മണ്ണിൽ വളരുന്ന ആൽമരങ്ങൾ എല്ലാം തന്നെ മനുഷ്യൻ നട്ടതാവണം, കാരണം അങ്ങനെ നിലത്തുവളരുന്ന പ്രകൃതമല്ല ഒരുതരം ആൽമരങ്ങളുടെയും. കാട്ടിലെ വറുതിയുടെ കാലത്ത് നിറയെ ഫലങ്ങൾ നിറഞ്ഞ ആൽമരങ്ങൾ കാട്ടിലെ പലജീവികളുടെയും ഏക ആശ്രയസ്ഥലമാണ്. ഇങ്ങനെയുള്ള പഴങ്ങൾ തിന്നുന്ന പക്ഷികൾ തിരികെ ആലുകളുടെ പ്രജനനത്തെ സഹായിക്കാനായി അവയുടെ വിത്തുകൾ മറ്റുമരങ്ങളുടെ ശാഖകളിലും പോടുകളിലും കേടുവന്നിടത്തും തുളകളിലുമെല്ലാം നിക്ഷേപിക്കുന്നു. വിത്ത് പതിയെ മുളച്ച് തൈയായിമാറി സാധുരൂപത്തിൽ വളർന്നുതുടങ്ങുന്നു. വേര് താഴോട്ട് നീണ്ടുചെന്ന് മണ്ണിൽ എത്തുന്നതും ആല് തന്റെ വിശ്വരൂപം പുറത്തെടുത്തുതുടങ്ങുകയായി. മണ്ണിൽനിന്നും പോഷകങ്ങൾ കിട്ടിത്തുടങ്ങുന്നതോടെ മറ്റു വേരുകളും വളർന്നുതുടങ്ങുന്നു. പതിയെപ്പതിയെ വേരുകൾ തനിക്കുചെറുപ്പത്തിൽ അഭയം തന്ന വൃക്ഷത്തെ വരിഞ്ഞുമുറുക്കി ഇല്ലായ്മ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്ന ആലിന് കൊടുംകാട്ടിൽ നിലത്തുനിന്നും പുതുതായി നാമ്പെടുത്തുവളരാനുള്ള ഏറെക്കുറെ അസാധ്യമായ രീതിയെ എളുപ്പത്തിൽ മറികടക്കാൻ ആവുന്നു. മറ്റുമരങ്ങളുടെമുകളിൽ ആകാശത്തേക്കുവളർന്ന് നിൽക്കുന്ന ആലിന്റെ ഇലച്ചാർത്തുകൾ മാതൃവൃക്ഷത്തിന് പ്രകാശം ലഭിക്കുന്നതടക്കം തടയുന്നു. ഇത്രയും കാലം ഇങ്ങനെ പീഡിപ്പിക്കപ്പെട്ടിട്ടും കൊല്ലപ്പെട്ടിട്ടും ഈ മരങ്ങൾ എന്തുകൊണ്ടാണ് പരിണമിക്കുമ്പോൾ ആലുകളെ തടയുന്നതിൽ പരാജയപ്പെട്ടത്?
ഈയൊരു കാര്യത്തെപ്പറ്റി പഠിക്കുമ്പോഴാണ് ഗവേഷകർ രസകരമായ മറ്റുചില കാര്യങ്ങൾ ശ്രദ്ധിച്ചത്. ഈ ആലുകളും മരങ്ങളും തമ്മിൽ ഇങ്ങനെ നിലനിൽക്കുന്നതിന് സഹകരണത്തിന്റെയും ചില മാനങ്ങൾ ഉണ്ടെന്ന് അവർ മനസ്സിലാക്കി. ആസ്ത്രേലിയയിൽ 2013 -ൽ ഉണ്ടായ ഓസ്വാൾഡ് ചുഴലിക്കാറ്റിൽ ഏറ്റവും ബലവാന്മാരായ പലമരങ്ങളും കടപുഴകുകയുണ്ടായി. കാറ്റിനുശേഷം ഗവേഷകർ നടത്തിയ പഠനത്തിൽ ആലുകൾ വരിഞ്ഞുമുറുക്കിയ മരങ്ങൾക്ക് പലതിനും മറ്റുള്ളവരെ അപേക്ഷിച്ച് കാറ്റിൽ വീണുപോകാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു. കരുത്തും വ്യാപ്തിയുമുള്ള ആലിന്റെ വേരുകൾ മാതൃവൃക്ഷത്തെ മറിഞ്ഞുവീഴാതെ മണ്ണിൽ പിടിച്ചുനിർത്താൻ സഹായിക്കുകയായിരുന്നു. തങ്ങളെ അന്തിമമായി നശിപ്പിക്കുമെങ്കിലും കൊടുംകാറ്റിൽ ഇടറാതെ പിടിച്ചുനിൽക്കുന്നത് ശത്രുവിന്റെ സഹായം കൊണ്ടുമാത്രമായിരുന്നു എന്നതാവാം ഈ മരങ്ങൾ ആലുകൾക്ക് വാസസ്ഥലം നൽകാൻ കാരണം. ഒന്നിലധികം മരങ്ങളിൽ പടർന്നുവളർന്ന ആലുകളാവട്ടെ ആ മരക്കൂട്ടത്തെത്തന്നെ സംരക്ഷിക്കുകയായിരുന്നു. കാറ്റിനുശേഷം തങ്ങളുടെ വിത്തുകൾ വഴി വീണ്ടും വംശം നിലനിർത്താൻ ആ മരങ്ങളെ സഹായിച്ചത് ആലുകൾ അവയിൽപടർന്നതുകൊണ്ടുമാത്രമായിരുന്നു.
ധാരാളം ഗവേഷണങ്ങൾ നടക്കേണ്ട ഒരു മേഖലയാണ് ഇതെങ്കിലും ജീവിക്കാൻ അവസരം നൽകുന്ന വൃക്ഷങ്ങളെ നശിപ്പിക്കുന്ന ആൽമരങ്ങളെ അവയുടെ ശത്രുക്കളായി മാത്രം കണ്ടിരുന്ന മനോഭാവത്തിന് ഇതോടെ മാറ്റം വന്നിരിക്കുകയാണ്.