ഫോർട്ടുകൊച്ചിയിലെ 13 ഏക്കറോളം വരുന്ന തുറസ്സായ സ്ഥലമാണ് വെളി.നാട്ടുകാർ ഈ സ്ഥലത്തെ മൈനാത്തും വെളി എന്നാണ് പണ്ടുമുതൽ വിളിച്ചിരുന്നത്.ഇവിടെ വണ്ണാൻ മാരുടെ ചരിത്രം തുടങ്ങുന്നു.കൊച്ചി മഹാരാജാവ് വണ്ണാൻ സമൂഹത്തെ തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുനൽവേലി മുതലായ പ്രദേശങ്ങളിൽ നിന്നും പണ്ട് വിളിച്ചു വരുത്തി അവർക്കാവശ്യമായ ജീവിത സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്തുവെന്നതാണ് ചരിത്രം. AD 1341 ൽ പ്രകൃതിക്ഷോഭത്തിൽ മുസിരിസ് തുറമുഖം നശിച്ചിടത്തു നിന്നും കൊച്ചിയുടെ ചരിത്രം ആരംഭിച്ചു.കൊച്ചിയിലെ സാമൂഹിക സമ്പദ് വ്യവസ്ഥയുടെ വികാസത്തിന്റെ ഭാഗമായിത്തന്നെയാണ് വണ്ണാൻ മാരും ഇവിടെ എത്തിച്ചേർന്നത്.
പല കാലങ്ങളിലായി ഇവിടെയെത്തിയ വിദേശീയരുടെ വസ്ത്രങ്ങൾ ഓരോ കാലഘട്ടങ്ങളും നൽകിയ അലക്കു സാങ്കേതിക വിദ്യ ഉപയോഗിച്ച് വെടിപ്പായി അലക്കി തേച്ച് വ ടി പോലെയാക്കലായിരുന്നു വണ്ണാൻ മാരുടെ തൊഴിൽ . 1503 ൽ ഫോർട്ട് മാനുവൽ കോട്ട കെട്ടി ഇവിടം വാണ പോർച്ചുഗീസുകാരുടേയും, 1662 നു ശേഷമെത്തിയ ഡച്ചുകാരുടേയും, തുടർന്നെത്തിയ ഇംഗ്ലീഷുകാരുടേയും വസ്ത്രങ്ങൾ അസ്സലായി അലക്കി തേച്ചു കൊടുത്തത് ഇവിടത്തെ വണ്ണാൻ സമൂഹമായിരുന്നു.കൊച്ചിയിലെത്തിയ വിദേശിയരുടെ ഉദയവും അസ്തമയവും കാണാൻ ഭാഗ്യമുണ്ടായ സമൂഹം! വെളിയുടെ സമീപത്താണ് ഓടത്ത എന്ന പ്രദേശം. ഓടത്ത എന്നത് ഡച്ച് വാക്കാണ്. ഡച്ചുകാരുടെ കാലത്ത് ഓടത്ത ബോട്ടാണിക്കൽ ഗാർഡനായിരുന്നു.ഇന്ത്യയിൽത്തന്നെ ആദ്യത്തെ ബോട്ടാണിക്കൽ ഗാർഡൻ!
ഡച്ച് ഗവർണ്ണറായിരുന്ന ഹെന്റിക് വാന് റീഡ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് അഥവാ മലബാറിന്റെ ഉദ്യാനം ഇവിടെയായിരുന്നു. കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നും ശേഖരിച്ച സസ്യങ്ങൾ ഓടത്തയിൽ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു. അതിനൊരു കാരണമുണ്ടായിരുന്നു. വണ്ണാൻ മാരുടെ എഴുപതോളം കുളങ്ങൾ ഇവിടെ ഉണ്ടായിരുന്നത്രേ. ആയതിനാൽ ചെടികൾ നിത്യവും നനക്കാൻ എളുപ്പമായി. വണ്ണാൻ മാരുടെ അലക്ക് – തുണി തേപ്പ് പണികൾ ഇന്നും തുടരുന്നു.ഇവരുടെ ജോലികൾ നേരിൽ കാണാൻ ഇന്ന് വിദേശ സഞ്ചാരികൾ ഇവിടെയെത്തുന്നു. മലയാളവും തമിഴും ഒരേ പോലെ സംസാരിച്ചുകൊണ്ട് ഡോ ബി ഖാനയിൽ ഇന്നും അലക്ക് തുടരുന്നു.
Source : https://www.facebook.com/groups/416238708555189/permalink/894098054102583/