Collecting knowledge For you !

ഇന്ത്യയുടെ ചരിത്രതാളുകൾ രേഖപ്പെടുത്തിയ ആദ്യ മനുഷ്യ ബോംബ്

By:
Posted: March 8, 2018
Category: Historical Figures , Indian History , Kerala/Tamil History
Comments: 0
download palathully android app ! >>>> Get!

മനുഷ്യ ബോംബ്, കേൾക്കുമ്പോൾ തന്നെ ഭയം ജനിപ്പിക്കുന്ന വാക്ക്. സ്വയം പൊട്ടിത്തെറിച്ചു കൊണ്ടു മറ്റുള്ളവരുടെ ജീവനെടുക്കാൻ വിധിക്കപ്പെട്ട ശാപജന്മങ്ങൾ . ഇതാണ് സാധരണ മനുഷ്യന്റെ മനസ്സിൽ മനുഷ്യബോംബുകൾക്കുള്ള സ്ഥാനം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലും മനുഷ്യ ബോംബുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രതാളുകൾ രേഖപ്പെടുത്തിയ ആദ്യ മനുഷ്യ ബോംബ് കുയിലി എന്ന സ്ത്രീയാണ്.

മാതൃരാജ്യത്തിന്റെ രക്ഷക്കായി സ്വജീവൻ ബലികഴിച്ച ധീര വനിത. ബ്രിട്ടീഷ് പട്ടാളത്തിന്റെ അയുധങ്ങളേയും തോക്കു ശേഖരങ്ങളേയും വെടിമരുന്നുകളേയും സ്വയം അഗ്നിസ്നാനനം ചെയ്തു കൊണ്ട് ചുട്ടു ചാമ്പലാക്കിയ അജയ്യയായ പോരാളി. ചരിത്രത്തിന്റെ താളുകളിൽ ഒളി മങ്ങിപോകേണ്ടതല്ല കുയിലിയും അവരുടെ ജീവത്യാഗവും.

തമിഴ് നാട്ടിലേ, ശിവഗംഗയിലെ റാണിയായിരുന്ന വേലു നാച്ചിയരിന്റെ സൈന്യാധിപയായിരുന്നു സാംബവ വംശജയായ കുയിലി. ശൈവോപാസകരായ സാംബവർ മികച്ച പോരാളികളായും, ശൈവ പുരോഹിതന്മാരായും എഴുത്തുകാരായും, കവികളായുമൊക്കെയാണ് ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നത്.

രാമനാഥ രാജ്യത്തിലെ ചെല്ലമുത്തു സേതുപതി രാജാവിന്റെ ഏക മകളായ വേലു നാച്ചിയാർ വിദേശ ഭാഷകളായ ഫ്രഞ്ച്, ഉർദു, ഇംഗ്ലീഷ് എന്നിവയിൽ അഗ്രഗണ്യയായിരുന്നു. അതോടൊപ്പം തന്നെ യുദ്ധതന്ത്രങ്ങളിലും വാൾ പയറ്റ്, ധനുർവിദ്യാ, സിലമ്പം, കുതിരസവാരി എന്നീ ആയോധനകലകളിലും നിപുണയുമായിരുന്നു. 16ആം വയസ്സിലാണ് ശിവഗംഗയുടെ രാജാവായിരുന്ന മുത്തുവാദ്ഗണത്തെ ഉദയതേവരുടെ പത്നിയായി വേലു നാച്ചിയാർ ശിവഗംഗൈയിൽ എത്തുന്നത്. 1772 ജൂൺ 25ആം തീയതി ആർക്കോട് നവാബിന്റെയും ബ്രിട്ടീഷ് സൈന്യത്തിന്റെയും സംയുക്തമായ ആക്രമണത്തിൽ കലൈയർ കോവിലിൽ വെച്ചു ഉദയതേവർ വധിക്കപ്പെട്ടു.

ഇതേതുടർന്ന് തൻറെ മകളായ വെള്ളച്ചിക്കൊപ്പം അയൽരാജ്യത്തേക്കു പലായനം ചെയ്ത വേലു നാച്ചിയാർ എട്ടു വർഷത്തോളം അവിടെ ഒളിവിൽ പാർത്തു. ആ സമയത്തിനുള്ളിൽ തൻറെ പ്രതികാരാർത്ഥം വലിയ ഒരു സേനയേയും സജ്ജമാക്കി. അവർ തന്റെ സൈന്യത്തിൽ അതി സാഹസികരായ വനിതകളെ നിയമിച്ചു. അവരോരുത്തരേയും വേലു നാച്ചിയാർ നേരിട്ട് പരിശീലിപ്പിച്ചു. അവർക്കായി പ്രത്യേക വിഭാഗവും രൂപികരിച്ചു. സൗന്ദര്യവും ബുദ്ധിയും ധൈര്യവുംകൊണ്ട് ആവോളം അനുഗ്രഹിക്കപ്പെട്ട കുയിലിയെ അതിൻറെ സൈന്യാധിപയായും വാഴിച്ചു.
1780ൽ ഗോപാല നായ്ക്കറും ഹൈദരാലിയുമായി ബ്രിട്ടീഷ്കാർക്കെതിരെ സഖ്യമുണ്ടാക്കി. അന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ വിജയത്തിന്റെയും ഇന്ത്യൻ നാട്ടു രാജാക്കന്മാരുടെ ദയനീയ പരാജയത്തിന്റെയും മുഖ്യ ഹേതുവായത് എതിരാളികളെ ദൂരത്തു വെച്ചു തന്നെ കൊന്നുവീഴ്ത്താൻ കഴിവുള്ള തീ തുപ്പുന്ന തോക്കുകളായിരുന്നു. ഇതു മനസ്സിലാക്കിയ വേലു നാച്ചിയാർ എന്തു വിലകൊടുത്തും ബ്രിട്ടീഷ് സൈന്യത്തിന്റെ തോക്കുകൾ നശിപ്പിക്കണമെന്ന് തീരുമാനിച്ചു.

ബ്രിട്ടീഷ്കാർ തങ്ങളുടെ ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരിക്കുന്നത് ഒരു ക്ഷേത്രത്തിലാണെന്നു മനസ്സിലാക്കിയ കുയിലി അതു നശിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. സ്ത്രീകൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ക്ഷേത്രത്തിൽ വിജയദശമി ദിവസം പൂജകൾക്കെന്ന വ്യാജേന നെയ് വിളക്കുകളുമായി കുയിലിയും കൂട്ടാളികളും കടന്നു കൂടി. ക്ഷേത്രത്തിനുള്ളിലെത്തിയ കുയിലി തൻറെ ശരീരം മുഴുവൻ നെയ്യ് ഒഴിക്കാൻ അനുയായികളോട് ആവശ്യപ്പെട്ടു. ആയുധങ്ങൾ സൂക്ഷിച്ച അറയിൽ കടന്ന കുയിലി തൻറെ ശരീരത്തിനു സ്വന്തം കൈകളാൽത്തന്നെ തീയും കൊളുത്തി. അത്യുഗ്രമായ സ്ഫോടനം നടക്കുകയും അവിടെ സൂക്ഷിച്ച ആയുധങ്ങൾ ചാരമാക്കികൊണ്ടു കുയിലി വീരമൃതു വരിക്കുകയും ചെയ്തു .

തുടർന്നുണ്ടായ യുദ്ധത്തിൽ വേലു നാച്ചിയാർ വിജയിച്ചു. പത്തു വർഷത്തോളം രാജ്യഭരണവും നടത്തി. പെരിയ മരുത്, ചിന്ന മരുത് എന്നീ മരുത് സഹോദരന്മാർക്ക് വേലു നാച്ചിയാർ രാജ്യഭരണം കൈമാറുകയും 1796 ഡിസംബർ 26ആം തീയതി നാട് നീങ്ങുകയും ചെയ്തു.
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ബ്രിട്ടീഷ് സൈന്യത്തിനെതിരെ യുദ്ധം ചെയ്ത ആദ്യ വനിതയാണ് വേലു നാച്ചിയാർ.

കുയിലിയുടെ വീരമൃത്യുവിനും അവരുടെ രാജ്ഞി യുടെയും ധീരതക്കുo മുൻപിൽ ശിരസ്സ് നമിക്കുന്നു .

Ref.Wiki,TOI,The Hindu
Image courtsey. quora, topsy.one

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *