പകുതി മനുഷ്യനും പകുതി സിംഹവുമായ പല സങ്കൽപ്പങ്ങളും പുരാതന സംസ്കാരങ്ങളിൽ ആവിര്ഭവിച്ചിട്ടുണ്ട് . ഭാരതീയ പുരാണങ്ങളിലെ നരസിംഹം , ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണ് . ഹിരണ്യ കശിപു എന്ന അതിശക്തമായ അസുര പ്രമാണിയെ വകവരുത്താനാണ് ഭഗവാൻ വിഷ്ണു നരസിംഹ അവതാരം കൈകൊള്ളുനത് . ഹിരണ്യ കശിപുവിനെ വധിക്കുകയും ഹിരണ്യ കശിപുവിന്റെ പുത്രൻ പ്രഹ്ലാദനെ അസുരകുലത്തിന്റെ ചക്രവർത്തിയായി വാഴിക്കുകയുമായിരുന്നു നരസിംഹ അവതാരത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ .
.
നരസിംഹാവതാരത്തിന്റെ ഉടൽ മനുഷ്യന്റെയും ശിരസ്സ് സിംഹത്തിന്റെയും ആയിരുന്നെന്നെകിൽ യവന , ഈജിപ്ഷ്യൻ കഥകളിലെ സ്ഫിങ്ക്സിന്റെ ഉടൽ സിംഹത്തിന്റെയും ശിരസ്സ് മനുഷ്യന്റെയും ആണ്
.
പല പുരാതന സംസ്കാരങ്ങളിലും പാതി മനുഷ്യനും പാതി സിംഹവുമായ കരുത്തരെ കുറിച്ച് പറയുന്നുണ്ട് . ഗ്രീക്ക് പുരാണങ്ങളിലെ സ്ഫിങ്ക്സ് അവയിൽ ഒന്നാണ് . ഗ്രീസിലെ സ്ഫിങ്ക്സ് ഗ്രീക്ക് ഇതിഹാസങ്ങളിൽ കരുത്തനായ ആദികാല അസുരമൂർത്തിയായ ടൈഫോണിന്റെയും ( Typhon) , എല്ലാ ഭീകരതകളുടെയും മാതാവായ എകിഡ്നായുടെയും( Echidna) സന്താനമാണ് . വളരെക്കാലം യവന സ്ഫിങ്ക്സ് ഗ്രീസിനെ വിറപ്പിച്ചിരുന്നു . വഴിയാത്രക്കാരോട് കടങ്കഥ ചോദിക്കുക , ഉത്തരം നല്കാത്തവരെ ഭക്ഷിക്കുക അതായിരുന്നു പുരാതന ഗ്രീസിലെ സ്ഫിങ്ക്സിന്റെ വിനോദം . ഒടുവിൽ ഈഡിപ്പസ് എന്ന ബുദ്ധിമാനാണ് കടങ്കഥക്ക് ഉത്തരം പറഞ്ഞത് . ആ ഉത്തരം കേട്ടയുടൻ സ്ഫിങ്ക്സ് മലമുകളിൽനിന്നും ചാടി ജീവത്യാഗം ചെയ്തു എന്നാണ് യവന ഇതിഹാസങ്ങൾ പറയുന്നത് .
.
ഈജിപ്ഷ്യൻ സ്ഫിങ്ക്സിനാകട്ടെ ഒരു സംരക്ഷകന്റെ സങ്കൽപ്പമാണുള്ളത് . പുരാതന ഈജിപ്തിൽ ഉടനീളം സ്ഫിങ്ക്സിന്റെ ശിൽപ്പങ്ങൾ ഉണ്ടെങ്കിലും ഈജിപ്ഷ്യൻ ദേവ /ദാനവ സങ്കൽപ്പങ്ങളിൽ സ്ഫിങ്ക്സ് എന്ന സങ്കല്പം കാണപ്പെടുന്നില്ല . അതിനാൽ തന്നെ ഒരു സംരക്ഷക സങ്കല്പം ആയിരുന്നിരിക്കാം ഈജിപ്ഷ്യൻ നരസിംഹമായ സ്ഫിങ്ക്സ് . ഈജിപ്തിലെയും ലോകത്തെയും ഏറ്റവും വലിയ സ്ഫിങ്ക്സ് ശിൽപ്പം ഈജിപ്തിലെ ഗിസ പീഠഭൂമിയിൽ ഖഫാറയുടെ പിരമിഡിന് സമീപം സ്ഥിതിചെയ്യുന്ന ബ്രിഹത്തായ സ്ഫിങ്ക്സ് ശില്പമാണ് . ഒറ്റക്കല്ലിലാണ് ഈ ബ്രിഹദ് ശിൽപം കൊത്തിയിരിക്കുന്നത് എന്നത് ഈ ശില്പത്തിന്റെ യശസ്സ് ഉയർത്തുന്നു .പുരാതന ഈജിപ്തിലെ നീതിമാനായ ഫറോവ സ്നേഫ്രു ( SNEFERU ) വിന്റെ പുത്രൻ ഖുഫുവാണ്( KHUFU) ലോകാത്ഭുതമായി കരുതപ്പെടുന്ന ഗ്രേറ്റ് പിരമിഡ് നിർമിച്ചത് . ഖുഫുവിന്റെ ഗ്രേറ്റ് പിരമിഡിന് സമീപമാണ് ഖുഫുവിന്റെ പുത്രൻ ഖഫാറെ ( KHAFARE) യുടെ പിരമിഡ് . ഖഫാറെയുടെ പിരമിഡിന്റെ സംരക്ഷകനാണ് ഈജിപ്തിലെ ഗ്രേറ്റ് സ്ഫിങ്ക്സ് ശിൽപ്പം .
.
എഴുപതിലേറെ മീറ്റർ നീളവും ഇരുപതു മീറ്റർ ഉയരവുമുള്ള ഒരു ബ്രിഹത് ശില്പമാണ് ഈജിപ്തിലെ ഗ്രേറ്റ് സ്ഫിങ്ക്സിന്റേത് . ഒറ്റ ചുണ്ണാമ്പുകല്ലിലാണ് ഈ ശിൽപ്പം കൊത്തിയിരിക്കുന്നത് . ഗ്രേറ്റ് സ്ഫിങ്ക്സി ന്റെ മുഖം ആരുടേതാണെന്ന നിഗൂഢത ഇന്നും നിലനിൽക്കുന്നു . ഫറോവ ഖഫാറെയുടെ മുഖമാണ് ഗ്രേറ്റ് സ്ഫിങ്ക്സിന് നൽകിയിരിക്കുന്നത് എന്നാണ് പ്രമുഖമായ വാദം . പക്ഷെ സ്ഫിങ്ക്സിന്റെ മുഖത്തിൽ ആഫിക്കൻ ഭാവങ്ങൾ മുഴച്ചു നിൽക്കുന്നു വെന്നും അതിനാൽ തന്നെ ഈജിപ്ഷ്യൻ ഫറോവയുടേതല്ല ആ മുഖം എന്ന വാദവും ശക്തമാണ് . സഹസ്രാബ്ദങ്ങളിലൂടെ മണൽക്കാറ്റേറ്റു രൂപമാറ്റം സംഭവിച്ചതിനാൽ അനുമാനങ്ങൾക്ക് പ്രസക്തിയില്ല എന്ന വാദവും ഉണ്ട് .
.
ഈജിപ്തിലെ ഗ്രേറ്റ് സ്ഫിങ്ക്സിനെ കുറിച്ചുള്ള കഥകൾക്കും കേട്ടുകേൾവികൾക്കും അവസാനമില്ല . മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ശിൽപ്പങ്ങളിൽ ഒന്നാണ് ഈജിപ്തിലെ ഗ്രേറ്റ് സ്ഫിങ്ക്സ് എന്ന് നിസംശയം പറയാം . കഴിഞ്ഞ ആയിരം കൊല്ലത്തിനിടക്ക് അനേകം രാജാക്കന്മാരും സുൽത്താന്മാരും സ്ഫിങ്ക്സിനെ പൊളിച്ചുമാറ്റാൻ ശ്രമിച്ചു . നെപ്പോളിയന്റെ പടയാളികൾ സ്ഫിങ്ക്സിനെ പീരങ്കി പരിശീലനത്തിന്റെ ലക്ഷ്യവസ്തുവാക്കി . പക്ഷെ ആർക്കും തകർക്കാൻ കഴിയാത്ത സ്ഫിങ്ക്സ് ഇപ്പോഴും തലയുയർത്തി നിൽക്കുന്നു .
—
ചിത്രo : ഈജിപ്തിലെ ഗ്രേറ്റ് സ്ഫിങ്ക്സ്: ചിത്ര0 കടപ്പാട് വിക്കിമീഡിയ കോമൺസ്
—
ref
1.https://www.smithsonianmag.com/…/uncovering-secrets-of-the…/
2.https://www.history.com/…/pi…/egyptian-pyramids/great-sphinx
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്