് നമ്മുടെ നിയമങ്ങളും ഔദ്യോഗിക സംവിധാനവും വളർന്നിട്ടില്ല എന്നതാണ് എന്നെ ചിന്തിപ്പിക്കുന്നത്.

ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന കാര്യം ആദ്യം പറയാം. കേരളത്തിൽ ഇപ്പോളും ഭൂമിയുടെ അളവ് നടത്തുന്നത് ചെയിൻ ലിങ്ക് ഉപയോഗിച്ചാണ്. 1620-ൽ ഇംഗ്ളീഷുകാരനായ എഡ്‌മണ്ട് ഗുണ്ടർ ആണ് ഈ ചെയിൻ കണ്ടു പിടിച്ചത്. എന്നാൽ ഇംഗ്ലണ്ടിൽ ഇപ്പോൾ മ്യൂസിയത്തിൽ അല്ലാതെ മറ്റൊരിടത്തും ഈ ചെയിൻ ഇല്ല, ഔദ്യോഗികമായി ഒരു സർവെയ്‌ക്കും ഇത് ഉപയോഗിക്കുന്നുമില്ല. ചെയിനിലും എത്രയോ കൃത്യമായി, എളുപ്പത്തിൽ ഉപഗ്രഹങ്ങൾ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം ഉപയോഗിച്ച് സർവ്വേ ചെയ്യാനുള്ള സംവിധാനം കഴിഞ്ഞേ നൂറ്റാണ്ടിലേ ഉണ്ട്. ഇക്കാര്യത്തിൽ നാമിപ്പോഴും പതിനേഴാം നൂറ്റാണ്ടിലാണ്.

കേരളത്തിലെ പ്രധാന സാമൂഹ്യപ്രശ്നങ്ങളായ പാടം നികത്തൽ, അനധികൃത ക്വാറി, വനം, കായൽ, പുഴയോരം കൈയേറ്റ പ്രശ്നങ്ങളൊക്കെ ഒറ്റയടിക്ക് കണ്ടുപിടിക്കാൻ സംസ്ഥാനമെമ്പാടും ഉപഗ്രഹചിത്രങ്ങളുടെ വിശകലനത്തിലൂടെ എളുപ്പത്തിൽ സാധിക്കും. നമ്മൾ ഇപ്പോഴും പുതിയതായി സ്ഥലം കൈയേറി അതിൽ വലിയൊരു തെങ്ങു പിഴുതു കൊണ്ടുവന്നു വെച്ചിട്ട് ‘അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ’ ഞങ്ങളിവിടെ താമസക്കാരാണെന്ന് വാദിക്കുന്ന തറ വേല വരെ കാണിക്കുന്നവരാണ്. ഇപ്പോൾ ലഭ്യമാകുന്ന ഉപഗ്രഹ ചിത്രത്തിൽ പുതിയായി വരുന്ന ഇത്തരം തെങ്ങു പോലും കണ്ടുപിടിക്കാൻ പറ്റുമെന്നിരിക്കെയാണ് ഈ സാധ്യത നാം ഉപയോഗിക്കാതിരിക്കുന്നത്. കേരളത്തിന്റെ മുഴുവൻ ഭൂവിഭാഗത്തിന്റെയും ഹൈ റെസൊലൂഷൻ ഉപഗ്രഹ ചിത്രം എടുത്ത് അതിൽ ഈ നൂറ്റാണ്ടിന്റെ ആദ്യം മുതൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ കമ്പൂട്ടർ വഴി തന്നെ വിശകലനം ചെയ്യാം. എന്നിട്ട് നിയമ വിരുദ്ധമായി തോന്നുന്ന കയ്യേറ്റങ്ങൾ കേരളത്തിലെ സിവിൽ എഞ്ചിനീയിറിംഗ് വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് വെരിഫൈ ചെയ്യുന്ന (ഗ്രൗണ്ട് ട്രൂത്തിങ് എന്ന് റിമോട്ട് സെൻസിങ്ങിലെ സാങ്കേതിക പ്രയോഗം) ഒരു പ്രോജക്ട് നടത്തിയാൽ ഒറ്റയടിക്ക് കേരളത്തിന്റെ വ്യാപകമായ ചിത്രം കിട്ടും. ഇതിനു പകരം ഓരോ പാടവും, ക്വാറിയും, ഫ്ലാറ്റും പ്രത്യേകമായെടുത്ത് നമ്മൾ കയ്യേറ്റത്തെ അന്വേഷിക്കാൻ പോയാൽ ഒരു കാലത്തും ഇതിന് പരിഹാരം ഉണ്ടാവില്ല.

പുറകോട്ടു നോക്കാൻ മാത്രമല്ല, മുന്നോട്ടു നോക്കാനും ഉപഗ്രഹചിത്രങ്ങൾ ഉപയോഗിക്കാം. കേരളത്തിലെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും സ്ഥലവിനിയോഗം, ജലത്തിന്റെ ഒഴുക്ക്, പ്രകൃതിയുടെ അവസ്ഥയും വ്യവസ്ഥയും, അപകടങ്ങളുടെ സാധ്യത, കാലാവസ്ഥാ വ്യതിയാനത്തിന്റെ സാധ്യതകൾ ഇവയെല്ലാം ഉൾപ്പെടുത്തി കാര്യങ്ങൾ തീരുമാനിച്ചാൽ മാത്രമേ നമുക്ക് സുസ്ഥിരവികസനം സാധ്യമാകൂ. ഇതാകട്ടെ, ഉപഗ്രഹചിത്രങ്ങളും സങ്കേതങ്ങളും ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ഇങ്ങനെയൊരു ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് സംയോജിപ്പിച്ച് സ്ഥലവിനിയോഗത്തിന്റെ പ്ലാനിങ് ചെയ്യുന്ന കാര്യത്തിൽ നാം എങ്ങുമെത്തിയിട്ടില്ല.

ഒരുവർഷത്തിൽ നാലായിരം മലയാളികൾ റോഡിൽ മരിക്കുന്ന, നാൽപ്പതിനായിരം അപകടങ്ങൾ ഉണ്ടാകുന്നു. നിരവധിയാളുകൾ അപകടഫലമായി പരിക്കിൽ നിന്നും മോചനമില്ലാതെ ജീവിതകാലം മുഴുവൻ ജീവിക്കുന്നു. റോഡിലെ നിയമങ്ങൾ പാലിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. കേരളത്തിലെ റോഡിൽ ഓരോ മീറ്ററിലും കാവൽ ഏർപ്പെടുത്താൻ കേരളത്തിലെ പോലീസിനോ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനോ സാധിക്കില്ല. എന്നാൽ ഇൻട്രാ വെഹിക്കിൾ മോണിറ്ററിങ് സിസ്റ്റം എന്ന സംവിധാനം എല്ലാ വാഹനങ്ങളിലും നിർബന്ധമാക്കി അതിൽ നിന്നും കിട്ടുന്ന വിവരങ്ങൾ ഓരോ മാസത്തിന്റെയും അവസാനം കമ്പ്യൂട്ടർ വഴി വിശകലനം ചെയ്‌താൽ പതിനായിരക്കണക്കിന് നിയമലംഘകരെ ഒറ്റയടിക്ക് പിടികൂടാം. ഉപഗ്രഹത്തിന്റെ കണ്ണിൽ പൊടിയിടാനോ കൈക്കൂലി കൊടുത്ത് രക്ഷപെടാനോ പറ്റില്ല എന്നുവന്നാൽ നിയമലംഘനം കുറയും. ഇതേ വിവരം ഇൻഷുറൻസ് കമ്പനികൾക്ക് ലഭ്യമാക്കിയാൽ യാതൊരു നിയന്ത്രണവുമില്ലാതെ വണ്ടി ഓടിക്കുന്നവരുടെ ഇൻഷുറൻസ് തുക കൂട്ടാം, നിയമം അനുസരിക്കുന്നവരുടേത് കുറക്കാം. ഇതുകൊണ്ടൊക്കെ ആളുകളുടെ പെരുമാറ്റത്തിൽ മാറ്റം വരും, റോഡുകൾ കൂടുതൽ സുരക്ഷിതമാകും.

നാൽപത്തിനാല് നദികൾ നമുക്കുണ്ടെങ്കിലും അതിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള റഗുലർ സംവിധാനം നമുക്കില്ല. മണ്ണൊലിപ്പ് തടയൽ തൊട്ട് ഓക്സിജന്റെ നിലവാര നിയന്ത്രണം വരെ ഉപഗ്രഹ ചിത്ര നിരീക്ഷണങ്ങളാൽ ഇപ്പോൾ ലോകം ചെയ്യുന്നു. വരൾച്ചക്കാലത്ത് വനങ്ങളിലെ ചെടികളിലെ ഈർപ്പം, കാട്ടുതീക്ക് എവിടെയാണ് സാധ്യത എന്നിവയെല്ലാം ഉപഗ്രഹം വഴി കണ്ടുപിടിക്കാം. കരയിലും കടലിലും കാണപ്പെടുന്ന ജലത്തിന്റെ അളവും ഗുണവും മാത്രമല്ല, ഭൂഗർഭജലം എവിടെയാണ് ആപൽക്കരമായി കുറയുന്നത് എന്ന് കണ്ടുപിടിക്കാനുള്ള കാമറക്കണ്ണുകൾ വരെ ഇപ്പോൾ ലോകത്തുണ്ട്. തീരദേശത്തു കൂടി പോകുന്ന കപ്പലുകൾ എന്തെങ്കിലും മാലിന്യം നമ്മുടെ കടലിൽ തള്ളുന്നുണ്ടോ എന്നു കണ്ടുപിടിക്കാൻ റഡാർ ഉപഗ്രഹങ്ങൾ ഉപയോഗിക്കാം. ഇങ്ങനെ പരിസ്ഥിതി ദുരന്ത ലഘൂകരണ രംഗത്ത് സ്വർണ്ണഖനിയാണ് ഉപഗ്രഹങ്ങൾ. ഇതൊക്കെ പിന്നീട് ആലോചിക്കേണ്ട കാര്യമല്ല, ഒരു പത്തു വർഷമായിട്ടെങ്കിലും ഞാൻ ചെയ്യുന്ന കാര്യമാണ്.

പരിസ്ഥിതി രംഗത്ത് മാത്രമല്ല, കൃഷി രംഗത്തും ആരോഗ്യരംഗത്തും കുറ്റാന്വേഷണരംഗത്തും ഉൾപ്പെടെ നമുക്ക് പ്രയോജനമുള്ള മിക്കവാറും എല്ലാ വിഷയങ്ങളിലും ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. റിമോട്ട് സെൻസിങ്ങിലും ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റത്തിലും ജോലി ചെയ്യുന്ന അനവധി മലയാളികളുണ്ട്. അതല്ലാതെ തന്നെ തൊഴിലിന്റെ ഭാഗമായി റിമോട്ട് സെൻസിങ്ങും ജി ഐ എസും ഉപയോഗിക്കുന്ന അനവധി മലയാളികൾ കേരളത്തിനകത്തും പുറത്തുമുണ്ട്. ടെക്നോ പാർക്കിൽ ഇത് ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തുള്ളവർക്ക് വേണ്ടിയാണ് സേവനം ചെയ്യുന്നത് എന്നുമാത്രം.

ഉപഗ്രഹങ്ങളുടെ വ്യാപകമായ ഉപയോഗത്തിന് മൂന്ന് കാര്യങ്ങൾ നാം നിർബന്ധമായും ചെയ്യണം.

1 . റിമോട്ട് സെൻസിങ്ങിന്റെയും മറ്റ് ഉപഗ്രഹ ബന്ധിത സാങ്കേതികവിദ്യകളുടെയും സാധ്യതകളെ പറ്റി നമ്മുടെ എല്ലാ രംഗത്തുമുള്ള, നയരൂപീകരണത്തിലെയും, നടത്തിപ്പിലെയും, ജുഡീഷ്യറിയിലെയും നേതൃത്വത്തെ ബോധവൽക്കരിക്കണം.

2 . ബയോളജി, എൻജിനീയറിങ്, നിയമം ഉൾപ്പെടെ കേരളത്തിലെ എല്ലാ ഡിഗ്രി കോഴ്‌സുകളിലും റിമോട്ട് സെൻസിങ്ങും ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റവുമെല്ലാം പഠനത്തിന്റെ ഭാഗമാക്കണം

3. ആരോഗ്യം മുതൽ ആഭ്യന്തരം വരെയുള്ള വിഷയങ്ങളിൽ ലോകത്തെ വികസിത രാജ്യങ്ങൾ എങ്ങനെയാണ് ഉപഗ്രഹ ബന്ധിത സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതെന്ന് ഒരു ടെക്‌നോളജി വൈറ്റ് പേപ്പർ ഉണ്ടാക്കണം. ഇതിനുവേണ്ടി ലോകത്ത് ഈ വിഷയത്തിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പടെയുള്ള ഒന്നാം കിട വിദഗ്ദ്ധരുടെ ഒരു അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കണം.

ഉപഗ്രഹങ്ങൾ കൊണ്ടുള്ള പ്രയോഗികവശങ്ങൾ നമ്മുടെ കൃഷിയുടെയും പ്ലാനിങ്ങിന്റെയും ഒക്കെ ഭാഗമാകുമ്പോളാണ് നാം നമ്മുടെ സ്‌പേസ് ടെക്നോളജിയെപ്പറ്റി ശരിക്കും അഭിമാനിക്കേണ്ടത്. അതുവരെ കുങ്കുമത്തിന്റെ ഗന്ധമറിയാതെ ശാസ്ത്രജ്ഞന്മാർക്ക് പത്മശ്രീയും കൊടുത്ത് നാം മുകളിലേക്കും നോക്കി ഇരിക്കുകയേയുള്ളു.

(മുകളിൽ പറഞ്ഞതിലൊന്നും താല്പര്യമില്ലെങ്കിലും മുകളിലേക്ക് നോക്കി ഒരു മനുഷ്യനിർമ്മിത ഉപഗ്രഹം കാണണമെന്നുള്ളവർക്ക് ഈ ലിങ്കിൽ പോയാൽ അതിനുള്ള സൗകര്യം കിട്ടും. https://spotthestation.nasa.gov/sightings/)


Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *