Collecting knowledge For you !

കെ ആര്‍ ജയനും ചക്കമഹാത്മ്യം

By:
Posted: March 23, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!ഇരിങ്ങാലക്കുടക്കടുത്തുള്ള ചേലൂര്‍ ഗ്രാമത്തില്‍ കൈപ്പിള്ളി രാമന്റേയും സുഭദ്രയുടേയും ഒമ്പതു മക്കളുള്ള കുടുംബത്തില്‍ ഏഴാമനായിട്ടാണ് കെ ആര്‍ ജയന്‍ ജനിച്ചത്. അച്ഛന്റെ ചെറുതൊഴിലുകളും വീട്ടിലുണ്ടായിരുന്ന ആടുകളുമായിരുന്നു വരുമാനം. ഒരു പ്ലാവില്‍ നിന്നു തന്നെഎപ്പോഴും ഇലകള്‍ വെട്ടിക്കൊണ്ടിരുന്നാല്‍ അതില്‍ ചക്കകള്‍ കുറയുമെന്ന് പറഞ്ഞു കേട്ടിരുന്നതുകൊണ്ട് തറവാട്ടു പറമ്പില്‍ തന്നെ കുറച്ചു പ്ലാവിന്‍ തൈകള്‍ നട്ടു പിടിപ്പിക്കുകയും അതു മരങ്ങളായി വളരുകയും ചെയ്തു. അങ്ങിനെയാണ് ഈ മരത്തിനോടുള്ള താത്പര്യവും സ്നേഹവും ജയന്റെ മനസിലേക്കു വരുന്നത്. പ്ലാവിനോടും ചക്കയോടുമുള്ള ഈ പ്രത്യേക ഇഷ്ടം കണ്ടിട്ട് ഏഴാം ക്ലാസില്‍ വച്ച് കൂട്ടുകാരിട്ട പേരാണ് ‘ പ്ലാവ് ജയന്‍’
വീട്ടിലെ ദാരിദ്രം കൊണ്ടു പ്രിഡിഗ്രി വരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളു.ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജോലി നോക്കിയതിനു ശേഷം പതിനൊന്നു വര്‍ഷത്തോളം ദുബായിയിലും ജോലി ചെയ്തു അതിനു ശേഷംജോലി വേണ്ടെന്നുവെച്ച് നാട്ടിലേക്ക്ഇരിങ്ങലക്കുട കല്ലേറ്റും കരയ്ക്കടുത്തുള്ള വേളൂക്കര എന്ന ഗ്രാമത്തില്‍ കുറച്ചു ഭൂമി വാങ്ങി. നാല്പതോളം വ്യത്യസ്തതരം പ്ലാവ് ഇതിനോടകം ജയന്‍ കണ്ടെത്തിക്കഴിഞ്ഞു തന്റെ കൊച്ചു വീട്ടുവളപ്പില്‍ 24 ഇനം പ്ലാവിന്‍ തൈകള്‍ വളര്‍ത്തുന്നുണ്ട് ജയന്‍. ഇതില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഒരു ഇനവും ഉള്‍പ്പെടും. രാമ-രാവണ യുദ്ധസമയത്ത് കുംഭകര്‍ണ്ണനെ ഉറക്കത്തില്‍ നിന്ന്‍ എഴുന്നേല്‍പ്പിക്കാന്‍ മുഴക്കിയ പെരുമ്പറ നിര്‍മ്മിച്ചത് ഈ പ്ലാവിന്റെ തടി ഉപയോഗിച്ചാണെന്ന ഒരു ഐതിഹ്യ പിന്‍ബലവും ശ്രീലങ്കയില്‍ നിന്നുള്ള അതിഥിയ്ക്കുണ്ട്. അവിടെ ഭാര്യയും രണ്ടു മക്കളുമായി താമസിക്കുന്ന ഇദ്ദേഹം തന്റെ പെട്ടി ഓട്ടോറിക്ഷയില്‍ കുടുംബശ്രീ ഉത്പന്നങ്ങളായ സോപ്പും മെഴുകുതിരിയും വില്‍പ്പന നടത്തുകയും ചെയ്യുന്നു. ഇതിനിടയില്‍ പുറമ്പോക്കു ഭൂമികളിലും റോഡിന്റെ അരികു വശങ്ങളിലും പ്ലാവിന്‍ തൈകള്‍ നട്ടു പിടിപ്പിക്കാറുണ്ട്. ഇതിനോടകം 15,000ത്തോളം പ്ലാവ് ജയന്‍ നട്ടുപിടിപ്പിച്ചുകഴിഞ്ഞു. പ്ലാവ് നടല്‍ സ്വന്തം നാടുവിട്ട് പുറത്തേക്ക് വ്യാപിപ്പിച്ചതോടെ ആളുകള്‍ ഭ്രാന്തനെന്ന് വിളിക്കാന്‍ തുടങ്ങി. ഇത് വിഷമമുണ്ടാക്കിയെങ്കിലും പിന്നീട് ജയന്റെ പുസ്തകങ്ങള്‍ ഇറങ്ങിയപ്പോഴും മറ്റ് പരിസ്ഥിതി പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയപ്പോഴും ആളുകള്‍ ബഹുമാനിച്ചു തുടങ്ങി വൈദ്യഭൂഷണം തിരുമുല്‍പ്പാടിന്റെ അഭിപ്രായപ്രകാരമാണ് ജയന്‍ നടുന്ന പ്ലാവുകളുടെഎണ്ണം സൂക്ഷിക്കാന്‍ തുടങ്ങിയത്. അതിനു ശേഷമുള്ള കണക്കാണിത്.
ആദ്യമൊക്കെ കളിയാക്കിയിരുന്ന നാട്ടുകാര്‍ ഇപ്പോള്‍ ‘മാഷ്’ എന്നു വിളിച്ചു ബഹുമാനിക്കുന്നുണ്ട്. തന്റെ വീട്ടിലെത്തുന്നവരെ പ്ലാവിന്‍ തൈകള്‍ സമ്മാനിച്ചേ ജയന്‍ മടക്കി അയക്കാറുള്ളൂ. ഒരു ചക്കയിലെ എല്ലാ കുരുവും മുളപ്പിച്ചാല്‍ വിവിധ ഇനം പ്ലാവുകളാണ് ഉണ്ടാകുക എന്ന നിരീക്ഷണം വീട്ടിലെ നഴ്സറിയില്‍ നിന്ന്‍ ജയന്‍ സ്വായത്തമാക്കിയതാണ്. ഈ നഴ്സറിയെ ഒരു പ്ലാവ് ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുകയാണ് ജയന്റെ സ്വപ്നം. പ്ലാവിനെ കുറിച്ചുള്ള തന്റെ അറിവുകളും പ്ലാവുമായുള്ള തന്റെ ബന്ധവും വിശദീകരിച്ച് രണ്ട് പുസ്തകങ്ങള്‍ – ‘പ്ലാവ്’, ‘പ്ലാവും ഞാനും’ – ജയന്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ പുസ്തകം വൈകാതെ പുറത്തിറങ്ങും. രണ്ട് ലക്ഷത്തോളം രൂപയുടെ പരിസ്ഥിതി ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട് ഇപ്പോള്‍‍ ഷൊര്‍ണ്ണൂരില്‍ ഭാരതപ്പുഴയുടെ തീരത്ത് പരുത്തിപ്ര എന്ന ദേശത്ത് ബഷീര്‍ മാഷുടെ പത്തേക്കറില്‍ ഇദ്ദേഹം ഒരു പ്ലാവ് ഗ്രാമം ഉണ്ടാക്കുന്നുണ്ട്. പ്ലാവില്‍ നിന്ന് ഒരു വരുമാനമല്ല ജയന്റെ ലഷ്യം ജയനിതൊരു കച്ചവടവുമല്ല. തള്ളപ്ലാവിന്റെ വിത്തുകള്‍ പ്രത്യേകം തെരെഞ്ഞെടുത്ത് മെഡിറ്റേറ്റ് ചെയ്ത് ജൈവരീതിയിലാണ് തൈകള്‍ തയ്യാറാക്കുന്നത്,
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2014-ലെ ജൈവ വൈവിധ്യ പുരസ്‌കാരം, സാമൂഹിക വനംവകുപ്പിന്റെ വനമിത്ര പുരസ്‌കാരം, പ്രകൃതിമിത്ര പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ജയന് ലഭിച്ചിട്ടുണ്ട്. 200 കൊല്ലം ഫലം തരുന്ന കല്പവൃക്ഷം ആണ് പ്ലാവ് ചുരുങ്ങിയത് 1 ലക്ഷംത പ്ലാവുകൾ എങ്കിലും നട്ടുപിടിപ്പിക്കണം എന്നാണ് ജയന്റെ ജീവിത അഭിലാഷം
പ്ലാവ്മഹാത്മ്യം പറ്റി അദേഹത്തിന്റെ വാക്കുകളില്‍ തെങ്ങു പോലെ കല്‍പ്പവൃക്ഷമാണ് പ്ലാവും. പ്ലാവിലുണ്ടായ കായയെ പ്ലാക്കയെന്നായിരുന്നു ആദ്യം വിളീച്ചിരുന്നത്. പിന്നീടെപ്പോഴോ അത് ചക്കയായി. പ്ലാവ് എന്ന വാക്കിന്റെ ആദ്യ രൂപം പിലാവ് എന്നായിരുന്നു. ഇന്നും ചിലയിടങ്ങളില്‍ പിലാവ് എന്നു തന്നെ അറിയപ്പെടുന്നുണ്ട്. തൊലിയിലും തടിയിലും കായിലും ഇലയിലുമെല്ലാം ധാരാളം പാലു പോലെയൊഴുകുന്ന ദ്രാവകമുള്ളതുകൊണ്ടാണ് പ്ലാവ് എന്നു പേരു വന്നതെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു.
തള്ളപ്ലാവിന്റെ ചില്ലകളില്‍ ഉണ്ടാവുന്ന കുരുവെടുത്ത് മുളപ്പിക്കണം. അപ്പോള്‍ നട്ടു പിടിപ്പിക്കുന്ന തൈ വളര്‍ന്ന് ആ ചില്ലയുടെ വണ്ണമാകുമ്പോള്‍ പ്ലാവില്‍ ചക്കകള്‍ ഉണ്ടാകാന്‍ തുടങ്ങും. തടിയിലുണ്ടാകുന്ന ചക്കയില്‍ നിന്നും കുരുവെടുത്ത് നട്ടാല്‍ വളരെ താമസിച്ചായിരിക്കും കായ്ക്കുക..പ്ലാവിന്റെ തൈ നട്ടാല്‍ ഏഴു കൊല്ലത്തിനകം കായ്ച്ചു തുടങ്ങും. വരിക്കയുടെ കുരുവിട്ടു മുളപ്പിച്ചാല്‍ അതില്‍ കായ്ക്കുന്ന ചക്ക വരിക്കച്ചക്ക തന്നെ ആയിരിക്കണമെന്നില്ല. കൂഴയുടെയോ ചുറ്റുവട്ടത്തുള്ള പ്ലാവുമരങ്ങളുടേയോ സ്വഭാവങ്ങള്‍ ഉണ്ടായി എന്നു വരാം.
ഏറ്റവും വലിയ വൃക്ഷ ഫലമാണ് ചക്ക. മൂന്നടി വരെ നീളവും ഇരുപതിഞ്ചു വരെ വ്യാസവുമുള്ള ചക്കകളുണ്ടാവാറുണ്ട്. ചക്ക ഒരു ഒറ്റപ്പഴമല്ല. അനവധി ചെറിയ പഴങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കുന്നു. ഓരോ ചുളയും ഓരോ പഴമാണ്. ചുവന്ന ചുളയന്‍ ചക്ക, വെള്ള ചുളയന്‍ ചക്ക, സിംഗപ്പൂര്‍ ചക്ക, സിംഗപ്പൂര്‍ വരിക്ക, താമരചക്ക, നീളന്‍ താമരചക്ക, മൂവാണ്ടന്‍ ചക്ക, തേന്‍ വരിക്ക , മുട്ടം വരിക്ക ചക്ക, തേങ്ങ ചക്ക, പഴച്ചക്ക എന്നിങ്ങനെ നിരവധി ഇനം ചക്കകളുണ്ട്.

നാട്ടിൽ ബംഗാളി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡിമാന്റ്റ് ഉള്ള ടീം ആയി മാറി ചക്ക. പണ്ടൊക്കെ വെറുതെ കൊടുത്താലും ആർക്കും വേണ്ടാത്ത സാധനം ആയിരുന്നു ചക്ക . ഇന്നു കാലം മാറി പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും പറ്റിയ ആഹാരം ആയി ചക്ക. ചക്കയുടെ ജന്മസ്ഥലം നമ്മുടെ സൗത്ത് ഇന്ത്യ തന്നെ . ജാക്ക് ഫ്രൂട്ട് എന്ന് ഇംഗ്ലീഷുകാർ വിളിക്കുന്ന ചക്കയുടെ ഈ പേര് ഭൂമി മലയാളത്തിൽ നിന്ന് ഉണ്ടായതാണന്ന് എത്ര പേർക്ക് അറിയാം.പണ്ട് കേരളത്തിൽ എത്തിയ പറങ്കികൾ ഇതിന്റെ രുചിയിൽ തലകുത്തി വീണത്രേ. അവർ കടത്തികൊണ്ടു പോയ ചക്കകുരു കിളിച്ച് ഉണ്ടായ മരത്തിനു ജക്ക ( jaca ) എന്നപേരും ഇട്ടു പിന്നിട് ഇംഗ്ലീഷുകാർ ചിന്തേരിട്ടു മിനുക്കി ജാക്ക് ഫ്രൂട്ട് എന്നാക്കി.കത്തൽ എന്ന് ബംഗാളികൾ വിളിക്കുന്ന ചക്ക ബംഗ്ലാദേശിന്റെ ദേശിയഫലം ആണ് . തമിഴന്മാർ കഴിഞ്ഞാൽ ഇക്കൂട്ടർ ചക്കയെന്ന് കേട്ടാൽ കമിഴ്ന്നു വീഴും . ഇപ്പോ നമ്മൾ മലയാളികളും ഒട്ടും പിന്നിൽ അല്ല , നായ്‌കാട്ടം ആയാലും നല്ലതെന്ന് ഇംഗ്ലീഷുകാർ പറഞ്ഞാൽ അല്ലേ നാം കേൾക്കൂ..

ബി.സി 4000 മുതൽ ഇന്ത്യയിൽ പ്ലാവുകൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. മഹാനായ അശോകചക്രവർത്തി പ്ലാവുകളുടെ ഒട്ടുതൈകൾ നാട്ടിൽ ഉടനീളം നട്ടുപിടിപ്പിച്ചതായി ചരിത്രം പറയുന്നു. ജ്യോതിശാസ്ത്രന്ജനും ഗണിതശാസ്ത്ര വിദഗ്ദ്ധനുമായ വരാഹമിഹിരൻ ( ബിസി 500) ബ്രഹിത് സംഹിതയിൽ പ്ലാവുകളുടെ ഗുണമേന്മയുള്ള തൈകൾ ഉണ്ടാക്കുന്ന വിധം വിവരിച്ചിട്ടുണ്ട്. ബാബർ ചക്രവർത്തി ഏറ്റവും കൂടുതൽ വെറുത്തഫലമാണ് ചക്ക. പതിനാറാം നൂറ്റാണ്ടിൽ എഴുതിയ ബാബർനാമയിൽ താൻ പറയുന്നത് ചക്കപഴം ആട്ടിൻ കുടലുപോലെ വൃത്തി കെട്ടതാണന്നാണ്,ചക്കപ്പഴം വയറിന് അസുഖം പിടിപ്പിക്കും വിധം മധുരമുള്ളതും . തുർക്കിക്കാരനായ ഈ മൂപ്പരെ ആരോ ചകിണി തീറ്റിച്ചുകാണും ..അല്ലങ്കിൽ ആർത്തി മൂത്ത് ചക്കപ്പഴം വലിച്ചു വാരിത്തിന്ന് വയറ്റിനസുഖം പിടിച്ചുകാണും

.കേരളത്തിൽ 25 വയസിൽ മേലുള്ള 30 ശതമാനത്തോളം പേർ പ്രമേഹ രോഗികൾ ആണ് പച്ച ചക്ക പ്രമേഹത്തെ പ്രതിരോധിച്ചു നിർത്തുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പച്ചച്ചക്ക വേവിച്ചു കഴിച്ചു രക്തത്തിലെ പഞ്ചസാരയു ടെ അളവ് നിയന്ത്രിച്ചുനിര്‍ത്താം. ധാരാളം നാരുകൾ അടങ്ങിയ ചക്ക പ്രമേഹത്തെ നിയന്ത്രിച്ചു നിറുത്തും എന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു .പഴുക്കുന്നതിനു തൊട്ടുമുമ്പുള്ള വിളഞ്ഞ ചക്കയാണ് പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഏറ്റവും പറ്റിയത് . ധാരാളം കാർബോഹൈഡ്രെറ്റുള്ള ചക്ക ഡയബറ്റിസു കാർ ഒഴിവാക്കണമെന്നായിരുന്നു ഇതുവരെ നാം കരുതിപ്പോന്നത്. പ്രമേഹ നിയന്ത്രത്തിന് പച്ച ചക്ക ഏറ്റവും നല്ല ഭക്ഷണമാണെന്നത് പുതിയ വിവരം .

ഹിന്ദു പുരാണത്തിൽ ദേവനർത്തകി ഉർവ്വശി ഇന്ദ്രനോട് സ്വർഗത്തിലും ഭുമിയിലും പാതാളത്തിലും ഇല്ലാത്ത ഒരു ഒരു പഴം വേണമെന്ന് ആവശ്യപ്പെട്ടു ,ഇന്ദ്രൻറെ സ്പെഷ്യൽ റെക്കമെന്റെഷൻ പ്രകാരം ബ്രഹ്മാവു് പാലാഴിയിലെ ഒരുതുള്ളി വെള്ളം എടുത്തു പ്ലാവിനെ ഉണ്ടാക്കി, മിക്കവാറും തേൻവരിക്ക ആകാനാണ് സാധ്യത. ‘പെണ്ണോരുമ്പിട്ടാൽ ബ്രഹ്മനും തടുക്കാ..’ എന്നല്ലയോ പ്രമാണം. ബുദ്ധസന്യാസികൾ തങ്ങളുടെ മഞ്ഞവസ്ത്രങ്ങൾ ഉണ്ടാക്കിയിരുന്നത് പ്രകൃതിദത്ത ചായം ആയ പ്ലാവ് തടിയുടെ കാതൽ പൊടിച്ചു ഉണ്ടാക്കിയ പ്രത്യേകകൂട്ടിൽ മുക്കിയാണ്.
ചക്ക പിത്തം വാതം രക്തദോഷം ചുട്ടു നീറ്റല്‍ ഇവയെല്ലാം ശമിപ്പിക്കുമെന്നും മാംസത്തേയും ബലത്തേയും ശുക്ലത്തേയും പെരുപ്പിക്കുമെന്നും മദ്ധ്യപ്രായമായ ചക്ക ഉപ്പ് ചേര്‍ത്ത് പാകം ചെയ്ത് കഴിച്ചാല്‍ ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കുമെന്നും മുഖശുദ്ധിയും ഉന്മേഷവും ഉണ്ടാകുമെന്നുമാണ് ആയൂര്‍വേദം പറയുന്നത്. പഴുക്കപ്ലാവില വെള്ളത്തിലിട്ട് തിളപ്പിച്ച് സഹിക്കാവുന്ന ചൂടോടു കൂടി കുളിച്ചാല്‍ പുറം വേദന, ശരീര വേദന എന്നിവയ്ക്കെല്ലാം ശമനമുണ്ടാകും. ക്ഷീണം മാറുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും

വെറുതെ വേവിച്ചും, ചക്കപഴമായും വരട്ടി ചക്ക ഹലുവയാക്കിയും വഴണ ഇലയിൽ പുഴുങ്ങി അപ്പമാക്കിയുംചക്കചുളവറുത്തും മാത്രമല്ല ചക്ക ഉപയോഗിക്കാവുന്നത് . ചക്കപായസം,ചക്ക എരുശ്ശേരി, ചക്കകേക്ക്, ചക്കകൊഴുക്കട്ട ചക്ക ചമന്തി, ചക്കക്കുരു മെഴുക്കുപുരട്ടി ,ചക്ക വൈൻ ,ചക്കബിരിയാണി , ഇടിച്ചക്ക തോരൻ , ചക്ക പപ്പടം തുടങ്ങി ചക്ക വിഭവങ്ങൾ ഒരായിരം. പ്രോട്ടിൻ സമ്പുഷ്ടമായ ചക്കകുരു പൊടിച്ചു കാപ്പിപൊടി യായും മൈദയായും ഉപയോഗിക്കാം . ചക്കക്കുരു കറി വയ്ക്കുമ്പോള്‍ കുരുവിന്റെ മുകളില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന തവിട്ടു നിറത്തിലുള്ള ആവരണം ചുരണ്ടിക്കളയരുത്.പല ഗുണങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു രുചിയൂറും 67ൽപ്പരം വിഭവങ്ങൾ ചക്ക കൊണ്ട്‌ ഉണ്ടാക്കാമെന്ന്‌ പ്ലാവ്‌ ജയൻ സാക്ഷ്യപ്പെടുത്തുന്നു. കൂഴയും ചകിണിയും തോരന് ഉത്തമം. മടലൊഴികെ എല്ലാം ഭക്ഷ്യയോഗ്യം. ഇത്രയൊക്കെ കേമനായ ചക്കയെ നമ്മൾ മലയാളികൾക്ക് ഒരു വിലയില്ലാതെ കളയുന്നത് ദൈവം പോലും പൊറുക്കുല്ല.
ചക്കയെ ചുറ്റിപ്പറ്റി രസകരമായ അനേകം ചൊല്ലുകളും പ്രയോഗങ്ങളും ഉണ്ട് .പനസി ദശായാം പാശി എന്താണന്ന് ചോദിച്ച് കുട്ടുകാരെ കുഴക്കുന്ന വിരുതന്മാരെ ഓർമയില്ലേ (പനസം -ചക്ക പനസി- ചക്കി ദശം- പത്ത് ദശായാം -പത്തായത്തിൽ പാശം -കയർ പാശി -കയറി ).
എങ്ങാനും ഒരു കണക്കു ശരിയായാൽ ചക്ക വീണു മുയൽ ചത്ത കഥ പറയുന്ന കണക്ക് മാഷിനെ ഓർമയില്ലേ . പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വേണേൽ ചക്ക വേരേലും കായിക്കും എന്ന് സ്നേഹത്തോട് പറയുന്ന ടീച്ചറിനെ ...
ചക്ക പ്ലാവേൽ കണ്ടു മീശയ്ക്ക് എണ്ണ തേക്കരുതെന്ന് പറഞ്ഞു എടുത്തു ചാട്ടത്തെ തടയുന്ന അച്ഛനെ എങ്ങനെ മറക്കാൻ .
എപ്പോഴും ചക്ക വിഭവങ്ങൾ തിന്ന് മടുത്ത് ഒടുവിൽ അമ്മയെ കളിയാക്കാൻ ശ്ലോകത്തിന്റെ കൂട്ടുപിടിക്കുന്ന കുറുമ്പുകാരനെ മറക്കാനാവുമോ
"പച്ചയ്ക്കുതിന്നു ചുളതിന്നു വരിക്കതിന്നു
ഉച്ചയ്ക്കഹോ കുളികഴിഞ്ഞൊരു ചക്കതിന്നു
അത്താഴവും പുനരിങ്ങഹ ചക്ക തന്നെ
നാരായണാ തലയിണയ്ക്കുമൊരൊത്ത ചക്ക"
മഴക്കാലമാകുമ്പോഴേക്കും ചക്കയുടെ സീസണ്‍ തീരാറാകും. ഏതാണ്ട് എഴുപത്തിയഞ്ച് ശതമാനത്തോളം ഈ കാലമാകുമ്പോഴേക്കും കായ്ച്ച് തീരുന്നു. പഴച്ചക്കയില്‍ വെള്ളം അധികം കയറാറില്ല കീടനാശിനിവിഷം അശേഷം തളിക്കാത്ത ചക്കയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ഫലം . കൊത്തു പണികള്‍ ചെയ്യുവാന്‍ കഴിയുന്ന ഉന്നതവും പ്രൗഡിയുമുള്ള മരമെന്നറിയപ്പെടുന്നത് കൊണ്ട് രാജഭരണകാലത്ത് താഴ്ന്നജാതിക്കാരുടെയും കീഴാളന്മാരുടെയും വീടുകളില്‍ പ്ലാവിന്റെ കട്ടിളയോ വാതിലുകളൊ വയ്ക്കണമെങ്കില്‍ അധികാരികളുടേയോ അല്ലെങ്കില്‍ കരപ്രമാണി മാരുടേയോ അനുവാദം കിട്ടണം. അല്ലാതെ അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ശിക്ഷ വിധിക്കുന്ന അവസ്ഥ കേരളത്തിലുണ്ടായിരുന്നു. രാജഭരണം ചരിത്രമായതു പോലെ പ്ലാവും കേരളത്തിലെ ഒരു ചരിത്രം മാത്രം ആവാതിരിക്കട്ടെ എന്നു ആശിക്കാം
Pscvinjanalokam


Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *