ആന്‍ഡമാനിലെ പീനല്സെറ്റില്മേന്ടിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആദിവാസികള്‍ തങ്ങളുടെ ആവാസവ്യവസ്ഥക്ക് നേരെ കയ്യേറുന്നവരെ ആക്രമിച്ചു കൊലപെടുത്തിയിരുന്നു. പിന്നിടതിനു കുറവ് വന്നു. ആദിവാസികള്‍ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞു തുടങ്ങി. അത്ര അപകടകാരികള്‍ അല്ലാത്ത ആദിവാസികളെയും സായിപ്പ് കുറ്റവാളികളെ പോലെ പെരുമാറാന്‍ തുടങ്ങി. ഈ സമയത്താണ് നൂറ്റിമുപ്പതു അംഗങ്ങള്‍ അടങ്ങിയ കുറ്റവാളികള്‍ ദ്വീപില്‍ നിന്നും രക്ഷപെടാന്‍ ശ്രമം നടത്തിയത്. മരത്തടികള്‍ കൊണ്ട് ചങ്ങാടം ഉണ്ടാക്കി, രഹസ്യമായി ഭക്ഷണവും വെള്ളവും ശേഖരിച്ചു. ബര്‍മ്മയില്‍ എത്തിപെടുക എന്നതായിരുന്നു ലക്ഷ്യം. കടലുകളും, ഉള്‍ക്കടലുകളും താണ്ടി നീങ്ങിയ ചങ്ങാടത്തെ കടല്‍ക്കാറ്റ് പലയിടത്തേക്കും വലിച്ചിഴച്ചു. ഭക്ഷണവും വെള്ളവും തീര്‍ന്നു. പച്ചമീനും ഉപ്പുവെള്ളവും കുടിച്ചു പലരും ജീവന് പിടിച്ചു നിര്‍ത്താനുള്ള ശ്രമം നടത്തി.
ഒരു രാത്രിയില്‍ ശോഭിച്ച കടല്‍ ചാങ്ങാടത്തെ മറ്റൊരു കരയില്‍ എത്തിച്ചു. അപ്പോയെക്കും പലരും മരിച്ചിരുന്നു. ശേഷിച്ചവര്‍ ഭക്ഷണം തേടി കാടുകളില്‍ അലഞ്ഞു. പോയവരൊന്നും തിരിച്ചുവന്നില്ല, നൂറോളം ആദിവാസികള്‍ അമ്പും വില്ലുമായി അവരെ സമീപിച്ചപ്പോയാണ് അവര്‍ക്ക് അകപെട്ട അപകടത്തെകുറിച്ച് മനസ്സിലായത്.
കരുണക്ക് വേണ്ടി യാചിച്ച എല്ലാവരെയും അവര്‍ കൊന്നുകളഞ്ഞു. ചിലര്‍ ശരീരത്തില്‍ തറച്ച അമ്പുമായി കാടിനകത്തെക്ക് ഓടിരക്ഷപെട്ടു. നേരം വെളുത്തപ്പോയെക്കും ആദിവാസികള്‍ അവരെ കണ്ടെത്തി കൊന്നുകളഞ്ഞു. കൂട്ടത്തില്‍ ഒരാളില്‍ നിന്ന് മാത്രം ജീവന്റെ തുടിപ്പ് പോകാന്‍ കൂട്ടാക്കിയില്ല. ഇതില്‍ ദുസൂചന തോന്നിയ ആദിവാസികള്‍ അയാളെ തെര്‍മുഗലി ദ്വീപില്‍ കൊണ്ടുപോയി മുറിവുകള്‍ വൃത്തിയാക്കി, പ്രതേകതരം മണ്ണ്വെച്ചു കെട്ടി. ആദ്യമായി ഒരാള്‍ക്ക് അവരില്‍ നിന്നും പരിഗണന കിട്ടി. ശിപായിലഹളക്കാലത്ത് ബ്രിട്ടീഷ്കാര്‍ക്കെതിരെ പൊരുതിയ ദൂദ്നാഥ് തിവാരിയെന്ന പടയാളി ആയിരുന്നു അത്.
തിവാരിയെ അവര്‍ കൂടെ കൂട്ടി. അവരുടെ കൂടെ അവരുടെ ആചാരമര്യാദകള്‍ പാലിച്ചുകൊണ്ട്, അവരുടെ വസ്ത്രം ധരിച്ചുകൊണ്ട് അവരില്‍ ഒരാളായി മാറി. മുറിവുകള്‍ ഭേദമാകാന്‍ മൂന്നുമാസത്തില്‍ അധികം എടുത്തു. ആദ്യമൊക്കെ തിവാരിയെ സംശയത്തോടെ മാത്രം ആദിവാസികള്‍ വീക്ഷിചെങ്കിലും പിന്നീട് അമ്പും വില്ലും ഉപയോഗിക്കാന്‍ പഠിപ്പിച്ചു. രണ്ടു പെണ്‍കുട്ടികളെ ഭാര്യമാരായി കൊടുത്തു.
ഏകദേശം പതിനയ്യായിരം ആദിവാസികള്‍ അന്നുണ്ടായിരുന്നു എന്നാണ് പിന്നിട് തീവാരി പറഞ്ഞിരുന്നത്. ഈ സമയത്താണ് ബ്രിട്ടീഷ്കാരെ ഇവിടെ നിന്നും ഓടിക്കാന്‍ ആദിവാസികള്‍ സംഘടിച്ചു യുദ്ധത്തിനു വേണ്ടി ഒരുങ്ങിയത്.
പദ്ദതികള്‍ എല്ലാം മനസിലാക്കിയ തിവാരി ആദിവാസികള്‍ യുദ്ധത്തിനു തയ്യാറായ ദിവസത്തിന്റെ തലേദിവസം രാത്രി ഇരുളിന്റെ മറപറ്റി പോര്‍ട്ട്ബ്ലയറില്‍ എത്തി സൂപ്രണ്ടിനെ കാര്യം ധരിപ്പിച്ചു. ആയുധങ്ങളും അംഗബലവും കൂടിയ സൈന്യത്തിന് മുന്പില് അമ്പും വില്ലും കൊണ്ട് യുദ്ധം ചെയ്യാന്‍ വന്ന ആദിവാസികള്‍ ദാരുണമായി പരാജയപെട്ടു. നിരവധി പേര് കൊല്ലപെട്ടു. ഒരു സമൂഹത്തെ ചതിച്ചതിലൂടെ തിവാരിക്ക് പൂര്‍ണ സ്വന്തന്ത്രനായി നാട്ടിലേക്ക് പോവാന്‍ അനുവദിച്ചു.
ആന്‍ഡമാനിലെ ആദിവാസികള്‍ രണ്ടു വിഭാഗമുണ്ട്. നിഗ്രിറ്റോ വംശജരും മംഗളോയിട് വംശജരും. ആന്ഡമാനികള്, ജറവകള്‍,ഓംഗികള്‍, സെന്റിലിനീസുകള്‍ എന്നിവര്‍ നിഗ്രിറ്റോയും നിക്കോബാറികള്, ഷോംബനുകള്‍ എന്നിവ മംഗളോയിട് വംശവും.
ആബര്‍ദീന്‍ യുദ്ധത്തിനു ശേഷം ആദിവാസികളുടെ ഭാഗത്ത് നിന്ന് ഒറ്റപെട്ട പോരാട്ടങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എതിര്‍പ്പുകള്‍ ഇല്ലാതായി. കുറ്റവാളികളെയും വിദേശീയരെയും ആന്‍ഡമാനീസ് പോലുള്ളവര്‍ അംഗീകരിച്ചു തുടങ്ങി. പുകവലിപോലുള്ളവാ ആദിവാസികളും ശീലിച്ചു തുടങ്ങി, ആന്‍ഡമാനീസിന്റെ ഇടയില്‍ ലൈംഗികരോഗങ്ങള്‍ അടക്കം അന്നേവരെ പരിചയമില്ലാത്ത അസുഖങ്ങള്‍ പടര്‍ന്നു പിടിച്ചു. പ്രസവത്തോടെ കുഞ്ഞുങ്ങള്‍ മരിച്ചു. ഇതിനിടയില്‍ ഇവരുടെ ഉന്നമനത്തിനു വേണ്ടി പല പദ്ദതികളും ബ്രിട്ടീഷ്കാര് കൊണ്ട് വന്നെങ്കിലും അവര്‍ അതിലൊന്നും ഉറച്ചു നിന്നില്ല. പരിഷ്ക്കാരത്തേക്കാലും അവരാഗ്രഹിച്ചത് സ്വാതന്തമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ എട്ടു ആന്‍ഡമാനീസുമായി ഒരു കപ്പല്‍ കൊല്‍ക്കത്തയില്‍ പോയി. നാടുകാണിക്കുകയായിരുന്നു ഉദേശം.
എന്നാല്‍ ആധിനിക മനുഷ്യരീതികള്‍ കണ്ടിട്ട് അവര്‍ക്കൊന്നും തോന്നിയില്ല. യന്ത്രങ്ങളും വാഹനങ്ങളും അവരില്‍ ഒരു ആശ്ചര്യവും ഉണ്ടാക്കിയില്ല. എന്നാല്‍ പരിഷ്കൃതര്‍ എന്ന് പറയുന്ന ആധുനിക മനുഷ്യര്‍ക്ക് ഇവര്‍ ഒരു കാഴ്ച വസ്തുവായി. ആളുകള്‍ തള്ളികയറി വന്നു, ചിലര്‍ തൊട്ടുനോക്കി, മറ്റുചിലര്‍ കല്ലെടുത്തെറിഞ്ഞു. അവരെ ഭദ്രമായി തിരിച്ചെത്തിക്കുകയും ചെയ്തു.
ഇന്ന് ആന്‍ഡമാനീസ് മാത്രമാണ് നാഗരികതയോടു ചേര്‍ന്ന് നില്ല്ക്കുന്നത്. പരിഷ്കൃത ജനതയെ പോലെ വസ്ത്രം ധരിച്ച്, അവര്‍ക്കായി ഉണ്ടാക്കി കൊടുത്ത പാര്‍പ്പിടങ്ങളില്‍ താമസിക്കുന്നു.
ജറാവകളും ചെറിയ തോതില്‍ നാഗരികത്യോടു അടുക്കുന്നുണ്ട്, സെന്റിലനീസ് പൂര്‍ണമായും ഉള്‍ക്കാടുകളില്‍ തന്നെയാണ്.