പ്രാഗ് ( ജാഹിലി ) അറബികൾ ഭൂരിഭാഗവും ബഹുദൈവ വിശ്വാസികളായിരുന്നു. ദൈവത്തിന്റെ മൂന്ന് പെൺമക്കളായ ലാത്ത് , ഉസ്സ , മനാത്ത് ഉൾപ്പടെ ( അങ്ങിനെയായിരുന്നു അവരുടെ വിശ്വാസം ) നിരവധി ദൈവങ്ങൾ അവർക്കുണ്ടായിരുന്നു. ഇതിൽ പെൺദൈവങ്ങൾ മുതൽ മനുഷ്യ രൂപത്തിലുളളവയും രൂപങ്ങൾ കൊത്തിയെടുക്കാത്ത കരിങ്കൽ കഷ്ണങ്ങളും മരത്തടികളും മുതൽ സൂര്യനും ചന്ദ്രനുമുൾപ്പടെ നക്ഷത്രങ്ങൾ വരെ അവരുടെ ദൈവങ്ങളായുണ്ടായിരുന്നു.
മരുഭൂമിയുടെ വിജനതയിൽ സഞ്ചരിക്കുമ്പോഴുണ്ടാവുന്ന ഭയത്തിൽ നിന്ന് സംരക്ഷകനായി വരുമെന്ന് വിശ്വസിക്കപ്പെട്ട ‘ഖൈസ്’ ദേവൻ മുതൽ രാത്രിയുടെ കാവൽക്കാരനായ ‘ഖൗം’ ദേവൻ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. കഅബയിൽ പ്രതിഷ്ഠിച്ച ഖുറൈശികളുടെ മുഖ്യ ദൈവമായിരുന്ന ഹുബുൽ മുതൽ അമ്പുകൾ കൊണ്ട് ഭാവി തീരുമാനിക്കുന്ന ദുൽ ഖലസ വരെ അവരുടെ പ്രസിദ്ദ ദൈവങ്ങളായുണ്ടായിരുന്നു.
കഅബക്കകത്തും ചുറ്റുമായി 360ൽ അധികം വിഗ്രഹങ്ങളെ അവർ പ്രതിഷ്ഠിച്ചിരുന്നു. ഓരോ ഗോത്രങ്ങൾക്കും പ്രത്യേകം പ്രത്യേകം മൂർത്തികൾ ഉണ്ടായിരുന്നതോടൊപ്പം തന്നെ ഹുബുൽ , ദുൽ ഖലസ , ലാത്ത് , മനാത്ത് , ഉസ്സ , സുആഅ്… തുടങ്ങിയ ദൈവങ്ങളെ എല്ലാ ഗോത്രങ്ങളും ആരാധിച്ച് പോന്നിരുന്നു. അഗ്നിയേയും ജാഹിലീ അറബികൾ പൂജിച്ചിരുന്നതായി കാണാം. അബ്രഹാമിന്റെ ( ഇബ്രാഹിം ) ദൈവമായ അളളാഹുവിനെയാണ് ( ഏവ് , യഹോവ , ഏൽ , ആലാഹ , ഏലോഹിം തുടങ്ങിയ നാമങ്ങളിൽ വിവിധ സെമിറ്റിക് സമുദായങ്ങൾ ആരാധിച്ച് വന്നിരുന്ന ദൈവം ) അറബികൾ ഏറ്റവും വലിയ ദൈവമായി ആരാധിച്ചിരുന്നത്. അളളാഹുവിന് പക്ഷെ വിഗ്രഹങ്ങളുണ്ടായിരുന്നില്ല. അവൻ മക്കയിലെ കഅബയുടെ അധിപനും എല്ലാം സൃഷ്ടിക്കുന്നവനുമായിട്ടാണ് അവർ വിശ്വസിച്ച് പോന്നിരുന്നത്.
കഅബയിൽ അവർ വർഷം തോറും വന്ന് തീർത്ഥാടനം നടത്തുകയും ബലികൾ അർപ്പിക്കുകയും ചെയ്തിരുന്നു. അത്പോലെ മറ്റു ദൈവങ്ങൾക്കും അവരുടേതായ സന്നിധാനങ്ങൾ അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഒട്ടകം , ആട് തുടങ്ങി മനുഷ്യരെ വരെ അവക്ക് മുന്നിൽ ബലി നൽകിയിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ പിതാവ് അബ്ദുളളയെ ഇങ്ങനെ ബലി നൽകാൻ അദ്ദേഹത്തിന്റെ പിതാവ് അബ്ദുൽ മുത്തലിബ്, അബ്ദുളള ജനിക്കുന്നതിനു മുന്നെ നേർച്ച നേർന്നിരുന്നു. എന്നൽ ജനനശേഷം തന്റെ പുത്രനോടുളള അമിത വാത്സല്യം നിമിത്തം ആ കൃത്യത്തിൽ നിന്ന് അബ്ദുൽ മുത്തലിബിനെ പിന്തിരിപ്പിക്കുകയായിരുന്നു. പകരം 100 ഒട്ടകങ്ങളെയാണ് അദ്ദേഹം ബലി നൽകിയത്.
ദുൽ ഖലസയുടെ സന്നിധാനത്ത്-പ്രതിഷ്ഠക്ക് മുന്നിൽ മൂന്ന് അമ്പുകൾ വെച്ചിരുന്നു. ഉടൻ , പിന്നീട് , ഉപേക്ഷിക്കുക എന്നീ വചനങ്ങൾ ഓരോ അമ്പുകളിലും എഴുതി വെച്ചിരുന്നു. അറബികൾ യാത്ര , യുദ്ധം , വ്യാപാരം , വിവാഹം… തുടങ്ങി ഏത് കാര്യം നിർവ്വഹിക്കാൻ ഉദ്യേശിച്ചാലും ദുൽ ഖലസയുടെ ശ്രീകോവിലിൽ കണ്ണുകൾ മൂടിക്കെട്ടി കയറിച്ചെന്ന് അതിലൊരു അമ്പ് കയ്യിലെടുക്കും. കിട്ടിയ അമ്പിൽ എന്താണോ എഴുതിയിരിക്കുന്നത്, അതവർ അനുസരിക്കുകയായിരുന്നു ചെയ്തിരുന്നത്.
എന്നാൽ ഇതിനു വിപരീതമായി പ്രവർത്തിച്ച ഒരു സംഭവം പ്രസിദ്ധനായ ജാഹിലി കവി ഇംറുൽ ഖൈസിന്റെ ജീവിതത്തിലുണ്ടായതായി പുരാതന അറബി രേഖകളിൽ കാണാം. തന്റെ പിതാവിനെ കൊന്നവർക്കെതിരെ പ്രതികാരത്തിന്നിറങ്ങിയ ഖൈസ്, ദുൽ ഖലസയുടെ സന്നിധിയിൽ ചെന്ന് അമ്പെടുത്തു. ഉപേക്ഷിക്കുക എന്നായിരുന്നു കിട്ടിയ അമ്പിൽ ഉണ്ടായിരുന്നത്. ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ചപ്പോഴും ആദ്യം കിട്ടിയ അമ്പ് തന്നെയായിരുന്നു ഖൈസിനു ലഭിച്ചത്. കോപാകുലനായ അയാൾ ആ അമ്പെടുത്ത് ദുൽ ഖലസയുടെ വിഗ്രഹത്തിനു നേരെ എറിഞ്ഞിട്ട് “നിന്റെ പിതാവാണ് വധിക്കപ്പെട്ടിരുന്നതെങ്കിൽ നീയിങ്ങനെ തടയുമായിരുന്നോ ?” എന്ന് പ്രതിവചിച്ച് കൊണ്ട് പ്രതികാരം ചെയ്യാൻ വേണ്ടി ശത്രുഗോത്രത്തിന്റെ വാസസ്ഥലത്തേക്ക് പോവുകയുണ്ടായി.
ബഹുദൈവ വിശ്വാസികളായിരുന്ന ജാഹിലി അറബികൾക്കിടയിൽ ഏകദൈവ വിശ്വാസികളായ യഹൂദരും ക്രൈസ്തവരുമുണ്ടായിരുന്നു. അവരിൽ പ്രമുഖരായിരുന്നു ഖുസ്സുബ്നു സാഇദത്തിൽ ഇയാദിയും വറഖ ഇബ്ൻ നൗഫൽ തുടങ്ങിയവർ. ഖുസ്സ് അക്കാലത്തെ പ്രസിദ്ധനായ വാഗ്മിയും കവിയും പണ്ഡിതനുമായിരുന്നു എങ്കിൽ വറഖ ക്രൈസ്തവ പുരോഹിതനും ബൈബിളിൽ അഗാധ പാണ്ഡിത്യമുളള വ്യക്തിയുമായിരുന്നു.🗿
🗿
🗿
🗿
🗿
🗿
🗿
🗿
🗿
🗿
🗿
ഇനി ചില അറബ് ദൈവങ്ങളെ പരിചയപ്പെടാം.
🗿യഗൂസ് – ഖുറൈശി , മദ്ദിജ് ഗോത്രങ്ങളുടെ സംയുക്ത ഗോത്രദൈവം. സന്നിധാനം മക്കക്കടുത്ത് ഖൈവാൻ ഗ്രാമത്തിൽ.
🗿നസ്റ് – ഹിംയർ ഗോത്രദൈവം. കഴുകന്റെ രൂപത്തിലുളള ഇതിന്റെ സന്നിധാനം അറേബ്യയിലെ ബൽക്ക എന്ന പ്രദേശത്തായിരുന്നു.
🗿ഉസാഫ് , നെയ്ല – ഈ ഇരട്ട ദൈവങ്ങളെ കഅബക്കടുത്തുളള സംസം കിണറിന്റെ കരയിലായിരുന്നു പ്രതിഷ്ഠിച്ചിരുന്നത്. ഇവക്ക് മുന്നിൽ ബലിതർപ്പണങ്ങൾ നടത്തുക സ്ഥിരമായിരുന്നു.
🗿യഊഖ് – കുതിരയുടെ രൂപത്തിലുളള ഈ വിഗ്രഹം ഖൈവാൻ ഗോത്രദൈവമായിരുന്നു.
🗿ഹുബുൽ – അറബികളുടെ പ്രധാന മൂർത്തി. ഖുറൈശികളുടെ മുഖ്യ ദൈവമായിരുന്ന ഹുബുലിന്റെ പ്രതിഷ്ഠ കഅബക്കകത്തായിരുന്നു. ഒരു പൂർണ്ണാകായ വിഗ്രഹമായിരുന്നു ഇത്. എന്നാൽ കൈകൾ ഉണ്ടായിരുന്നില്ല. ഭാവിയും ശകുനവും നോക്കാൻ ഇതിന്റെ മുന്നിൽ നിരവധി അമ്പുകൾ ഉണ്ടായിരുന്നു. അറബികൾ നിത്യവും വന്ന് തങ്ങളുടെ ഭാവിയും ശകുനവും നോക്കിയിർന്നത് ഈ അമ്പുകൾ എടുത്തിട്ടായിരുന്നു.
🗿ഉസ്സ – ദൈവത്തിന്റെ മൂന്ന് പെൺമക്കളിൽ ഒരുവളായാണ് ഈ മൂർത്തിയെ അറബികൾ കണ്ടിരുന്നത്. ഇതൊരു സംയുക്ത ദൈവമായിരുന്നു. പ്രധാന പ്രതിഷ്ഠകൾ മക്കയിലെ കഅബയിലും മക്കയുടെ സമീപ പ്രദേശമായ നഖ്ലത്തുശ്ശാമിലും ആയിരുന്നു.
🗿റിആം – ഹിംയർ ഗോത്രത്തിന്റെ മറ്റൊരു കുലദൈവം. സന്നിധാനം ഇന്നത്തെ യമനിന്റെ തലസ്ഥാനമായ സൻആയിൽ.
🗿മനാത്ത് – ദൈവത്തിന്റെ മൂന്ന് പെൺമക്കളിൽ ഒരുവളായാണ് ഈ മൂർത്തിയെ അറബികൾ കണ്ടിരുന്നത്. ഇതൊരു സംയുക്ത ദൈവം ആയിരുന്നെങ്കിലും ഔസ് , ഖസ്റജ് ഗോത്രങ്ങളായിരുന്നു പ്രധാനമായും ഈ ദേവിയെ ആരാധിച്ചിരുന്നത്. പ്രധാന പ്രതിഷ്ഠകൾ മക്കയിലെ കഅബയിലും മദീനക്കും മക്കക്കും ഇടയിലെ കടൽതീര പ്രദേശമായ കുളൈദിലുമായിരുന്നു.
🗿സുവാഅ് – ഹുദെയിൽ ഗോത്രദൈവം. കഅബയിൽ പ്രതിഷ്ഠിച്ചിരുന്ന അറബികളുടെ സംയുക്ത ദൈവങ്ങളിൽ ഒന്ന്.
🗿ലാത്ത് – ദൈവത്തിന്റെ മൂന്ന് പെൺമക്കളിൽ ഒരുവളായാണ് ഈ മൂർത്തിയെ അറബികൾ കണ്ടിരുന്നത്. ഇതൊരു സംയുക്ത ദൈവമായിരുന്നു. പ്രധാന പ്രതിഷ്ഠകൾ മക്കയിലെ കഅബയിലും മക്കക്കടുത്തുളള ത്വാഇഫിലും.
🗿വദ്ദ് – ചന്ദ്രദേവൻ. കൽബ് ഗോത്രത്തിന്റെ ഗോത്രദൈവം.
🗿ഖൈസ് – ഖൈസ് ഐലാൻ ഗോത്രദൈവം.
Reference:-
1- Islamic Encyclopedia.
2- The Islamic History.
3- Wikipedia.
And Another Source…✒ Abdulla Bin Hussain Pattambi.