ജീവകാശങ്ങളിലെ പവർഹൗസ് ആയ മൈറ്റോകൺട്രിയ, സസ്യകോശങ്ങളിലെ ഹരിതകം (chloroplast) തുടങ്ങിയവ ആദ്യമൊരു സ്വതന്ത്ര ബാക്ടീരിയ ആയിരുന്നുവെന്നും പരാദമായി കയറിക്കൂടിയ ബാക്ടീരിയ പിന്നീട് കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുകയുമായിരുന്നു എന്ന് നമുക്കറിയാം. സമാനമായി നമ്മുടെ തലച്ചോറിലേക്ക് ആഗിരണം ചെയ്യപ്പെട്ട മറ്റൊരു പരാദത്തെക്കുറിച്ചാണ് പോസ്റ്റ്.

ഒരു പ്രാചീന വൈറസിന്റെ അവശേഷിപ്പ് മനുഷ്യ മസ്തിഷ്കത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. നമ്മുടെ ചിന്താശേഷി 400 ദശലക്ഷം വര്‍ഷം മുന്‍പ് സസ്തനികളെ ബാധിച്ച ഈ വൈറസ് കാരണമാണ് എന്നാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ ഈ വൈറസിന്റെ ജനിതക കോഡിന് ഉദ്ദേശ്യമാറ്റം സംഭവിച്ചതാകാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ഈ വൈറസ് മനുഷ്യ മസ്തിഷ്കത്തിലെ ആര്‍ക് ജീനായി രൂപാന്തരപ്പെട്ടിരിക്കുന്നു.

നാഡീകോശങ്ങളിലൂടെയുള്ള ആശയവിനിമയം സാധ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ആര്‍ക് ജീനിനെ 1995 ലാണ് ജനിതക ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. മനുഷ്യന്റെ ചിന്താശേഷിയും യുക്തിയും ആര്‍ക് ജീന്റെ നിയന്ത്രണത്തിലാണ്. ജനിതകവിവരങ്ങള്‍ ക്രോഡീകരിച്ച് ഒരു ന്യൂറോണില്‍നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യുന്നത് ആര്‍ക് ജീനാണ്. സസ്തനികളുടെ മസ്തിഷ്കത്തില്‍ ദീര്‍ഘകാലത്തേക്ക് ഓര്‍മ്മകള്‍ നിലനില്‍ക്കുന്നതിന് ആര്‍ക് ജീനിന്റെ ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. ആര്‍ക് ജീനിലുണ്ടാകുന്ന മ്യൂട്ടേഷന്‍ (ജനിതകമാറ്റം) ഓട്ടിസം, സ്‌കിസോഫ്രീനിയ, അല്‍ഷിമേഴ്സ് തുടങ്ങിയ നാഡീസംബന്ധമായ തകരാറുകള്‍ക്ക് കാരണമാകുന്നു. ഇതുമായി ബന്ധപ്പെട്ടൊരു പഠനത്തില്‍ ആര്‍ക് ജീനില്ലാത്ത എലികള്‍ക്ക് 24 മണിക്കൂര്‍ മുന്‍പ് നടന്ന കാര്യങ്ങള്‍പോലും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന് മനസ്സിലായി.

ജൈവ-അജൈവ വസ്തുക്കളുടെ അതിര്‍ത്തിരേഖയായി കരുതപ്പെടുന്ന വൈറസുകള്‍ ജനിതക പരാദങ്ങളാണ്. അവ തങ്ങളുടെ ജനിതക കോഡ് ആതിഥേയ കോശത്തിനുള്ളില്‍ കടത്തി,കോശസംവിധാനമുപയോഗിച്ച് സ്വന്തം പകര്‍പ്പുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആതിഥേയ കോശത്തിന് ലാഭകരമല്ലാത്തതോ ദോഷകരമോ ആകാം. മിക്കവാറും വൈറസുകള്‍ ജനിതകകോഡ് DNAയ്ക്കു പകരം RNAയിലാണ് സൂക്ഷിക്കുന്നത്.

ഒരു വൈറസിന് സമാനമായ രീതിയിലാണ് ആര്‍ക് ജീനിന്റെ പ്രവര്‍ത്തനം. ആര്‍ക്‍ ജീന്‍ ജനിതക നിര്‍ദേശങ്ങള്‍ RNAയിലാണ് കോഡ്ചെയ്യുന്നത്. ശേഷം കോഡ്ചെയ്ത വൈറസ് പോലുള്ള കാപ്സൂളുകളില്‍ പൊതിയുന്നു. ഈ കാപ്സൂളുകൾ ന്യൂറോണുകൾക്കിടയിൽ സഞ്ചരിക്കുകയും തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ക്കിടയില്‍ വിവരങ്ങൾ കൈമാറുകയുംചെയ്യുന്നു.കോശങ്ങൾക്കിടയില്‍ ആര്‍ക് ജീന്‍ കൈമാറുന്ന വിവരങ്ങൾ എന്താണെന്ന് ശാസ്ത്രജ്ഞർക്ക് തീര്‍ച്ചയില്ല. എങ്കിലും ഈ RNA സന്ദേശത്തിന്റെ അഭാവത്തില്‍ സിനാപ്സുകള്‍ പ്രവര്‍ത്തനരഹിതമാകുന്നെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (സിനാപ്‌സുകള്‍ എന്നറിയപ്പെടുന്ന ബന്ധങ്ങളില്‍ക്കൂടിയാണു ന്യൂറോണുകള്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്നത്.)

ആവശ്യമായ രീതിയില്‍ കോശങ്ങളുടെ ജനിതകഘടന മാറ്റാന്‍ വൈറസുകളെ ജനിറ്റിക് എഞിനീയറിങില്‍ ഉപയോഗിക്കാറുണ്ട്. ന്യൂറോളജിയിലെയും വൈറോളജിയിലെയും വിദഗ് ദര്‍ മനുഷ്യരിലെ ആര്‍ക് ജീനിന്റെ കൃത്യമായ തന്മാത്രാഘടന മനസ്സിലാക്കാനുള്ള ശ്രമത്തിലാണ്. ആ ശ്രമം വിജയിച്ചാല്‍ ഒരുപക്ഷെ നാഡീസംബന്ധമായ രോഗങ്ങളുടെ ചികില്‍സയില്‍ ഒരു വഴിത്തിരിവാകും.

കൂടുതൽ വായനയ്ക്ക്:
https://www.ncbi.nlm.nih.gov/pubmed/29328916

Leave a Reply

Your email address will not be published. Required fields are marked *