”ഊർജ്ജത്തെ നിർമിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല, ഒരുരൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് പരിവർത്തനം ചെയ്യാം ”

ഇതായിരുന്നു നമ്മൾ കഴിഞ്ഞപോസ്റ്റിൽ പഠിച്ച പാഠം.
അതിനെ ’ഊർജ്ജസംരക്ഷണ നിയമം ’ എന്ന് വിളിച്ചു.

അപ്പൊ പിന്നെ സൂര്യൻ ഊർജ്ജം ഉല്പാദിപ്പിക്കുന്നതോ ??
സൂര്യനിലെ അടിസ്ഥാന ഊർജ്ജ ഉത്പാദനം എങ്ങനെയാണു നടക്കുന്നത് ?
നിയമത്തിനെ മറികടക്കുന്നുണ്ടോ ?

നോക്കാം.
നമുക്ക് ന്യൂക്ലിയർ ഫ്യൂഷൻ പരിചയപ്പെടാം .
ന്യൂക്ലിയർ ഫ്യുഷൻ അല്പം നർമ്മം കലർത്തി ’മർമ്മ സംയോജനം ’ എന്നുപറയാം.

സൂര്യനിലെ ബഹുഭൂരിപക്ഷവും ഹൈഡ്രജൻ മൂലകമാണ്. ഇവക്കൊരു പ്രത്യേകതയുണ്ട് !!
ന്യൂക്ലിയസിൽ ഒരു പ്രോട്ടോൺ മാത്രമേ ഉള്ളൂ. ഒരു കുരുമാത്രമുള്ള പഴം .ഇങ്ങനെയുള്ള ന്യൂക്ലിയസാണ് ഓരോ ഹൈഡ്രജൻ ആറ്റത്തിലെയും ’play maker’ .

സൂര്യനിലെ ഹൈഡ്രജന്റെ എണ്ണം നമ്മുടെ ഭാവനയിലോ സങ്കല്പത്തിലോ കാണാൻ പറ്റുന്നതിന്റെ അപ്പുറത്താണ്. കോടികൾ കോടികൾ !!!

സാധാരണ അവസ്ഥയിൽ (നമ്മുടെ ദൈനംദിന ജീവിതത്തിലെ മൂലകങ്ങൾ )ഒന്നും തന്നെ മർമ്മമായ ന്യൂക്ലിയസിനെ തൊട്ടുകളിക്കില്ല.
അത്രയ്ക്ക് ’വിലക്കപ്പെട്ട ’ സ്ഥലമാണ്.

അതുകൊണ്ടു തന്നെ നാം കാണുന്ന പലവിധങ്ങളായ പ്രവർത്തനങ്ങൾ (ഉദാഹരണമായി ഹൈഡ്രജനും ഓക്സിജനും ചേർന്ന് വെള്ളമുണ്ടാകുന്നത്, സോഡിയവും ക്ളോറിനും ചേർന്ന് ഉപ്പുണ്ടാകുന്നത്, ഗ്യാസ് കത്തുന്നത്, ബോംബ് പൊട്ടുന്നത്, ഇരുമ്പ് തുരുമ്പിക്കുന്നത് )ഇവയിലൊന്നും മേല്പറഞ്ഞ ന്യൂക്ലിയസ് കാരണവർ ഇടപെടില്ല.

ദാവൂദ് ഇബ്രാഹിമിന് കൊതുകിനെ കൊല്ലാൻ കൊട്ടെഷൻ കൊടുത്താൽ ടിയാന്റെ പ്രതികരണം എങ്ങനെയാവും ?അതിനേക്കാൾ ബാലിശമാണ് മേല്പറഞ്ഞ പ്രവർത്തനങ്ങളിൽ ന്യൂക്ലിയസ് ഇടപെടുക എന്ന് പറഞ്ഞത്.

അതിനൊക്കെ പോയി അഹോരാത്രം പ്രവർത്തിക്കുന്നതും ചാവേറാവുന്നതും പാവം ഇലെക്ട്രോണുകളാണ് !അവറ്റകളെ ന്യൂക്ലിയസ് തങ്ങളുടെ സാമ്രാജ്യത്തിൽ അടുപ്പിക്കില്ല.
അപ്പൊ അങ്ങനെയുള്ള ന്യൂക്ലിയസ് അങ്ങേരു ഹൈഡ്രജൻ ആറ്റത്തിൽ തന്റെ രാജയോഗം ആസ്വദിക്കുകയാണ് സൂർത്തുക്കളെ

. ന്യൂക്ലിയസിനു വേറൊരു ദുശീലമുണ്ട് , ഭയങ്കര ’പ്രൊഫെഷണൽ ജെലസിയാണ്’. ഒരു ന്യൂക്ലിയസിനു മറ്റേ ന്യൂക്ലിയസിനു കണ്ണിനു കണ്ടുകൂടാ. അവ പരസ്പരം അടുക്കില്ല. വികർഷിക്കും.

ശാസ്ത്രജ്ഞന്മാർ മധ്യസ്ഥ പറയാൻ പോയപ്പോൾ കിട്ടിയ മറുപടി

’ എനിക്ക് പോസിറ്റീവ് ചാർജ് ആണ്, ഞാൻ എന്തിനു മറ്റൊരു പോസിറ്റീവ് ചാർജുള്ള മറ്റൊരു ന്യൂക്ലിയസിനെ അന്വേഷിച്ചു പോകണം. എവിടെ കണ്ടാലും ഞങ്ങള് വികർഷിക്കും. എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്ന് ’.

പക്ഷെ ഇലക്ട്രോണുകൾ ’പുറപ്പെട്ടു പുറപ്പെട്ടു വേണമെങ്കിൽ അരമണിക്കൂർ മുമ്പേ പുറപ്പെടാം ’ എന്ന ലൈൻ ആണ്.
അതിനെ മെരുക്കിയാണ് നമ്മൾ ഇന്ന്കാണുന്ന ഫേസ്ബുക്,whatsapp ഒക്കെ ഉണ്ടാക്കിയത്.അതൊരു ബലിയ കഥയല്ല, ബല്യ ചരിത്രാ!!

മ്മക് ന്യൂക്ലിയസിലേക്കു വരാം, ഇവന് ഇവിടത്തെ വീമ്പിളക്കലെ ഉള്ളൂ. സൂര്യനിലൊക്കെ ന്യൂക്ലിയസിന്റെ ഒരു കളിയും നടക്കില്ല. ഹൈഡ്രജൻ ഞെങ്ങി ഞെരുങ്ങി ശ്വാസം മുട്ടുന്ന സ്ഥലമാണ് അവിടെ. അജ്‌ജാതി ഗ്രാവിറ്റിയാ ! ന്യൂക്ലിയസിനെ നേരത്തെ പറഞ്ഞ ഏനക്കേടിനു (വികര്ഷിക്കുന്ന കുഴപ്പം) കാരണം electrosratic force എന്ന പ്രതിഭാസമാണ്.
അതിനെ മറികടക്കാൻ കഴിഞ്ഞാൽ ന്യൂക്ലിയസിന്റെ നെഞ്ചിൻ കൂടുതകർത്തു എല്ലാ പ്രോട്ടോണിനേയും അതിൽ തിരുകി കയറ്റാം.

പക്ഷെ അങ്ങനൊരു സാഹചര്യം (വികര്ഷണബലത്തെ മറികടക്കുക എന്ന ഭഗീരഥ പ്രയത്നം ) ഉണ്ടാകാൻ വലിയ പ്രയാസമാണ്. പറഞ്ഞല്ലോ, ഭൂമിയിൽ ജാടയിറക്കിയ ഹൈഡ്രജൻ ന്യൂക്ലിയസ് സൂര്യനിൽ പാവാടാ !!electrostatic എന്നൊക്കെ പറഞ്ഞു അവിടെ ചെന്നാൽ ന്യൂക്ലിയസ് ആകെ ചമ്മിപ്പോകും.
ന്യൂക്ലിയസിന്റെ സംയോജനം
————–
നമ്മൾ രണ്ടു ടിന്നുകളിൽ അരക്കിലോ വീതം പഞ്ചസാര മിക്സ് ചെയ്താൽ ഒരുകിലോ പഞ്ചസാര ലഭിക്കും. പഞ്ചസാര മിക്സ് ചെയ്താൽ പിന്നെ ചായപ്പൊടി ലഭിക്കുമോ എന്നായിരിക്കും നിങ്ങളാലോചിക്കുന്നത്.
Yup !!

സൂര്യനിൽ അങ്ങനെയാണ്. പഞ്ചസാര കൊണ്ട് ചായപ്പൊടിയാക്കാം (അക്ഷരാർത്ഥത്തിൽ വായിക്കരുതേ 😝)എന്നുവെച്ചാൽ ഹൈഡ്രജൻ മിക്സ് ചെയ്തു ഹീലിയം ആക്കിയെടുക്കാം !

രസകരമായ വസ്തുത, ഹീലിയത്തിന്റെ മാസ്സ് മിക്സ് ചെയ്ത ഹൈഡ്രജനേക്കാൾ കുറവായിരിക്കും. ലളിതമായി പറയുമ്പോൾ ഒരു കിലോഗ്രാം ഹൈഡ്രജൻ ഹീലിയമായി മാറുമ്പോൾ 992 .83 ഗ്രം ഹീലിയമേ കാണൂ. 7 .17 ഗ്രാം എവിടെപ്പോയി ???
വേറൊരു പദാർത്ഥവും ഉണ്ടായിട്ടില്ല.
അപ്പൊ,അതാണ് ഊർജ്ജം എന്ന ജിന്ന് .
നമ്മുടെ 7 .17 ഗ്രാം ഊർജ്ജമായി പരിവർത്തനം ചെയ്തു. ഇതേയുള്ളൂ എന്ന് കരുതിയാൽ നിങ്ങള്ക്ക് വീണ്ടും തെറ്റി.

ഐൻസ്റ്റീൻ പറഞ്ഞത് E =MC²!!!
ഇവിടെ മൊത്തം ഉണ്ടായ ഊർജ്ജം
കണക്കാക്കിയാൽ
E =7 .17 *10 ^–3 * (3 *10 ^8 )²

6.45 *10 ¹⁴ ജൂൾ!!
ഇത്രയേ ഉള്ളൂ , എന്ന വായിച്ചോളൂ

645000000000000 ജൂൾ !!

വെറും ഏഴു ചില്ലാനം ഗ്രാമേ!!
അതാണ് ’മാസ്സ് ഡാ ’ എന്ന് പറയുന്നത്. വേണമെങ്കിൽ ഒന്ന് മാറ്റിപ്പിടിച്ചു ’എനെർജിഡാ’ എന്നുകൂടിയാക്കാം.

ഇതിന്റെ വലിപ്പം ഒന്നുകൂടി വിശദമാക്കാം.
കേരളത്തിലെ ശരാശരി വൈദ്യുത ഉപഭോഗം ദിവസത്തിൽ അറുനൂറ്റി നാൽപതു ലക്ഷം യൂണിറ്റ് ആണ്. ഇതിനെ ജൂളിലേക്കു മാറ്റുമ്പോൾ
മുപ്പത്താറു ലക്ഷം *അറുനൂറ്റി നാല്പതുലക്ഷം =
2.3 *10¹⁴ ജൂൾ!

ഏഴുഗ്രാം ഹൈഡ്രജനിൽ നിന്നും ലഭിച്ച ഊർജ്ജം 6.45 *10 ¹⁴ ജൂൾ
രണ്ടും കൂടി ഹരിച്ചാൽ (6 .45 /2.3 =2 .8 ). എന്നുവെച്ച ഏതാണ്ട് മൂന്നു ദിവസത്തേക്ക് കേരളം മുഴുവൻ വേണ്ട വൈദ്യുതി ഏഴുഗ്രാം + വരുന്ന ഹൈഡ്രജനിൽ നിന്ന്!!

പത്തുകിലോ ഹൈഡ്രജൻ ഹീലിയമായി മാറ്റുമ്പോൾ മിസ്സാവുന്ന എഴുപത്തിയൊന്നു ഗ്രാം ഹൈഡ്രജൻ കൊണ്ട് ഒരുമാസത്തെ വൈദ്യുതി
!എത്രസുന്ദരമായ നടക്കാത്ത സ്വപ്നം !!

ഇങ്ങനെ ഊർജ്ജമായി മാറ്റപ്പെടുമ്പോൾ Mass അപ്രത്യക്ഷമാവുന്ന പ്രതിഭാസത്തെ ’മാസ്സ് ഡിഫെക്ട് ’എന്ന് വിളിക്കുന്നു.
Maaaaaas defect തന്നെയാ ല്ലേ😀.

ഞാൻ മുകളിൽ പറഞ്ഞ ഊർജ്ജം നിയന്ത്രിത രീതിയിൽ പരിവർത്തിപ്പിക്കുന്ന പ്രവർത്തനം മനുഷ്യന്റെ ഇന്നത്തെ ഭൗതിക -ബൗദ്ധിക ചുറ്റുപാടിൽ വമ്പൻ വെല്ലുവിളിയാണ്. പക്ഷെ നമ്മുടെ സൂര്യൻ ചേട്ടനെപോലെ അതിഭയങ്കര സമ്മർദവും , താപവും ഉള്ള സ്ഥലത്തു ന്യൂക്ലിയസുകൾ ഞെരിഞ്ഞമർന്നു ഒന്നാകുന്നു. സൂര്യനിൽ ഓരോ സെക്കന്റിലും ഏഴായിരത്തിനടുത്തു ടൺ ഹൈഡ്രജൻ ഹീലിയം ആവുന്നു .
എന്നിട്ടു ഇനിയും മില്യൺ കണക്കിന് വർഷങ്ങൾ ഇങ്ങനെ തുടരുമത്രെ ! അതൊന്നുമല്ല കഷ്ടം , മറ്റു നക്ഷത്രങ്ങളുടെ ഇടയിൽ നമ്മുടെ സൂര്യൻ ’കൊച്ചു സൂര്യൻ ’ ആണത്രേ !!ഇതൊക്കെ നമ്മൾ പഠിച്ചത് ആ സൂര്യൻ തന്ന ഊർജ്ജം കൊണ്ട്.

ഒരേ സമയം എത്ര ചെറുതാണ് നാം ,
എത്രവലുതാണു നാം.

Leave a Reply

Your email address will not be published. Required fields are marked *