പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ തീപുടിക്കുമോ ? ഗ്യാസ് സിലിണ്ടർ പ്രവർത്തിപ്പിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അഗ്നിബാധയുണ്ടാകുമോ ?
————-
ഇല്ല എന്നാണ് ഉത്തരം.ഇന്നത്തെ എപ്പിസോഡിൽ രാസപ്രവർത്തനവുമായി ബന്ധപ്പെട്ട ഒന്നുരണ്ടു കാര്യങ്ങൾ. അത് മനസിലാക്കിയാൽ മുകളിലേ ചോദ്യങ്ങൾക്കു ഉത്തരം കിട്ടും .
———
ഒരു വസ്തു കത്തുന്നത് എപ്പോഴാണ് ? എന്താണ് കത്തൽ? ’കത്തൽ’ അടിസ്ഥാനപരമായി ഒരു രാസപ്രവർത്തനമാണ്.
ഒരു പദാർത്ഥം ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോ അത് ഓക്സിജനുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുകയും പുതിയ പദാര്ഥമായി മാറുകയും ചെയ്യുന്നു. ഈ രാസപ്രവർത്തനത്തിന്റെ ഫലമായി ധാരാളം താപവും പ്രകാശവും പുറത്തേക്കു വരുന്നു. ഇതാണ് ചൂടായും, പ്രകാശമായും(തീ ) നാം കാണുന്നത്.
രാസപരമായി ഓക്സിജനെയും , നാം കത്തിക്കാൻ പോകുന്ന വസ്തുവിനെയും അഭികാരങ്ങൾ എന്ന് വിളിക്കുന്നു.
പെട്രോളിന്റെ കാര്യത്തിൽ അന്തരീക്ഷത്തിലെ ഓക്സിജനും , പെട്രോളുമാണ് അഭികാരങ്ങൾ. ഇനി കത്തിക്കുന്നത് വിറകാണെങ്കിൽ വിറകും ഓക്സിജനുമാണ് അഭികാരങ്ങൾ.
അഭികാരങ്ങൾ കണ്ടുമുട്ടിയാൽ ഉടനങ്ങു രാസപ്രവർത്തനം നടത്തിക്കളയുമോ ? അഭികാരങ്ങൾ എളുപ്പത്തിൽ രാസപ്രവർത്തനം നടത്താത്തവയും നടത്തുന്നവയും ഉണ്ട്. രാസപ്രവർത്തനം നടത്താൻ വേണ്ട ചുരുങ്ങിയ ഊർജ്ജമാണ് ’ആക്ടിവേഷൻ എനർജി. ’ ഓര്മശരിയാണെങ്കിൽ ഒൻപതിൽ പഠിച്ചുകാണും.
തീപ്പെട്ടി കമ്പു ഉരസുമ്പോൾ OR നല്ല താപത്തിൽ വെക്കുമ്പോഴാണ് കത്തുന്നത് . ഉരസുമ്പോൾ ഉയർന്ന താപനിലയിലെത്തുകയും അന്തരീക്ഷ ഓക്സിജനുമായി തീപ്പെട്ടിക്കമ്പിലെ രാസവസ്തു പ്രവർത്തിച്ചു ഓക്സൈഡ് ആയി മാറുകയും ചെയ്യുന്നു. ചൂടും, തീയും, പുകയും ഫ്രീ.
അപ്പൊ അഭികാരങ്ങൾക്കു രാസപ്രവർത്തനം നടത്താൻ നമ്മൾ ചിലപ്പോ ’കുടപിടിച്ചു ’ കൊടുക്കേണ്ടി വരും എന്ന് സാരം. അതുകൊണ്ടാണ് ഗ്യാസ് തുറന്നിട്ടാലും കത്താത്തത്. ഓക്സിജനും പാചകവാതകവും സ്റ്റേജിൽ എത്തിയിട്ടുണ്ട്.കലാപരിപാടി തുടങ്ങാൻ നമ്മുടെ idapedal ആവശ്യമാണ്.അഥവാ ആക്ടിവേഷൻ എനർജി ക്കു വേണ്ടി കാത്തിരിക്കുകയാണ് . ലൈറ്റർ കത്തിച്ചാലോ, അറിയാതൊരു സ്പാര്ക് വന്നാലോ ലവന്മാർ പരിപാടി തുടങ്ങും.
ഒരു പദാർത്ഥം easily inflammable എന്ന് പറഞ്ഞാൽ രാസപരമായി താരതമ്യേനെ ചെറിയ ഊർജ്ജംകൊണ്ടു അഭികാരങ്ങൾ രാസപ്രവർത്തനത്തിലേക്കു എത്തുന്നു.
പെട്രോൾ പമ്പിന്റെ കാര്യം ? പെട്രോൾ ബാഷ്പീകരിച്ചു വായുവുമായി മിക്സ് ചെയ്തു കത്താൻ ആവശ്യമായ ഊർജ്ജത്തെ കാത്തിരിക്കുന്നു. പക്ഷെ മൊബൈൽ ഫോൺ അതിന്റെ സ്വാഭാവിക പ്രവർത്തനത്തിൽ ഇങ്ങനെ spark ഉണ്ടാക്കുന്നില്ല. ഫോൺ ഒരു ലോ പവർ device ആണ്. സ്പാര്ക് സംഭവിക്കാൻ ആവശ്യമായ അഞ്ഞൂറില്പരം ഡിഗ്രി സെൽഷ്യസ് സർക്യൂട്ടിൽ എവിടെയും ഉപയോഗിക്കുന്നില്ല.പിന്നെയൊരു സാധ്യത ബാറ്ററി ഡാമേജ് കൊണ്ടുള്ള spark ആണ്. അതാകട്ടെ ഫോൺ ഓഫ് ആണെങ്കിൽ പോലും നടക്കും. റേഡിയേഷൻ കൊണ്ട് സംഭവിക്കുമോ എന്നതാണ് അടുത്ത ചോദ്യം, ഇല്ല. അതിനേക്കാൾ എത്രയോ ഇരട്ടി റേഡിയേഷൻ നമ്മുടെ പെട്രോൾപമ്പിലെ ലൈറ്റുകൾക്കുണ്ട്.
അപ്പൊ പിന്നെ അടുക്കളയിലെ ഗ്യാസോ ? പാചകവാതകത്തിന്റെ കാര്യത്തിലും മേൽ പറഞ്ഞത് തന്നെ .
വാല് ; തീം സയൻസ് സീരീസ് ആയതുകൊണ്ട് പെട്രോൾപമ്പിലെ സുരക്ഷയിലേക്കു പോകുന്നില്ല. നമ്മൾ അഡ്രസ് ചെയ്യാത്തതോ ഗൗനിക്കാത്തതോ ആയ വേറെ ചില സുരക്ഷാ പിഴവുകൾ പമ്പിൽ കസ്റ്റമറും , പമ്പ് അധികൃതരും കാണിക്കാറുണ്ട്. യൂട്യൂബിലെ മൊബൈൽ ഫോൺ സ്പ്ലോഷൻ എന്ന് പറഞ്ഞു പ്രചരിക്കുന്ന വീഡിയോകൾ ഞാൻ മേലെ പറഞ്ഞ , വ്യാപകമായി അഡ്രസ് ചെയ്യപ്പെടാത്ത കാരണങ്ങൾ കൊണ്ടാണ് . അപ്പൊ പെട്രോൾ പമ്പിലെ മൊബൈൽ ഫോൺ മുന്നറിയിപ്പ് പരിഗണിക്കേണ്ട എന്നാണോ ?
നിയമം അങ്ങനെ അനുശാസിക്കുന്നുണ്ടെങ്കിൽ അതിന്റെ സാമൂഹിക വശം പരിഗണിച്ചു നമ്മൾ വിട്ടുനിൽക്കണം. .പെട്രോൾ പമ്പിൽ എന്നല്ല ഏതു പബ്ലിക്കിലും ഫോൺ പരമാവധി ഒഴിവാക്കി , സ്വകാര്യമായ ഒരിടത്തേക്ക് മാറുന്നതാണ് സാമൂഹിക മര്യാദ.അതേസമയം ശാസ്ത്രീയമായി തെറ്റാണെന്നു മനസിലാക്കുകയും വേണം.