നാമെല്ലാം ജീവിക്കുന്നതു് വായുവിന്റേതായ ഒരു കടലിന്റെ അടിത്തട്ടിലാണു്. ആ കടലിൽ വെള്ളത്തിനു പകരമാണു് വായു. കക്കകളും ഒച്ചുകളും മറ്റും വെള്ളംകടലിന്റെ അടിത്തട്ടിൽ ജീവിക്കുന്നതുപോലെത്തന്നെ നമ്മൾ വായുക്കടലിന്റെ അടിത്തട്ടിലിഴഞ്ഞു് ജീവിക്കുന്നു. മത്സ്യങ്ങൾ വെള്ളത്തിൽ നീന്തിത്തുടിക്കുന്നതുപോലെ പക്ഷികളും ഈച്ചകളും വണ്ടുകളും വായുക്കടലിലും പാറിനടക്കുന്നു.

നിവർന്നുനിൽക്കുന്ന ഒരാൾ വാസ്തവത്തിൽ അയാളുടെ തലയും തോളും നെഞ്ചും നിതംബവും മറ്റും (മുകളിൽനിന്നു നോക്കുമ്പോൾ കാണുന്ന ശരീരവിസ്തീർണ്ണം എത്രയുണ്ടോ) അത്രയും പരപ്പിലുള്ള, 100 കിലോമീറ്റർ ഉയരമുള്ള, വായുവിന്റെ ഒരു തൂണു്, അത്രയും ഭാരം താങ്ങിക്കൊണ്ടാണു നിൽക്കുന്നതു്. അതെത്രയുണ്ടെന്നു നമുക്കു വെറുതെ കണക്കുകൂട്ടാം.

ശരാശരി വലിപ്പമുള്ള പ്രായപൂർത്തിയായ ഒരാൾക്കു് ഏകദേശം 1000 cm² തിരശ്ചീനവിസ്തീർണ്ണം കാണും. അപ്പോൾ 10,000,000cm (ഒരു കോടി സെന്റിമീറ്റർ) ഉയരവും 1000 cm² അടിപരപ്പുമുള്ള ഒരു വായുസ്തംഭമാണു് അയാൾ തലയിലും തോളിലുമായി എടുക്കേണ്ടതു്. അതായതു് 10,000,000,000 മില്ലി അല്ലെങ്കിൽ 10,000,000 ലിറ്റർ അഥവാ 10,000 ഘനമീറ്റർ വായു.

നമുക്കു മുകളിൽ 100 കിലോമീറ്റർ ഉയരത്തിൽ വായുവുണ്ടു്.
എങ്കിലും വായുവിന്റെ ഘനം മുകളിലേക്കു ചെല്ലുംതോറും കുറഞ്ഞുകുറഞ്ഞുവരും. ഒന്നുരണ്ടുകിലോമീറ്റർ (മേഘങ്ങളുടെ ശരാശരി ഉയരം) മുകളിലേക്കുചെല്ലുമ്പോഴേക്കും അതു ഗണ്യമായി കുറയും. പത്തുകിലോമീറ്റർ (വലിയ ജെറ്റ് വിമാനങ്ങൾ പറക്കുന്ന ശരാശരി ഉയരം) എത്തിയാൽ വായുവിന്റെ മർദ്ദം നന്നേ കുറയും. 100 കിലോമീറ്ററിലെത്തുമ്പോൾ വായു കണികകൾ അവിടെയുമിവിടേയുമായി വല്ലതും കണ്ടാലായി. അങ്ങനെയൊക്കെയായതുകൊണ്ടു്, മുമ്പേ ആരൊക്കെയോ കണക്കുകൂട്ടിവെച്ചിട്ടുള്ളതു നോക്കി ഒരു വട്ടക്കണക്കെടുക്കാം: അത്തരമൊരു വായുസ്തംഭത്തിലെ ഓരോ ചതുരശ്രസെന്റിമീറ്ററിനും (1 cm²) സമുദ്രനിരപ്പിൽ ഒരു കിലോഗ്രാം ഭാരം വീതം വരും.

അതായതു് 1000cm² മേൽപ്പരപ്പുള്ള നാമിങ്ങനെ വെറുതെ നെഞ്ചുനിവർത്തി കൈയും കെട്ടി നിവർന്നുനിൽക്കുമ്പോൾ പോലും 1000 കിലോഗ്രാം (ഒരു ടൺ) ഭാരമെടുത്തുകൊണ്ടാണു് നിൽക്കുന്നതു്!

ഇനി ഇതുപോലെ കടലിനടിയിൽ ഒരു നൂറുമീറ്റർ മാത്രം താഴെ ചെന്നുനിന്നുനോക്കാം. കടലിലെ ഉപ്പുവെള്ളത്തിനു് ഓരോ ലിറ്ററിനും ഏതാണ്ടു് 1035 ഗ്രാം ഭാരം വരും. 100 മീറ്റർ താഴെ,
100,00സെ.മീറ്റർ x 1000cm² = 10,000,000 cc = 10,000 ലിറ്റർ.

അതായതു് 10350 കിലോ, അഥവാ 10.35 ടൺ ഭാരം!
50 കിലോ വെച്ച് 200 ആളുകളുടെ മൊത്തം തൂക്കമാണതു്.
പക്ഷേ, അതുകൊണ്ടുനിന്നില്ല. കടലിലെ വെള്ളത്തിനുപുറമേ അതിനുമുകളിലുള്ള വായു കൂടി പരിഗണിക്കണം. അപ്പോൾ അവിടെ നാം ചുമക്കുന്ന 10.35നു പകരം 11.35 ടൺ ആവും!

കടലിനു് 10-11 കിലോമീറ്റർ വരെ ആഴമുണ്ടു്. 10 കിലോമീറ്ററിലായിരുന്നെങ്കിൽ ആ ഭാരം 1036 ടൺ എങ്കിലുമാവും.
കൂറ്റൻ പറവകളായ A-380 എന്ന ആധുനികഎയർബസ് ജെറ്റ് വിമാനങ്ങൾക്ക് പൂർണ്ണമായി ഇന്ധനവും ലോഡും നിറച്ചു് പറന്നുപൊങ്ങാവുന്ന ഭാരത്തിന്റെ ഇരട്ടിയോളമാണിതു്!

എന്തായാലും, നാം കടലിൽ 10 കിലോമീറ്ററോ 100 മീറ്ററോ പോയിട്ട് വെറും പത്തുമീറ്റർ പോലും സാധാരണയൊന്നും മുങ്ങാൻ പോയിട്ടില്ല. അതുകൊണ്ടു് ആ വകയ്ക്കുള്ള കാര്യങ്ങൾ പിന്നെയാവാം.

എങ്കിലും, വെറുതെ ഭൂനിരപ്പിൽ വായുവിന്റെ കടലിൽ ഇഴഞ്ഞുനടക്കുമ്പോഴെങ്കിലും ഈ ഒരു ടൺ ഭാരമൊന്നും നമുക്കു് അനുഭവപ്പെടാതിരിക്കുന്നതു് എന്തുകൊണ്ടാണു്?