ഇന്ത്യയിലേക്ക് കുടിയേറാന്‍ ഐന്സ്റ്റൈന് ആലോചിച്ചിരുന്നോ? അത്തരമൊരു നീക്കത്തിന് ഐന്‍സ്റ്റൈനെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ നെഹ്റുവിനെ പ്രേരിപ്പിച്ചത് ഇസ്രായേല്‍-പലസ്തീന് പ്രശ്നം ആയിരുന്നോ?
പ്രശസ്ത ഗവേഷകനും ‘നവഡാര്‍വീനിയന്‍ വിപ്ലവ’ത്തിന് നേതൃത്വം നല്കിയവരില് ഒരാളുമായ ജെ.ബി.എസ്. ഹാല്ഡേന്, രാഷ്ട്രീയനിലപാടുകളുടെ പേരില്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് തെറ്റി ഇന്ത്യയിലേക്ക് കുടിയേറുന്നത് 1957ലാണ്. ഇന്ത്യന്‍ സ്ഥിതിവിവര ശാസ്ത്രജ്ഞന് പി.സി. മഹാലിനോബിസുമായുള്ള അടുപ്പം ഹാല്‍ഡേനെ കൊല്‍ക്കത്തയില്‍ മഹാലിനോബിസ് സ്ഥാപിച്ച ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്സ്റ്റിട്ട്യൂട്ടില് എത്തിച്ചു. അവിടെ ഗവേഷകനായി ചേര്‍ന്ന ഹാല്ഡേന്, ഭുവനേശ്വരില്‍ വെച്ച് മരിക്കുന്നതിന് മൂന്നുവര്‍ഷം മുമ്പ് 1961ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു.
ഒരു മുന്‍കൂര്‍ ജാമ്യമെന്ന നിലയ്ക്കാണ് ഇവിടെ ഹാല്‍ഡേനെ കുറിച്ച് ഞാന്‍ പറഞ്ഞു തുടങ്ങിയത്. ഇങ്ങനെയൊരു അതികായന് ഇന്ത്യയിലേക്ക് കുടിയേറാന്‍ തോന്നിയെങ്കില്‍, അത്തരം ആഗ്രഹം വെച്ചുപുലര്‍ത്തിയ വേറെയും പാശ്ചാത്യശാസ്ത്രജ്ഞര് ഉണ്ടാകില്ലേ? അക്കൂട്ടത്തില്‍ ആര്‍ബര്‍ട്ട് ഐന്സ്റ്റൈന് എന്ന മഹാപ്രതിഭയും ഉള്‍പ്പെട്ടിരുന്നോ? ഇന്ത്യയിലേക്ക് വരാനും ഇവിടെ ജീവിക്കാനും ഐന്സ്റ്റൈന് ആഗ്രഹിച്ചിരുന്നുവോ? നാസിജര്‍മനിയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാനാണോ ഐന്സ്റ്റൈന് ഉദ്ദേശിച്ചത്? ഇക്കാര്യത്തില്‍, ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ നേരിട്ടുള്ള തെളിവുകള്‍ ചരിത്രകാരന്മാര്ക്ക് ലഭിച്ചിട്ടില്ല. എങ്കിലും ചില സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു സാധ്യതയെക്കുറിച്ചുള്ള ചിന്ത കൗതുകകരമാണ്.
ആധുനിക ഇന്ത്യ ജന്മംനല്കിയ പല പ്രതിഭകളുമായും ഐന്സ്റ്റൈന് അടുപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ ശാസ്ത്രപ്രതിഭ സത്യേന്ദ്ര നാഥ് ബോസും ഐന്‍സ്റ്റൈനുമായി നിലനിന്നിരുന്ന ബന്ധം അതിന് ഏറ്റഴും നല്ല ഉദാഹരണമാണ്. പ്രകാശകണങ്ങളായി ഫോട്ടോണുകളെപ്പറ്റി 1924ല്‍ ബോസ് രചിച്ച പ്രബന്ധം ഐന്സ്റ്റൈന് അയയ്ക്കുന്നതും, അതു വായിച്ച് ആവേശഭരിതനായി ഐന്സ്റ്റൈന് ബോസിന്റെ പ്രബന്ധം പ്രസിദ്ധീകരിക്കുക മാത്രമല്ല, അതിനെ വിപുലീകരിച്ച് ‘ബോസ്-ഐന്സ്റ്റൈന് സ്റ്റാറ്റിസ്റ്റിക്കിന് രൂപംനല്കുന്നതും, ആധുനിക ശാസ്ത്രചരിത്രത്തിലെ കൗതുകകരമായ അധ്യായമാണ്. മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ ആയിരുന്നു ഐന്‍സ്റ്റന്റെ മറ്റൊരു ഇന്ത്യന്‍ സുഹൃത്ത്. ടാഗോറും ഐന്‍സ്റ്റൈനും തമ്മില്‍ 1930 ജൂലൈ 14ന് ബര്‍ലിനില്‍ വെച്ച് നടത്തിയ ചരിത്രപ്രസിദ്ധമായ സംവാദത്തിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ശാസ്ത്രം, സൗന്ദര്യം, മതം, ദാര്‍ശനികം തുടങ്ങിയവയെക്കുറിച്ച് ആ മഹാരഥന്മാര് പറയുന്നത് കേള്‍ക്കാന്‍ ലോകം കാതോര്‍ത്തു.
നൂറുവര്‍ഷം മുമ്പ് ഐന്സ്റ്റൈന് നടത്തിയ അസാധാരണമായ ശാസ്ത്രമുന്നേറ്റത്തിന്റെ സ്മരണാര്‍ഥം, 2005നെ ഐക്യരാഷ്ട്ര സഭ ‘ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ഫിസിക്സ്’ (International Year of Physics) ആയി പ്രഖ്യാപിച്ചിരുന്നല്ലോ. ആ സന്ദര്‍ഭത്തില്‍ പ്രശസ്ത സസ്യശാസ്ത്രജ്ഞനും ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥത്തിന് പുനര്ജന്മം നല്കിയ ഗവേഷകനുമായ ഡോ.കെ.എസ്. മണിലാല്‍ ശ്രദ്ധേയമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു; ‘ഐന്സ്റ്റൈന് ആന്‍ഡ് ഇന്ത്യ’ (SAMAGRA, Vol.1.2005) എന്ന പേരില്‍. 1930കളുടെ പകുതിയില്‍ ‘ബനാറസ് ഹിന്ദു സര്‍വകലാശാല’യിലെ (ബി.എച്ച്.യു) ഉന്നതര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഒരു കേട്ടുകേള്‍വിയെ കുറിച്ചും, വര്‍ഷങ്ങള്‍ക്ക് ശേഷം 6000 രൂപ മാസശമ്പളത്തില്‍ ഐന്‍സ്റ്റൈനെ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ തിരുവിതാംകൂര്‍ ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചുമാണ് ലേഖനത്തില്‍ ചര്‍ച്ചചെയ്യുന്നത്.

1933 ജനുവരിയിലാണ് നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മന്‍ ചാന്‍സലറായി ചുമതലയേല്‍ക്കുന്നത്. ജൂതജനതയെ ഉന്മൂലനം ചെയ്ത് ആര്യരക്തം മാത്രമുള്ള ലോകം സൃഷ്ടിക്കുക എന്ന ലക്ഷ്യമായിരുന്നു നാസി ഭരണകൂടത്തിന്റേത്. ജര്‍മനിയില്‍ ഔദ്യോഗിക പദവികളില്‍ നിന്ന് ജൂതവംശരെ വിലക്കിക്കൊണ്ടുള്ള നിയമം ആ ഏപ്രിലില്‍ ഹിറ്റ്ലര്‍ പാസാക്കി. വിവിധ അക്കാദമികള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും നിയമം ബാധകമായിരുന്നു. അതിന്റെ ഫലമായി ജര്‍മനിയില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന ജൂതവംശജരായ ഗവേഷകരില്‍ 14 നൊബേല്‍ ജേതാക്കളും 26 സൈദ്ധാന്തിക ഭൗതികശാസ്ത്ര പ്രൊഫസര്‍മാരും ഉള്‍പ്പെട്ടു.
വിദേശയാത്രയിലായിരുന്ന ഐന്സ്റ്റൈന് പിന്നീട് സ്വന്തം നാട്ടിലേക്ക് മടങ്ങാനായില്ല. പാശ്ചാത്യലോകത്തെ പല പ്രമുഖ സര്‍വകലാശാലകളും ഐന്സ്റ്റൈനായി വാതിലുകള്‍ തുറന്നിട്ടു. അതില്‍ പ്രധാനം അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയായിരുന്നു. എന്നാല്‍ എങ്ങോട്ട് പോകണം, എവിടെ കുടിയേറണം എന്ന് തീരുമാനിക്കാതെ ബല്‍ജിയത്തില്‍ കുറെ ദിവസങ്ങള്‍ ഐന്സ്റ്റൈന് ചെലവിട്ടു. തനിക്ക് ഇന്ത്യയിലേക്ക് വരാനും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പോലൊരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാനും താത്പര്യമുണ്ടെന്ന് കാട്ടി തന്റെ പരിചയക്കാരനായ ജവഹര്‍ലാല്‍ നെഹ്റുവിന് ഐന്സ്റ്റൈന് കത്തെഴുതിയെന്നാണ് പ്രചരിച്ചിരുന്ന കഥ. സര്‍വകലാശാലയുടെ സ്ഥാപകന്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയ്ക്ക് നെഹ്റു കത്ത് കൈമാറി. യൂണിവേസ്റ്റി രജിസ്ട്രാര്‍ക്ക് ഫോര്‍വേഡ് ചെയ്യപ്പെട്ട ആ കത്തിന്റെ പ്രാധാന്യം മനസിലാക്കാതെ, പതിവ് രീതിയില്‍ ‘മിസ്റ്റര്‍ ഐന്സ്റ്റൈന് താങ്കളുടെ കത്ത് കിട്ടി. ഭാവിയില്‍ ഇവിടെ വേക്കന്‍സി വരുമ്പോള്‍ അറിയിക്കാം’ എന്ന് ഉദ്യോഗസ്ഥര്‍ മറുപടി അയയ്ക്കുകയും ചെയ്തുവത്രേ! നിരാശാജനകമായ ആ മറുപടി കിട്ടിയ ശേഷം ഐന്സ്റ്റൈന് അമേരിക്കയിലേക്ക് കുടിയേറുകയും പ്രിന്‍സ്റ്റണില്‍ താവളമുറപ്പിക്കുകയും ചെയ്തു.
ബി.എച്ച്.യു.വിലെ ഉന്നതര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഈ അഭ്യൂഹമല്ലാതെ, ഇങ്ങനെയൊരു കത്തിടപാട് നടന്നു എന്നതിന് നേരിട്ടൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. 1947ല്‍ നെഹ്റുവും ഐന്‍സ്റ്റൈനും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ അരനൂറ്റാണ്ടിന് ശേഷം ഇസ്രായേല്‍ ആര്‍ക്കൈവ് പുറത്തുവിടുകയുണ്ടായി. ആ രേഖകള്‍ മറ്റൊരു സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതായി ഡോ. മണിലാല്‍ പറയുന്നു. ജൂതന്മാര്ക്കായി പ്രത്യേക രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണച്ച പ്രമുഖനാണ് ഐന്സ്റ്റൈന്. ഇസ്രായേല്‍ പ്രസിഡണ്ട് പദംപോലും അദ്ദേഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നേതാക്കളുടെ, വിശേഷിച്ചും നെഹ്റുവിന്റെ നയം നേരെ വിപരീതമായിരുന്നു. പലസ്തീനിനൊപ്പം നിലകൊള്ളുകയാണ് ഇന്ത്യ ചെയ്തത്. ആ പശ്ചാത്തലത്തില്‍, ജൂതരാഷ്ട്രവാദിയായ ഐന്‍സ്റ്റൈനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുക എന്നത് നെഹ്റുവിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് എതിരായ സംഗതിയായിരുന്നു.

മേല്‍വിവരിച്ച സംഗതി സത്യമാണെങ്കിലും അല്ലെങ്കിലും, ഐന്‍സ്റ്റൈനെ പോലൊരു മഹാപ്രതിഭയെ ഇങ്ങോട്ട് ക്ഷണിക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടുരാജ്യമായ തിരുവിതാംകൂറിന് തടസ്സമൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയിലേക്ക് വരാനുള്ള ഐന്‍സ്റ്റൈന്റെ താത്പര്യം അറിഞ്ഞ മട്ടിലായിരുന്നു തിരുവിതാകൂര്‍ ദിവാനായ സര് സി.പി. രാമസ്വാമി അയ്യരുടെ നടപടി. പില്ക്കാലത്ത് കേരള സര്‍വകലാശാലയായി മാറിയ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഗവേഷണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ച 1945ല്‍ ശ്രീ മൂലം അസംബ്ലിയില്‍ (നിയമസഭയില്‍) നടക്കുന്ന വേളയിലാണ് ഐന്‍സ്റ്റൈനെ താന്‍ ട്രാവന്‍കൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ക്ഷണിച്ച കാര്യം സര് സി.പി.വെളിപ്പെടുത്തിയത്. അപ്പോള്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണിലുള്ള ഐന്സ്റ്റൈന് താന്‍ പ്രതിമാസം 6000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത കാര്യവും അദ്ദേഹം സഭാംഗങ്ങളെ അറിയിച്ചു (ദിവാന്റെ പ്രതിമാസ ശമ്പളം 4000 രൂപ ആയിരുന്നു എന്നോര്‍ക്കുക!). ശ്രീ മൂലം അസംബ്ലിയുടെ പ്രൊസീഡിങ്സില്‍ (Proceedings of Travancore Sri Moolam Assembly. Vol XXVI. 31st July 1945) ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള കാര്യം, പില്ക്കാലത്ത് ശ്രീധരമേനോനെ പോലുള്ള ചരിത്രകാരന്മാരാണ് പുറത്തുകൊണ്ടുവന്നത്.
രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയമാണത്. യുദ്ധശേഷം ഐന്‍സ്റ്റൈനെ പോലുള്ള ലോകോത്തര പ്രതിഭകളെ മികച്ച ശമ്പളം നല്കി തിരുവിതാംകൂറിലേക്ക് ആകര്‍ഷിക്കണമെന്നും ആ പ്രസംഗത്തില്‍ സര് സി.പി. പറഞ്ഞു. ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമായി നിലനില്‍ക്കാനുള്ള ആലോചനയിലായിരുന്നു അന്ന് സര് സി.പി. ആ നിലയ്ക്കായിരുന്നു തിരുവിതാംകൂറിലെ ശാസ്ത്രഗവേഷണം ശക്തിപ്പെടുത്താനുള്ള നീക്കം. ഐന്‍സ്റ്റൈനുമായി നടത്തിയ കത്തിടപാടുകളുടെ രേഖ സര് സി.പി.യുടെ ഊട്ടിയിലെ ബംഗ്ലാവിലാകാം സൂക്ഷിച്ചിരുന്നത് എന്നും, അദ്ദേഹത്തിന്റെ മരണശേഷം വീട് പുതുക്കി പണിതപ്പോള്‍ ആ പേപ്പറുകള്‍ നഷ്ടപ്പെട്ടിരിക്കാം എന്നുമാണ് കരുതുന്നത്.

നാസി ഭീകരത ഭയന്ന് ജര്‍മനി വിട്ട ജൂതവംശജരായ ശാസ്ത്രപ്രതിഭകളെ ക്ഷണിച്ചു വരുത്തി ഇന്ത്യയിലെ ശാസ്ത്രരംഗത്തിന് കുതിപ്പേകണമെന്ന് ആഗ്രഹിച്ച വേറൊരാളുണ്ടായിരുന്നു. സാക്ഷാല്‍ സി.വി. രാമന്! 1930ല്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ നേടിയ ആദ്യ ഏഷ്യക്കാരനായ രാമന്, 1933ല്‍ ബാംഗ്ലൂരിലെ ‘ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സന്‍സി’ല്‍ വെള്ളക്കാരനല്ലാത്ത ആദ്യ ഡയറക്ടറായി സ്ഥാനമേറ്റ ശേഷമാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്. അതിന്റെ ഭാഗമായി ജര്‍മനിയില്‍ നിന്നുള്ള സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ മാക്സ് ബോണിനെ ആറുമാസം ഇന്സ്റ്റിട്ട്യൂട്ടില് നിയമിക്കുകയും ചെയ്തു. എന്നാല്‍, ഇന്‍സ്റ്റിട്ട്യൂട്ടിലെ വെള്ളക്കാരായ ഫാക്കല്‍റ്റിയില്‍ ചിലര്‍ രാമന്റെ ശ്രമത്തെ വംശീയമായി എതിര്‍ത്തു. രാമനെ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണങ്ങളിലൊന്ന് ഇതായി മാറി!
ജര്‍മനിയില്‍ നിന്ന് പലായനം ചെയ്ത ശാസ്ത്രപ്രതിഭകളില്‍ മിക്കവരും അമേരിക്കയിലാണ് എത്തിയത്. ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്ക കൈവരിച്ച ശാസ്ത്രമുന്നേറ്റത്തിന്റെ ആണിക്കല്ലായി ആ ഗവേഷകര്‍ മാറി. അലോചിച്ച് നോക്കുക: രാമന് ആഗ്രഹിച്ചതുപോലെ ആ പ്രതിഭകളില്‍ കുറെപ്പേരെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് ഇന്ത്യന്‍ ശാസ്ത്രരംഗം എത്ര ഉയരത്തിലെത്തുമായിരുന്നു!
അവലംബം –
* ‘Einstein and India – Some Thoughts in the International Year of Physics’, by K. S. Manilal. SAMAGRA, Vol.1.2005 * Einstein – His Life and Universe (2007), by Walter Isaacson. Pocket Books, London * Journey into Light – Life and Science of C.V.Raman (1988), by G. Venkataraman. Indian Academy of Sciences, Bangalore
* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്