Collecting knowledge For you !

അമിത രക്ഷാകര്‍തൃത്വം (Over Parenting )

By:
Posted: February 25, 2018
Category: Info Bytes !
Comments: 0
download palathully android app ! >>>> Get!

പുതുയുഗത്തിലെ പുതുപ്രശ്നങ്ങളില്‍ ഒന്നാണിത്. കുട്ടികളുടെ ജീവിതത്തിലെ അതിസൂക്ഷ്മ കാര്യങ്ങളില്‍ പോലും ഇടപെടുക എന്നതാണ് ഈ മാനസിക രോഗാവസ്ഥ ( Micro Managing).

സദാ സമയവും അവര്‍ ശരിയായ തീരുമാനം എടുക്കുന്നുണ്ടോ എന്നു ശ്രദ്ധിച്ചു കൊണ്ടേയിരിക്കല്‍ , ഏതു നേരവും അവരുടെ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളെ പിന്തുടരല്‍ ( hypervigilance), ഒരു തരത്തിലും ഒരബദ്ധവും സംഭവിക്കാത്ത രീതിയില്‍ തീരുമാനങ്ങളെടുക്കാന്‍ പിറകേ നടന്നു കൊണ്ടിരിക്കല്‍ ( overindulgence ) , അമിത സംരക്ഷണം എന്നിവയെ ഒക്കെ കുറിക്കുന്ന പദമാണ് ഓവര്‍ പാരെന്റിംഗ്.

കഴിഞ്ഞ കാലഘട്ടങ്ങള്‍ അവഗണയുടേത് ആണെങ്കില്‍ അതിന്റെ നേരെ ഓപ്പോസിറ്റ് ആയി കാര്യങ്ങള്‍ മാറിപ്പോകുന്ന അവസ്ഥ. ചുരുക്കത്തില്‍ പെരുന്തല്‍ മട്ടലില്‍ ചവിട്ടിയ പോലെ. ഒന്നുകില്‍ ഈ തല പൊങ്ങും, അല്ലെങ്കില്‍ മറ്റേ തല പൊങ്ങും.

ഈയൊരു മാനസികാവസ്ഥയെ മനശ്ശാസ്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നത് കുട്ടികളുടെ സംരക്ഷണം എന്ന നിലയിലേയല്ല, മറിച്ച്, രക്ഷിതാക്കളുടെ ഉപബോധ മനസ്സിലെ അതിശക്തമായ ആഗ്രഹങ്ങളുടെയും അസ്വസ്ഥതകളുടെയും പ്രകടമായ മനോവൈകല്യമായാണ്.

തങ്ങളുടെ മക്കള്‍ക്ക്‌ തോല്‍വിയും വേദനയും തെറ്റുകളും സംഭവിക്കുന്നത്‌ അത്തരം ആളുകള്‍ക്ക് സഹിക്കാനാവില്ല. അവര്‍ക്കത്‌ കുറ്റബോധം, നാണക്കേട്‌ പോലെയുള്ള Guilty feelings ഉണ്ടാക്കും.

ഒരു പ്രവൃത്തിയുടെ (action) പരിണിതഫലങ്ങളെക്കുറിച്ച് ( consequences) അവര്‍ സദാസമയം ജാഗരൂകരായിരിക്കും. ഒരുദാഹരണം പറയാം.

ഒരു കുട്ടി ഒരു കല്ലെടുത്തു മാമ്പഴത്തിന് എറിഞ്ഞു. അതു മറ്റൊരു കുട്ടിയുടെ കാലില്‍ വന്നു വീണു. ഉടനെ അതൊരു അഖിലലോക മഹാ വിസ്ഫോടനമായി എറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കള്‍ ഉയര്‍ത്തിക്കൊണ്ടു വരും.

അതെങ്ങാലും കണ്ണില്‍ കൊണ്ടിരുന്നെങ്കില്‍ ആരു സമാധാനം പറയും എന്നു കുട്ടിയോട് ചോദിക്കും. ഒരു ചോദ്യമല്ല, ഒരായിരം ചോദ്യങ്ങള്‍.

കഥയുടെ അവസാനം,എടുത്താല്‍ കണ്ണ്, കണ്ണിന്റെ ഓപ്പറേഷന്‍, കണ്ണു മാറ്റല്‍ ശസ്ത്രക്രിയ, കോര്‍ണിയ ട്രാന്‍സ്പ്ലാന്റെഷന്‍, ഗ്ലൂക്കോമ, ഹൈഫീമ ഒക്കെയായി ആ കൊച്ചു കല്ലുവീഴല്‍ മാറിമാറിഞ്ഞിട്ടുണ്ടാവും.😳😲

ഇത്തരം കുട്ടികള്‍ പിന്നീട് അമിതാശ്രയത്വം ( overly dependent) ഉള്ളവരായിത്തീരുകയാണ് ചെയ്യുന്നത്.

ഒരിക്കല്‍ കൂടെയുള്ള പയ്യനെ മറ്റൊരുത്തന്‍ തല്ലി. ഞങ്ങള്‍ കൂട്ടുകാരെല്ലാം തല്ലിയവനെ തല്ലാന്‍ വട്ടം കൂടിയപ്പോള്‍, തല്ലു കൊണ്ടവന്റെ വക ഒരു റിക്വസ്റ്റ്. ഇപ്പൊ തല്ലണ്ടാ, വീട്ടില്‍ പോയി അമ്മയോട് സമ്മതം വാങ്ങിച്ചിട്ടു നാളെ തല്ലിയാല്‍ പോരേ എന്ന്!!😀

ഇതിന്റെ തന്നെ മറ്റൊരു വേര്‍ഷന്‍ ആണ് കുട്ടിയെ ശാസിച്ചതിനു അധ്യാപകരുടെ മേക്കിട്ടു കയറലും. അവരതോടു കൂടി സേഫ് കോര്‍ണറിലേയ്ക്ക് പതിയെ മാറും. കാരണം കുട്ടികളെ തിരുത്തിയാലും ഇല്ലെങ്കിലും അവര്‍ക്ക് ഒരേ ശമ്പളം ലഭിക്കും എന്നതു തന്നെ.

ഇതില്‍ വളരെ രസകരമായ ഒരു വസ്തുത കൂടിയുണ്ട്. ഓടിപ്പറന്നു പ്രേമിച്ചു നടന്നവന്റെ ഭാര്യയുടെ അതേ അവസ്ഥ.

അവള്‍ക്കു നിന്നു തിരിയാന്‍ കഴിയില്ല. കാരണം അവന് എല്ലാ ടെക്നിക്കും അറിയാം. കണ്ണ് ഇടത്തോട്ടു ചരിഞ്ഞാല്‍, തലമുടി വലത്തോട്ടു കാറ്റില്‍ പാറിയാല്‍, എല്ലാം അവന്‍ അളന്നു കളയും.

ഇതേ പോലെ, സകലമാന കുനിഷ്ടു കുരുട്ടു ഗുലുമാലും ഒപ്പിച്ച രക്ഷിതാക്കളുടെ മക്കളാണ് കൂടുതലും ഇതിന്റെ ഇരകള്‍. പിന്നെ വാര്‍ത്താമാധ്യമങ്ങളിലെ പീഡന, ആക്രമണ, ലഹരി, ദുരന്ത വാര്‍ത്തകളുടെ സ്ഥിരം വായനക്കാരുടെ മക്കളും.

ഇങ്ങിനെയുള്ള രക്ഷിതാക്കളും മക്കളും തമ്മില്‍ സദാസമയം ആര്‍ഗ്യുമെന്റുകള്‍ (വാഗ്വാദം) നടക്കും. രക്ഷിതാക്കള്‍ Yes പറയും. മക്കള്‍ No പറയും. മക്കള്‍ തോല്‍ക്കുന്നിടം വരെ അതു തുടരും.

ഇങ്ങിനെ കുന്നുകൂടുന്ന യെസ്സും നോയും പക്ഷേ മക്കളുടെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ അവിടെ കിടക്കും. ഒരു സമയമാകുമ്പോള്‍ അവര്‍ Yes ഉം രക്ഷിതാക്കള്‍ No യും ആകുമെന്ന് ഉറപ്പ്.

ചുരുക്കത്തില്‍ കുട്ടികളുടെ മുടിയിലും ഉടുപ്പിലും ചെരുപ്പിലും നോട്ടത്തിലും സംസാരത്തിലും ഇരിപ്പിലും സൌഹൃദങ്ങളിലും തീറ്റയിലും മിട്ടായിയിലും തുടങ്ങി അവന്‍റെ സകലമാന കാര്യങ്ങളിലും ഇത്തരം രക്ഷിതാക്കള്‍ കയറി നിരങ്ങും.

സദാസമയവും മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യും. ഇങ്ങിനെയുള്ള രക്ഷിതാക്കളുടെ സമ്മേളനം കാണണമെങ്കില്‍ ഏതെങ്കിലും സ്കൂള്‍ കലോത്സവ വേദികളില്‍ പോയാല്‍ മതി.

നന്നായി പാടുന്ന മണ്ണുണ്ണികള്‍, മനോഹരമായി നൃത്തം ചെയ്യുന്ന മന്ദബുദ്ധികള്‍, മത്സരപ്പരീക്ഷകളില്‍ ഒന്നാമതെത്തുന്ന അന്തം കമ്മികള്‍....

ഫലത്തില്‍ ഇത്തരം രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ ജീവിതപ്പരീക്ഷകളെ നേരിടാനുള്ള പ്രതിരോധം ഇല്ലാതാക്കിക്കളയുകയാണ് ചെയ്യുന്നത്.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *