Collecting knowledge For you !

ഭൂമിയുടെ കാന്തിക മണ്ഡലവും വാൻ അല്ലൻ ബെൽറ്റുകളും

By:
Posted: January 23, 2018
Category: Space
Comments: 0
download palathully android app ! >>>> Get!

സ്ഥിരമായ ഒരു കാന്തിക മണ്ഡലം നിലനിൽക്കുന്ന ഗോളമാണ് ഭൂമി . ഭൂമിയുടെ ആദ്യ കാലത്ത് സാന്ദ്രത ഏറിയ ഇരുമ്പും നിക്കലും ഭൗമാന്തർ ഭാഗത്തേക്ക് അടിയുകയും അവിടെത്തന്നെ ദ്രവരൂപത്തിൽ നിലനിൽക്കാനും തുടങ്ങിയതോടെയാണ് ഭൂമിക്ക് ഒരു കാന്തിക മണ്ഡലം രൂപപ്പെടാൻ തുടങ്ങിയത് .ദ്രവരൂപത്തിലുള്ള അകക്കാമ്പ് ഭൂമിയുടെ ഭ്രമണത്തിനനുരൂപമായി ചലിക്കാൻതുടങ്ങിയപ്പോഴാണ് ഒരു ഭൗമ ഡൈനാമോ (geo dynamo ) രൂപപ്പെടുകയും കാന്തിക വലയങ്ങൾ ഭൂമിയെ ആവരണം ചെയ്യാൻ തുടങ്ങുകയും ചെയ്തത് .ഇത്തരത്തിൽ ദ്രവരൂപത്തിലുള്ള ദ്രവ ലോഹ കാമ്പ് ഉള്ള ഗ്രഹങ്ങൾക്കോ ഉപഗ്രഹങ്ങൾക്കോ മാത്രമേ ശക്തമായ കാന്തിക വലയം നിലനിർത്താനാകൂ .
.
ഭൂമിയുടെ ''ബുള്ളറ്റ് പ്രൂഫ് '' രക്ഷാകവചമാണ് ഈ കാന്തിക മണ്ഡലം . അതിവേഗതയാർന്ന പ്രോട്ടോണുകളെയും ,മറ്റു കണങ്ങ ളെയും എല്ലാ ദിശയിലും പുറന്തള്ളുന്ന ഒരു നക്ഷത്രമാണ് സൂര്യൻ . കാന്തിക വലയം ഭൂമിക്കുചുറ്റും ഇല്ലായിരുന്നുവെങ്കിൽ ഈ കണങ്ങൾ നിർബാധം ഭൗമോപരിതലത്തിൽ എത്തുമായിരുന്നു .അങ്ങിനെ എത്തിയിരുന്നെങ്കിൽ ജീവന് ജന്മം നൽകിയ സങ്കീർണമായ തന്മാത്രകൾ ആദ്യ ദശകളിൽ തന്നെ നശിപ്പിക്കപ്പെട്ടിരിക്കാനാണ് സാധ്യത . ചുരുക്കത്തിൽ ഭൂമിയെ ചുറ്റുന്ന കാന്തികമണ്ഡലം ഭൂമിയിൽ ജീവൻ ഉരുത്തിരിയുന്നതിന് സുപ്രധാനമായ പങ്കു വഹിച്ച ഒന്നാണ് . ഒരു പക്ഷെ ജലത്തിന്റെ സാന്നിധ്യത്തിന് തുല്യമായ പ്രാധാന്യം ജീവന്റെ ഉരുത്തിരിയലിൽ ഭൗമകാന്തിക മണ്ഡലത്തിനുണ്ട്
.
വർത്തുള ആകാരമാണ് ഭൗമ കാന്തിക മണ്ഡലത്തിനുള്ളത് .സൗരവാതവുമായുള്ള പ്രതിപ്രവർത്തനത്തിലൂടെ ഒരു വാൽനക്ഷത്രത്തിന്റെ ബാഹ്യരൂപം ഭൗമ കാന്തിക വലയം നേടിയിട്ടുണ്ട് .
.
ഭൗമകാന്തിക വലയത്തിന്റെ പ്രവർത്തന ഫലമായാണ് ഭൂമിക്കുചുറ്റും ഒരു കാന്തിക മേഖല (magnetosphere ) രൂപപ്പെടുന്നത്. സൂര്യനില്നിന്നും മറ്റു പ്രപഞ്ച വസ്തുക്കളിൽ നിന്നും വരുന്നതുമായ ചാർജ്ജ് വഹിക്കുന്ന കണങ്ങൾ കാന്തിക മണ്ഡലത്തിൽ കുടുങ്ങി രൂപപ്പെടുന്നതാണ് ഭൗമ കാന്തിക മണ്ഡലം . ഈ കണങ്ങൾ കാന്തികമണ്ഡലത്തിൽ സാധാരണയായി രണ്ടു വ്യത്യസ്ത മേഖലകളായി കേന്ദ്രീകരിച്ചിരിക്കുന്നു .ഇവയാണ് വാൻ അല്ലൻ റേഡിയേഷൻ മേഖലകൾ ( Van Allen radiation belt ) . യൂ എസ് ശാസ്ത്രജ്ഞനായ ജെയിംസ് വാൻ അല്ലെൻറെ (James Alfred Van Allen ( 1914 – 2006) ) ബഹുമാനാർത്ഥമാണ് ഈ പേര് നല്കപ്പെട്ടിരിക്കുന്നത് .അദ്ദേഹമാണ് അന്പതുകളുടെ അവസാനം ഈ മേഖലകളെ കണ്ടെത്തിയത് .
.
ഭൗമകാന്തിക മണ്ഡലത്തിന്റെ അകത്തെ മേഖലകളിലാണ് വാൻ അല്ലൻ ബെൽറ്റുകൾ നിലനിൽക്കുന്നത് .രണ്ടു മേഖലകളാണ് സാധാരണ കാണപ്പെടുന്നതെങ്കിലും സൗര വാതങ്ങളുടെ തീഷ്ണതക്കനുസരിച്ച് കൂടുതൽ മേഖലകൾ രൂപപ്പെടാറുണ്ട് . സാധാരണയായി പ്രോട്ടോണുകൾ ,എലെക്ട്രോണുകൾ ഹീലിയം ന്യൂക്ലിയസുകൾ ( ആൽഫാ കണങ്ങൾ ) എന്നിവയാണ് വാൻ അല്ലെൻ ബെൽറ്റുകളിൽ കുടുങ്ങുന്ന കണങ്ങൾ . ഭൗമോപരിതലത്തിൽ നിന്നും 1000 കിലോമീറ്റർ മുതൽ 50000 കിലോമീറ്റർ ഉയരത്തിൽ വരെയാണ് സാധാരണ ഇവ നിലനിൽക്കുന്നത് . അകം വാൻ അല്ലൻ മേഖല(Inner Belt ) 1000 മുതൽ 6000 കിലോമീറ്റർ മുകളിലാണ് വ്യാപിച്ചിരിക്കുന്നത് . പുറം വാൻ അല്ലൻ മേഖല(Outer belt ) 15000 മുതൽ 50000 കിലോമീറ്റർ ഉയരത്തിലാണ് വ്യാപിച്ചിരിക്കുന്നത് .കടുത്ത റേഡിയേഷൻ നിലനിൽക്കുന്നതിനാൽ ഈ മേഖലകളിൽ മനുഷ്യനെ വഹിക്കുന്ന ബഹിരാകാശ നിലയങ്ങൾക്ക് നിലനിൽക്കാനാവില്ല .മറ്റുപഗ്രഹങ്ങളുടെ തന്നെ എലെക്ട്രോണിക് ഉപകരണങ്ങൾ വാൻ അല്ലെൻ ബെൽറ്റിലെ റേഡിയേഷൻ മൂലം തകരാറിലാവാറുണ്ട് .കൃതിമ ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങൾ കടുത്ത റേഡിയേഷൻ മേഖലകളെ ഒഴിവാക്കിയാണ് സാധാരണ സജ്ജീകരിക്കുന്നത് .അകം വാൻ അല്ലൻ മേഖല യിൽ(Inner belt ) കൂടുതലും പ്രോട്ടോണുകളും പുറം വാൻ അല്ലൻ മേഖല(Outer belt ) യിൽ കൂടുതലും എലെക്ട്രോണുകളുമാണ് കാണപ്പെടുന്നത് .
.
ഭൗമകാന്തികമണ്ഡലത്തിന്റെയും വാൻ അല്ലെൻ ബെൽറ്റുകളുടെയും പോരണ ചിത്രം ഇനിയും നമുക്ക് അജ്ഞാതമാണ് .ഈ അടുത്തകാലത്താണ് ( 2013) ലാണ് അസ്ഥിരമായ ഒരു മൂന്നാം വാൻ അല്ലൻ മേഖല കണ്ടെത്തപ്പെട്ടത് .
--
ചിത്രo :  . വാൻ അല്ലൻ ബെൽറ്റുകളുടെ ഘടന : ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
-
ref
1.https://www.britannica.com/science/geomagnetic-field
2.https://www.ngdc.noaa.gov/geomag/faqgeom.shtml
3.https://en.wikipedia.org/wiki/Van_Allen_radiation_belt

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *