തേജസിന് ദശാബ്ദങ്ങൾക്കു മുൻപ് നാം നിർമിച്ച യുദ്ധ വിമാനമാണ് HF-24 മരുത്ത്.ഏഷ്യയിൽ തന്നെ ആദ്യമായി തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനമായിരുന്നു HF-24 മരുത്ത്. സാങ്കേതികമായി പൂർണതയിൽ എത്തിയില്ലെങ്കിലും കാലഘട്ടത്തെ താരതമ്യം ചെയുമ്പോൾ മരുത്ത് ഒരിക്കലും ഒരു പരാജയമായിരുന്നില്ല .
.
അൻപതുകളിലാണ് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഒരു യുദ്ധ വിമാനം തദ്ദേശീയമായി നിർമിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങുന്നത് .അക്കാലത്തെ നമ്മുടെ രാജ്യത്തിന്റെ വ്യവസായികമായ പിന്നോക്കാവസ്ഥ പരിഗണിച്ചാൽ തന്നെ ആ തീരുമാന വിപ്ലവകരമായ ഒന്നായിരുന്നു .ശബ്ദ വേഗത്തിന്റെ രണ്ടുമടങ് വേഗത കൈവരിക്കാനാകുന്ന ഒരു വിവിധോദ്ദേശ്യ യുദ്ധ വിമാനമായിരുന്നു നിർമാതാക്കളുടെയും ,സൈനികവൃത്തങ്ങളുടെയും മനസ്സിൽ ..ആദ്യം ഇറക്കുമതിചെയ്ത വിദേശ എഞ്ചിൻ ഉപയോഗിച്ചും രണ്ടാം ഘട്ടത്തിൽ തദ്ദേശീയമായി നിർമിച്ച എഞ്ചിൻ ഉപയോഗിച്ചും മരുതിനെ പറത്തുകയായിരുന്നു പദ്ധതി .ജർമ്മൻ എൻജിനീയർ ആയിരുന്ന കുർട് ടാങ്ക് ആണ് വിമാന രൂപകല്പനയുടെ തലവൻ .
.
1961 ൽ സബ്സോണിക് യുദ്ധവിമാനമായ നാറ്റ് ( Gnat) ഇന്റെ എഞ്ചിൻ ആയ ഓർഫെയ്സ് 703 ഘടിപ്പിച്ച ആദ്യ മരുത്ത് പറന്നുയർന്നു . മരുതിനേക്കാൾ ചെറിയ വിമാനമായിരുന്നു നാറ്റ് .അതുമാത്രമല്ല ഓർഫെയ്സ് 703 ന് ആഫ്റ്റർബർണരും ഇല്ലായിരുന്നു .ആഫ്റ്റർ ബർണറിന്റെ അഭാവത്തിൽ ശബ്ദവേഗത്തെ കടക്കുക ആ എഞ്ചിന് കഴിയുകയും ഇല്ലായിരുന്നു . അതിനാൽ തന്നെ ശബ്ദത്തിന്റെ രണ്ടുമടങ്ങിനടുത്ത വേഗതയിൽ സഞ്ചരിക്കാൻ നിർമിച്ച മരുത്തിന് ശബ്ദവേഗം ഭേദിക്കാൻ പോലുമായില്ല .
അക്കാലത്താണ് ഇന്ത്യ ചൈന യുദ്ധത്തിന്റെ പച്ഛാത്തലത്തിൽ റഷ്യയിൽ നിന്നും മിഗ്-21 വാങ്ങാൻ ഇന്ത്യ നിർബന്ധിതമായത് .ശബ്ദവേഗത്തിനെ രണ്ടുമടങ്ങു വേഗതയിൽ പ്രവർത്തിക്കാൻ കഴിയുന്ന മിഗ്-21 നു മുന്നിൽ മരുത്ത് തികച്ചും നിഷ് പ്രഭമായി .മരുതിനു അനുയോജ്യമായ ഒരു പാശ്ചാത്യ വിമാന എൻജിൻ വാങ്ങാൻ സാമ്പത്തിക ,പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞുമില്ല .
.
പ്രായോഗിക വിഷമതകൾ ഉണ്ടായിരുന്നെങ്കിലും 1967 ൽ ആദ്യ പ്രവർത്തന ക്ഷമമായ HF-24 മരുത്ത് വ്യോമസേനക്ക് കൈമാറി .147 മരുത് യുദ്ധവിമാനങ്ങൾ നിർമ്മിക്കപ്പെട്ടു .മരുതിനനുയോജ്യമായ ഒരെഞ്ചിൻ നിർമിക്കാനോ വാങ്ങാനോ കഴിഞ്ഞില്ല .റഷ്യൻ സൂപ്പർസോണിക് വിമാന എഞ്ചിനുകൾ മരുതിൽ ഘടിപ്പിക്കാനും കഴിയുമായിരുന്നില്ല .അങ്ങിനെ വലിയ പ്രതീക്ഷകളോടെ തുടങ്ങിയ ഒരു പദ്ധതിക്ക് ഒരിക്കലും ഉദ്ദേശിച്ച ഫലം നൽകാൻ കഴിഞ്ഞില്ല .
.
പരിമിതികൾ ഏറെ ഉണ്ടായിരുന്നിട്ടും മരുത്ത് ൨൩ വര്ഷം ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിച്ചു . 1971 ലെ ബംഗ്ളാ ദേശ് വിമോചന യുദ്ധത്തിൽ മുൻനിര യുദ്ധവിമാനങ്ങളുടെ രണ്ടാം നിരയായി പ്രവർത്തിച്ച മരുത്ത് സ്തുത്യർഹമായ സേവനമാണ് അനുഷ്ഠിച്ചത് .ലോൺഗേവാല യുദ്ധത്തിലെ ഐതിഹാസികമായ ഇന്ത്യൻ വിജയത്തിൽ മരുത്ത് വളരെ വലിയ പങ്കു തന്നെ വഹിച്ചു .ബംഗ്ളാ ദേശ് വിമോചന യുദ്ധത്തിൽ ഏതാനും പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ മരുത് വെടിവച്ചിട്ടു .ഒരു മരുത്തിനെപോലും വെടിവച്ചിടാൻ പാകിസ്ഥാനായില്ല .
.
എൺപതുകളിൽ അത്യധികം ആധുനികവും കഴിവുറ്റതുമായ മിഗ്-29 മിറാഷ്-2000 തുടങ്ങിയ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ ഭാഗമായി ..അവക്ക് കിടനിൽക്കാൻ മരുതിനു
ആവുമായിരുന്നില്ല .എൺപതുകളുടെ ആദ്യം തന്നെ മരുതിനെ വ്യോമസേനയിൽ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങൾ തുടങ്ങി .1990 ഓടെ അവസാന മരുത്തും ചരിത്രത്തിലേക്ക് മറഞ്ഞു .ഒരു പക്ഷെ ഒരു റഷ്യൻ എൻജിൻ ഉപയോഗിക്കത്തക്ക രീതിയിൽ രൂപകൽപന ചെയ്തിരുന്നുവെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു .
—
ചിത്രങ്ങൾ : മരുത് കടപ്പാട് വിക്കിമീഡിയ കോമൺസ് ,www.youtube.com
—
Ref::
1. http://www.team-bhp.com/…/159928-indian-aviation-hal-hf-24-…
2. https://en.wikipedia.org/wiki/HAL_HF-24_Marut