കൊറിയയില്‍ നിന്ന് നോര്‍ത്ത് ജപ്പാനിലെ ഹോക്കൈടോ സ്ട്രൈറ്റ് വഴി ഈസ്റ്റ് സൈബീരിയന്‍ സീയിലെ തണുത്ത കാറ്റും കൊണ്ട് സൂര്യനെയൊന്നും കാണാതെ അലൂഷ്യന്‍ ദ്വീപിന്റെ ഉത്തരഭാഗത്തുള്ള കൊടുങ്കാറ്റു കാലാവസ്ഥയില്‍ അമേരിക്കയിലേക്ക് ശാന്ത സമുദ്രം വഴി സ്ഥിരമായി പോയ ഒരു കാലമുണ്ടായിരുന്നു. മുടിഞ്ഞ തണുപ്പിനെ പ്രാകുമ്പോള്‍ കോഴിക്കോട് നിന്നുള്ള കപ്പിത്താന് അജിത് വടക്കയില്‍ പറയും “ ആര്‍ട്ടിക് സമുദ്രവും സൈബീരിയയും കൊണ്ട് ശാന്ത സമുദ്രത്തിന്റെ വടക്ക് ഭാഗത്തിന് ഒരിക്കലും ശാന്തമായിരിക്കാന്‍ കഴിയില്ലെന്ന്. നോര്‍വ്വെയിലെ ഹാവിക്കില്‍ നല്ല തണുപ്പുള്ള കാലാവസ്ഥയില്‍ ശീതക്കാറ്റു പ്രകമ്പനത്തോടെ വന്നാല്‍ മൈനസ് ഇരുപത്തിരണ്ടുവരെ താഴോട്ട് പോയ താപനിലയാണ് എന്റെ ജീവിതത്തില്‍ അനുഭവിച് കൂടിയ തണുപ്പ്. എന്നാല്‍ മൈനസ് അരുപത്തെട്ട് ഡിഗ്രിവരെ താഴോട്ടു പോകുന്ന സൈബീരിയയിലെ ഒരു ജനവാസ കേന്ദ്രത്തെക്കുറിച്ച് റഷ്യക്കാര്‍ പറഞ്ഞിട്ടാണ് ഞാന്‍ അറിയുന്നത്.
റഷ്യയുടെ എഴുപത്തെട്ടു ശതമാനം ഭൂപ്രദേശം, ഏകദേശം പറഞ്ഞാല്‍ ആസ്ത്രേലിയയുടെ വലുപ്പമുള്ള ഒരു ഹിമഭൂമി, അതാണ് സൈബീരിയ.
ഭൂമിയുടെ ഒന്‍പതു ശതമാനം സൈബീരിയക്ക് അവകാശപ്പെട്ടതാണ്.
ജനസംഖ്യാ ആനുപാതത്തില്‍ നോക്കിയാല്‍ വളരെ കുറഞ്ഞ ജനസാന്ദ്രതയുള്ള ഭൂമിയിലെ ഒരു കൊച്ചു രാജ്യം എന്ന് സൈബീരിയയെക്കുറിച്ച് പറയാം.
തണുപ്പിനാല്‍ മൂടിക്കിടക്കുന്നത് കണ്ട് ഉറങ്ങുന്ന ഭൂമി എന്നൊരു വിശേഷണം സൈബീരിയയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.
അഞ്ഞൂറ് മില്ലിയന്‍ വര്‍ഷങ്ങളുടെ ഭൂമിശാസ്ത്ര ചരിത്രം, നാല്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യരുടെ മൂന്നു മുന്‍കാല സ്പീഷീസ് ജീവിച്ചു വന്നതിന്റെ തെളിവുകള്‍. അങ്ങിനെയുള്ള റഷ്യന്‍ സൈബീരിയയിലെ ഒരു കൊച്ചു വില്ലേജാണ് ഒയ്മ്യക്കോന്‍. സ്ഥിരമായൊരു ജനജീവിതമുള്ള ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ഒരു പ്രദേശമാണിത്. താപനില താഴോട്ട് പോയാല്‍ മൈനസ് അറുപത്തെട്ട് ഡിഗ്രിവരെ പോകും. ഇത് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ചെറിയൊരു വിറയനുഭവപ്പെടുന്നില്ലേ?.
അതിശൈത്യകാലാവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ തികച്ചും പ്രവര്‍ത്തനരഹിതമായിരിക്കുമിവിടെ.
കൃഷിക്ക് അനുയോജ്യമായ സ്ഥലമല്ലാത്തത് കൊണ്ട് ഇവിടെ താമസിച്ചു വരുന്ന അഞ്ഞൂറോളം ജനങ്ങള്‍ ഹിമക്കലമാനുകളുടെയും കുതിരകളുടെയും ഇറച്ചി തിന്നു ജീവിക്കുന്നു. ഭോജനരീതിയിലുള്ള വ്യത്യാസം കൊണ്ട്പോലും പോഷകാഹാരക്കുറവു രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
തണുത്തുറഞ്ഞുപോകുന്ന കാലാവസ്ഥയില്‍ കൂടുതല്‍ കലോറിയുള്ള ഭക്ഷണം കഴിചില്ലെങ്കില്‍ അതി ശൈത്യത്തെ അവര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല.
കൊടും തണുപ്പില്‍ ജീവിക്കുന്നവരുടെ വാഹനങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും സ്റ്റാര്‍ട്ട് ചെയ്ത് വെച്ചിട്ടുണ്ടാകും.
മരിച്ചയാളുടെ ശവമടക്കിനു ചുരുങ്ങിയത് മൂന്നു ദിവസം മുന്‍പേ കുഴി എടുത്ത് തുടങ്ങണം. കല്‍ക്കരി പുകച്ച് ഐസ് കട്ടകള്‍ ഉരുക്കിയശേഷം കുഴിയെടുത്ത് അതില്‍ വീണ്ടും കല്‍ക്കരി പുകച്ചു ആവശ്യമായ ആഴം വെട്ടിയെടുക്കാന്‍ അത്ര എളുപ്പമല്ല. (ഉത്തര ധ്രുവത്തിനടുത്തുള്ള എന്റെ സാല്ബാട് യാത്രയില്‍ ഞങ്ങളുടെ നോര്‍വ്വീജിയന്‍ ഡ്രൈവര്‍ ഇതേ സ്ഥിതിയാണ് അവിടെയുമെന്നു പറഞ്ഞത് ഓര്‍മ്മ വരുന്നു. ശവമടക്കി രണ്ടോ മൂന്നോ മാസം കഴിഞ്ഞു ചെന്ന് നോക്കിയാലും മരിച്ചയാള്‍ അത് പോലെ കിടക്കുന്നുണ്ടാവും. ശൈത്യകാലങ്ങളില്‍ ബോഡി ഉറഞ്ഞു ജീര്‍ണ്ണിച്ചുപോവാന്‍ അവര്‍ ഓസ്ലോയില്‍ കൊണ്ട് പോയി ശവമടക്ക് നടത്തുകയാണ് ഇതിനു കണ്ട ഒരു പരിഹാരം).
ജനുവരിയില്‍ മൈനസ് 52 ഡിഗ്രീയൊക്കെയായിരിക്കും ഇവിടുത്തെ താപനില. വോഡ്ക തണുത്ത് മരവിച്ചു പോകുന്ന കാലാവസ്ഥ.
എന്നാല്‍ വേനല്‍ കാലത്ത് അത് പതിനെട്ടു ഡിഗ്രീവരെ ഉയര്‍ന്നും പോകും.
ഉത്തരധ്രുവത്തില്‍ താപനിലയിലെ ഗണ്യമായ വ്യത്യാസം രേഖപ്പെടുത്തുന്നതും ഇവിടെത്തന്നെ.
സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മൈനസ് ഇരുപത് ഡിഗ്രീയൊന്നും വലിയൊരു ബുദ്ധിമുട്ടായി അനുഭവപ്പെടാത്തവിധം ജീവിത ചക്രങ്ങളില്‍ അവര്‍ താഥാമ്യം പ്രാപിച്ചുപോയിട്ടുണ്ട്. മൈനസ് മുപ്പത്തെട്ടു കഴിഞ്ഞാല്‍ തണുപ്പ് അനുഭവിച്ചു തുടങ്ങുന്നെന്നൊരു തോന്നല്‍, അതാണ് വടക്ക് കിഴക്കന്‍ സൈബീരിയന്‍ ജീവിത രീതി.
പൊതുവേ സൈബീരിയന്‍ ജനങ്ങള്‍ക്ക് മോശമായ ഒരു ആരോഗ്യനിലയുണ്ടാവില്ല, കാരണം അത്തരക്കാര്‍ അവിടെ ആ കാലാവസ്ഥയെ അതിജീവിക്കനാവില്ല.
റഷ്യയുടെ എഴുപത്തെട്ടു ശതമാനം ഭൂപ്രദേശമുള്ള ഈ സ്ഥലത്ത് ദൂരത്തെ അളക്കുമ്പോള്‍ ആയിരം മൈല്‍ ഒന്നും തന്നെയല്ല എന്ന് അവര്‍ പറയും.
ഒരു സുഹൃത്തിനെയോ കുടുംബാംഗങ്ങളെയോ കാണാന്‍ ഇരുനൂര് മൈലുകളോളം വാഹനമോടിച്ച് പോവുന്നത് ഒരു നിത്യ സംഭവം. കാലാവസ്ഥയുടെ അതി തീവ്രതയെ അതിജയിക്കുന്നവരുടെ മനസ്ഥൈര്യത്തിനു മുന്പില് നമുക്കെല്ലാം നാളേക്ക് നീട്ടിവെക്കാനെ കഴിയൂ.
ഒയ്മ്യക്കോന്‍ ഒരത്ഭുതമാണ്. ഒന്നോ രണ്ടോ ചുക്ക് കാപ്പി കൊണ്ട് മാറ്റിയെടുക്കാവുന്നതല്ല ഇവിടുത്തെ തണുപ്പിന്റെ ചരിത്രം.
ശൈത്യകാലത്ത് വളരെ അപകടകരമായ മഞ്ഞു പാതകളിലൂടെ സൈബീരിയയുടെ വിദൂര മേഖലകളില്‍ ജീവിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും മറ്റു ജീവിതാവശ്യങ്ങള്‍ക്കുമുള്ള സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ട്രക്കുകള്‍ ആണ് അവരുടെ ജീവനാഡി. നിയതമായ ഒരു മാര്‍ഗ്ഗ രേഖ വെളിപ്പെടുന്ന പാതകള്‍ മഞ്ഞിനാല്‍ മൂടപ്പെട്ടാല്‍ പിന്നെ യാത്ര അത്യന്തം ദുഷ്കരമാവും. പല വഴികളിലും അറിയപ്പെടാത്ത ഗര്‍ത്തങ്ങള്‍ ഉണ്ടാവും. ചിലയിടങ്ങളില്‍ ചങ്ങാടങ്ങളില്‍ ദിവസങ്ങളോളം നദിയിലൂടെ സഞ്ചരിച് വീണ്ടും മഞ്ഞു പാതകളിലെക്ക് ട്രക്കുകള്‍ കയറിവരുമ്പോള്‍ മൂക്ക് കുത്തി ആഴമുള്ള മഞ്ഞു കുഴികളിലെക്ക് ട്രക്കുകള്‍ ആഴ്ന്നിറങ്ങിപ്പോവും.
തെന്നിത്തെറിക്കുന്ന റോഡുകളില്‍ നിന്ന് ഓഫ് റോഡായ വണ്ടികള്‍ തിരിച്ചു കൊണ്ടുവരാന്‍ സഹായത്തിനു ചിലപ്പോള്‍ ദിവസങ്ങളോളം കാത്തിരിക്കെണ്ടിവരുന്നതും യാത്രയുടെ ഭാഗം തന്നെ. White jungle എന്നറിയപ്പെടുന്ന മഞ്ഞു അല്ലാതെ മറ്റൊന്നും ഇല്ലാത്ത ഇത്തരം മേഖലകളില്‍ ഒറ്റപ്പെടുന്ന ട്രെക്കുകളിലെ മനുഷ്യര്‍ക്ക് ഓരോ രാത്രിയും ഓരോ ജന്മമാണ്. വേനല്‍കാലത്ത് ഈ റോഡുകള്‍ ചളിനിറഞ്ഞ മഞ്ഞിനെക്കള്‍ ദുഷ്കരമായ പാതകളായി മാറുന്നു. നദികളിലൂടെ ഇറങ്ങിപ്പോവുന്ന ട്രക്കുകളെ ചിത്രങ്ങളില്‍ കാണാം. ഏത് കാലാവസ്ഥയിലും ജീവിതം പ്രകൃതിയോടു പോരാടുകയെന്ന ഒരേയൊരു പാഠം പഠിച്ചു മുന്നേറുന്നവര്‍.
ഹിമഭൂവില്‍ ജീവന് നിലനിറുത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് സ്വന്തം ജീവന് അപകടത്തിലാക്കി ഒരു യാത്രയാണ് ഇവരുടേത്.
എണ്ണയും, ഗ്യാസും, ധാതുക്കളും, ലോഹങ്ങളും അടങ്ങിയ ഒരു ഖനി തന്നെയാണ് സൈബീരിയ. കുറ്റവാളികളെ അടിമകളെ പോലെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇവിടുത്തെ പല റോഡുകളും മുന്‍കാലങ്ങളില്‍ ഉണ്ടാക്കിയിരുന്നത്.
സൈബീരിയന്‍ ആദിമനിവാസികള്‍ക്ക് വോഡ്കയും മാംസവും കൊടുത്ത് പുതിയ കച്ചവട രാജാക്കന്മാര് അവരെ ഉപയോഗപ്പെടുത്തി കാലാവസ്ഥയെ അതിജീവിക്കുന്ന ജോലികള്‍ ചെയ്യിച്ചു കൊണ്ട് വികസനങ്ങള്‍ക്ക് രൂപം കൊടുക്കുന്നതാണ് ഇന്നത്തെ ചരിത്രം. അതില്‍ സ്വര്‍ണ്ണഖനി വരെ ഉള്‍പ്പെടും.
മാഫിയകളും അതിന്റെ പിറകില്‍ ഉണ്ടെന്നത് ഒരു സത്യവൃത്താന്തം. ഇതോടനുബന്ധിചുള്ള ജോലികളാണ് സൈബീരിയില്‍ കൂടുതലും. വിദേശികള്‍ക്ക് ജോലി കിട്ടാനുള്ള ചാന്‍സില്‍ അറിയപ്പെടുന്നത് ഇന്ഗ്ലിഷ് ടീച്ചര്‍മാരുടെ സേവനമാണ്.
നമ്മുടെ നാട്ടിലെ അമ്പലങ്ങളില്‍ കാണുന്ന ദൈവദര്‍ശനങ്ങള്‍ വിളിച്ചു പറയുന്ന കോമരങ്ങളെ പോലെ സൈബീരിയന്‍ ഗോത്രങ്ങളില്‍ അറിയപ്പെടുന്ന ഒരു വിഭാഗമാണ് ഷോമാന്ഗ്. വോഡ്കയടിച് കൂണുകള്‍ തിന്നു കൊണ്ട് തുള്ളി തുള്ളി കാലാവസ്ഥയെക്കുറിച്ചും ഭക്ഷണ ശേഖരത്തെക്കുറിച്ചും ഒരു ഉള്‍വിളിപോലെ അയാള്‍ വിളിച്ചു പറയും. ഗോത്രജീവികള്ക്ക് അയാള്‍ പ്രകൃതിയില്‍ നിന്ന് മരുന്ന് നല്കുന്നവനും ഭാവിയെക്കുറിച്ച് അറിയുന്നവനുമാണ്.
നാനട്ട്സ് ഗോത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നത് പോലെ മറ്റു റഷ്യക്കാര്‍ക്കോ സാധാരണ സൈബീരിയനോ ഭക്ഷണം കഴിക്കാന്‍ പറ്റില്ല. കാരണം അവര്‍ കഴിക്കുന്നത് വേവിക്കാത്ത മൃഗങ്ങളുടെ മാംസമാകുന്നു.
നവമ്പര്‍ ആദ്യം മുതല്‍ ജനുവരി ഒടുവില്‍ വരെ വെളിച്ചമില്ലാത്ത പോളാര്‍ രാത്രികളില്‍ പിടിച്ചു നില്ക്കാന് വളരെയധികം കലോറിയുള്ള ഭക്ഷണം ആവശ്യമാണ്. മലമടക്കുകളില്‍ മൈനസ് 50 മുതല്‍ 60 വരെ താപനില താഴുമ്പോള്‍ ഹിമക്കലമാനുകളുടെ രക്തവും പച്ചമാംസവും കഴിച്ചായിരിക്കും ഇവര്‍ ജീവിക്കുക. (ചിത്രങ്ങള്‍ കാണുക).
വിശേഷ ദിവസങ്ങള്‍ക്ക് വേണ്ടിയും അതിജീവനത്തിനു വേണ്ടിയും ഇവര്‍ തയ്യാറാക്കുന്ന ഒരു ഡിഷ് ആണ് ‘കൊപ്പെലിഹാം’ ഒരു ദിവസം കൊണ്ട് തയ്യാറാക്കാന്‍ പറ്റുന്ന ഒരു ഭക്ഷണമല്ല ഇത്. ഹിമക്കലമാനുകളുടെ മാംസമാണ് സാധാരണയായി ഇതിനു ഉപയോഗിക്കുക. മാനുകളെ കൊല്ലുന്നതിനു മുന്‍പ് കുറച്ചു ദിവസം പട്ടിണിക്കിടും. അതിന്റെ ആന്തരാവയവങ്ങളില്‍ മലിനമായതൊന്നുമിനിയില്ല എന്ന് അവര്‍ക്ക് വിശ്വാസമാവുമ്പോള് രക്തം പുറത്തു വരാതെ ഈ മൃഗത്തിനെ കൊന്നു മഞ്ഞിനടിയില്‍ എടുത്ത പ്രത്യേകം കുഴികളില്‍ മാസങ്ങളോളം കുഴിച്ചുമൂടും. ശേഷം അതിനെ പുറത്തെടുത്ത് അതില്‍ നിന്ന് വരുന്ന വിരകള്‍ വേവിക്കാതെ കഴിച്ചു ജീവിക്കും. അതില്‍ നിന്ന് കിട്ടുന്ന പ്രോട്ടീന്‍ അത്രയ്ക്ക് ജീവനശക്തി നല്‍കുന്നത് കൊണ്ടാണ് നൂറുക്കണക്കിന് വര്‍ഷങ്ങളായി ചിലപ്പോള്‍ മൈനസ് എഴുപത്തൊന്നു ഡിഗ്രീവരെ പോയ താപനില അവര്‍ അതിജീവിച്ചു ഈ ഗോത്രം നിലനില്‍ക്കുന്നതെന്ന് അവര്‍ പറയുന്നു. ചീഫ് എന്ജിനീയരുടെ ഒരു റഷ്യന്‍ സുഹൃത്ത് ഇതൊന്നു കഴിച്ചു നോക്കി ഒരാഴ്ച്ചത്തോളം ഹോസ്പിറ്റലില്‍ കിടന്നുവന്നത് മറ്റൊരു കഥ.
എന്ത് കൊണ്ട് അവര്‍ വേവിക്കാതെ മാംസം കഴിക്കുകയും ധാന്യം വേവിച്ചു കഴിക്കുകയും ചെയ്യുന്നു എന്നൊരു ചോദ്യം ഞാന്‍ എന്റെ ചീഫിനോട് ചോദിച്ചിരുന്നു.
ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് അതാത് മേഖലകളില്‍ ജീവിക്കുന്ന മൃഗങ്ങളുടെ മാംസങ്ങളില്‍ മിനറല്‍സിനും നമുക്ക് അനാരോഗ്യം ഉണ്ടാക്കുമെന്നു തോന്നുന്ന വസ്തുക്കള്‍ക്കും വ്യത്യാസമുണ്ട്. വളരെ ഉയര്‍ന്ന തോതില്‍ പോഷക സമ്പുഷ്ടമായ മാംസമാണ് സൈബീരിയില്‍ കിട്ടുന്നത്. അത് പാകം ചെയ്താല്‍ അതിലെ പോഷകഘടകങ്ങള്‍ പെട്ടെന്ന് നഷ്ടപ്പെടും, മാംസം കൂടുതല്‍ ദിവസത്തേക്ക് സൂക്ഷിച്ചു വെക്കാനും സാധ്യമല്ല. അവര്‍ക്ക് ലഭിക്കുന്ന ധാന്യങ്ങള്‍ ബോയില്‍ ചെയ്തു സൂപ്പാക്കി കുടിക്കുമ്പോള്‍ ശരീരത്തിലെ ഉഷ്മാവിന്റെ തോത് കൂടിവരും. നമ്മുടെ ദഹനരീതിക്ക് യോജ്യമല്ലാത്ത അതിജീവനത്തിന്റെ പ്രകൃതി സവിശേഷമാണിത്.
താപനില മൈനസ് അമ്പതോ അറുപതോ ആവട്ടെ ജനജീവിതം ഒയ്മ്യക്കോനി ല്‍ മാറ്റമില്ലാതെ തുടരും. കുട്ടികള്‍ സ്കൂളില്‍ പോയി വന്നാല്‍ ബാക്കി സമയം മുഴുവന്‍ വീട്ടില്‍ തന്നെ. താപനില ഒരു പരിധിവരെ നിയന്ത്രിച്ചിട്ടുള്ള സ്കൂളിലോ വീട്ടിലോ അല്ലാതെ പുറത്ത് പത്തോ ഇരുപതോ മിനിട്ടേ കുട്ടികളെ വിടുന്നുള്ളു. ശുദ്ധവായു ശ്വസിക്കുന്നത് അതിസാഹസമാവുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥ എന്നല്ലാതെ മറ്റെന്തു പറയാന്‍.
ഇങ്ങനെയൊരു ജീവിതം നമ്മള് അറിഞ്ഞിട്ടില്ല. അതിജീവനം ഒരു വെല്ലുവിളിയായി നമ്മുടെ മുന്പില് ഇല്ലാത്തിടത്തോളം കാലം അദ്ധ്വാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ നമ്മള് നമ്മളുടെ സമയം വിനിയോഗിക്കുന്നത് അപരന്റെ ജീവിതത്തില്‍ എന്ത് നടക്കുന്നു എന്നറിയാനാവാം. ഈ വീക്ഷണം തെറ്റായിരിക്കാം, പക്ഷെ സൈബീരിയില്‍ മനുഷ്യര്‍ അനുഭവിച്ചറിഞ്ഞു ജീവിക്കുന്നതിനു വെറുമൊരു ദ്രിക്സാക്ഷിയായി സമയം കൊല്ലാനും വേണ്ടി മാത്രമുള്ളതല്ല എന്റെ ജീവിതമെന്ന് ആ ചര്‍ച്ചയുടെ ഒടുവില്‍ എനിയ്ക്ക് തോന്നി. ഹിമം മനുഷ്യനോടു പറയുന്ന ജീവനകഥകളില് അതിശൈത്യം മാത്രമല്ല. നമ്മുടെ ഭൂവിതാനത്തിന്റെ ഒന്‍പത് ശതമാനത്തോളം ഉള്‍ക്കൊള്ളുന്ന ഒരു കൊച്ചു രാജ്യം പ്രകൃതിയോടു പടപൊരുതുന്ന ജീവല്കഥകളാണ്