ആദ്യമായി നമുക്ക് വൈദ്യുത കാന്തിക തരംഗങ്ങളെ കുറിച്ചി ഒരു പഠനം ആവാം .വൈദ്യുതകാന്തിക തരംഗങ്ങൾ എന്നത് ഒരു വലിയ വിഭാഗം /കൂട്ടം തരംഗങ്ങൾ ആണ്. നമ്മുടെ നിത്യജീവിതത്തിൽ ഒരുപാട് മേഖലകളിൽ ഇത്തരം തരംഗങ്ങൾ ഉപയോഗപ്പെടുത്തുന്നു.

ഇനി പറയുന്നവ വൈദ്യുത-കാന്തിക തരംഗങ്ങൾക്ക് ഉദാഹരണങ്ങളാണ് .
റേഡിയോ തരംഗം ,മൈക്രോവേവ് , ഇൻഫ്രാറെഡ് ദൃശ്യപ്രകാശം , അൾട്രാവയലറ്റ്, x-ray, ഗാമാ കിരണം ഇവയെല്ലാം ഈ കൂട്ടത്തിൽപ്പെടും.
ഇവയെല്ലാം പലവിധത്തിൽ മനുഷ്യർ ഉപയോഗപ്പെടുത്തുന്നു. ഇവ ഒരു സ്ഥലത്തുനിന്നും വേറൊരു സ്ഥലത്തേക്ക് അന്തരീക്ഷത്തിലൂടെ യോ അന്തരീക്ഷ സാനിധ്യമോ (മറ്റ് മാധ്യമങ്ങൾ ഒന്നുമില്ലാതെ) ഇല്ലാതെയോ സഞ്ചരിക്കുന്നു .പേരുകൊണ്ട് വൈദ്യുതകാന്തിക തരംഗം ആണെങ്കിലും വൈദ്യുതിയുടെ മൗലികസ്വഭാവമോ കാന്തത്തിന്റെ പ്രത്യേകതയോ ഇവ കാണിക്കാറില്ല. മനുഷ്യ പുരോഗതിയിൽ അനല്പമായ പങ്കുള്ള കൂട്ടരാണ് വൈദ്യുതകാന്തിക തരംഗങ്ങൾ.

എന്നാൽ മനുഷ്യനെ നേരിട്ട് സംവദിക്കാൻ കഴിയുന്ന ഒരേഒരു വൈദ്യുതകാന്തിക തരംഗം ആണ് ദൃശ്യപ്രകാശം. നമ്മുടെ കണ്ണുകൾ വഴിയാണ് ദൃശ്യപ്രകാശം നമ്മൾ മനസ്സിലാക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തരംഗങ്ങളുടെ ദൈർഘ്യത്തിലുള്ള വ്യത്യാസമാണ് ഒരു തരംഗത്തിന് മറ്റൊരു തരംഗത്തിൽ നിന്ന് വേർതിരിക്കുന്നത്(ആവൃത്തി വെച്ചും പറയാം).

നമ്മൾ കാണുന്ന ദൃശ്യപ്രകാശത്തിലെ ഏകദേശം 390 നനോമീറ്റർ മുതൽ 750 നാനോമീറ്റർ വരെയുള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ് ഇവ. നാം കാണുന്ന നീല, പച്ച ,ചുവപ്പ് തുടങ്ങിയ വൈവിധ്യങ്ങളായ വർണ്ണങ്ങൾ എല്ലാം ഇവക്കിടയിൽ ഉള്ളതാണ്
.
മറ്റൊരുതരത്തിൽ പറഞ്ഞാൽ 390ൽ താഴെയോ 750നാനോ മീറ്ററിന് മുകളിലോ ഉള്ള വൈദ്യുതകാന്തിക തരംഗത്തിനു നമ്മുടെ കണ്ണുകൾക്ക് തിരിച്ചറിയാൻ കഴിയില്ല.കണ്ണ് ഒരു സെലേക്റ്റീവ് സെൻസർ ആണ്.

ഇപ്പോൾ വൈദ്യുതകാന്തിക തരംഗം എന്നത് ഒരു വലിയ കുടുംബമാണെന്ന് മനസ്സിലായല്ലോ.തരംഗത്തിനെ പറ്റി പറയുമ്പോൾ തരംഗദൈർഘ്യം എന്നതുപോലെതന്നെ പ്രധാനമാണ് ആവൃത്തിയും .

തരംഗദൈർഘ്യവും ആവൃത്തിയും വിപരീത അനുപാതത്തിലാണ് . എന്നുവെച്ചാൽ തരംഗദൈർഘ്യം കൂടിയ ഒരു തരംഗത്തിന് ആവർത്തിക്കും, ആവൃത്തി കൂടിയ തരംഗത്തിന് തരംഗ ദൈർഘ്യം കുറവും ആയിരിക്കും.

റേഡിയോ തരംഗവും മൈക്രോവേവ് തരംഗങ്ങൾ നമ്മുടെ കണ്ണു കൊണ്ട് തിരിച്ചറിയാൻ കഴിയുമായിരുന്നെങ്കിൽ രാത്രി എല്ലാം പകലായി മാറിയേനെ. ടവറുകളും, കൈയിലിരിക്കുന്ന mobile ഫോണ് പോലും പ്രകാശം പരത്തുന്നതായി കാണാമായിരുന്നു.

അതുപോലെ തരംഗത്തിന്റെ ആവൃത്തിയും ഊർജ്ജവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
ആവൃത്തി കൂടുംതോറും ഊർജ്ജം കൂടുന്നു. ഒരു മിനിട്ടിൽ 20 പ്രാവശ്യം ഒരേ power ൽ പഞ്ചു ചെയ്യുന്ന ബോക്സറും 60 പ്രാവശ്യം പഞ്ച് ചെയ്യുന്ന ബോക്സറും താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഊർജ്ജം ലഭിക്കുക 60 പ്രാവശ്യം പഞ്ച ചെയ്യുന്ന വ്യക്തിക്കായിരിക്കുമല്ലോ.
‎ അതുപോലെതന്നെയാണ് ആവൃത്തിയുടെ കാര്യവും.

വൈദ്യുതകാന്തിക തരംഗത്തിനെ തരംഗദൈർഘ്യം കൂടുന്നതിന്റെ അടിസ്ഥാനത്തിൽ താഴെ ചിത്രത്തിൽ ചേർത്തിട്ടുണ്ട് .ഇതിനെ വൈദ്യുതകാന്തിക സ്പെക്ട്രം എന്നു വിളിക്കുന്നു. ഇതു അതെ ഓര്ഡറിൽ ഓർത്തു വെക്കുന്നത് നന്നായിരിക്കും. പരീക്ഷക്ക് എന്ന പോലെ അടിസ്ഥാന ശാസ്ത്രത്തിനും ഇതു മുതൽക്കൂട്ടാണ്.

അപ്പോൾ സ്വാഭാവികമായിട്ടും ഒരു സംശയം നിങ്ങളിൽ ഉണ്ടാകാം .എന്തുകൊണ്ട് വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ പ്രകാശം അല്ലാത്ത അംഗങ്ങളെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല . ലളിതമായി പറഞ്ഞാൽ നമ്മുടെ കണ്ണിലെ വർണ്ണങ്ങളെ തിരിച്ചറിയാനുള്ള കോശങ്ങളെ കോൺ കോശം എന്ന് വിളിക്കുന്നു

.കണ്ണിൽ പ്രകാശം പതിക്കുമ്പോൾ കോൺകോശങ്ങൾ ഉത്തേജിക്കപ്പെടുകയും അവയിൽനിന്നുള്ള വളരെ നേർത്ത വൈദ്യുത_രാസ ആവേഗങ്ങൾ നമ്മുടെ തലച്ചോറിലെ വിഷ്വൽ കോർട്ടെക്സിൽ എത്തുകയും അവിടെ കാഴ്ച എന്ന പ്രതിഭാസം നടക്കുകയും ചെയ്യുന്നു. അതു പോലെ ’റോഡ് ’ കോശങ്ങൾക്കും കാഴ്ചയിൽ പങ്കുണ്ട് .
ഇവ കൂടുതലായും മങ്ങിയ വെളിച്ചത്തിൽ ഉള്ള കാഴ്ചയെ പ്രമോട്ട് ചെയ്യുന്നു .

കാഴ്ച എന്ന് പറയുന്നത് വാക്കുകളിലൂടെ വിശദീകരിക്കാൻ പറ്റുന്ന ഒരു പ്രതിഭാസമല്ല മറിച്ച് നമ്മുടെ മസ്തിഷ്കത്തിൽ ഉണ്ടാകുന്ന പ്രത്യേക അനുഭവമാണത്. ജന്മനാ കാഴ്ച്ച ഇല്ലാത്ത ആളോട് നമ്മൾ എങ്ങനെ ആ വികാരം പങ്കുവെക്കും എന്നോർമിച്ചാൽ മതി.

നീലയും പച്ചയും ചുവപ്പും തിരിച്ചറിയാനുള്ള സംവിധാനമാണ് കോൺ കോശങ്ങളിൾ ഉള്ളത് .എന്നാൽ ഇവയുടെ വ്യത്യസ്ത അളവുകളിലുള്ള ഉത്തേജനം പല വർണ്ണങ്ങൾ കാണിക്കാൻ കാരണമാകുന്നു . അതിനാൽ മുകളിൽ പറഞ്ഞ മൂന്നു വർണ്ണങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു.

ഇവ ഓർമിച്ച് വെക്കാൻ പനിച്ചു(പച്ച, നീല, ചുവപ്പു) എന്നു ഓർമിച്ചാൽ മതിയാവും.

ഈ 3 വർണ്ണങ്ങൾക്കും പ്രത്യേകമായി ഒന്നും അവകാശപ്പെടാനില്ല ,പക്ഷേ നമ്മുടെ കണ്ണിന്റെ ഫിസിയോളജി ആണ് ഇതിനെ പ്രഥമിക വർണ്ണങ്ങൾ എന്ന സ്റ്റാറ്റസ് ലേക്ക് ഉയർത്തുന്നതുനത്. നമ്മൾ കാണുന്ന എല്ലാ വർണ്ണങ്ങളും ഇവയുടെ പലവിധത്തിലുള്ള(കോൺ കോശത്തിന്റെ) സംയോജനങ്ങളാണ് . അതിസങ്കീർണ്ണമായ ഒരു ഗണിത പ്രക്രിയയാണ് നമ്മുടെ കണ്ണിലും തലച്ചോറിലും നടക്കുന്നതെന്നു സാരം.

പ്രാഥമിക വര്ണ്ണത്തെ മനസിലാക്കിയ സ്ഥിതിക്ക് ഇനി ദ്വിതീയ വർണ്ണത്തിലേക്കു (സെക്കൻഡറി colours)ലേക്ക് പോയി നോക്കാം. രണ്ടു പ്രാഥമിക വർണ്ണങ്ങൾ കൂടിയാൽ ഒരു ദ്വിതീയ വർണ്ണം കിട്ടും
അപ്പോൾ ഇതിന് മൂന്ന് സാധ്യതകൾ ഉണ്ട്.

പച്ചയും നീലയും ,
‎ പച്ചയും ചുവപ്പും,
‎ ചുവപ്പും നീലയും.

അതുകൊണ്ട് ദ്വിതീയ വർണ്ണങ്ങൾ മൂന്നെണ്ണം.

‎സയനയുടെ നീലപാവാട(സയൻ=നീല+പച്ച) ,


‎മഞ്ഞക്കിളിയുടെ വത്തക്ക (മഞ്ഞ=പച്ച+ചുവപ്പു, വത്തക്ക പുറത്തു പച്ചയും ഉള്ളിൽ ചുവപ്പും )

‎മേജർ സാബിന്റെ ഉജാലയിൽ വീണ ബീറ്റ്‌റൂട്ട്
‎(മജന്ത=നീല+ചുവപ്പ്, ബീറ്റ്റൂട്ട് ചുവപ്പ്
‎,ഉജാല-നീല) .

ഇതു ഞാൻ പെട്ടെന്ന് ഉണ്ടക്കിയ വിചിത്രമായ കോഡ് ആണ്. കോഡുകൾ ആപേക്ഷികമായി ഓരോരുത്തർക്കും വിചിത്രമായി തോന്നാം. എത്രത്തോളം odd ആയി കേൾക്കുന്നു എന്നതിന് അനുസരിച്ചു അതു മെമ്മറിയിൽ strike ചെയ്യും.

ഇതിൽ പ്രശ്നം തോന്നുന്നവർ സ്വന്തമായി ഒന്നു ട്രൈ ചെയ്യുക. ഇത്രയുമാണ് ദ്വിതീയ വർണ്ണങ്ങൾ.

ഒരു ദ്വിതീയ വർണ്ണത്തിലേക്കു അതിൽ ഇല്ലാത്ത മൂന്നാമത്തെ പ്രാഥമിക വർണ്ണം ചേർക്കുമ്പോൾ ’ധവളം’ ഉണ്ടാകുന്നു.
‎ഉദാ:മഞ്ഞ+നീല(മഞ്ഞയിൽ നീല ഇല്ലല്ലോ)’

അതുപോലെ മജന്ത+പച്ച,(മജന്തയിൽ പച്ച ഇല്ലാലോ),

ഇങ്ങനെ ധവളം ഉണ്ടാകുന്ന വർണ്ണ ജോഡിയെ പൂരക വർണ്ണങ്ങൾ(കോംപ്ലിമെന്ററി colours എന്നു വിളിക്കുന്നു).

‎അപ്പൊ സയനും ചുവപ്പും പൂരകവർണ്ണങ്ങൾ ആണ്. അതുപോലെ മജന്ത _പച്ച, മഞ്ഞ_ നീല ഇവയും പൂരക വര്ണജോഡിയാണ്.

‎അവസാനമായി ഒരു കാര്യം കൂടി പറഞ്ഞു നിര്ത്തട്ടെ നമ്മുടെ കണ്ണിന്റെ പ്രതിഭാസവുമായി ബന്ധപ്പെട്ട സംഗതിയാണ്. ‘വീക്ഷണസ്ഥിരത’

‎.നമ്മൾ കാണുന്ന ഒരു കാഴ്ച്ച സെക്കന്റിന്റെ 16 ൽ ഒരംശത്തിലേക്കു(62.5 millisecond) നമ്മുടെ കണ്ണിൽ നിലനിൽക്കുന്നു .
‎എന്നുപറഞ്ഞാൽ സെക്കന്റിന്റെ 16 ഭാഗത്തിൽ ഒരു ബിന്ദുവിൽ നിന്നു തന്നെ ധാരാളം പ്രകാശ് വിവരങ്ങൾ വന്നാൽ ആവ നമ്മുടെ കണ്ണിനു വേർതിരിച്ചറിയാൻ പറ്റാത്ത വിധം സങ്കീർണ്ണമാകുന്നു.

വളരെ വേഗത്തിൽ കറങ്ങുന്ന ഫാനിന്റെ ലീഫുകൾ വേറെ വേറെ കാണാത്തതും, വേഗതയിൽ ചുഴചുറ്റുന്ന ചന്ദനത്തിരി ഒരു വളയമായി തോന്നുന്നതും ഇതുകൊണ്ടാണ്.

കണ്ണിന്റെ ഈ സവിശേഷത ’മുതലെടുത്തു’കൊണ്ടാണ് നമ്മൾ വായിക്കുന്ന മൊബൈൽ സ്ക്രീൻ പോലും പ്രവർത്തിപ്പിക്കുന്നത്.
‎ഇംഗ്ലീഷിൽ ഇത് Persistent of vision എന്നു പറയുന്നു.

‎മഴവില്ലിന്റെ നിറം??
മഴവില്ലിന്റെ നിറം എത്രയെണ്ണം ഉണ്ട് 7 എന്നാണ് പൊതുവേ പറഞ്ഞു വരുന്നത്. പക്ഷേ ഇതൊരു സൗകര്യത്തിന് മാത്രം പറയുന്നതാണ് .ഓരോ വർണ്ണവും തമ്മിൽ കൃത്യമായ അതിരുകൾ ഒന്നുമില്ല.വയലറ്റിനും red നും (ഉൾപ്പടെ)ഇടയിൽ വരുന്ന വർണ്ണരാജി ആണ് യഥാർത്ഥത്തിൽ മഴവില്ല് .
‎പക്ഷേ ഇതിനെ കൃത്യമായി വയലറ്റ് , ഇൻഡിഗോ എന്നിങ്ങനെ വേർതിരിച്ച് പറയുക പ്രയാസമാണ്, അതുകൊണ്ടു സാങ്കേതികമായി ശരിയല്ലാത്ത ഒരു പ്രയോഗമാണ് 7 വർണ്ണങ്ങൾ ഉള്ള മഴവില്ല് എന്നത്.

പത്താംക്ലാസിലെ പരീക്ഷയുമായി ബന്ധപ്പെട്ടതും സാധാരണക്കാരനും വായിക്കാൻ പറ്റുന്നതുമായ രീതിയിൽ ഇതുപോലെ ഒന്നു രണ്ട് പോസ്റ്റുകൾ ഈ നിലയത്തിൽ നിന്നും ഉണ്ടായിരിക്കുന്നതാണ്. സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ ഉണ്ടെങ്കിൽ അവർക്ക് വായിക്കാൻ കൊടുക്കണം എന്നു ഓർമിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *