ഒരു സെക്കൻഡിൽ എത്ര പ്രാവശ്യം ഒരു നിശ്ചിതതാളം ആവർത്തിക്കുന്നു എന്നതിന്റെ അളവാണു് ആവൃത്തി. സെക്കൻഡിൽ എത്ര ആവർത്തനം എന്ന എണ്ണമാണു് അതിന്റെ യൂണിറ്റ്. ആ യൂണിറ്റിന്റെ പേരു് ഹെർട്സ്.

പേരു കേൾക്കുമ്പോൾ തോന്നുന്നത്ര സങ്കീർണ്ണമൊന്നുമല്ല ഹെർട്സ്. ഒരു പാവം യൂണിറ്റാണതു്. സെക്കൻഡിൽ ഇത്ര പ്രാവശ്യം എന്നു മാത്രമേ അതിനർത്ഥമുള്ളൂ.

തുടർച്ചയായി, ക്രമമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തരംഗങ്ങൾക്കു് എടുത്തുപറയേണ്ട ഒരു പ്രത്യേകതയുണ്ടു്. അവയ്ക്കു് നിശ്ചിതമായ ഒരു ആവർത്തനതാളം ആവൃത്തി അഥവാ ഫ്രീക്വൻസി (f) ഉണ്ടായിരിക്കും.

അങ്ങനെ നിശ്ചിതമായ താളമുള്ള തരംഗത്തിനു് നിശ്ചിതമായ ഒരു തരംഗനീളവും കാണും. തരംഗനീളത്തെ ലേംഡ (lambda λ) എന്ന ചിഹ്നം കൊണ്ടാണു് പൊതുവേ സൂചിപ്പിക്കുന്നതു്.

അത്രതന്നെ പ്രധാനമായി, ആ ഒരു താളത്തിനു് കൃത്യമായി പൊരുത്തപ്പെടുന്ന ഒരു ഊർജ്ജനിലയും (e) കാണും.

തരംഗങ്ങളുടെ താളം (ഫ്രീക്വൻസി), നീളം, വേഗം (v) എന്നിവയെ അന്യോന്യം ബന്ധപ്പെടുത്താൻ പറ്റും. ഇതിൽ ഏതെങ്കിലും രണ്ടെണ്ണം അറിഞ്ഞാൽ മൂന്നാമത്തേതു് കണ്ടുപിടിക്കാം.

തവള ചാടുന്നതുപോലെയാണു് തരംഗങ്ങൾ സഞ്ചരിക്കുന്നതെന്നു കരുതുക. ചില തവളകൾ നീളം കൂടിയ കുറച്ചുചാട്ടം കൊണ്ടു് ലക്ഷ്യത്തിലെത്തുന്നു. മറ്റു ചില തവളകൾ നീളം കുറഞ്ഞ കുറേ കൂടുതൽ തവണ ചാടിയും എന്നും സങ്കൽപ്പിക്കുക. രണ്ടു തവളകളും ഒരേ സമയം കൊണ്ടു് ലക്ഷ്യത്തിലെത്തുകയും വേണം. അതായതു് അവയുടെ വേഗം ഒരുപോലെയിരിക്കണം.

അങ്ങനെ വരുമ്പോൾ ഓരോ തവളയുടേയും ചാട്ടത്തിന്റെ നീളത്തെ തരംഗദൈർഘ്യമെന്നും (λ) ഒരു സെക്കൻഡിൽ ചാടുന്ന ചാട്ടങ്ങളുടെ എണ്ണത്തെ ആവൃത്തി (f) എന്നും പറയാം.

ആവൃത്തി X തരംഗദൈഘ്യം = പ്രവേഗം

അല്ലെങ്കിൽ, fλ = v

തരംഗങ്ങൾ ഏതൊക്കെ തരത്തിലാവാം? വാസ്തവത്തിൽ പലതരം തരംഗങ്ങളൊന്നുമില്ല. ശബ്ദം, വെള്ളത്തിലെ അലകൾ, ഗിത്താറിലെ കമ്പികൾ, ചാഞ്ചാടിക്കൊണ്ടിരിക്കുന്ന പാലത്തിന്റെ ആട്ടം, ക്ലോക്കിലെ പെൻഡുലം എന്നിവയെ ഒക്കെ ഒരേ തരംഗസങ്കൽപ്പത്തിന്റെ വിവിധരൂപങ്ങളായി കാണാം. ഇവയെയെല്ലാം ഒറ്റ ഇനമായി കണക്കാക്കി യാന്ത്രിക തരംഗങ്ങൾ എന്നു വിചാരിക്കാം. ഒരേ തരം കണക്കുകൾ അവയിലൊക്കെ ഉപയോഗിക്കുകയുമാവാം.

ഇവ കൂടാതെ, മറ്റൊരു തരം തരംഗങ്ങളുമുണ്ടു്. അവയാണു് വൈദ്യുതകാന്തികതരംഗങ്ങൾ. (Electromagnetic waves).

റേഡിയോ, മൊബൈൽ ഫോൺ, സാറ്റലൈറ്റ് തുടങ്ങിയവയുടെ സിഗ്നലുകൾ, പ്രകാശം, റേഡിയേഷൻ രൂപത്തിലുള്ള ചൂട്, എക്സ്‌റേ, ഗാമാ കിരണങ്ങൾ തുടങ്ങിയവയെല്ലാം വൈദ്യുതകാന്തികതരംഗങ്ങളാണു്.

വൈദ്യുതകാന്തികതരംഗങ്ങൾക്കു് പൊതുവായി ഒരു പ്രത്യേകതയുണ്ടു്. ഒരേ മാദ്ധ്യമത്തിൽ, അവയുടെ എല്ലാത്തിന്റേയും വേഗം ഒരു നിശ്ചിതസംഖ്യയാണു്.
അതിനെ നാം പൊതുവേ വിളിക്കുന്നതു് പ്രകാശവേഗം എന്നാണു്. എന്നാൽ പ്രകാശത്തിനു മാത്രമല്ല, എല്ലാ തരം വിദ്യുത്കാന്തികതരംഗങ്ങൾക്കും അതേ വേഗം തന്നെയാണുള്ളതു്.

എന്തുകൊണ്ടാണു് ആ സംഖ്യ എന്നു് നമുക്കിപ്പോഴും കൃത്യമായി അറിയില്ലെങ്കിലും ശൂന്യതയിൽ അതെത്രയാണെന്നു് കൃത്യമായി കണക്കുകൂട്ടാൻ കഴിഞ്ഞിട്ടുണ്ടു്. 299,792,458 metres per second അല്ലെങ്കിൽ ഏകദേശം ഒരു സെക്കൻഡിൽ മൂന്നുലക്ഷം കിലോമീറ്റർ.

ഇതിൽ നിന്നും ഒരു കാര്യം ഉറപ്പിക്കാം: ആവൃത്തി എത്ര കുറയുന്നുവോ അത്രയും തരംഗനീളം കൂടും.

അതുകൊണ്ടെന്താ?

ഇത്രയും അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. ഈയൊരു കാര്യത്തിനു് നമ്മുടെ നിത്യജീവിതവുമായി ഒരു പാട് ബന്ധങ്ങളുണ്ടു്. സയൻസിൽ മാത്രമല്ല, മറ്റു പല രംഗങ്ങളിലും ഈ അടിസ്ഥാനതത്ത്വം നാമറിയാതെത്തന്നെ ഉപയോഗിക്കുന്നുമുണ്ടു്.

ചെവികൊണ്ട് നാം ഒരു ശബ്ദം കേൾക്കുന്നതും കണ്ണുകൊണ്ടു് ഒരു രൂപം കാണുന്നതും മുതൽ മൊബൈലിൽ നെറ്റ് കിട്ടുന്നതും മൈക്രോസ്കോപ്പിൽ ഒരു സൂക്ഷ്മജീവിയെ കാണാൻ പറ്റുന്നതും അത്യന്തം ഉയർന്ന ഊർജ്ജമുള്ള റേഡിയേഷൻ മൂലം കോശങ്ങളിൽ ക്യാൻസർ ഉണ്ടാവുന്നതും വരെ.

ഇത്തരം കാര്യങ്ങളിൽ, ഏതു തരം തരംഗങ്ങളാണോ പതിക്കുന്നതു് അതിന്റെ തരംഗദൈർഘ്യവും ഏതു തരം വസ്തുവിനെയാണോ അതു ബാധിക്കുന്നതു് അതിന്റെ വലിപ്പവും തമ്മിൽ നേരിട്ട് ബന്ധമുണ്ടു്.

തൽക്കാലം ഇത്ര മാത്രം വായിച്ചുമനസ്സിലാക്കി സദാ ഓർത്തുവെക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *