പൊതുവേ എല്ലാ പാണന്മാരും പറഞ്ഞുനടക്കുന്നതു് “ഒരേ കലണ്ടർ മാസത്തിൽ രണ്ടു പൗർണ്ണമികൾ (വെളുത്ത വാവു്) സംഭവിച്ചാൽ അതിനെയാണു് ഇംഗ്ലീഷിൽ ബ്ലൂമൂൺ എന്നു പറയുന്നതു്” എന്നാണു്.

എന്നാൽ അതുപോലും ശരിയല്ല! ഒരു ഋതുവിൽ (ഏതാണ്ട് മൂന്നുമാസം) അഥവാ നാലു വെളുത്ത വാവുകൾ (പൂർണ്ണചന്ദ്രന്മാർ) വന്നാൽ അതിലെ മൂന്നാമത്തെ വെളുത്ത വാവിനെയാണു് പത്തറുപതുകൊല്ലം മുമ്പു വരെ ബ്ലൂമൂൺ എന്നു വിളിച്ചിരുന്നതു്. ഒരു മാസികയിൽ തെറ്റായി അച്ചടിച്ചുവന്ന ഒരു കണക്കുപിഴയാണു് ഇപ്പോൾ പാണന്മാർ പാടി നടക്കുന്ന വ്യാഖ്യാനത്തിനു കാരണം!

ശരിക്കും ആദ്യം ബ്ലൂ എന്നായിരുന്നില്ല വാക്കു്. പഴയ ഇംഗ്ലീഷിൽ belewe എന്നു് വളരെ പഴയൊരു വാക്കുണ്ടായിരുന്നത്രേ. Belewe എന്നാൽ അർത്ഥം ‘വഞ്ചിക്കുക’ (betray) എന്നായിരുന്നുവെന്നുമത്രേ. സാമാന്യജനത്തിനു പെട്ടെന്നു കണക്കാക്കിയെടുക്കാൻ വയ്യാത്ത തരത്തിൽ അവരുടെ മാസക്കണക്കിനോടൊത്തുപോവാതെ ആകസ്മികമായി ഇടയ്ക്കൊരു വെളുത്ത വാവു വന്നാലോ? അമ്പിളിമാമന്റെ വരവു നോക്കി നോയ്മ്പു നോൽക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അതൊരു ചതിയാവും. അവരുടെ മാസമുറ തെറ്റും.

ആ belewe എന്ന പദം ആളുകൾ പറഞ്ഞുപറഞ്ഞു് പതിയെപ്പതിയെ blue എന്നായി. പിന്നെപ്പിന്നെ ചതിയൻ ചന്ദ്രൻ നീലച്ചന്ദ്രനായി മാറി. പഴയ നീലക്കുറുക്കന്റെ കഥ പോലെ.

(ഇങ്ങനെ അശ്രദ്ധകൊണ്ടു് വാക്കുകൾ പൂഴിക്കടകനടിച്ച് അർത്ഥം തിരിഞ്ഞുപോകുന്നതു് അപൂർവ്വമൊന്നുമല്ല. ഇംഗ്ലീഷിലെ Good, God, Vulgur, മലയാളത്തിലെ ‘കുട്ടിച്ചോർ‘ ഒക്കെ ഇതുപോലെ മൂലാർത്ഥം മാറിവന്ന വാക്കുകളാണു്. ഈ പ്രതിഭാസത്തെ folklore etymology എന്നാണു് വിളിക്കുക).

ചന്ദ്രന്റെ ചലനം അടിസ്ഥാനമാക്കി കണക്കാക്കുന്ന കലണ്ടറുകളും അവയെ അടിസ്ഥാനമാക്കി അനുഷ്ഠിക്കുന്ന ചില മതസംസ്കാരങ്ങളിലെ നോമ്പുവ്രതങ്ങളുമാണു് ബ്ലൂ മൂണിലെ ‘Blue‘ എന്ന വാക്കിനു് കാരണം.

അതെങ്ങനെയൊക്കെ എന്നതു സ്വല്പം കൂടി സങ്കീർണ്ണമായ ജ്യോതിശ്ശാസ്ത്രവിഷയമാണു്. ആ പഞ്ചാംഗഗണിതപ്രശ്നം ഇനിയും വേറൊരു കുറിപ്പിലാവട്ടെ.

ശരിക്കും നീലച്ചന്ദ്രൻ
===============
അപ്പോൾ ശരിക്കും നീലനിറത്തിൽ ചന്ദ്രനെ കാണാൻ പറ്റില്ലേ?

ഉവ്വു്.
വളരെ അപൂർവ്വമായി ചന്ദ്രനു നീലനിറവും തോന്നാം. പക്ഷേ അതിനു് ചില പ്രത്യേക സാഹചര്യങ്ങൾ വേണം. അതു മനസ്സിലാക്കുന്നതിനുമുമ്പ് പണ്ടു നമ്മളൊക്കെ സ്കൂളിൽ പഠിക്കേണ്ടിയിരുന്ന സ്വല്പം സയൻസും ഓർമ്മ വരുത്താം.

അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടിച്ചിതറി പ്രകാശത്തിലെ ഊർജ്ജം നഷ്ടപ്പെട്ടു പോവുമെന്നറിയാമല്ലോ. അതായതു് ഊർജ്ജരൂപത്തിൽ കടന്നുപോവുന്ന പ്രകാശതരംഗങ്ങൾ ഏതെങ്കിലും വസ്തുവിൽ തട്ടിയാൽ തട്ടിച്ചിതറി പല ദിശകളിലേക്കും പിളർന്നുപോവും. അങ്ങനെ പിളർന്നുപോവുന്നതെല്ലാം വിവിധ തരംഗദൈർഘ്യങ്ങളിലാവുകയും ചെയ്യും. ഇതിനെ അപകീർണ്ണനം എന്നു വിളിക്കാം.

വൈദ്യുതകാന്തികതരംഗങ്ങളുടെ നീളം മാറുന്നതിനനുസരിച്ച് രണ്ടു കാര്യങ്ങൾ മാറും. (1) അതിന്റെ ആവൃത്തി (frequency) (2) അതിന്റെ ഊർജ്ജനില.

തരംഗനീളത്തിന്റെ നേർ വിപരീത അനുപാതത്തിലായിരിക്കും ആവൃത്തിയും ഊർജ്ജനിലയും.
പ്രകാശവും വൈദ്യുതകാന്തികതരംഗം തന്നെയാണു്. അല്ലെങ്കിൽ, വൈദ്യുതകാന്തികതരംഗനിരയുടെ ഒരു പ്രത്യേക മേഖലയിൽ വരുന്ന തരംഗങ്ങളാണു് നാം ദൃശ്യപ്രകാശമായി കാണുന്നതു്. അതിൽ തന്നെ പല തരംഗനീളമുള്ളയുണ്ടു്. അവയെല്ലാം നാം ഓരോരോ നിറങ്ങളായി തിരിച്ചറിയുന്നു. ഏറ്റവും തരംഗദൈർഘ്യമുള്ളവ ചുവപ്പ്. ഏറ്റവും കുറവുള്ളതു് നീല, വയലറ്റ് തുടങ്ങിയവ.

മഴവില്ലു കണ്ടിട്ടില്ലേ? അതിൽ ഏഴു നിറങ്ങൾ ഉണ്ടെന്ന് നാം പൊതുവേ പറയാറുമുണ്ടു്. VIBGYOR (Violet, Indigo, Blue, Green, Yellow, Orange, Red എന്നിവയാണു് ആ സപ്തവർണ്ണങ്ങൾ). വായുവിൽ തങ്ങിനിൽക്കുന്ന കുഞ്ഞുകുഞ്ഞുവെള്ളത്തുള്ളികളിൽ സൂര്യപ്രകാശം തട്ടിച്ചിതറി പല കോണുകളിൽ വെട്ടിത്തിരിഞ്ഞ് നമുക്കുനേരേ വരുന്നതാണു് നമുക്കു് വർണ്ണശബളമായ മഴവില്ലായി തോന്നുന്നതു്.
(രാവിലെ മഴവില്ലു കാണുക ഏതുദിക്കിലാണു്? ഉച്ച തിരിഞ്ഞാലോ?)

ഇങ്ങനെ തട്ടിച്ചിതറുന്നതിനും കുറേ കണക്കൊക്കെയുണ്ടു്. എത്ര വലിപ്പമുള്ള പൊടിത്തരിയിലാണോ (അല്ലെങ്കിൽ ജലകണത്തിലോ വാതകതന്മാത്രയിലോ ആണോ) വെളിച്ചം വന്നുവീഴുന്നതു് ആ വലിപ്പവും വന്നുവീഴുന്ന പ്രകാശത്തിന്റെ തരംഗദൈഘ്യവും രണ്ടും അനുസരിച്ചാണു് അതിനു് അപകീർണ്ണനം സംഭവിക്കുക. വന്നുവീഴുന്ന തരംഗത്തിന്റെ നീളവും പൊടിയുടെ വലിപ്പവും കൃത്യം ഒരേ പോലെയായാൽ, ആ തരംഗത്തിന്റെ കാര്യം കട്ടപ്പൊക! അതായതു് ആ തരംഗത്തിനു് മുഴുവനായും അപകീർണ്ണനം സംഭവിച്ച് ഇൻഫ്രാറെഡ് തരംഗങ്ങളായി മാറും.

ഇൻഫ്രാറെഡ് തരംഗങ്ങളെ കണ്ണുകൾകൊണ്ട് കാണാൻ പറ്റില്ല. പക്ഷേ അവയെ നമുക്കു് തൊലികൊണ്ടു് ‘ചൂട്‘ എന്ന നിലയിൽ അനുഭവിക്കാം. വെയിൽ കൊള്ളുമ്പോൾ ദേഹം പൊള്ളുന്നതായി തോന്നുന്നതും അടുപ്പിനടുത്തു് നിൽക്കുമ്പോൾ ചൂടുതോന്നുന്നതും അപ്പോൾ നമ്മുടെ ദേഹത്തുപതിക്കുന്ന ഇൻഫ്രാറെഡ് കിരണങ്ങൾ മൂലമാണു്. കൊതുകു് ഇര പിടിക്കുന്നതും (മനുഷ്യനേയും കന്നുകാലികളെയുമൊക്കെ വളരെ വളരെ അകലെനിന്നുതന്നെ കണ്ടുപിടിക്കുന്നതു്) നാം എപ്പോഴും ശരീരത്തിൽനിന്നും പുറത്തുവിട്ടുകൊണ്ടിരിക്കുന്ന ഇൻഫ്രാറെഡ് കിരണങ്ങൾ ‘കണ്ടറിഞ്ഞാണു്‘. CO2 മൂലം ആഗോളതാപനം ഉണ്ടാവുമെന്നു പറയുന്നതിനും ഇതുതന്നെ കാരണം).

[ചുരുക്കത്തിൽ, ഇൻഫ്രാറെഡ്ഡിനെപ്പറ്റിത്തന്നെ ഒരു നീണ്ടകഥ വേറെ എഴുതാനുണ്ടു്].

അന്തരീക്ഷത്തിൽ പല മാതിരി പദാർത്ഥങ്ങളുണ്ടു്. വാതകങ്ങൾ, ജലകണങ്ങൾ, ഖരരൂപത്തിലുള്ള അതിസൂക്ഷ്മമായ പൊടിത്തരികൾ.

ഇവയെല്ലാം പ്രകാശത്തെ പല രീതിയിലാണു് തട്ടിച്ചിതറിക്കുക.
അവയുടെ വലിപ്പവ്യത്യാസമനുസരിച്ച് പ്രകാശം പല നിറങ്ങളിലും പല ദിശകളിലുമാവും വേർപിരിഞ്ഞുപോവുക.

ചില കാലത്തു് ചിലയിടങ്ങളിൽ, വായുമണ്ഡലത്തിൽ ഒരേ വലിപ്പമുള്ള തന്മാത്രകളോ കണങ്ങളോ മാത്രം ധാരാളമായി തങ്ങിനിൽക്കും. അഗ്നിപർവ്വതങ്ങളുടേയോ ഭയങ്കരമായ കാട്ടുതീയിന്റെയോ മറ്റോ അനന്തരഫലമായിട്ടാവാം ഇങ്ങനെ സംഭവിക്കുക.

അങ്ങനെ വരുമ്പോൾ പതിവില്ലാത്ത പല ആകാശദൃശ്യങ്ങളും നമുക്കു കാണാനായെന്നു വരാം.

ഉദാഹരണത്തിനു്,
മഴക്കാലത്തും മറ്റും അമ്പിളിമാമനു ചുറ്റും ഒരു വട്ടം കാണാം. നെൽവയലുകളിലൂടെയോ പുൽത്തകിടികളിലൂടെയോ രാവിലെ പടിഞ്ഞാട്ടു നടക്കുമ്പോൾ നമ്മുടെത്തന്നെ തലയ്ക്കുചുറ്റും ഒരു ‘ദിവ്യജ്യോതിസ്’ കാണാം!
ഓരോരോ നക്ഷത്രങ്ങളും ഓരോരോ നിറത്തിൽ കാണാം.
വേനൽക്കാലത്തു് മരുഭൂമികളിലോ ചുട്ടുപഴുത്തുകിടക്കുന്ന റോഡുകളുടെ പ്രതലത്തിലോ മരീചിക കാണാം
ചിലപ്പോൾ രക്തമഴ പെയ്യുന്നതുപോലെ തോന്നാം.
മറ്റു ചിലപ്പോൾ വിശേഷപ്പെട്ട നിറങ്ങളിൽ മേഘങ്ങൾ കാണാം.
ജെറ്റ് വിമാനം പോയതിനുശേഷം ഒരു വെളുത്ത വര കാണാം.
കടലിനും ആകാശത്തിനുമൊക്കെ വിവിധവർണ്ണങ്ങൾ തോന്നും.
അങ്ങനെ ഇനിയും പലതുമുണ്ടു്.
ഇവയ്ക്കെല്ലാത്തിനും അടിസ്ഥാനകാരണം ഒന്നു തന്നെ.

ഇത്തരത്തിൽ ഒരു വർണ്ണക്കാഴ്ചയാണു് ശരിക്കും ഉണ്ടാകാവുന്ന നീലച്ചന്ദ്രനും.

വായുവിൽ തങ്ങിനിൽക്കുന്ന, തക്ക വലിപ്പത്തിൽ മാത്രമുള്ള കണങ്ങളിൽ തട്ടി പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളൊക്കെ തട്ടിച്ചിതറി അവയിൽ ഒട്ടുമുഴുവനായും നമുക്കു കാണാനാവാത്ത ഇൻഫ്രാറെഡ് കിരണങ്ങളായി മാറുകയും, അതേ കണങ്ങൾ നീല, ഇൻഡിഗോ, വയലറ്റ് തുടങ്ങിയ നിറങ്ങൾ ഒരു കുഴപ്പവുമില്ലാതെ കടത്തിവിടുകയും ചെയ്താലോ?

അഥവാ, അത്തരമൊരവസ്ഥയുണ്ടായാൽ, അപ്പോഴാണു് ശരിക്കുമുള്ള നീലച്ചന്ദ്രൻപ്രത്യക്ഷപ്പെടുക!

അതുകൊണ്ടു് തൽക്കാലം ഈ വരുന്ന ജനുവരി 31-ആം തീയതി ആകാശത്തു് നീലനിറത്തിലുള്ള ചന്ദ്രനെ കാണാമെന്നു പ്രതീക്ഷിച്ച് ആരും ഉറക്കമൊഴിക്കണ്ട. കേരളഭൂമിയിലെ മാദ്ധ്യമങ്ങളിൽ വരുന്ന ഗുണ്ടുകൾക്കൊന്നും ആകാശത്തു് അത്തരം കട്ടപ്പുകയുണ്ടാക്കാൻ കഴിയില്ല.

 

Leave a Reply

Your email address will not be published. Required fields are marked *