മനുഷ്യര്‍ക്കും ഉറുമ്പുകള്‍ക്കും തമ്മില്‍ വലിയ സാമ്യമൊന്നുമില്ല, ഇരുകൂട്ടരും ലോകം കീഴടക്കിയ ജീവിവര്ഗങ്ങളാണെന്നത് ഒഴികെ. ഏതാണ്ട് 15 കോടി വര്‍ഷം മുമ്പ് ദിനോസറുകളുടെ കാലത്ത് ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടവയാണ് ഉറുമ്പുകള്‍. ആധുനിക മനുഷ്യനാവട്ടെ, ഉത്ഭവിച്ചത് വെറും മൂന്നുലക്ഷം വര്‍ഷം മുമ്പു മാത്രം. ഭൂമിയിലാകെയുള്ള ഉറുമ്പുകളുടെ സംഖ്യ ഏതാണ്ട് പത്ത് ക്വാഡ്രില്ല്യണ്‍* എന്നാണ് കണക്ക്, മനുഷ്യരുടേതോ വെറും 700 കോടി മാത്രവും.
(മറ്റൊരു കോളനിയിലെത്തി പ്യൂപ്പെയെ കവരുന്ന മോഷ്ടാവ് ഉറുമ്പ്-ചുവന്ന വട്ടത്തിലുള്ളത്. ചിത്രം കടപ്പാട്: Bishwarup Paul / IISER, Kolkata)
എങ്കിലും, ചില കാര്യങ്ങളില്‍ മനുഷ്യരെപ്പോലെയാണ് ഉറുമ്പുകളെന്ന് ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ചും മോഷണത്തിന്റെ കാര്യത്തില്‍. മറ്റ് ഉറുമ്പുകോളനികളില്‍ നിന്ന് പറക്കമുറ്റാത്ത ഉറുമ്പിന് കുഞ്ഞുങ്ങളെ (pupae) തഞ്ചത്തില്‍ കിഡ്നാപ്പ് ചെയ്ത് അടിമകളാക്കി മാറ്റാറുണ്ട് ചിലയിനം ഉറുമ്പുകള്‍. അത്തരം ഒരു ഉറുമ്പ് വര്‍ഗ്ഗത്തിന്റെ കവര്‍ച്ചാരീതി ആദ്യമായി ഇന്ത്യയില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
ഇന്ത്യയിലെമ്പാടും കാണപ്പെടുന്ന ‘ഡയകാമ ഇന്‍ഡിക്കം’ (Diacamma indicum) എന്നയിനം ഉറുമ്പുകള്‍ അന്യ കോളനികളില്‍ നിന്ന് പ്യൂപ്പെകള് തട്ടിക്കൊണ്ടുപോയി അടിമകളാക്കുന്ന കാര്യമാണ് ഗവേഷകര്‍ പഠിച്ചത്. കൊല്‍ക്കത്തയില്‍ ‘ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി’ലെ (ഐ.ഐ.എസ്.ഇ.ആര്) ഗവേഷക ഡോ. സുമന അന്നാഗിരി, ഗവേഷണ വിദ്യാര്‍ഥി ബിശ്വരൂപ് പോള്‍ എന്നിവരാണ് ഉറുമ്പുകളുടെ കവര്ച്ചാരഹസ്യങ്ങള് കണ്ടെത്തിയത്. പഠനറിപ്പോര്‍ട്ട് ‘പ്ലോസ് വണ്‍’ (PlosOne) ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
മിതശീതോഷ്ണ മേഖലകളില്‍ ചിലയിനം ഉറുമ്പുകള്‍ ഭക്ഷണത്തിനും അടിമകളാക്കാനുമായി സമീപകോളനികളില് നിന്ന് മുട്ടയും പ്യൂപ്പെയെയും മോഷ്ടിക്കുന്ന കാര്യം ജീവശാസ്ത്രജ്ഞര്‍ മുമ്പുതന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഉഷ്ണമേഖലാ പ്രദേശത്തെ ഏതെങ്കിലും ഉറുമ്പുകള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതായി തിരിച്ചറിയുന്നത് ആദ്യമായാണ്. ഡോ. അന്നാഗിരിയും, പോളും ഉറുമ്പുകളെ രണ്ടുവര്‍ഷക്കാലം നിരന്തരം നിരീക്ഷിച്ചാണ് അവയുടെ മോഷണതന്ത്രങ്ങള്‍ രേഖപ്പെടുത്തിയത്. പോളിന്റെ പി.എച്ച്.ഡി.ഗവേഷണത്തിന്റെ ഭാഗമാണിതെന്ന് ഡോ.അന്നാഗിരി അറിയിച്ചു.

പഠനത്തിന്റെ ഭാഗമായി 20 ഉറുമ്പുകോളനികള് അവര്‍ നിരന്തരം നിരീക്ഷിച്ചു. ലബോറട്ടറിയില്‍ സൃഷ്ടിച്ച കൃത്രിമകോളനികളും, പ്രകൃതിയിലെ സ്വാഭാവിക കോളനികളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ലബോറട്ടറിയില്‍ രണ്ടുമീറ്റര്‍ അകലത്തില്‍ രണ്ട് ഉറുമ്പുകോളനികള് സ്ഥാപിച്ച് എന്താണ് സംഭവിക്കുന്നതെന്നും നിരീക്ഷിച്ചു. ഓരോ കോളനിയിലുമുള്ള ഉറുമ്പുകളെ തിരിച്ചറിയാന്‍ പ്രത്യേക നിറങ്ങള്‍കൊണ്ട് അവയെ മാര്‍ക്ക് ചെയ്തായിരുന്നു നിരീക്ഷണം. സാധാരണഗതിയില്‍ മാറ്റമില്ലാതെ തുടരുന്ന കോളനികളില്‍ മോഷണശ്രമങ്ങള്‍ കുറവാണെന്ന് കണ്ടു. അത്തരം കോളനികളില്‍ 250 മിനിറ്റില്‍ ഒന്ന് എന്ന തോതിലായിരുന്നു കവര്‍ച്ചാശ്രമം.
എന്നാല്‍, ഉറുമ്പുകള്‍ കോളനി മാറ്റി സ്ഥാപിക്കുന്ന സമയത്ത് കളി മാറുന്നത് ഗവേഷകര്‍ കണ്ടു. അത്തരം വേളയില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍, ലബോറട്ടറിയില്‍ സ്ഥാപിച്ച കോളനികളിലൊന്നിനെ ഗവേഷകര്‍ അലങ്കോലപ്പെടുത്തി നോക്കി. സ്വാഭാവികമായും കോളനി മാറ്റി സ്ഥാപിക്കാന്‍ ഉറുമ്പുകള്‍ ശ്രമം തുടങ്ങി. അതൊരു നിര്‍ണായക സമയമാണ്, സമീപത്തെ കോളനികളില്‍ നിന്ന് മോഷ്ടാക്കളുടെ വരവ് വര്‍ധിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ 11 മിനുറ്റില്‍ ഒന്ന് എന്ന തോതില്‍ അരങ്ങേറി!
ഓരോ കോളനിയിലെയും ഉറുമ്പുകള്‍ക്ക് വ്യത്യസ്ത ഗന്ധമാണുള്ളത്. അതുവെച്ചാണ് അവ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയുക. അതിനാല്‍, അന്യകോളനിയിലെത്തി പ്യൂപ്പെയെ തട്ടിയെടുക്കുക എന്നത് റിസ്കുള്ള ഏര്‍പ്പാടാണ്. അതിനാല്‍ ‘മോഷ്ടാക്കള്‍’ വീണ്ടുവിചാരമില്ലാതെ പോയി കുടുക്കില്‍ ചാടാറില്ല, അവസരത്തിനായി കാക്കും. കോളനി മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ നോക്കാന്‍ ആളില്ലാതെ പെട്ടുപോയ പ്യൂപ്പെയെ പൊക്കിയെടുത്ത് സ്ഥലംവിടുന്നതാണ് സുരക്ഷിതം. കഴിയുന്നതും തങ്ങള്‍ റെയ്ഡ് ചെയ്യുന്ന കോളനിയിലെ അംഗങ്ങളുമായി കൊമ്പുകോര്‍ക്കാതിരിക്കാന്‍ ഉറുമ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കും. മോഷ്ടാക്കളെ കൈയില്‍ കിട്ടിയാല്‍ അല്പ്പവും ദയയില്ലാതെയാകും കോളനിക്കാരുടെ പ്രതികരണം. അതിനാല്‍ മോഷണശ്രമങ്ങളില്‍ 36 ശതമാനമേ വിജയിക്കാറുള്ളൂ എന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.

‘മനുഷ്യര്‍ക്കിടയിലെ മോഷ്ടാക്കള്‍ അവലംബിക്കുന്ന അതേ തന്ത്രങ്ങളാണ് ഉറുമ്പുകളുടേതുമെന്നത് അത്ഭുതകരമാണ്’- ഐ.ഐ.എസ്.ഇ.ആറില്‍ ബയോളജിക്കല്‍ സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസറായ അന്നാഗിരി പറയുന്നു. ‘ഭൂമിയില്‍ മനുഷ്യരെക്കാളും 15 കോടി വര്‍ഷംമുമ്പ് പ്രത്യക്ഷപ്പെട്ടവയാണ് ഉറുമ്പുകള്‍. എന്നിട്ടും രണ്ടു ജീവികളും മോഷണത്തിന്റെ കാര്യത്തില്‍ സമാനത പുലര്‍ത്തുന്നു’.
ഇത്തരം മോഷണം കൊണ്ടുള്ള പ്രധാനഗുണം മുട്ടയിട്ട് വിരിയിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ജോലി കുറഞ്ഞുകിട്ടും എന്നതാണ്. മാത്രമല്ല, ചുളുവില്‍ ജോലി ചെയ്യാന്‍ അടിമകളെയും കിട്ടും. ‘ലബോറട്ടറിയില്‍ സജ്ജമാക്കിയ ഉറുമ്പുകോളനിയിലാണ് ഈ മോഷണം ഞങ്ങള്‍ ആദ്യം നിരീക്ഷിച്ചത്’-ഡോ. അന്നാഗിരി അറിയിച്ചു. മിടുക്കരായ മോഷ്ടാക്കളുള്ള കോളനികളില്‍ ശരാശരി 28 ശതമാനം പ്യൂപ്പെ വര്‍ധന രേഖപ്പെടുത്തി. പ്യൂപ്പെകളുടെ എണ്ണം ഇത്രയും കൂടുക എന്നാല്‍, ഭാവിയില്‍ പണിയെടുക്കാന്‍ അത്രയും അടിമകളെ കിട്ടി എന്നാണ്. പ്യൂപ്പെ മോഷ്ടാക്കള്‍ മോഷണത്തിനിടെ അടി ഒഴിവാക്കാന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ മനസിലാക്കാനാണ് ഇനി തങ്ങളുടെ ശ്രമമെന്ന് ഗവേഷകര്‍ പറയുന്നു.
ഏതാണ്ട് 20,000 ഇനം ഉറുമ്പുകള്‍ ഭൂമിയിലുണ്ടെന്നാണ് കണക്ക്. മോഷണം മാത്രമല്ല, മനുഷ്യരെപ്പോലെ കൃഷി നടത്തി ഭക്ഷണമുണ്ടാക്കുന്ന ഉറുമ്പുകളുമുണ്ട്. തെക്കേഅമേരിക്കയിലെ ‘ഇലവെട്ടി ഉറുമ്പുകള്‍’ (leafcutters) ഉദാഹരണം. തങ്ങള്‍ക്ക് ആഹാരമാക്കേണ്ട പോഷകസമൃദ്ധമായ ഫംഗസുകളെ കൃഷിചെയ്തുണ്ടാക്കുന്ന ഉറുമ്പുകളാണിവ. അഞ്ചുകോടി വര്‍ഷമായി ഈ കൃഷി തുടങ്ങിയിട്ട്. മനുഷ്യരെപ്പോലെ ഉറുമ്പുകള്‍ കാലക്രമത്തില്‍ കൃഷി മെച്ചപ്പെടുത്തുകയും, ‘വിളകളെ’ കൂടുതല്‍ പോഷകസമൃദ്ധമാക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

ആഹാരമാക്കേണ്ട ഫംഗസുകളെയാണ് ‘ഇലവെട്ടി ഉറുമ്പുകള്‍’ കൃഷി ചെയ്യുന്നതെങ്കില്‍, ഫിജിയിലെ ‘ഫിലിദ്രിസ് നാഗാസോ’ (Philidris nagasau) ഉറുമ്പുകള്‍ വൃക്ഷശിഖരങ്ങളില്‍ വിത്ത് നട്ട് ചെടി മുളപ്പിച്ച് അതിന് വളവും പോഷകങ്ങളും നല്കി വളര്‍ത്തി, അതുവഴി പാര്‍പ്പിടവും ഭക്ഷണവും ഒരുക്കുന്ന ജീവികളാണ്. വൃക്ഷശിഖരങ്ങളില്‍ ‘സ്ക്വാമെല്ലാരിയ’ (Squamellaria) എന്ന ചെടി നട്ടുവളര്‍ത്തി ഫിലിദ്രിസ് ഉറുമ്പുകള്‍ വൃക്ഷങ്ങള്‍ക്ക് മുകളില്‍ അവയുടേതായ ഒരു ‘സസ്യനഗരം’ തന്നെ സൃഷ്ടിക്കുന്നതായി രണ്ടുവര്‍ഷം മുമ്പ് ജര്‍മന്‍ ഗവേഷകരാണ് കണ്ടെത്തിയത്.
മനുഷ്യരെപ്പോലെ ലോകം കീഴടക്കുന്ന ജീവിവര്‍ഗമാണ് ഉറുമ്പുകള്‍ എന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞത് അതിശയോക്തിയല്ല. തെക്കേഅമേരിക്കയിലെ ‘അര്‍ജന്റൈന്‍ ഉറുമ്പുകള്‍’ (Linepithema humile) ഇന്ന് അന്റാര്‍ട്ടിക്ക ഒഴികെ ബാക്കിയെല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, അവയുടെ ഒരു സൂപ്പര്കോളനി യു.എസ്, യൂറോപ്പ്, ജപ്പാന് എന്നിവിടങ്ങളിയായി വ്യാപിച്ച് കിടക്കുന്നതായി 2009ല്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. സൂപ്പര്കോളനിയുടെ യൂറോപ്യന്‍ ശാഖയ്ക്ക് മെഡിറ്റനേറിയന്‍ തീരത്ത് 6000 കിലോമീറ്റര്‍ നീളമുണ്ട്. യു.എസില്‍ കാലിഫോര്‍ണിയയുടെ തീരത്ത് 900 കിലോമീറ്റര്‍ നീളത്തിലും, ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്തും അര്‍ജന്റൈന്‍ ഉറുമ്പുകളുടെ ഈ സൂപ്പര്‍ കോളനി വ്യാപിച്ചിരിക്കുന്നു.
ചെറിയ ജീവികളെന്ന് പറഞ്ഞിട്ട് കാര്യമല്ല, വലിയ വിശേഷങ്ങളാണ് ഉറുമ്പുകളെക്കുറിച്ച് പഠിക്കുമ്പോള്‍ കണ്ടെത്തുന്നതെന്ന് സാരം!
* ഒരു ക്വാഡ്രില്ല്യണ്‍ എന്നത് 1 കഴിഞ്ഞ് 15 പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയാണ് (1 quadrillion = 1000,000,000,000,000).
അവലംബം –
1. Tricks of the trade: Mechanism of brood theft in an ant. B.Paul & S.Annagiri. PLoS ONE, 13(2), eo192144. 2. A few Species of ant are pirates that enslave other ants. Sandhya Sekar. BBC Eath, Oct 28, 2015. 3. ചെടികള്‍ നടുന്ന ഉറുമ്പുകള്‍. ജോസഫ് ആന്റണി, മാതൃഭൂമി ഓണ്‍ലൈന്‍, നവംബര്‍ 27, 2016 4. Ant mega-colony takes over world. BBC Earth News, July 1, 2009
* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്