‘പരിണാമ സിദ്ധാന്തത്തിന് ഒരൊറ്റ നൊബേല്‍ സമ്മാനവും കിട്ടിയിട്ടില്ല…..’ പരിണാമം തെറ്റാണെന്ന് കാണിക്കാനുള്ള ഒരു കക്ഷിയുടെ ശ്രമത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഈ പ്രസ്താവന. ശരിക്കും പരിണാമത്തിന് നൊബേല്‍ സമ്മാനം കിട്ടാത്തത് എന്തുകൊണ്ടാണ് എന്നത് നിങ്ങളില്‍ പലരും ചിന്തിചിട്ടുണ്ടാകും.
നൊബേല്‍ സമ്മാനം കൊടുക്കുന്നത് ഭൗതികശാസ്ത്രം, രസതന്ത്രം, മെഡിസിന് (ബയോളജി), സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലാണ്. ഇതില്‍ പരിണാമം ഏതു മേഖലയില്‍ പെടും. പരിണാമം ബയോളജിയുമായി ബന്ധപ്പെട്ട വിഷയമാണ്. ബയോളജി എന്നുവച്ചാല്‍ ഓര്‍ഗാനിക് തന്മാത്രകള് ഉള്‍പ്പെടുന്ന രസതന്ത്രം (ഭൗതികശാത്രത്തിനു ഗണിതം എങ്ങനെയാണ്, അതുപോലെയാണ് ബയോളജിക്ക് രസതന്ത്രം). അപ്പോള്‍ പരിണാമ സിദ്ധാന്തത്തിനു നൊബേല്‍ കിട്ടണമെങ്കില്‍ അത് രസതന്ത്രത്തിലോ അല്ലെങ്കില്‍ മെഡിസിന് വിഭാഗത്തിലോ ഉള്‍പ്പെടണം.
വേറൊരു പ്രധാന കാര്യം കൂടിയുണ്ട്. നൊബേല്‍ പുരസ്കാരം ലഭിക്കാന്‍ അര്‍ഹനായ വ്യക്തി ജീവിച്ചിരിക്കണം. മരണശേഷം ഈ സമ്മാനം കൊടുക്കില്ല. അപ്പോള്‍ പരിണാമ സിദ്ധാന്തത്തിന്റെ ശില്‍പ്പികളില്‍ ഒരാളായ ഡാര്വിന് (Charles Darwin) ലഭിക്കില്ല. ഡാര്വിന് മരിച്ചത് 1882 ല്‍ ആണ്. നോബല്‍ സമ്മാനം കൊടുക്കുവാന്‍ തുടങ്ങിയതോ 1901 ലും. അപ്പോള്‍ ഡാര്വിന് കിട്ടില്ല എന്ന് മനസിലായല്ലോ?
എന്നാല്‍ ഡാര്‍വിനെ പോലെ തന്നെ പരിണാമ സിദ്ധാന്തത്തിന്റെ ക്രെഡിറ്റ് ആല്‍ഫ്രഡ് റസ്സല്‍ വാലസ് (Alfred Russel Wallace) എന്ന ഗവേഷകനും ഉണ്ട്. വാലസ് മരിക്കുന്നത് 1913 ലാണ്. അങ്ങനെയെങ്കില്‍ വാളിസിനെങ്കിലും നൊബേല്‍ നല്കിക്കൂടായിരുന്നോ?

വാളിസിനും കിട്ടാതിരിക്കാന്‍ കാരണമുണ്ട്. ഡാര്‍വിനും വാലസും പരിണാമം പ്രവചിച്ചത് കുറെ നേരത്തെ ആയിപ്പോയി. അവരുടെ തെളിവുകള്‍ ഫോസ്സിലുകളും, ജീവികള്‍ തമ്മിലുള്ള സാദൃശ്യവും മറ്റുമായിരുന്നു. പരിണാമം കൃത്യമായി എങ്ങനെ നടക്കുന്നു എന്നത്, അതായത് ജീവിശാസ്ത്രതലത്തില് എങ്ങനെ സംഭവിക്കുന്നു എന്നത് ആര്‍ക്കും അന്ന് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ വാളിസിന്റെ കാലത്തും, പിന്നീട് 1950 വരെയെങ്കിലും പരിണാമം പൂര്‍ണവളര്‍ച്ച പ്രാപിക്കാത്ത, വളര്‍ന്നുകൊണ്ടിരുന്ന ഒരു ശാസ്ത്രശാഖ മാത്രമായായിരുന്നു.
കാര്യങ്ങള്‍ മാറിമറിഞ്ഞത് ജനിതകശാസ്ത്രം കാര്യമായി വളര്‍ന്നതോടെ ആണ്. ഇത് സംഭവിച്ചത് 1950 കള്‍ക്ക് ശേഷവും. അതോടെ പരിണാമം എങ്ങനെ സംഭവിക്കുന്നു എന്നത് കൂടുതല്‍ കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞു. അതിന്റെ ബയോ-കെമിസ്ട്രി പിടികിട്ടി തുടങ്ങി. പരിണാമത്തിന്റെ കാര്യത്തില്‍ പ്രാധാന്യം ഫോസിലുകളില്‍ നിന്ന് മാറി ജനിതകശാസ്ത്രത്തില്‍ ആയി.
അങ്ങനെയെങ്കില്‍ ജനിതകശാസ്ത്രത്തിന്റെ ശില്‍പ്പിക്ക് നൊബേല്‍ കൊടുത്താലോ? അതും നടക്കില്ല. കാരണം ആ ശില്‍പ്പി, പയറുവിത്തുകളില് പരീക്ഷണം നടത്തിയ പാതിരിയായ ഗ്രിഗോര്‍ മെന്‍ഡല്‍ (Gregor Mendel) ആണ്.

അദ്ദേഹം 1884ല്‍, 61 വയസ്സുള്ളപ്പോള്‍ മരിച്ചു. വീണ്ടും ഒരു ഇരുപത്തഞ്ച് വര്‍ഷമെങ്കിലും കഴിഞ്ഞശേഷമാണ് അദേഹത്തിന്റെ കണ്ടുപിടുത്തങ്ങളുടെ പ്രാധാന്യം ശാസ്ത്രം മനസിലാക്കി തുടങ്ങിയത് തന്നെ.
വലിയ കാര്യങ്ങള്‍ വളരെ നേരത്തെ പ്രവചിച്ചാല്‍ ആരും അതത്ര കാര്യമായി എടുക്കില്ല. ഇത് ശാസ്ത്രത്തില്‍ പതിവാണ്. ഡാര്‍വിനും വാളിസും അവതരിപ്പിച്ച പരിണാമ സിദ്ധാന്തവും, മെന്‍ഡല്‍ കണ്ടുപിടിച്ച ജനിതകവും അക്കാലത്ത് ആരും അത്ര കാര്യമായി എടുത്തില്ല. കാരണം അന്ന് അതിന് പിന്ബലമേകാവുന്ന തെളിവുകളും അറിവുകളും ഇല്ലായിരുന്നു.
അപ്പോള്‍ പരിണാമസിദ്ധാന്തം അവതരിപ്പിച്ചതിന് ആര്‍ക്ക് നൊബേല്‍ സമ്മാനം കൊടുക്കും? ആര്‍ക്കും കൊടുക്കാന്‍ കഴിയില്ല. ഇന്നിപ്പോള്‍ നൊബേല്‍ നേടുന്നത് പരിണാമസിദ്ധാന്തത്തിന്റെ അടിത്തറയായ ജനിതകശാസ്ത്രമാണ്.
ജീവന്റെ തന്മാത്രയായ ഡിഎന്‍എ യുടെ ഘടന കണ്ടെത്തിയതിന് ഫ്രാന്‍സിസ് ക്രിക്ക്, ജെയിംസ് വാട്സന്, മൗറിസ് വില്‍ക്കിന്‍സ് എന്നിവര്‍ 1962 ല്‍ നൊബേല്‍ സമ്മാനം കരസ്ഥമാക്കി. ഇതിന്റെ പിന്നില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നു. റോസലിന്‍ഡ് ഫ്രാങ്ക്ളിന് (Rosalind Franklin) എന്ന വനിത. അവര്‍ നടത്തിയ എക്സ്റെ പഠനങ്ങളാണ് ഡിഎന്‍എ യുടെ ഘടന കണ്ടുപിടിക്കാന്‍ മറ്റുള്ളവരെ സഹായിച്ചത്.

പക്ഷെ അന്നത്തെ എക്സ്റെ പരിപാടികള്‍ ഒന്നും ഇന്നത്തെ രീതിയില്‍ അത്ര സുരക്ഷിതം ആയിരുന്നില്ല. ഒരു പക്ഷെ ഇക്കാരണത്താലാവാം, ഫ്രാങ്ക്ലിന് 37 വയസുള്ളപ്പോള്‍ ക്യാന്‍സര്‍ വന്നു മരിച്ചു. തനിക്കും കൂടി അര്‍ഹതപ്പെട്ട നൊബേലിന് വേണ്ടി അവര്‍ കാത്തിരുന്നില്ല.
ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനമായ പല നിരീക്ഷണങ്ങളും, ഡിഎന്‍എ ഘടനയൊക്കെ കണ്ടുപിടിക്കുന്നതിന് പത്തുവര്‍ഷം മുമ്പ്, 1940 കളില്‍ തന്നെ ബാര്‍ബറ മാക്ളിന്റൊക് (Barbara McClintock) എന്ന മഹത് വനിത നടത്തിയിരുന്നു. തന്റെ ചോളചെടികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ അവര്‍ ചോളത്തിന്റെ സ്വഭാവഗുണം നിര്‍ണ്ണയിക്കുന്ന ജനിതകവസ്തുവിന് ക്രോമോസോമില്‍ പലയിടത്തായി ചാടിക്കളിക്കുന്ന സ്വഭാവമുള്ളതായി കണ്ടെത്തി. ആരും അതത്ര കാര്യമായി എടുത്തില്ല. കാരണം അന്ന് ജനിതകശാസ്ത്രം മാക്ളിന്റൊക്കിന്റെ ഒപ്പം വളര്‍ന്നിരുന്നില്ല. ബാര്‍ബറ മാക്ക്ളിന്റൊക് കണ്ടെത്തിയത് ഇന്ന് ‘Jumping genes’ എന്നറിയപ്പെടുന്നു.
തന്റെ ഗവേഷണങ്ങള്‍ക്ക് മറ്റുള്ളവര്‍ പുല്ലുവില മാത്രം കല്പിച്ചതിനാല് മാക്ളിന്റൊക് തന്റെ ഗവേഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്ത്തിവെച്ചുവത്രേ! 1970 കളില്‍ മാത്രമാണ് മാക്ളിന്റൊകിന്റെ ഗവേഷണങ്ങള്‍ ശരിയായിരുന്നു എന്ന് ശാസ്ത്രം കണ്ടെത്തുന്നത്. 1983ല്‍ എണ്‍പത്തിയൊന്നാം വയസില്‍ ശാസ്ത്രം മെഡിസിനില്‍ നൊബേല്‍ പുരസ്കാരം നല്കി ആവരെ ആദരിച്ചു.

സമീപകാലത്ത് ജനിതകശാസ്ത്രത്തില്‍ ധാരാളം നൊബേല്‍ സമ്മാനങ്ങള്‍ നല്കപ്പെട്ടിട്ടുണ്ട്. അവയ്ക്കെല്ലാം പരിണാമശാസ്ത്രവുമായി അടുത്ത ബന്ധമുണ്ട്. ഉദാഹരണത്തിന് മാക്ളിന്റൊക് കണ്ടുപിടിച്ച കാര്യം ജീവികളില്‍ ജനിതകവ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന പ്രധാന സംഗതിയാണ്. ഈ വ്യതിയാനങ്ങള്‍ പരിണാമത്തിന്റെ പരമപ്രധാനമായ സംഗതിയാണ്. 1950 മുതല്‍ ഇതിനകം നേരിട്ട് ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ടു രസതന്ത്രത്തിലും ബയോളജിയിലും 20 നൊബേല്‍ സമ്മാനങ്ങളാണ് നല്‍കിയിരിക്കുന്നത്. സത്യത്തില്‍ ജനിതകശാസ്ത്രത്തിലെ ഏതു മുന്നേറ്റവും പരിണാമശാസ്ത്രത്തിന്റേതു കൂടിയാണ്.
എന്തെങ്കിലും കാര്യമായി കണ്ടുപിടിച്ചാല്‍ നൊബേല്‍ സമ്മാനം കിട്ടണമെന്നില്ല. വളരെ വിപ്ലവകരമായ കണ്ടുപിടുത്തങ്ങള്‍ക്ക് പോലും നൊബേല്‍ സമ്മാനം ലഭിച്ചിട്ടില്ല. അനേകം കണ്ടുപിടുത്തങ്ങള്‍ നടത്തിയ എഡിസന് ഒരു നൊബേല്‍ സമ്മാനവും ലഭിച്ചിട്ടില്ല. അങ്ങനെ എത്രയെത്ര പേര്! ഏറ്റവുമൊടുവില്‍, 2018 മാര്‍ച്ച് 14ന് വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ് നൊബേല്‍ ലഭിക്കാതെയാണ് യാത്രയായത്.
ഇനി അടിസ്ഥാന ശാസ്ത്രം തന്നെ എടുത്താലും സമാനമായ ഉദാഹരണങ്ങളുണ്ട്. ഇതില്‍ ഒന്നാണ് ആപേക്ഷികതാ സിദ്ധാന്തം. ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് ഈ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവ ഗണിതത്തില്‍ അടിസ്ഥാനമാക്കിയ കണ്ടുപിടുത്തം ആയിരുന്നു.

അക്കാലത്ത് സാമാന്യആപേക്ഷികതാ സിദ്ധാന്തം മനസിലാക്കിയവര്‍ തന്നെ ചുരുക്കമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അവയെ പിന്താങ്ങുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടന്നത്. നൊബേല്‍ സമ്മാനം ലഭിക്കാത്തതിനാല്‍ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാധാന്യം ഇല്ലാതാകുന്നില്ലല്ലോ (1921ല്‍ ഐന്സ്റ്റൈന് നൊബേല്‍ സമ്മാനം ലഭിച്ചു. അത് ഫോട്ടോഇലക്ട്രിക് പ്രഭാവത്തിന് ക്വാണ്ടം തിയറിയുടെ സഹായത്തോടെ വിശദീകരിച്ചതിനാണ്).
ഗുരുത്വതരംഗങ്ങളെ കുറിച്ചുള്ള ഐന്‍സ്റ്റൈന്റെ നൂറുവര്‍ഷം പഴക്കമുള്ള പ്രവചനം ശരിയെന്ന് കണ്ടെത്തിയതിന് 2017 ല്‍ നൊബേല്‍ സമ്മാനം നല്കപ്പെട്ടു. പക്ഷെ ഇത് ഐന്‍സ്റ്റൈനല്ല, മറിച്ച് ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തുന്നത് യാഥാര്‍ഥ്യം ആക്കിയതിനാണ്. നൊബേല്‍ സമ്മാനം ഒരേ സമയം പരമാവധി മൂന്നുപേര്‍ക്കെ നല്കാന് സാധിക്കൂ. ഗുരുത്വതരംഗം കണ്ടെത്താന്‍ അനേകം ശാസ്ത്രഞ്ജര്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും അതിന്റെ നിര്‍ണ്ണായകമായ മുന്നേറ്റങ്ങള്‍ നടത്തിയ മൂന്നുപേര്‍ക്കാണ് സമ്മാനം നല്കപ്പെട്ടത്. ഐന്സ്റ്റൈന് 2017 ലെ നൊബേല്‍ സമ്മാനം കിട്ടിയില്ലെങ്കിലും ആ പുരസ്കാരം അദ്ദേഹത്തിന്റെ തിയറിക്കുള്ള അംഗീകാരം കൂടിയാണല്ലോ.
എന്തായാലും, ഒരു ശാസ്ത്രമുന്നേറ്റത്തിന് നോബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല ആ കണ്ടുപിടുത്തം ശരിയാണോ അല്ലയോ എന്നോ, അല്ലെങ്കില്‍ അതിന്റെ പ്രാധാന്യം എന്താണെന്നോ കണക്കാക്കുന്നത്.