പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് തെക്കുംകൂർ നാടുവാഴികൾ വെന്നിമലയിലെ രാജധാനി ഉപേക്ഷിച്ച് ആദ്യം ചങ്ങനാശ്ശേരിയും പിന്നീട് തളിക്കോട്ടയും തലസ്ഥാനമായി തിരഞ്ഞെടുക്കുന്നത്.
തികച്ചും ഐതിഹ്യപരമാണ് വെന്നിമലയുടെ പൂർവ്വവൃത്താന്തമായി ലഭ്യമാകുന്നത്. വനവാസകാലത്ത് രാമലക്ഷ്മണന്മാർ ഇവിടെയെത്തിയെന്നും താപസന്മാരുടെ തപസു മുടക്കിയ രാക്ഷസനെ നിഗ്രഹിച്ചുവെന്നും ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പറയുന്നു. രാക്ഷസനുമായി ഏറ്റുമുട്ടി ലക്ഷ്മണൻ വിജയിച്ചതിനാൽ വെന്നിമല അഥവാ വിജയാദ്രി എന്ന് ഈ കൊടുമുടിക്ക് പേരു വന്നു. മൂടൽമഞ്ഞ് ഒരിക്കലുമുണ്ടാകാത്ത, എക്കാലത്തും സമശീതോഷ്ണമുള്ള പ്രകൃതിരമണീയമായ ഇടം.
ഒമ്പതാം നൂറ്റാണ്ടിൽ കേരളം വാണചേരമാൻ പെരുമാൾ (ഭാസ്കര രവിവർമ്മ രണ്ടാമൻ) ഇവിടെയെത്തി രാമലക്ഷ്മണൻമാരുടെ സാന്നിധ്യം നിലനിർത്തുന്ന വൈഷ്ണവക്ഷേത്രം സ്ഥാപിച്ചതോടെയാണ് വെന്നിമല ചരിത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത്. അന്നേ കൂറുവാഴ്ചയ്ക്ക് തുടക്കമിട്ട തെക്കുംകൂർ നാടുവാഴിയെ വെമ്പള്ളിയിൽനിന്ന് വിളിച്ചു വരുത്തിയ പെരുമാൾ ക്ഷേത്രത്തിന്റെ കോയ്മ തെക്കുംകൂറിലേയ്ക്ക് ഏൽപ്പിച്ചുകൊടുത്തു. ക്ഷേത്രഭരണത്തിന് ചിത്രകൂടത്തിൽ പിഷാരടിയേയും ദേശസംരക്ഷണത്തിന് മഴുവഞ്ചേരി പണിക്കരെയും ഏർപ്പാടാക്കി.
രണ്ടാം ചേരവാഴ്ചയ്ക്ക് അന്ത്യം കുറിച്ച പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ വെമ്പലിനാട് രണ്ടായി പകുത്ത് വെമ്പള്ളിയിലെ ഇളംകൂറുകാർ തെക്കുംകൂറെന്ന് സ്വയംഭരണാവകാശം സ്ഥാപിച്ചു. കൂടുതൽ സൗകര്യപ്രദമായ സ്ഥലമെന്ന നിലയിൽ ശത്രുക്കൾക്ക് അപ്രാപ്യമായ ഈ കുന്നിൻപുറം രാജധാനിയായി തെരഞ്ഞെടുത്തു. വെന്നിമല ക്ഷേത്രത്തിനു സമീപമായിരുന്നു തെക്കുംകൂറിന്റെ ഇടത്തിൽ കോവിലകം.
AD 1152 ൽ മണികണ്ഠപുരം നഗരപദമായി വികസിപ്പിച്ച്, മണികണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച മണികണ്ഠരാജാവ് പ്രശസ്തനാണ്. അക്കാലം മുതൽ വെന്നിമലയിലെ രാജധാനി വിട്ടു പോരുന്നതുവരെ തെക്കുംകൂറിന്റെ തലസ്ഥാനനഗരം വാകത്താനത്തിന് കിഴക്കുള്ള മണികണ്ഠപുരമായിരുന്നു. പഴയ ബ്രാഹ്മണ ഗ്രാമമായ കാടമുറിയോടു ചേർന്ന് വികാസം പൂണ്ട അഞ്ചു ചേരികളും മണികണ്ഠപുരവുമായിരുന്നു ജനവാസമേഖലകൾ! പുറമേ കൊടുംകാടുകളും!
വെന്നിമലക്കോട്ട എന്നു പറയുന്നുവെങ്കിലും ഒരു കോട്ട അവിടെ ഉണ്ടായിരുന്നില്ല. ഉയർന്ന ഗിരിശൃംഗത്തിന്റെ പാർശ്വങ്ങളൊക്കെയും കൊടും കാടുകളായിരുന്നു. ഉള്ളാടർ അഥവാ വേടർ എന്ന സ്ഥലത്തെ ആദിമനിവാസികൾ പാർക്കുന്ന മലഞ്ചെരിവുകൾ! ആയുധധാരികളായ ഉള്ളാടന്മാരെ മറികടന്ന് വെന്നിമലയിൽ കടന്നുകയറാൻ അന്യർക്ക് സാധ്യമായിരുന്നില്ല. കടുത്തുരുത്തിയിൽ നിന്ന് ആരംഭിച്ച് മണികണ്ഠപുരത്ത് അവസാനിക്കുന്ന തെക്കുവടക്കായുള്ള ഒരു നാട്ടുപാത (ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്നതല്ല.) വെന്നിമലയും കടന്നായിരുന്നു. കടുത്തുരുത്തി, കാഞ്ഞിരത്താനം, വെമ്പള്ളി, കടപ്പൂർ, കിടങ്ങൂർ, അമയന്നൂർ, മണർകാട്, വെള്ളൂർ എന്നീ പ്രദേശങ്ങളിലൂടെ വെന്നിമലയിൽ എത്തിച്ചേരുന്ന പാത. ഈ വഴി മലയുടെ പാർശ്വത്തിലെത്തുമ്പോൾ ഒരു കോട്ടവാതിൽ. അതുപോലെ തെക്കോട്ടുള്ള ചെരിവിലും ഒരു കോട്ടവാതിലും സൈനികസന്നാഹങ്ങളും! ഇതാണ് വെന്നിമലക്കോട്ട എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഉണ്ണുനീലിസന്ദേശത്തിൽ വെന്നിമലയെ പറ്റി പരാമർശമുണ്ട്. അതാകട്ടെ പതിനാലാം നൂറ്റാണ്ടിലെ രാമവർമ്മ എന്ന തെക്കുംകൂറിലെ രാജാവിനെ കുറിച്ച് പറയുന്ന “വെൻറിക്കുന്നിനൊരു തിലകമാം രാമവർമ്മാഭിധാനം” എന്ന പദ്യഭാഗത്താണ്. വെന്നിമലയ്ക്ക് തിലകമായി വാഴുന്ന രാമവർമ്മയെ കാണുന്നതിന് വെന്നിമലയിലേയ്ക്ക് പോകേണ്ടിവരില്ല, അദ്ദേഹം തലസ്ഥാനനഗരിയായ മണികണ്ഠപുരത്താണ് മിക്കപ്പോഴും വാസം എന്നാണ് ഇതിൽനിന്ന് മനസിലാക്കാവുന്നത്. ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്ന “രാജ്യാന്തരപാത”യാകട്ടെ മണികണ്ഠപുരത്തുനിന്ന് കാടമുറി കടന്ന് തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിലെത്തി മുറിയുന്നു. പിന്നെ കൊടൂരാറ്റിലൂടെ വഞ്ചിയാത്രയാണ്! അത് മാങ്ങാനം പാലൂർക്കടവിലടുക്കും. പിന്നെ വീണ്ടും പാതയാരംഭിക്കുന്നു. തിരുവഞ്ചൂരും കണ്ടൻചിറയും ഏറ്റുമാനൂരും വേദഗിരിയും കോതനല്ലൂരും കടന്ന് കടുത്തുരുത്തി വരെയാണ് തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന ഈ പാത.
വെന്നിമലയിൽനിന്ന് മണികണ്ഠപുരത്തേയ്ക്കും ഞാലിയാ കഴിയിലേയ്ക്കും ഭൂഗർഭ തുരങ്കപ്പാതകൾ ഉണ്ടെന്നതും വാമൊഴിയായി നിലനിൽക്കുന്ന വിവരമാണ്. വായു നിർഗ്ഗമനദ്വാരങ്ങൾ പലയിടത്തും പ്രദേശവാസികൾ കണ്ടിട്ടുണ്ട്. ഞാലിയാകുഴിയിൽ PWDറോഡിനടിയിലൂടെ കടന്നുപോകുന്ന ഒരു തുരങ്കപ്പാത ഇത്തരത്തിലുള്ളതാണോ എന്ന സംശയവുമുയർന്നിട്ടുള്ളതാണ്. വെന്നിമലയിലെ ഗുഹാമുഖം ഇതിന്റെ ഭാഗമാണോ എന്നതും ഉറപ്പില്ല. രാജവാഴ്ചക്കാലത്ത് സുരക്ഷിതമായി യാത്ര ചെയ്യാനാവാം ഒരുപക്ഷേ ഈ തുരങ്കങ്ങൾ നിർമ്മിച്ചിട്ടുണ്ടാവുക. രാമലക്ഷ്മണന്മാർ എത്തിയ കാലത്ത് തപസ്സനുഷ്ഠിച്ചിരുന്ന കപില മുനിയുടേതാണ് വെന്നിമലയുടെ കിഴക്കേ ചെരിവിലുള്ള ഈ ഗുഹാദ്വാരം എന്നത് ഐതിഹ്യപരമാണ്. പ്രാചീന മനുഷ്യവാസത്തിന്റെ അവശേഷിപ്പുകളിലൊന്നായി ഉള്ളാട ജനസമൂഹത്തിന്റെ മാതൃദേശമായ വെന്നിമലയിലെ ഗുഹയെ പുരാവസ്തു വിദഗ്ധർക്ക് പഠനവിധേയമാക്കാവുന്നതുമാണ്.
പിൽക്കാലത്ത് ഇന്ത്യയാകെ കീർത്തി കേട്ട മഹാഗായകൻ ഷഡ്കാല ഗോവിന്ദാചാര്യർ ജനിച്ചത് വെന്നിമലയിലെ പുളിക്കൽ മാരാത്ത് എന്ന മാതൃഗൃഹത്തിലാണ്; അദ്ദേഹത്തിന്റെ പിതാവിന്റെ സ്വദേശമായ രാമമംഗലമാണ് ജന്മദേശമായി ഇപ്പോൾ കൊണ്ടാടപ്പെടുന്നതെങ്കിലും!
വെന്നിമല ഉപേക്ഷിച്ച തെക്കുംകൂർ രാജവംശം കോട്ടയത്തെ തളിക്കോട്ട ആസ്ഥാനമാക്കി പിന്നീടുള്ള മൂന്നര നൂറ്റാണ്ടു ഭരണം നടത്തി
ചിത്രം : വെന്നിമല ഗുഹ, അകത്തു നിന്ന് പുറത്തേയ്ക്കു നോക്കുമ്പോൾ