ചോദ്യം (നല്ല മലയാളം ഗ്രൂപ്പിൽ):
1. പണ്ട് കള്ളിമുണ്ടായിരുന്നു. ഇപ്പോൾ അതു കേൾക്കാനില്ല. പകരം ലുങ്കിയാണ്. ഇത് ഏതു ഭാഷ? (Param Kv)
2. ഏകദേശം എത്ര വർഷങ്ങൾക്കു മുമ്പാണു് കേരളത്തിൽ ലുങ്കി എത്തിയതു്? (Jaco Ookken)
(എന്റെ) ഉത്തരം:
കള്ളിമുണ്ടല്ല ലുങ്കി മുണ്ടു്.
കേരളത്തിനു് വളരെ പുരാതനമായ ഒരു നെയ്ത്തുചരിത്രമുണ്ടു്. യൂറോപ്പിന്റെ ഇരുണ്ട ചരിത്രകാലഘട്ടത്തിൽ പഞ്ചസാര, കുരുമുളകു്, കുന്തിരിക്കം, കാപ്പി ഇവയോടൊപ്പം തന്നെ ഏറ്റവും വിലപിടിപ്പുള്ളതും ‘രാജകീയ‘മായതുമായിരുന്നു കാലിക്കോ എന്ന പരുത്തിശീലകൾ.
11-ആം നൂറ്റാണ്ടുമുതലെങ്കിലും കോഴിക്കോട്ടെ ചാലിയന്മാർ എന്ന വിദഗ്ദ്ധനെയ്ത്തുകാർ നിർമ്മിച്ചിരുന്ന മഞ്ഞച്ച (ബ്ലീച്ച് ചെയ്യാത്ത ക്രീം നിറത്തിലുള്ള) കാലിക്കോ മുണ്ടുകൾ മൂറുകൾ ഈജിപ്തിലേക്കും അറേബ്യയിലേക്കും വിദൂരപൂർവ്വദേശങ്ങളിലേക്കും പ്രചരിപ്പിച്ചു. അറബികൾ അവ യൂറോപ്പിലേക്കു കൊണ്ടുപോയി വൻവിലയ്ക്കു് വിറ്റു.
ക്രീം നിറത്തിൽ ബ്ലീച്ച് ചെയ്യാത്ത പരുക്കൻ തുണിക്കു പുറമേ പല വർണ്ണങ്ങളിൽ മൊത്തമായോ പ്രത്യേക ഡിസൈനുകളിലോ നിറം മുക്കിയതോ ആയ ‘ഫാഷൻ‘ ഇനങ്ങളും ഇത്തരം ജാവലികളിൽ ഉണ്ടായിരുന്നു.
(കോഴിക്കോടിന്റെ ഇംഗ്ലീഷ് പേരു് (കാലിക്കറ്റ്) ചാലിയക്കോടിന്റേയും കോവിൽക്കോട്ടയുടേയും സങ്കരസന്തതിയാവാനാണു് വഴി).
കോഴിക്കോടിന്റെ കുത്തകയായിരുന്ന ഈ വ്യവസായവും വ്യാപാരവും പിന്നീട് ഗുജറാത്തിലെ സൂറത്ത് കൈവശപ്പെടുത്തി. (ഇതും മൂറുകളുടേയും അറബികളുടേയും വ്യാപാരചരിത്രവുമായി ഒത്തുനോക്കേണ്ടതാണു്. വെള്ളക്കാർ തെക്കു് ആധിപത്യം സ്ഥാപിച്ചതോടെ അവർ കൂടുതലായി വടക്കോട്ടു് നീങ്ങിത്തുടങ്ങി).
ഗുജറാത്തികളുടെ നിർമ്മാണപരിഷ്കാരങ്ങളുടെ ഭാഗമായി, കൂടുതൽ നേരിയതും ബ്ലീച്ച് ചെയ്തതുമായ മസ്ലിൻ ദോത്തികൾ രൂപപ്പെട്ടു. ഇവയ്ക്കു് ഇംഗ്ലണ്ടിൽ കൂടുതൽ വിലയും ഗമയും ഉണ്ടായിരുന്നു.
മസ്ലിൻ തന്നെ കൂടുതൽ ഭംഗിയാക്കിയതായിരുന്നു ‘സിന്ധ്‘ (Chintz) എന്ന ഇനം.
ഈ ഷി്ന്റസും കാലിക്കോയും കൂടി ഇംഗ്ലണ്ടിന്റെ വാണിജ്യ-വ്യവസായസംസ്കാരം തന്നെ മാറ്റി മറിച്ചു. അതിന്റെ രസകരമായ കഥ അറിയാൻ Calico Acts എന്ന ബ്രിട്ടീഷ് നിയമങ്ങളെപ്പറ്റി വിക്കിപീഡിയയിൽ വായിച്ചുനോക്കണം.
(ഇംഗ്ലണ്ടിന്റെ സ്വന്തം ഉല്പന്നവിപണി സംരക്ഷിക്കാൻ ഷിന്റ്സ് ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചു. അപ്പോൾ കച്ചവടക്കാർ നിയമം ബാധകമല്ലാത്ത കാലിക്കോ ധാരാളമായി ഇറക്കുമതി ചെയ്തു് അവിടെത്തന്നെ അതിനെ മൂല്യവർദ്ധിതോല്പന്നങ്ങളാക്കി മാറ്റി തൻനാട് വ്യവസായികളുമായി മത്സരിച്ചു. അതോടെ പരുത്തി തന്നെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വ്യാപാരച്ചരക്കായി മാറി.) പിന്നീട് പരുത്തിയുടേയും നെയ്ത്തിന്റേയും ചരിത്രം ഇംഗ്ലണ്ടിന്റേയും അമേരിക്കയുടേയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റേയും മിക്കവാറും ലോകത്തിന്റെ തന്നെ ചരിത്രമായും മാറി.
എന്നാൽ, കേരളത്തിൽ കള്ളിമുണ്ടുകൾ വന്നതു് ലോകമഹായുദ്ധങ്ങൾക്കു ശേഷമായിരിക്കണം. ബർമ്മയിലേക്കും സിലോണിലേക്കും മറ്റും പോയ കൂലിപ്പട്ടാളക്കാരാണു് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പുതിയ ഫാഷൻ തരംഗങ്ങൾ കേരളത്തിലേക്കെത്തിച്ചിരുന്നതു്. പട്ടാളക്കാർക്കു് ക്യാമ്പുകളിൽ ഉടുക്കാനും വിരിക്കാനും പുതയ്ക്കാനുമൊക്കെ വില കുറഞ്ഞ മില്ലുമുണ്ടു് (കള്ളിമുണ്ടു്) ധാരാളമായി വിതരണം ചെയ്യപ്പെട്ടിരുന്നു. നാട്ടിൽ അവധിക്കുവരുമ്പോഴോ ജോലി മതിയാക്കി വരുമ്പോഴോ അവർ ഇത്തരം വേഷവിതാനങ്ങളും കൂടെ കൊണ്ടുപോന്നു. അവ നാട്ടിൽ കല്ലിമുണ്ടുകൾക്കു പുറമേ, തലയിണയുറ, കിടക്കവിരി മുതൽ ഡ്രായർ (അണ്ടർവെയർ) വരെയായി രൂപം പ്രാപിച്ചു.
(ഈ സമയത്തു തന്നെ, ചാലിയന്മാരുടെയും മറ്റും മഞ്ഞ കലർന്ന വെളുത്ത വസ്ത്രങ്ങൾ ഖാദി കൈത്തറിയ്ക്കും മല്ലുമുണ്ടിനും വഴി മാറിയിരുന്നു. അവസ്ഥയനുസരിച്ച് ഈരിഴ, പരുക്കൻ(gauze), നേരിയതു്, ജഗന്നാഥൻ, കസവുകര തുടങ്ങി പല തരം വെള്ളമുണ്ടുകളും വന്നു).
തമിഴ്നാട്ടിലേയും മുംബായിലേയും കൂറ്റൻ സ്പിന്നിങ്ങ് / വീവിങ്ങ് മില്ലുകൾ വന്നതോടെ കള്ളിമുണ്ടുകൾ കൂടുതൽ പ്രചരിച്ചു. ഈറോഡ്, തിരുപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ സാധാരണക്കാർക്കുവേണ്ടിയുള്ള വില കുറഞ്ഞ വസ്ത്രങ്ങൾ വൻതോതിൽ നിർമ്മിക്കാൻ തുടങ്ങിയതു് അക്കാലത്താണു്.
മലയാളികൾക്കാവശ്യമുള്ള കള്ളിമുണ്ടൂകളിൽ ഭൂരിഭാഗവും അവിടെനിന്നു വന്നു.
1970ന്റെ രണ്ടാം പകുതിമുതലാണു് ഗൾഫുകാർ ചിത്രത്തിലേക്കു വരുന്നതു്. പ്രത്യേകിച്ച് തലയെടുപ്പൊന്നുമില്ലാതെ, ആൺപെൺ ഭേദമില്ലാതെ കൃഷിപ്പണിക്കാരുടേയും കൂലിത്തൊഴിലാളികളുടേയും അരയിൽ തങ്ങിയിരുന്ന സാദാ കള്ളിമുണ്ടുകളെ ആദ്യം കവലയിലേക്കും പിന്നെ പട്ടണത്തിലെ ആഢ്യത്തത്തിലേക്കും വഴി നടത്തിയതു് അവരാണു്. പക്ഷേ, ഇവ കള്ളികളല്ല, ലുങ്കികളായിരുന്നു.
വർണ്ണശബളമായ ഈ മുണ്ടുകൾ ശുദ്ധ പരുത്തിയായിരുന്നില്ല. പരുത്തി കൃത്രിമനൂലുകളുമായി മിശ്രണം ചെയ്തോ അല്ലെങ്കിൽ പരുത്തി തന്നെയില്ലാതെയോ നെയ്ത ഇവയെ ജനം ലിനൻ എന്നും പോളിയെസ്റ്റർ എന്നും വിളിച്ചു. പുലിയും പൂക്കളും ജെറ്റ് വിമാനം വരെയും ഈ ലുങ്കികളിൽ ഡിസൈൻ ചിത്രങ്ങളായി വിരാജിച്ചു.
സിങ്കപ്പൂർ, ജക്കാർത്ത, ഹോങ് കോങ് എന്നിവിടങ്ങളിൽ നിന്നായിരുന്നു ഈ ന്യൂജെൻ വസ്ത്രങ്ങളുടെ പുറപ്പാടു്.
70-കളുടെ പകുതി മുതൽ, ശംഖുമാർക്കു് കൈലികളും അന്നാ-അലുമിനിയം ഗ്രൂപ്പിന്റെ കിറ്റെക്സ് കൈലികളും ലുങ്കികളും മാർക്കറ്റിൽ ഇറങ്ങിത്തുടങ്ങി. ചന്ദ്രികാ സോപ്പും പവർ മാൾട്ടും കമലവിലാസ് കൺമഷിയും പോലെ കേരളത്തിന്റെ സ്വന്തം ബ്രാൻഡുകൾ ആയി അവ മാറി. ആധുനികകേരളത്തിന്റെ പിൽക്കാല (ബ്രാൻഡഡ് ഫാഷൻ) വസ്ത്രവിപ്ലവത്തിന്റെ ആദ്യമണിമുഴക്കങ്ങളായിരുന്നു അവ എന്നു പറയാം.
1980-കളിൽ ലുങ്കി, കോളേജ്, ഓഫീസുകൾ, കല്യാണം പോലുള്ള ചടങ്ങുകൾ ഇവയൊഴിച്ചാൽ മറ്റു മിക്കയിടങ്ങളിലും പ്രവേശനമുണ്ടായിരുന്ന ഒരു മാന്യവസ്ത്രമായി മാറി. ദീർഘദൂര ട്രെയിൻ യാത്രയിലും ഒന്നോ രണ്ടോ ദിവസത്തെ അന്യദേശവാസത്തിലും മാറ്റത്തുണിയായി ഒരു ലുങ്കിയെങ്കിലും പെട്ടിയിലില്ലാതെ ഒരു മലയാളിയും വീട്ടിൽ നിന്നിറങ്ങില്ല എന്ന അവസ്ഥവന്നു.
എന്നാൽ പത്തിരുപതു കൊല്ലം കഴിഞ്ഞപ്പോഴേക്കും ലുങ്കിയുടെ പ്രതാപം അസ്തമിച്ചു. പകരക്കാരനായി വീണ്ടും മേൽത്തരം കള്ളിമുണ്ടും അതിനൊപ്പം കാവി മുണ്ടും വന്നെത്തി.
ഇന്നു് കാവിമുണ്ടു തന്നെ പല ഫാഷനുകളിലായി. ഉടുക്കുന്നവൻ ഏതെങ്കിലും ഒരു പ്രത്യേക ജനുസ്സിലോ സ്പീഷീസിലോ അല്ല എന്നു് നിശ്ശബ്ദമായും എന്നാൽ ഉറക്കെത്തന്നെയും പ്രഖ്യാപിക്കുന്ന കാവിമുണ്ടുകൾ പ്രത്യേകം തെരഞ്ഞുപിടിക്കേണ്ട ഗതികേടിലായി ഞാനടക്കമുള്ള യഥാർത്ഥ കാവിമുണ്ടു പ്രേമികൾ.