Collecting knowledge For you !

ഹാപ്പി ബര്‍ത്ത്‌ഡേ ടൂ യൂ

By:
Posted: January 21, 2018
Category: കവിത , സാഹിത്യചരിത്രം
Comments: 0
download palathully android app ! >>>> Get!
 ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ ആലപിക്കുന്ന ഗാനമേതാണ്‌? ഒരു സംശയം വേണ്ട `ഹാപ്പി ബര്‍ത്ത്‌ഡേ ടൂ യൂ' തന്നെ. ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോഡ്‌സ്‌ പ്രകാരം `ഹാപ്പി ബര്‍ത്ത്‌ഡേ ടൂ യൂ' എന്ന നാലുവരി പാട്ടാണ്‌ ലോകമെമ്പാടും ഏറ്റവും കൂടുതല്‍ പേര്‍ പാടുന്നത്‌. അമേരിക്കയിലെ സംഗീത സൃഷ്‌ടാക്കളുടെയും പ്രസാധകരുടെയും സംഘടന (ASCAP) പുറത്തിറക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്‌തമായ ഇരുപത്തിയഞ്ചു പാട്ടുകളുടെ പട്ടികയിലും ഒന്നാം സ്‌ഥാനത്തെത്തിയത്‌ `ഹാപ്പി ബര്‍ത്ത്‌ഡേ ടൂ യൂ' തന്നെയായിരുന്നു `ഹാപ്പി ബര്‍ത്ത്‌ഡേ'യുടെ 124 ഹാപ്പി ബര്‍ത്ത്‌ഡേകള്‍ കഴിഞ്ഞിരിക്കുന്നു. കേക്കും മെഴുകുതിരിയുമൊക്കെ എന്തൊക്കെയുണ്ടെകിലും ഹാപ്പി ബര്‍ത്ത്‌ ഡേ എന്ന ഗാനമില്ലാതെ എന്തു പിറന്നാള്‍ ആഘോഷം ഓരോ നിമിഷവും ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണില്‍ ആരെങ്കിലുമൊക്കെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ഹാപ്പി ബര്‍ത്ത്‌ഡേ പാടുന്നു. പിറന്നാള്‍ സമ്മാനത്തിലെ ഒളിച്ചുവച്ച ഈണമായി, മൊബൈല്‍ ഫോണില്‍ റിങ്‌ടോണായി, കേള്‍വിയുള്ളവര്‍ക്കെല്ലാം ഈ പാട്ടിന്റെ ഈണം ചിരപരിചിതമായി തീര്‍ന്നിരിക്കുന്നു.ചില പാട്ടുകള്‍ അങ്ങിനെയാണ്‌. കാല- ദേശ ഭാഷാന്തരങ്ങള്‍ക്കതീതമായി അത്‌ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കും.


`ഹാപ്പി ബര്‍ത്ത്‌ ഡേ' യുടെ ചുവടുപിടിച്ചു വന്നവയാണ്‌ ഹാപ്പി ക്രിസ്‌മസ്‌ പോലെയുള്ള മറ്റുചില ഹാപ്പി പാട്ടുകള്‍. ലോകത്തെ ഒട്ടുമിക്ക ഭാഷകളിലേക്കും `ഹാപ്പി ബര്‍ത്ത്‌ ഡേ' മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇംഗ്ലീഷ്‌ മാതൃഭാഷയല്ലാത്ത രാജ്യങ്ങളില്‍ പോലും ഹാപ്പി ബര്‍ത്ത്‌ ഡേയുടെ ഇംഗ്ലീഷ്‌ വരികളാണ്‌ വ്യാപകമായി ഉപയോഗിക്കുന്നത്‌.ഏറ്റവും കൂടുതല്‍ പാടുന്ന പാട്ടെന്നതു കൂടാതെ മറ്റൊരു വലിയ വിശേഷണംകൂടിയുണ്ട്‌, ഭൂമിക്കുവെളിയില്‍ ആദ്യമായി പാടിയ പാട്ട്‌ !. 1969 മാര്‍ച്ച്‌ 8 ന്‌ അപ്പോളോ 11 ബഹിരാകാശ വാഹനത്തിലെ യാത്രികരാണ്‌ ശൂന്യാകാശത്തുവച്ച്‌ ഹാപ്പി ബര്‍ത്ത്‌ ഡേ പാടിത്‌.
ഇനി അത്ര ഹാപ്പിയല്ലാത്ത ഒരുകാര്യം. അടുത്ത തവണ ഹാപ്പി ബര്‍ത്ത്‌ഡേ പാടുമ്പോള്‍ അധികമാരും കേള്‍ക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലാത്തവര്‍ കേള്‍ക്കും രീതിയിലോ പൊതു സ്‌ഥലത്തോ ഈ പാട്ടുപാടിയാല്‍ ചിലപ്പോള്‍ കയ്യിലിരിക്കുന്ന് കാശുപോയെന്നുവരും. കാരണം ഈ കൊച്ചു പിറന്നാള്‍പാട്ടിന്റെ പകര്‍പ്പവകാശം(കോപ്പിറൈറ്റ്‌) രജിസ്‌റ്റര്‍ ചെയ്യപ്പെട്ടിരിക്കുകയാണ്‌, നിരവധി വര്‍ഷങ്ങളായി. ഇനിയുമൊരു മുപ്പതു കൊല്ലം അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. പല കൈ മറിഞ്ഞ്‌ ഇപ്പോള്‍ അമേരിക്കയിലെ മാധ്യമ ഭീമനായ ടൈം വാര്‍ണറിനാണ്‌ `ഹാപ്പി ബര്‍ത്ത്‌ ഡേ'യുടെ കുത്തകാവകാശം. എച്ച്‌.ബി.ഒ., ടൈം മാസിക, സി.എന്‍.എന്‍. ചാനല്‍ എന്നു തുടങ്ങി നിരവധി വന്‍ മാധ്യമ സ്‌ഥാപനങ്ങളുടെ ഉടമകളാണ്‌ ടൈം വാര്‍ണര്‍ ഗ്രൂപ്പ്‌.ഹാപ്പി ബര്‍ത്ത്‌ ഡേ ടൂ യൂ
ഹാപ്പി ബര്‍ത്ത്‌ ഡേ ടൂ യൂ
ഹാപ്പി ബര്‍ത്ത്‌ ഡേ ടൂ ----
ഹാപ്പി ബര്‍ത്ത്‌ ഡേ ടൂ യൂ...അമേരിക്കക്കാരായ രണ്ട്‌ സഹോദരിമാരാണ്‌ ഹാപ്പി ബര്‍ത്ത്‌ ഡേ പാട്ടിന്റെ പിറവിക്കു പിന്നില്‍. നഴ്‌സറി ടീച്ചര്‍മാരായ മില്‍ഡ്രഡ്‌ ജെ. ഹില്ലും പാത്തി സ്‌മിത്ത്‌ ഹില്ലും. (പാത്തി ഹില്‍ പിന്നീട്‌ വിദ്യാഭ്യാസ വിചക്ഷണയായും മില്‍ഡ്രഡ്‌ ഹില്‍ സംഗീതജ്‌ഞയായും പ്രശസ്‌തരായി)കാലം 1893. പാത്തി ഹില്‍ പ്രിന്‍സിപ്പലായ സ്‌കൂളില്‍ സംഗീത അധ്യാപികയായിരുന്നു മില്‍ഡ്രഡ്‌ ഹില്‍. രാവിലെ പള്ളിക്കൂടത്തിലെത്തുന്ന കുട്ടികള്‍ക്ക്‌ ടീച്ചര്‍മാരുടെ വക ഗുഡ്‌മോണിംഗ്‌ പറയാന്‍(പാടാന്‍) ഒരു പാട്ട്‌. അതായിരുന്നു ഉദ്ദേശം. അതിനായി മില്‍ഡ്രഡ്‌ ഹില്‍ ലളിതമായ ഒരു ഈണം സൃഷ്‌ടിച്ചു. ഇന്ന്‌ ലോകം മുഴുവന്‍ പാടുന്ന `ഹാപ്പി ബര്‍ത്ത്‌ ഡേ' യുടെ പ്രശസ്‌തമായ ഈണം തന്നെ. പാത്തി ഹില്‍ ഈണത്തിനൊപ്പിച്ച്‌ നാലു കുഞ്ഞുവരികളും എഴുതിയുണ്ടാക്കി. പാട്ടു റെഡി.ഗുഡ്‌മോണിംഗ്‌ ടു യൂഗുഡ്‌മോണിംഗ്‌ ടു യൂഗുഡ്‌മോണിംഗ്‌, ഡിയര്‍ ചില്‍ഡ്രണ്‍ഗുഡ്‌മോണിംഗ്‌ ടു ആള്‍-ഇതായിരുന്നു പാട്ട്‌ടീച്ചര്‍മാരുടെ പുതിയ പാട്ട്‌ കുട്യോള്‍ക്ക്‌ ഇഷ്‌ടായി. പാട്ട്‌ ഹിറ്റായി. കുറച്ചു നാളുകള്‍ക്കകം `സോങ്ങ്‌ സ്‌റ്റോറീസ്‌ ഓഫ്‌ കിന്റര്‍ഗാട്ടന്‍' എന്ന നഴ്‌സറി പാട്ടുപുസ്‌തകത്തില്‍ ഈ പാട്ട്‌ ഇടം കണ്ടെത്തി. ഇതോടെ `ഗുഡ്‌മോണിംഗ്‌ ടു യൂ' പാട്ടിന്റെ ഈണത്തിനൊപ്പിച്ച്‌ നിരവധി പാരഡികളൂം ഇറങ്ങി. അക്കൂട്ടത്തിലൊന്നാണ്‌ `ഹാപ്പി ബര്‍ത്ത്‌ ഡേ' യും എന്ന്‌ ചരിത്രകാരന്മാര്‍ വാദിക്കുന്നു. അതല്ല പാത്തി ഹില്‍ തന്നെയാണ്‌ `ഹാപ്പി ബര്‍ത്ത്‌ ഡേ'യുടെ വരികള്‍ രചിച്ചതെന്നും പക്ഷമുണ്ട്‌. എന്തായാലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റേഡിയോയിലൂടെയും ഗ്രാമഫോണ്‍ റെക്കോഡുകളിലൂടെയും സിനിമകളിലൂടെയുമൊക്കെ `ഹാപ്പി ബര്‍ത്ത്‌ ഡേ' വളരെപ്പെട്ടെന്ന്‌ യൂറോപ്പിലും അമേരിക്കയിലും ഇംഗ്ലീഷ്‌ കോളനികളിലുമെല്ലാം പ്രചരിച്ചു. ജന്മദിനാഘോഷങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറുവാന്‍ ഈ കൊച്ചു പാട്ടിന്‌ ഏറെക്കാലം വേണ്ടിവന്നില്ല. 1933ല്‍ വെസ്‌റ്റേണ്‍ യൂണിയന്‍ കമ്പനിയുടെ ആദ്യ സിങ്ങിംഗ്‌ ടെലഗ്രാമായി(ടെലഗ്രാമിലെ സന്ദേശം ടെലിഫോണിലൂടെയോ മറ്റോ പാടിക്കേള്‍പ്പിക്കുന്ന പരിപാടി) `ഹാപ്പി ബര്‍ത്ത്‌ ഡേ' മാറിയതോടെ പാട്ടിന്റെ ജനപ്രീതി പിടിച്ചാല്‍ കിട്ടാത്ത അവസ്‌ഥയിലെത്തി. ഇക്കാലത്ത്‌ സംഗീത സൃഷ്‌ടികളില്‍ ഹാപ്പി ബര്‍ത്ത്‌ഡേ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഹില്‍ സഹോദരിമാരില്‍ മൂന്നാമത്തെയാളായ ജസീക്ക ഹില്‍ `ഹാപ്പി ബര്‍ത്ത്‌ ഡേ' യുടെ ഈണത്തിന്റെ പകര്‍പ്പവകാശം രജിസ്‌റ്റര്‍ ചെയ്യാനുള്ള നീക്കം ആരംഭിച്ചു. എന്നാല്‍ താന്‍ സൃഷ്‌ടിച്ച ഈണം കാശുവാരുന്നതു കാണാന്‍ കാത്തുനില്‍ക്കാതെ മില്‍ഡ്രഡ്‌ ഹില്‍ 1916ല്‍ മരിച്ചു. 1934 ല്‍ `ഹാപ്പി ബര്‍ത്ത്‌ ഡേ' യുടെ ഉടമസ്‌ഥാവകാശം തന്റെ സഹോദരിമാരുടെ പേരില്‍ ജസീക്ക ഹില്ലിന്‌ അനുവദിച്ചു കിട്ടി. ചിക്കാഗോ ആസ്‌ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സംഗീത പ്രസാധകരായിരുന്ന ക്ലേടോണ്‍ എഫ്‌. സമ്മി എന്ന കമ്പനിയായിരുന്നു പകര്‍പ്പവകാശം നേടുന്നതിന്‌ ഹില്ലിനുവേണ്ട സഹായങ്ങളൊക്കെ ചെയ്‌തു കൊടുത്തിരുന്നത്‌. ക്ലേടോണ്‍ 1935ല്‍ ആദ്യമായി പകര്‍പ്പവകാശ നിബന്ധനകളോടെ `ഹാപ്പി ബര്‍ത്ത്‌ ഡേ' പുറത്തിറക്കി. പിന്നീട്‌ ക്ലേടോണ്‍ എഫ്‌. സമ്മിയുടെ ഉടമസ്‌ഥാവകാശം കൈമാറപ്പെടുകയും പേര്‌ ബ്രിച്ച്‌ ട്രീ ലിമിറ്റഡ്‌ എന്നായി മാറുകയും ചെയ്‌തു. ഹാപ്പി ബര്‍ത്‌ഡേ ഗാനം ഒരു സിനിമയില്‍ ഉപയോഗിച്ചതിന് വാര്‍ണര്‍ മ്യൂസിക് ഗ്രൂപ് 1,500 ഡോളറായിരുന്നു റോയല്‍റ്റിയായി നല്‍കേണ്ടിയിരുന്നത്1998 ലാണ്‌ ബ്രിച്ച്‌ ട്രീ ലിമിറ്റഡിനെ ടൈം വാര്‍ണര്‍ ഏറ്റെടുക്കുന്നത്‌. അതോടെ കമ്പനി യുടെ പേര്‌ സമ്മി-ബ്രിച്ചാര്‍ഡ്‌ മ്യൂസിക്‌ എന്നാവുകയും `ഹാപ്പി ബര്‍ത്ത്‌ ഡേ'യുടെ കൈവശാവകാശം ടൈം വെര്‍ണറില്‍ വന്നുചേരുകയും ചെയ്‌തു. കോപ്പിറൈറ്റ്‌ റോയല്‍റ്റി ഇനത്തില്‍ `ഹാപ്പി ബര്‍ത്ത്‌ ഡേ'ക്ക്‌ ഓരോ കൊല്ലവും പിരിഞ്ഞു കിട്ടുന്ന വന്‍തുക ഇപ്പോള്‍ സമ്മി-ബ്രിച്ചാര്‍ഡ്‌ മ്യൂസിക്കും ഹില്‍ സഹോദരിമാരുടെ പേരിലുള്ള ചാരിറ്റി സംഘടനയായ ഹില്‍ ഫൗണ്ടേഷനും കൂടിയാണ്‌ പങ്കിടുന്നത്‌. ഏതെങ്കിലും സിനിമയിലോ ടെലിവിഷന്‍ പരസ്യത്തിലോ ആരെങ്കിലും ഹാപ്പി ബര്‍ത്ത്‌ ഡേ പാടിയാലും വാര്‍ണറിന്റെ പെട്ടിയില്‍ കാശുവീഴും. ഹാപ്പി ബര്‍ത്ത്‌ ഡേ പാടുന്ന കളിപ്പാട്ടവും കാര്‍ഡുകളും നിര്‍മിക്കുന്നവരും പണമടച്ച്‌ അനുവാദം നേടിയിരിക്കണം. കോപ്പിറൈറ്റ്‌ നിയമങ്ങള്‍ ശക്‌തമായ അമേരിക്കയിലുംമറ്റും ഭാരിച്ച ലൈസന്‍സ്‌ തുകയില്‍ നിന്നും രക്ഷപ്പെടാനായി പല ഹോട്ടലുകള്‍ക്കും കുട്ടികളുടെ ക്ലബ്ബുകള്‍ക്കുമൊക്കെ സ്വന്തമായി ട്യൂണ്‍ ചെയ്‌ത പിറന്നാള്‍ പാട്ടുകളുണ്ട്‌.


 


1934ലെ നിയമപ്രകാരം 1991 ല്‍ `ഹാപ്പി ബര്‍ത്ത്‌ ഡേ' പകര്‍പ്പവകാശ നിയമത്തില്‍ നിന്നും സ്വതന്ത്രമാവുമായിരുന്നു. എന്നാല്‍ 1976ല്‍ നിലവില്‍വന്ന നിയമഭേദഗതി പകര്‍പ്പവകാശ സംരക്ഷണം 75 വര്‍ഷമാക്കി നീട്ടി. 1991ല്‍ ഉണ്ടാക്കിയ മറ്റൊരു നിയമഭേദഗതി മൂലം `ഹാപ്പി ബര്‍ത്ത്‌ ഡേ' യുടെ പകര്‍പ്പവകാശ സംരക്ഷണ കാലയളവ്‌ 2030 വരെയായി വീണ്ടും ദീര്‍ഘിപ്പിച്ചു. പ്രതിവര്‍ഷം 20 ലക്ഷം ഡോളറാണ് ലൈസന്‍സ് ഫീസ് ഇനത്തില്‍ ഇവര്‍ സ്വന്തമാക്കിയിരുന്നത്. 2013 ല്‍ ജെന്നിഫര്‍ നെല്‍സണ്‍ എന്ന ചലച്ചിത്രസംവിധായകനാണ് പാട്ടിന്റെ കോപ്പിറൈറ്റിനെതിരെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്‍ രണ്ട് വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷം ഹാപ്പി ബര്‍ത് ഡേ എന്ന ഗാനത്തിന് ആര്‍ക്കും റോയല്‍റ്റി നല്‍കേണ്ടെന്നാണ് യു.എസ് കോടതി വിധിച്ചു. ബൗദ്ധികാവകാശ ലൈസന്‍സ് കാലഹരണപ്പെട്ടവ ഉള്‍പ്പെടുന്ന പബ്ലിക് ഡൊമൈന് കീഴിലാണ് ഇനി മുതല്‍ ഈ പാട്ടിനെ വര്‍ഗീകരിക്കുക പൊതുജനങ്ങള്‍ക്ക് ഹാപ്പി ബര്‍ത് ഡേ ഗാനം ഉപയോഗിക്കുന്നതിന് യാതൊരു തടസവുമില്ലെന്നും വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പിന് അതിന്‍മേലുണ്ടായിരുന്ന പകര്‍പ്പവകാശം ഇനി ഉണ്ടായിരിക്കുന്നതല്ലെന്നും ലോസ് ഏഞ്ചല്‍സ് കോടതിയിലെ ജഡ്ജി ജോര്‍ജ് കിങ് വിധിയില്‍ പ്രസ്താവിച്ചു.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *