ജൈവഅധിനിവേശം നേരിടാന്‍ അന്യനാടുകളില്‍ നിന്ന് കീടങ്ങളെയും രോഗാണുക്കളെയും ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലാണ് ഇന്ന് പല രാജ്യങ്ങളും. നമ്മളും ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലെടുക്കേണ്ടത് അത്യാവശ്യമാണ്

‘ഒട്ടകത്തിന് ഇടംകൊടുക്കുക’ എന്ന നാടന്‍ചൊല്ല് ഓര്‍മിപ്പിക്കുന്നതാണ് പല അധിനിവേശയിനങ്ങളുടെയും വ്യാപനം. കൃഷിക്കും ജൈവസമ്പത്തിനും കടുത്ത വെല്ലുവിളിയുര്‍ത്തുന്ന ജൈവഅധിനിവേശം നമുക്ക് മാത്രമല്ല ലോകമെങ്ങും ഭീഷണിയാണ്.
അതിന്റെ വ്യാപ്തി എത്രയെന്നറിയാന്‍ കഴിഞ്ഞ ജനുവരിയില്‍ ന്യൂസിലന്‍ഡ് കൈക്കൊണ്ട തീരുമാനം അറിഞ്ഞാല്‍ മതി. രാജ്യത്തെ ആവാസവ്യവസ്ഥകള്‍ക്ക് വലിയ ഭീഷണിയായി മാറിയ ആനപ്പുല്ലിനെ നേരിടാന്‍ രണ്ട് വിദേശകീടങ്ങളെ ഇറക്കുമതി ചെയ്യാനാണ് രാജ്യത്തെ ‘എന്വിരോണ്മെന്റല് പ്രൊട്ടക്ഷന്‍ അതോറിട്ടി’ അനുമതി നല്‍കിയത്!
മുളമ്പുല്ല്, ഭീമന് പുല്ല് എന്നൊക്കെ പേരുള്ള ആനപ്പുല്ലിന്റെ ( Arundo donax ) സ്വദേശം ഏഷ്യയുടെ ചില ഭാഗങ്ങളും വടക്കന്‍ അമേരിക്കയുമാണ്. എട്ട് മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന ഇവയുടെ വ്യാപനം ചെറുക്കാന്‍, മെഡിറ്റനേറിയന്‍ പ്രദേശത്ത് കാണപ്പെടുന്ന രണ്ട് കീടങ്ങളെയാണ് ( arundo galling wasp, arundo scale insect ) ന്യൂസിലന്‍ഡ് ഉപയോഗിക്കുന്നത്. മറ്റ് ചില രാജ്യങ്ങളില്‍ ആനപ്പുല്ലിനെ വരുതിയിലാക്കാന്‍ ഈ കീടങ്ങളെ വിജയകരമായി ഉപയോഗിക്കുന്നുണ്ട്.
ന്യൂസിലന്‍ഡിന്റെ തീരുമാനം അറിയുമ്പോള്‍, അയല്‍ രാജ്യമായ ഓസ്ട്രേലിയ 1950ല്‍ തെക്കേ അമേരിക്കയില്‍ നിന്ന് ‘മൈക്സോമ വൈറസി’നെ ( Myxoma virus ) ഇറക്കുമതി ചെയ്ത കാര്യം ഓര്‍മയിലെത്തും. രാജ്യത്തെ പൊറുതിമുട്ടിച്ച ജൈവഅധിനിവേശത്തിന് വിരാമമിടാനായിരുന്നു ആ അറ്റകൈ പ്രയോഗം. ഓസ്ട്രേലിയയിലെ വില്ലന്‍ ഏതെങ്കിലും സസ്യയിനമായിരുന്നില്ല, മുയലുകളായിരുന്നു! ‘മുയല് ഒരു ഭീകരജീവിയാണെ’ന്ന് ബോധ്യമായതിന്റെ അനന്തരഫലമായിരുന്നു ആ തീരുമാനം.

രാജ്യം മാത്രമല്ല, ഒരു ഭൂഖണ്ഡം കൂടിയാണ് ഓസ്ട്രേലിയ. മുയലുകളെ തടയാന്‍ ആ ഭൂഖണ്ഡത്തിന്റെ തെക്കു-വടക്ക് ബന്ധിപ്പിക്കുന്ന വേലി വരെ നിര്‍മിച്ചു നോക്കി. ‘റാബിറ്റ് പ്രൂഫ് ഫെന്‍സ്’ ( മുയല്ചാടാ വേലി ) എന്ന പേരില്‍ പ്രസിദ്ധമായ അത്, ലോകത്തെ ഏറ്റവും വലിയ വേലിയായി. എന്നിട്ടും മുയലുകളെന്ന വയ്യാവേലികളെ തടുക്കാനായില്ല. ഒടുവില്‍ വൈറസ് പ്രയോഗം തന്നെ വേണ്ടിവന്നു!
ഓസ്ട്രേലിയന്‍ ഭൂഖണ്ഡം നേരിട്ട മുയല്അധിനിവേശം സമാനതകളില്ലാത്ത ഒരു പാരിസ്ഥിതിക ദുരന്തമായിരുന്നു. തെക്കന്‍ സംസ്ഥാനമായ വിക്ടോറിയയിലെ വിന്‍ചെല്‍സിയില്‍ തോമസ് ഓസ്റ്റിന്‍ എന്ന കര്‍ഷകന്റെ മുയല്‍വേട്ടയ്ക്കുള്ള മോഹമാണ് ദുരന്തത്തിന് തിരികൊളുത്തിയത്. 1859ല്‍ ഇംഗ്ലണ്ടില്‍നിന്നുള്ള 24 കാട്ടുമുയലുകളെ തന്റെ കൃഷിയിടത്തിന് സമീപം ഓസ്റ്റിന്‍ തുറന്നുവിട്ടു.
വേഗത്തില്‍ പെറ്റുപെരുകിയ കാട്ടുമുയലുകള്‍ രണ്ടുവര്‍ഷം കൊണ്ട് ഓസ്റ്റിന്റെ കൃഷിയിടം മുഴുവന്‍ തരിശാക്കി സമീപ ജില്ലകളിലേക്ക് വ്യാപിച്ചു. മുയലുകളില്ലാത്ത ഭൂഖണ്ഡമായിരുന്നു ഓസ്ട്രേലിയ. അഞ്ചുകോടി വര്‍ഷത്തെ ഒറ്റപ്പെടലില്‍ കഴിഞ്ഞ ആ ഭൂഖണ്ഡത്തില്‍ മുയലുകളെ നശിപ്പിക്കാന്‍ കഴിയുന്ന ഒറ്റ രോഗാണുവോ ജീവിയോ ഉണ്ടായിരുന്നില്ല. മുയലുകള്‍ക്ക് കണക്കില്ലാതെ പെറ്റുപെരുകാന്‍ ഇത് അനുകൂല സാഹചര്യമൊരുക്കി.

ശരിക്കും ഒരു ‘മുയല്പ്രളയ’ത്തിന് ഓസ്ട്രേലിയ സാക്ഷ്യംവഹിച്ചു. കൃഷിയിടങ്ങളും കുറ്റിക്കാടുകളും ഉള്‍പ്പടെ എല്ലാ പച്ചപ്പുകളും തിന്നുതീര്‍ത്ത് ലക്ഷക്കണക്കിന് മുയലുകള്‍ കൂറ്റന്‍ തിരമാല പോലെ മുന്നേറി. വെട്ടുകിളി ആക്രമണം പോലെയായിരുന്നു അത്. പ്രതിവര്‍ഷം 75 കിലോമീറ്റര്‍ വീതമായിരുന്നു അവയുടെ വ്യാപനം! 1880 ആയപ്പോഴേക്കും വിക്ടോറിയ സംസ്ഥാനം വെടിപ്പാക്കിയ അവ, സൗത്ത് ഓസ്ട്രേലിയയിലേക്കും ന്യൂ സൗത്ത് വെയ്ല്‍സിലേക്കും വ്യാപിച്ചു. 1890 ഓടെ പടിഞ്ഞാറന്‍ ഓസ്ട്രേലിയയും മുയല് ഭീഷണിയിലായി. 1920 കാലത്ത് രാജ്യത്തെ കാട്ടുമുയലുകളുടെ എണ്ണം 1000 കോടി കവിഞ്ഞു!
മുയലുകളുടെ താണ്ഡവം ആരംഭിക്കുന്നതുവരെ, ‘എമു’ എന്ന പേരുള്ള കുറ്റിച്ചെടി ( emu bush ) ഓസ്ട്രേലിയയുടെ അര്‍ധഊഷര മേഖലകളില്‍ വര്‍ഷത്തില്‍ എല്ലാക്കാലത്തും ഒരു പരിധി വരെ പച്ചപ്പ് സൃഷ്ടിച്ചിരുന്നു. വിളകളും എമു കുറ്റിച്ചെടികളും ഉള്‍പ്പടെ എല്ലാ പച്ചപ്പും മുയലുകള്‍ തിന്നുതീര്‍ത്തു. മുയലുകള്‍ പച്ചപ്പ് തീര്‍ത്തതോടെ, ആടുകള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ക്കും കൂടുതല്‍ അകലെയുള്ള മേച്ചില്‍പുറങ്ങളെ ആശ്രയിക്കേണ്ടി വന്നു. അതും പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിച്ചു.

പെര്‍ത്ത് നഗരം ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലേക്ക് മുയലുകള്‍ വ്യാപിക്കുന്നത് തടയാന്‍ വെസ്റ്റ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിര്‍മിച്ചതാണ് ‘മുയല്ചാടാ വേലി’. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ നിര്‍മാണം ആരംഭിച്ച വേലി 1907ല്‍ പൂര്‍ത്തിയായി. പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ തെക്കുനിന്ന് വടക്കുവരെ എത്തുന്ന വേലിക്ക് മൂന്ന് ശാഖകളുണ്ട്. മൊത്തം 3253 കിലോമീറ്റര്‍ നീളം! വലിയ പ്രതീക്ഷയോടെയാണ് നിര്‍മിച്ചതെങ്കിലും, വേലി പരാജയമായി. കാരണം, മുയലുകള്‍ അതിനകം പടിഞ്ഞാറന്‍ ഭാഗത്ത് എത്തിക്കഴിഞ്ഞിരുന്നു.
ഒടുവില്‍ 1950ല്‍ ‘മൈക്സോമ വൈറസി’നെ ഓസ്ട്രേലിയയിലെത്തിച്ചാണ് മുയല് ഭീഷണിക്ക് വിരാമമിട്ടത്. ആ വൈറസ് ബാധിച്ച് മുയലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി.
മുയലുകളുടെ താണ്ഡവം തുടരുന്നതിനിടെയാണ് 1890കളിലെ കൊടിയ വരള്‍ച്ച ഓസ്ട്രേലിയയെ ഗ്രസിക്കുന്നത്. മുയലുകള്‍ നശിപ്പിച്ച പച്ചപ്പിന്റെ ശവപ്പെട്ടിക്ക് മേലുള്ള ആണിയടിയായി മാറി ആ വരള്‍ച്ച. പിന്നീട് ഓസ്ട്രേലിയയ്ക്ക് ഒരിക്കലും പഴയ ഹരിതാഭ തിരിച്ചു കിട്ടിയില്ല. ലോകത്തെ ഏറ്റവും ഊഷരമായ പ്രദേശങ്ങളിലൊന്നായി ഓസ്ട്രേലിയ ഇപ്പോള്‍ മാറിയതിന് മുയലുകളും കാരണക്കാരാണെന്ന് സാരം!
ഓസ്ട്രേലിയയുടെ അനുഭവം നമുക്കും ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. കേരളത്തില്‍ ആഫ്രിക്കന്‍ മുഷിയെപ്പോലെ എല്ലായിടത്തും വ്യാപിച്ച് കഴിഞ്ഞ്, നിരോധിക്കുന്നതുപോലുള്ള നടപടികല്ല വേണ്ടത്. ഇത്തരം അധിനിവേശയിനങ്ങള്‍ നമ്മുടെ നാട്ടില്‍ എത്താതെ നോക്കുകയാണ് വേണ്ടത്.
അവലംബം, കടപ്പാട് –
1. Insects imported to wage war on giant invasive reed 2. Down Under: Travels in a Sunburned Country (2001), by Bill Bryson. Black Swan, London. p.163-64. 3. Defining Moments in Australian History – Rabbits introduced
* മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്