ചക്ക ‘ഡയബെറ്റിക്സ്’ കുറയ്ക്കുമോ? എന്താണ് പഠനങ്ങൾ പറയുന്നത്?

 

 

ആദ്യം തന്നെ ചക്ക എന്താണ് എന്ന് നോക്കാം?

നമ്മുടെ കടപ്ലാവും (ശീമപ്ലാവ് /breadfruit എന്ന് ചില സ്ഥലങ്ങളിൽ പറയും), ആഞ്ഞിലിയും, ആത്തയും ഒക്കെ ഉൾപ്പെടുന്ന മൊറാസീ (Moraceae) ഫാമിലിയിൽ പെട്ട മരം ആണ് പ്ലാവ്. ആർട്ടോകാർപ്പസ് ഹെട്രോഫിലസ് (Artocarpus heterophyllus) എന്നാണ് ശാസ്ത്രീയ നാമം. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവർണർ ആയിരുന്ന Hendrik van Rheede, തന്റെ കൃതിയായ Hortus Malabaricus (മലബാറിന്റെ പൂന്തോട്ടം) ൽ ചക്കയെക്കുറിച്ചു പറയുന്നുണ്ട്. ജാക്ക്-ഫ്രൂട്ട് എന്ന ഇംഗ്ലീഷ് പേരു വന്നത് മലയാളത്തിലുള്ള ചക്ക എന്ന പദത്തിൽ നിന്നാണാത്രെ. ഇന്ത്യ ബംഗ്ളദേശ്, തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം ഉൾപ്പെടെയുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ആണ് ചക്ക കൂടുതലായും കൃഷി ചെയ്യുന്നത്.

അപ്പോൾ ചക്ക ഡയബറ്റിക് രോഗികൾക്ക് ധാരാളം കഴിക്കാം എന്ന് പറയുന്നതോ?

അത് പറയുന്നതിനും മുൻപേ വേറൊരു ചെറിയ കാര്യം പറഞ്ഞാലേ ഇതിലേക്ക് വരാൻ പറ്റൂ. ആ ചെറിയ കാര്യമാണ് ഗ്ലൈസിമിക് ഇൻഡക്സ്.

എന്താണ് ഗ്ലൈസിമിക് ഇൻഡക്സ്?

കാർബോ ഹൈഡ്രേറ്റുകൾ (കാര്ബണും ഓക്സിജനും ഹൈഡ്രജനം ചേര്ന്നുള്ള ഊര്ജ്ജദായകമായ ജൈവസംയുകതം) എല്ലാ ഭക്ഷണത്തിലും ഒരു പോലെ അല്ല. ഗ്ലൈസിമിക് ഇൻഡക്സ് (Glycemic Index) എന്നാൽ കഴിച്ച ഭക്ഷണം, രക്തത്തിലെ ഷുഗർ ലെവലിനെ എങ്ങിനെ സ്വാധീനം ചെലുത്തുന്നു എന്നറിയാനുള്ള ഒരു താരതമ്യ സൂചികയാണ്. കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ആയ ഡേവിഡ് ജെങ്കിൻസ് (David J. Jenkins) ആണ് ഗ്ലൈസിമിക് ഇൻഡക്സ് വിഭാവനം ചെയ്തത്. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം വളരെ പതുക്കെയേ രക്തത്തിലേക്ക് ഷുഗർ കടത്തി വിടുകയുള്ളൂ.

പച്ചക്കറികളിൽ നാരുകൾ ഉള്ളതിനാൽ ഗ്ലൈസിമിക് ഇൻഡക്സ് കുറവായിരിക്കും. 0 മുതൽ 100 വരെയാണ് ഗ്ലൈസിമിക് ഇൻഡക്സ് സ്കെയിലിൽ ഉള്ളത്.

അതായത് താരതമ്യേന കൂടിയ നമ്പരിൽ (55 നു മുകളിൽ) ഉള്ള ഭക്ഷണങ്ങൾ പെട്ടെന്ന് ദഹിക്കുകയും, പോഷണോപചയാപചയം (metabolism) പെട്ടെന്ന് നടക്കുകയും, ഇതേതുടർന്ന് രക്തത്തിലുള്ള ഷുഗർ ലെവൽ കൂടുകയും ചെയ്യും. ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ താരതമ്യേന പതിയെ ദഹിക്കുകയും, പതിയെ ശരീരത്തിൽ ആഗിരണം ചെയ്യുകയും, അതിനാൽ രക്തത്തിൽ പതിയെയെ ഷുഗർ ലെവൽ കൂടുകയുള്ളൂ.

ഉദാഹരണത്തിന് ആപ്പിളിന്റെ ഗ്ലൈസിമിക് ഇൻഡക്സ് 38 ആണ്. ഉരുളക്കിഴങ്ങിന്റെ 85 ഉം. അരിയുടെ 40 മുതൽ 65 വരെ, കാരറ്റ് 71 എന്നിങ്ങനെയാണ് ഗ്ലൈസിമിക് ഇൻഡക്സ്. ഇത് ഒരു ‘ക്വാളിറ്റേറ്റിവ് (ഗുണാത്മകമായ)’ നമ്പർ ആണ്. അളവും (quantity) കൂടി എടുക്കുന്ന യൂണിറ്റ് ആണ് ഗ്ലൈസിമിക് ലോഡ്.

അപ്പോൾ ഗ്ലൈസിമിക് ലോഡ് എങ്ങിനെയാണ് കണക്കാക്കുന്നത്?

ഉദാഹരണത്തിന് ആപ്പിളിന്റെ ഗ്ലൈസിമിക് ഇൻഡക്സ് 38 ആണ് എന്ന് പറഞ്ഞല്ലോ? ഇത് ഒരു ‘ക്വാളിറ്റേറ്റിവ് (ഗുണാത്മകമായ)’ നമ്പർ ആണ്. അളവും (quantity) കൂടി എടുക്കുന്ന യൂണിറ്റ് ആണ് ഗ്ലൈസിമിക് ലോഡ്.

അപ്പോൾ ഗ്ലൈസിമിക് ലോഡ് എങ്ങിനെയാണ് കണക്കാക്കുന്നത്?

ഒരു സിമ്പിൾ ആയ ഫോർമുല വച്ച് ഗ്ലൈസിമിക് ലോഡ് കണക്കാക്കാം

ഗ്ലൈസിമിക് ലോഡ് = ഗ്ലൈസിമിക് ഇൻഡക്സ് x കാർബോ ഹൈഡ്രേറ്റ് (ഗ്രാമിൽ) ÷ 100.

അതായത് ഒരു ആപ്പിൾ എടുത്താൽ, അതിൽ ഏകദേശം 13 ഗ്രാം കാർബോ ഹൈഡ്രേറ്റ് ഉണ്ട്. അപ്പോൾ മുകളിൽ പറഞ്ഞ ഫോർമുല വച്ച്

ഗ്ലൈസിമിക് ലോഡ് (ആപ്പിൾ )= 38 x 13/100 = 5 എന്ന് കാണാം.

ഉരുളക്കിഴങ്ങിന്റെ ഗ്ലൈസിമിക് ലോഡ് 85 ആണ് എന്ന് പറഞ്ഞല്ലോ അപ്പോൾ ഉരുളക്കിഴങ്ങിന്റെ ഗ്ലൈസിമിക് ലോഡ് എത്ര എന്ന് നോക്കാം. ഒരു ഉരുളക്കിഴങ്ങിൽ ഏകദേശം 14 ഗ്രാം കാർബോ ഹൈഡ്രേറ്റ് ഉണ്ട്. അപ്പോൾ മുകളിൽ പറഞ്ഞ ഫോർമുല വച്ച്

ഗ്ലൈസിമിക് ലോഡ് (ഉരുളക്കിഴങ്ങ്) =85 x14/100 = 12

അതായത് ഉരുളക്കിഴങ്ങിൽ ഏകദേശം ഇരട്ടിയോളം ഗ്ലൈസിമിക് എഫ്ഫക്റ്റ് ആപ്പിളിൽ ഉണ്ട് എന്ന് കാണാം. അതായത് രണ്ട് ആപ്പിൾ കഴിക്കുന്നതിന് തുല്യ ഗ്ലൈസിമിക് എഫ്ഫക്റ്റ് ആണ് ഒരു ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ ഉണ്ടാവുന്നത്. ആകെയുള്ള ഒരു ദിവസത്തെ ഗ്ലൈസിമിക് ലോഡ് 100 ൽ താഴെയാകണം എന്ന നിർദ്ദേശം ചിലയിടത്തൊക്കെ വായിച്ചു.

അപ്പോൾ പച്ച ചക്കയുടെ ഗ്ലൈസിമിക് ഇൻഡക്സ് എത്രയാണ്?

ഇവിടെയാണ് ശരിക്കും പ്രയാസപ്പെട്ടത്, കാരണം ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഒന്നും തന്നെ പച്ച ചക്കയുടെ/ അല്ലെങ്കിൽ പച്ച ചക്ക വേവിച്ചതിന്റെ ഗ്ലൈസിമിക് ഇൻഡക്സും, ഗ്ലൈസിമിക് ലോഡും റിപ്പോർട്ട് ചെയ്തിട്ടില്ല. ചില സ്ഥലങ്ങളിൽ സിഡ്നി യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ചക്കയുടെ ഗ്ലൈസിമിക് ഇൻഡക്സ് ചോറിന്റെയും ചപ്പാത്തിയുടെയും പകുതി ആണ് എന്ന് വായിച്ചു. ചക്കയുടെ ഗ്ലൈസിമിക് ലോഡ് 17 ആയാണ് ഇവിടെ രേഖപ്പെടുത്തിയത്.

അപ്പോൾ ഇഷ്ടം പോലെ ചക്കപ്പുഴുക്ക് കഴിക്കാമെന്നാണോ?

അല്ല. ഒന്ന് കൂടി പറയുന്നു, ഇതേപ്പറ്റി ആധികാരിക പഠന റിപ്പോർട്ടുകൾ ഒന്നും ശാസ്ത്ര പ്രസിദ്ധീകരങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും മുകളിൽ പറഞ്ഞ ചക്കയുടെ ഗ്ലൈസിമിക് ലോഡ് 17 ആയി എടുത്താൽ, ചോറ് കഴിക്കുന്നതിലും കൂടുതൽ ചക്കപ്പുഴുക്ക് കഴിക്കാം എന്നേ ഉള്ളൂ.

അപ്പോൾ രക്തത്തിലെ ഷുഗർ ലെവൽ ചക്ക കുറയ്ക്കുമോ?

ഇല്ല. ഇതുവരെയുള്ള ഒരു വിശ്വസനീയമായ
പഠനങ്ങളും ചക്കപ്പുഴുക്ക് അല്ലെങ്കിൽ ചക്ക കഴിച്ചാൽ രക്തത്തിലെ ഷുഗർ ലെവൽ കുറയുമെന്നോ, ഇൻസുലിന്റെ അളവ് കൂടുമെന്നോ കണ്ടെത്തിയിട്ടിട്ടില്ല.

പ്രമേഹ രോഗികൾ ‘വാട്ട്സ്ആപ്പ്’ വീഡിയോ ഒക്കെ കണ്ട് വയറു നിറച്ചു ചക്കപ്പുഴുക്ക് തിന്നാൽ ചിലപ്പോൾ രക്തത്തിലെ ഷുഗർ ലെവൽ അനിയന്ത്രിതമായി കൂടിയേക്കാം. ഒരു മോഡേൺ മെഡിസിൻ ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിൽ തന്നെ ചികിത്സ തുടരുക.

ചുരുക്കത്തിൽ, ചക്ക പ്രമേഹത്തിന് പരിഹാരം അല്ല. അതിനെ സാധൂകരിക്കുന്ന ഒരു ശാസ്ത്രീയ പഠനങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
എഴുതിയത്: സുരേഷ് സി പിള്ള

References/ കൂടുതൽ വായനയ്ക്ക്
Pirasath, Selladurai, et al. “Glycemic Index values of some Jaffna fruits.” Functional Foods in Health and Disease 2.2 (2012): 25-34.

Foster-Powell, Kaye, Susanna HA Holt, and Janette C. Brand-Miller. “International table of glycemic index and glycemic load values: 2002.” The American journal of clinical nutrition 76.1 (2002): 5-56.

Atkinson, Fiona S., Kaye Foster-Powell, and Jennie C. Brand-Miller. “International tables of glycemic index and glycemic load values: 2008.” Diabetes care 31.12 (2008): 2281-2283.
Hettiaratchi, U. P. K., S. Ekanayake, and J. Welihinda.

“Nutritional assessment of a jackfruit (Artocarpus heterophyllus) meal.” Ceylon Medical Journal 56.2 (2011).

https://www.gisymbol.com/what-about-glycemic-load/

FICC, H. Basavana Gowdappa MD. “A Study of Glycemic Index of Ten Indian Fruits by an Alternate Approach.” E–International Scientific International Scientific International Scientific Research Journal Research Journal (2011): 11.

Baliga, Manjeshwar Shrinath, et al. “Phytochemistry, nutritional and pharmacological properties of Artocarpus heterophyllus Lam (jackfruit): A review.” Food Research International 44.7 (2011): 1800-1811.

Leave a Reply

Your email address will not be published. Required fields are marked *