നെതര്‍ലന്റ്സില്‍ ബിയര്‍ കഴിക്കാന്‍ 18 വയസ്സാകണം, ബെല്‍ജിയത്തില്‍ പ്രായപരിധി 16 ആണ്. അതുകൊണ്ട് ഡച്ച്‌ മദ്യക്കട 16കാരന് മദ്യം നല്‍കില്ല, പക്ഷേ റോഡ് മുറിച്ചുകടന്ന് ബെല്‍ജിയത്തെത്തിയാല്‍ മദ്യം സുലഭം.

ഒരേ കട്ടിലില്‍ക്കിടക്കുന്നവരില്‍ ഒരാള്‍ ഒരു രാജ്യത്ത്. മറ്റേയാള്‍ അടുത്ത രാജ്യത്ത്. വീടിന്റെ മുന്‍വാതില്‍ ഒന്ന് മാറ്റിസ്ഥാപിക്കണമെന്ന് തോന്നിയാല്‍ പണി പാളും. രാജ്യം മാറും. സാമ്ബത്തികാനുകൂല്യങ്ങളില്‍വരെ മാറ്റം വരും. അക്ഷരാര്‍ത്ഥത്തില്‍, ഒരു ജിയോ പൊളിറ്റിക്കല്‍ വൈരുദ്ധ്യം.

അതിര്‍ത്തികളെച്ചൊല്ലി ലോക രാഷ്ട്രങ്ങള്‍ പലതും പരസ്പരം പല്ലിറുമ്മുന്ന കാലത്താണ് അതിര്‍ത്തികള്‍ക്ക് പുല്ലുവില നല്‍കുന്ന ഈ പട്ടണവും നിലനില്‍ക്കുന്നത്. രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തികളിലുള്ള ഈ പട്ടണം ആ വ്യത്യാസം സംയമനത്തോടെ കൂളായി നേരിടുകയാണ്.

ബാള്‍ നെസോ (Baarle-Nassau) എന്നാണ് ഈ പട്ടണത്തിന് പേര്. ബെല്‍ജിയത്തിന്റെയും നെതര്‍ലാന്റിന്റെയും അതിര്‍ത്തിയിലാണ് ഈ പട്ടണം. നെതര്‍ലന്റിലെ ഒരു നഗരസഭയാണ് ഇത്. പല കെട്ടിടങ്ങള്‍ക്കും മധ്യത്തില്‍ക്കൂടി അന്താരാഷ്ട്ര അതിര്‍ത്തിരേഖ കടന്നുപോകുന്നു. ഇൗ ഡച്ച്‌ പട്ടണത്തില്‍ 30 ഓളം ബെല്‍ജിയന്‍ വീടുകളുണ്ട്. ബാള്‍ ഹെര്‍തോഗ് എന്ന് പേര്.

പണ്ടൊരു ഡ്യൂക്കിന്റെ വകയായിരുന്നു ഇവിടം. 1831ല്‍ ബെല്‍ജിയം നെതര്‍ലാന്റില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ ഈ പ്രദേശത്തെച്ചൊല്ലി രണ്ട് രാജ്യങ്ങള്‍ക്കും ആശയക്കുഴപ്പമായി. ആരുമാരും ഒന്നും പറയാതെ 1995വരെ ആശയക്കുഴപ്പം നീണ്ടു. ‘ഒടുവില്‍ ആരുടേതുമല്ലാത്ത ഭൂമി’ ബെല്‍ജിയത്തിന് വിട്ടുകൊടുത്തു. ഇവിടത്തെ 9000 വരുന്ന താമസക്കാര്‍ക്ക് ഡച്ച്‌, ബെല്‍ജിയന്‍ പാസ്പോര്‍ട്ടുണ്ട്. നടപ്പാതകളില്‍ വരെ NL (നെതര്‍ലാന്റ്സ്), B (ബെല്‍ജിയം) എന്ന അക്ഷരങ്ങളുണ്ട്.

ബെല്‍ജിയന്‍ സ്കൂളുകളില്‍ ഫ്രഞ്ച് പഠിപ്പിക്കുന്നെങ്കിലും ഡച്ചാണ് ഔദ്യോഗികഭാഷ. ഒരു പ്രശ്നങ്ങളുമില്ലാതെ ഇഴയടുപ്പമുള്ള സമൂഹമായി ജീവിക്കുന്നു ഇരുകൂട്ടരും. അത് ഇസ്രയല്‍ പ്രധാനമന്ത്രി നെതന്യാഹുവരെ ശ്രദ്ധിച്ചിട്ടുമുണ്ട്.

വിനോദ സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട സ്ഥലമാണിവിടം. 9000 താമസക്കാരേ ഉള്ളെങ്കിലും 40000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.

ബെല്‍ജിയന്‍ കടകള്‍ ഞായറാഴ്ച തുറക്കില്ല, പകരം ഡച്ച്‌ കടകള്‍ തുറന്നിരിക്കും.

എന്നാല്‍, അത്ര എളുപ്പവുമല്ല കാര്യങ്ങള്‍. ചില പ്രശ്നവുമുണ്ട്. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്ബോള്‍ അതിര്‍ത്തിരേഖയാണ് പ്രശ്നം. മാലിന്യ പൈപ്പുകള്‍ നിര്‍മ്മിക്കുന്നതിലും ഇതേ പ്രശ്നമുണ്ട്. റോഡുകള്‍ പലതവണ അതിര്‍ത്തി മുറിച്ചുകടക്കുന്നുണ്ട്.

ഉദാഹരണത്തിന് വഴിവിളക്കുകള്‍ എടുക്കുക. വഴിവിളക്കുകള്‍ക്ക് ആരാണ് പണം നല്‍കുക? ബെല്‍ജിയം നല്‍കിയാല്‍ വെളിച്ചം ഡച്ചുകാര്‍ക്കല്ലേ കിട്ടുക? പക്ഷേ ഇതൊന്നും ഒരിക്കലും ഇവിടെ ഗുരുതര പ്രശ്നമാവാറില്ല.എല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് മേയര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇത് മുതലെടുക്കുന്നവരുമുണ്ട്, അതിര്‍ത്തിരേഖക്കുമുകളിലെ ഒരു ബാങ്ക് തന്നെ ഉദാഹരണം. നികുതി പരിശോധനക്ക് വരുമ്ബോള്‍ പേപ്പറുകളെല്ലാം മറ്റേ പകുതിയിലേക്ക് മാറ്റും. പിന്നെന്തു പരിശോധന?

ചില കുരുക്കുകളുമുണ്ട്. നെതര്‍ലന്റ്സില്‍ ബിയര്‍ കഴിക്കാന്‍ 18 വയസ്സാകണം, ബെല്‍ജിയത്തില്‍ പ്രായപരിധി 16 ആണ്. അതുകൊണ്ട് ഡച്ച്‌ മദ്യക്കട 16കാരന് മദ്യം നല്‍കില്ല, പക്ഷേ റോഡ് മുറിച്ചുകടന്ന് ബെല്‍ജിയത്തെത്തിയാല്‍ മദ്യം സുലഭം.

ബെല്‍ജിയത്തിലെ കരിമരുന്ന് കടകളും നെതര്‍ലാന്റിന് ഇഷ്ടമല്ല, അതുവാങ്ങി സുഖമായങ്ങുപോകാമെന്നു വിചാരിച്ചാല്‍ ഡച്ച്‌ പൊലീസ് പിടികൂടും. എങ്കിലും എല്ലാം സമാധാനപരമാണ് ഇവിടെ.

ഉട്ടോപ്യ എന്നു വിളിച്ചാല്‍ അധികമാകുമോ? അതിര്‍ത്തിയുടെ പേരില്‍ യുദ്ധങ്ങള്‍ നടക്കുന്ന ഈ ലോകത്ത് ഉട്ടോപ്യ എന്നു തന്നെ ഈ കൊച്ചുഗ്രാമത്തെ വിളിക്കാം.

ബിട്ടീഷ്- വടക്കന്‍ അയര്‍ലന്റ് അതിര്‍ത്തി വിഭജനം കീറാമുട്ടിയായതിനെ ചൊല്ലി തീരുമാനമാവാതെ പോവുന്ന ബ്രക്സിറ്റ് ചര്‍ച്ചകളുടെ കാലത്താണ് യൂറോപ്പിലെ ഈ പട്ടണം വാര്‍ത്തയാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *