ഏതാണ്ട് രണ്ടര നൂറ്റാണ്ടുമുമ്പ് പഴയ കോട്ടയത്തു നടന്ന ഒരു സംഭവകഥയാണ്. അക്കാലത്ത് കോട്ടയം തെക്കുംകൂര്‍ നാട്ടുരാജ്യത്തിന്‍റെ രാജധാനിയായിരുന്നല്ലോ! കോട്ടയത്തെ കോട്ടയ്ക്കുള്ളിലെ ഇടത്തില്‍ കൊട്ടാരത്തില്‍ ആദിത്യവര്‍മ്മ മണികണ്ഠര് കോയിലധികാരികള്‍ നാടുവാഴുന്ന കാലം. അക്കാലത്ത് തളിയില്‍കോട്ടയുടെ പുറത്തായി മീനച്ചിലാറിന്‍റെ തീരത്ത് ചിറപ്പുറത്തു മാളിക എന്നൊരു വേനല്‍ക്കാലവസതി ഉണ്ടായിരുന്നു. കച്ചവടക്കരാറുകള്‍ ഉറപ്പിക്കാനായി എത്തുന്ന ഡച്ചുകപ്പിത്താന്മാരെയും അയല്‍നാടുകളില്‍ നിന്നെത്തുന്ന അതിഥികളെയും സ്വീകരിച്ച് സല്ക്കരിക്കുന്നതിനും ഈ കൊട്ടാരം ഉപയോഗിച്ചിരുന്നു. ഇന്ന് അതിരുന്ന സ്ഥലത്ത് ആധുനികരീതിയിലുള്ള രമ്യഹര്‍മ്മങ്ങള്‍ ആയിപ്പോയി!

ഒരു മീനമാസത്തിലെ പ്രഭാതത്തിലാണ് പ്രസ്തുതസംഭവം അരങ്ങേറുന്നത്. ചിറപ്പുറത്തു മാളികയുടെ മുന്നിലെ മണല്‍ വിരിച്ച വിശാലമായ മുറ്റത്തോടു ചേര്‍ന്ന് ഒരു വലിയ തേന്മാവുണ്ട്. അതിനു കീഴിലായി രണ്ടുപേര്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുന്നു. പക്ഷെ, രണ്ടുപേരും ആംഗ്യഭാഷയിലാണ് ആശയങ്ങള്‍ കൈമാറുന്നത്. രണ്ടുപേരും കഥകളിപ്രിയര്‍! ഒരാള്‍ രാജാവിന്‍റെ പ്രധാന അംഗരക്ഷകനായ കടുക്കാമൂട്ടില്‍ ഇരിപ്പൂട്ടി മാപ്പിള; മറ്റെയാള്‍ തെക്കുംകൂറിലെ മന്ത്രിയായ മീനാക്ഷിപുരം ചിങ്ങര്. അപ്പോള്‍ ഒരു സംശയമുണ്ടാകാം. ഈ മാപ്പിള എങ്ങനെ കഥകളിമുദ്ര പഠിച്ചുവെന്ന്! അതു പറയാം.പരമരസികനായ ഇരിപ്പൂട്ടി ചെറുപ്പത്തില്‍ തന്നെ നല്ല കായബലമുള്ളവനും അതേസമയം ഒരു കലാസ്വാദകനും ആയിരുന്നു. ഒരു കലാരൂപമെന്ന നിലയില്‍ കഥകളി ശൈശവദശയെ പിന്നിട്ടു വളര്‍ച്ച പ്രാപിച്ചുവരുന്ന അക്കാലത്ത് ഇട്ട്യാണശ്ശേരി കേശവപിള്ള എന്നൊരു പ്രസിദ്ധനായ കളിയാശാന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കോപ്പുപെട്ടി ചുമക്കലായിരുന്നു ചെറുപ്പകാലത്ത് ഇരുപ്പൂട്ടിയുടെ തൊഴില്‍. കഥകളിക്കാരുടെ കൂടെയുള്ള സംസര്‍ഗം, കഥകളിമുദ്രയിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവ് ഇരിപ്പൂട്ടിക്കു നേടിക്കൊടുത്തു; മാത്രവുമല്ല മിക്കവാറും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ആട്ടക്കഥകളുടെ രംഗാവിഷ്ക്കാരത്തെ പറ്റിയും നല്ല അറിവ് ഇരിപ്പൂട്ടി നേടിയിരുന്നു! ആ മേഖലയില്‍ ഉണ്ടായ അനുഭവങ്ങള്‍ വെടിവട്ടങ്ങളില്‍ രസകരമായി അവതരിപ്പിച്ച് നിരവധി ആരാധകരെയും ഇരിപ്പൂട്ടി ഉണ്ടാക്കിയിരുന്നു. അതിലൊരാളായിരുന്നു നാടുവാഴുന്ന തമ്പുരാനും!

ഇനി മറ്റേ ആളെ പറ്റി പറയാം. മീനാക്ഷിപുരം ചിങ്ങര് എന്നു പറഞ്ഞാല്‍ മീനച്ചില്‍ കര്‍ത്താവ്! ഞാവക്കാട്ടു കൈമള്‍ എന്നും പറയും. തെക്കുംകൂര്‍ രാജ്യത്തില്‍ പെട്ട മീനച്ചില്‍ ദേശത്തിന്‍റെ ഭരണകര്‍ത്താവും തെക്കുംകൂറിലെ അഞ്ചു മന്ത്രിമാരില്‍ ഒരാളുമാണ്ചിങ്ങര്. വടക്കുനിന്നു വന്ന രജപുത്രരായിരുന്നുവത്രെ ചിങ്ങരുടെ മുന്‍ഗാമികള്‍. തെക്കുംകൂറിനു വഴങ്ങാതെ നിന്ന പണ്ടൊരു കാലത്ത് പാലായില്‍ നടന്ന യുദ്ധത്തില്‍ അടിപ്പെട്ട് സാമന്തനായി. എങ്കിലും മീനച്ചില്‍ ദേശത്തിന്‍റെ ഭരണം പോയില്ല. തെക്കുംകൂറിന്‍റെ മേല്‍ക്കോയ്മ അംഗീകരിക്കേണ്ടിവന്നുവന്നു മാത്രം. ദാമോദരസിംഹര്‍,രാമസിംഹര്‍ എന്നൊക്കെയാണ് ഈ കര്‍ത്താക്കന്മാരുടെ പരമ്പരാഗതമായ പേരുകള്‍. മലയാളത്തുകാര്‍ ചിങ്ങര് എന്ന് വിളിക്കും. ഇപ്പോഴത്തെ ചിങ്ങര് അതായത് നമ്മുടെ കഥാപാത്രം ഇരിപ്പൂട്ടിയെ പോലെ തന്നെ നല്ല ഒരു “കളിഭ്രാന്ത”നായിരുന്നു. അതുകൊണ്ടാണ് രണ്ടു പേര്‍ക്കും കഥകളിമുദ്രയിലൂടെ സംസാരിക്കാനായത്.

ഇരു കൈകളും മാറിനു മുന്നില്‍ പിടിച്ച് തന്നാലാവും വിധം രസങ്ങള്‍ മുഖത്തു പ്രകടിപ്പിച്ച് ഇരിപ്പൂട്ടിമാപ്പിള മുദ്രയിലൂടെ ചോദിക്കുകയാണ്:

” ആ വന്ന നമ്പൂരിച്ചന്‍ എന്താണ് പറഞ്ഞത്?”

ശത്രുതയില്ലാതെ പോകുന്നതാണ് ഇരുകൂട്ടര്‍ക്കും ഉചിതം എന്നാണു അദ്ദേഹം പറഞ്ഞത്.” മുദ്രയിലൂടെ ചിങ്ങര് പറഞ്ഞു.

ഇരിപ്പൂട്ടി: “അതെങ്ങനെ സാധ്യമാകും? ഇരുകൂട്ടരും വാശിയിലല്ലേ?”

ചിങ്ങര്: ” ശത്രുതയില്ലാതാകാന്‍ തുല്യമായി ഭാഗം വയ്ക്കണം എന്നാണു അര്‍ത്ഥമാക്കിയത്.

ഇരിപ്പൂട്ടി: അങ്ങനെ നടന്നില്ലെങ്കിലോ?

ചിങ്ങര്: നടന്നില്ലെങ്കില്‍ പടവെട്ടി നേടേണ്ടിവരും.

അവര്‍ ഇങ്ങനെയെല്ലാം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ചിലരെല്ലാം ആ മുറ്റത്തേയ്ക്ക് കടന്നു വന്നു. ആ കൂട്ടത്തിലേയ്ക്ക് ചിങ്ങരും ഇരുപ്പൂട്ടിയും ലയിച്ചുചേര്‍ന്നു. വന്നവരില്‍ മിക്കവരും തെക്കുംകൂറിലെ പ്രധാനികള്‍ ആയിരുന്നു. ചിങ്ങരെ കൂടാതെ മറ്റു മന്ത്രിമാരായ നൈനാടത്തു കൈമള്‍, അമ്പഴത്തുങ്കല്‍ കര്‍ത്താവ്, റാന്നി കര്‍ത്താവ്, കുന്നുതറ കൈമള്‍, കാരാപ്പുഴ കര്‍ത്താവ് എന്നിവര്‍, ഉപമന്ത്രിമാരായ കല്ലറയ്ക്കല്‍ തരകന്‍, മഴുവഞ്ചേരി പണിക്കര്‍, മാമ്പുഴക്കരി മേനവന്‍, മലമേല്‍ക്കുന്നത് കണ്ടപ്പണിക്കര്‍ എന്നിവര്‍, കാര്യവിചാരിപ്പുകാരനായ കോണോപ്പാടത്ത് കോരുള മാപ്പിള, തരകുകാര്യക്കാരനായ താഴത്ത് ചാണ്ടപ്പിള്ള തരകന്‍, സൈനികത്തലവന്മാരായ വേളൂരെ മുഞ്ഞനാട്ടു പണിക്കര്‍, വാകത്താനത്തെ നന്തിക്കാട്ടു പണിക്കര്‍, അഞ്ചേരി പുന്നൂസ് മാപ്പിള, കാഞ്ഞിരപ്പള്ളിയിലെ ഉണ്ണി മാത്തുതരകന്‍, മകന്‍ കുഞ്ചാക്കോ തരകന്‍,അയ്മനത്തെ കുറുപ്പംവീട്ടില്‍ കൈമള്‍, താഴത്തങ്ങാടിയിലെ വാഴക്കൂട്ടത്തില്‍ മമ്മാലി, പരീക്കണ്ണ്‍ ലബ്ബ, വെടിപ്പുരയ്ക്കല്‍ വൈദ്യര്‍, പാളയത്തില്‍ വൈദ്യര്‍, വയസ്കര മൂസത് തുടങ്ങി ഉദ്യോഗപ്രമാണിമാരായ പുത്തനങ്ങാടിയിലെ പതിനെട്ടര വീടരു വരെയുള്ള പരിവാരങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. ഏതോ വലിയ ഒരു അതിഥി വരുന്നുണ്ട്! കാര്യമായ ഏതോ രാജകീയ തീരുമാനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അതാണ്‌ ഇത്രയും ഗൌരവമേറിയ ഒരു സമ്മേളനം.

ഇനി ഇരുപ്പൂട്ടി മാപ്പിളയും മീനാക്ഷിപുരം ചിങ്ങരും തമ്മിലുണ്ടായ ആശയക്കൈമാറ്റത്തിന് ആസ്പദമായതും ഈ കാണുന്ന ജനക്കൂട്ടത്തെ ഇവിടെ വരുത്താനിടയാക്കിയതുമായ സംഭവവികാസങ്ങളെ പറ്റി സൂചിപ്പിച്ചാലേ കഥ മുന്നോട്ട് പോകുകയുള്ളൂ!.

അക്കാലത്ത് തെക്കുംകൂറിന്‍റെയും അയല്‍രാജ്യമായ വടക്കുംകൂറിന്‍റെയും പടിഞ്ഞാറേ അതിര് കൈപ്പുഴമുട്ടില്‍നിന്നും ആരംഭിച്ച് കുട്ടോമ്പുറത്ത് എത്തുന്ന ഒരു ആറായിരുന്നു. അവിടെ നിന്നും അതിരമ്പുഴ, കാണക്കാരി, കടപ്പൂര്‍, കിടങ്ങൂര്‍, ളാലം എന്നീ സ്ഥലങ്ങളിലൂടെ കിഴക്ക് കൊണ്ടൂര്‍ വരെ നീളുന്ന മണ്‍കോട്ട ആയിരുന്നു ഇരു രാജ്യങ്ങളുടെയും അതിര്. കൈപ്പുഴ ആറിനു തെക്കുഭാഗത്തായി ആര്‍പ്പൂക്കരയ്ക്ക് പടിഞ്ഞാറ് മണത്തറപ്പള്ളി പാടശേഖരം എന്നൊരു കൃഷിനിലം ഉണ്ടായിരുന്നു. സ്വാഭാവികമായും അത് തെക്കുംകൂര്‍ അതിര്‍ത്തിക്കുള്ളിലുമായിരുന്നു. വടക്കുംകൂറിലെ അച്ചിനകം എന്ന സ്ഥലത്തിനടുത്ത് ഒരു പഴയ ശാസ്താവ് ക്ഷേത്രമുണ്ടായിരുന്നു. ആ ക്ഷേത്രത്തിനു ജീര്‍ണ്ണത വന്നപ്പോള്‍ പരിഹാരക്രിയകള്‍ നടത്തി പുനര്‍നിര്‍മ്മിക്കാന്‍ ഒരു ആലോചനയുണ്ടായി. പ്രശ്നവിധിയില്‍ ആ ക്ഷേത്രം വടക്കുംകൂര്‍ രാജവംശത്തിന്‍റെ പ്രാധാന്യമുള്ള പരദേവതാസ്ഥാനമാണെന്നും ക്ഷേത്രത്തെ വേണ്ടുംവണ്ണം പരിപാലിച്ചാല്‍ രാജാവിനും ദേശത്തിനുമെല്ലാം ഐശ്വര്യം ഉണ്ടായിത്തീരുമെന്നും പ്രശ്നകാരന്‍ വിധിച്ചു. അതോടൊപ്പം മുന്‍കാലത്ത് ക്ഷേത്രസ്വത്തായിരുന്ന മണത്തറപ്പള്ളിപ്പാടത്തില്‍ നിന്നുള്ള ആദായം ക്ഷേത്രത്തിലേയ്ക്ക് മുതല്‍ക്കൂട്ടണമെന്നും ദേവപ്രശ്നവിധിയുണ്ടായി. പക്ഷെ, തെക്കുംകൂറിന്‍റെ കൈവശമുള്ള പാടം എങ്ങനെ തങ്ങളുടെ സ്വത്താക്കും? ഏതായാലും സഹോദരരാജ്യം അല്ലേ!(AD 1103ല്‍ വെമ്പൊലിനാട്ടിലെ രണ്ടു ജ്യേഷ്ടാനുജന്മാര്‍ രണ്ടായി രാജ്യം പങ്കു വച്ച് രൂപപ്പെട്ടതാണ് വടക്കുംകൂറും തെക്കുംകൂറും). ചോദിച്ചാല്‍ തരുമല്ലോ എന്ന് പ്രതീക്ഷിച്ച് ദൂതന്‍ വശം ഒരു കത്ത് തളീക്കോട്ടയിലേയ്ക്ക് കൊടുത്തയച്ചു. ആ കത്തിന് നിഷേധഭാവത്തിലുള്ള മറുപടിയാണ് കിട്ടിയത്. ഈ വിവരം അറിഞ്ഞപ്പോള്‍ വെച്ചൂരെയും വൈക്കത്തെയും ജനങ്ങള്‍ രോഷാകുലരായി രംഗത്തിറങ്ങി. വടക്കുംകൂര്‍ രാജാവിന് ഇരിക്കപ്പൊറുത്തി ഇല്ലാതെയായി. വടുതലയിലുണ്ടായിരുന്ന വടക്കുംകൂര്‍ രാജാവ് തെക്കുംകൂറിലെ രാജാവിനെ നേരില്‍കണ്ട് ആവശ്യമുന്നയിക്കാന്‍ എത്തുകയാണ്. തികച്ചും രാജ്യാതിര്‍ത്തികളെ ചൊല്ലിയുള്ള തര്‍ക്കപ്രശ്നം; ഗൌരവമേറിയ വിഷയം!

ആള്‍ക്കൂട്ടത്തിലേയ്ക്ക് പുതുതായി മറ്റു ചിലരും എത്തിച്ചേര്‍ന്നു. അവര്‍ ഇന്നാട്ടുകാരല്ല. വടക്കുംകൂറിലെ കുന്നശ്ശേരി മാപ്പിള അടക്കമുള്ള ചില മന്ത്രിമാരും ഉദ്യോഗപ്രമാണികളുമായിരുന്നു അത്. വൈകാതെ രാജാക്കന്മാരുടെ വരവറിയിച്ച് എഴുത്തുകാരനായ ഒരു കൊങ്കിണിപ്പട്ടന്‍ ശീഘ്രഗതിയില്‍ കടന്നുവന്ന് മാളികപ്പുറത്തേയ്ക്ക് കയറിപോയി. അതോടെ എല്ലാവരും നിശബ്ദരായി മുറ്റത്തിന്‍റെ വശങ്ങള്‍ ചേര്‍ന്ന് നിലയുറപ്പിച്ചു.

ഉടന്‍തന്നെ അതിഥിയായ വടക്കുംകൂര്‍ രവിവര്‍മ്മ തമ്പുരാനും ആതിഥേയനായ തെക്കുംകൂര്‍ ആദിത്യവര്‍മ്മ തമ്പുരാനും അങ്ങോട്ടേയ്ക്ക് എഴുന്നെള്ളുകയായി. വെഞ്ചാമരവും വെണ്‍കൊറ്റക്കുടയുമേന്തി നാലു നായന്മാരും ഇരുവരുടെയും അംഗരക്ഷകന്മാരും പിന്നാലെയുണ്ട്. പിന്നിലായി മറ്റു ചില പ്രമുഖരും. തമ്പുരാന്മാര്‍ മുറ്റത്തു കടന്നപ്പോഴേയ്ക്കും അവിടെ നിന്നിരുന്നവര്‍ തലകുനിച്ച് വന്ദിച്ച് ആദരവ് കാണിച്ചു. എല്ലാവരെയും കൈവീശി ആശീര്‍വദിച്ച് ഇരുവരും കോണിപ്പടി കയറി മുകളിലേയ്ക്ക് പോയി. തങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സിംഹാസനങ്ങളില്‍ ആസനസ്ഥരായി. അപ്പോഴേയ്ക്കും കുട്ടിപ്പട്ടന്മാര്‍ മധുരപാനീയങ്ങളും ഉണങ്ങിയ കാരയ്ക്കായും മധുരച്ചുരുട്ടും കുഴലപ്പവും ഉഴുന്താടയും തളികകളിലാക്കി മുന്നില്‍ നിരത്തി. അതൊക്കെ കഴിച്ചശേഷം ഇരുവരും കുശലപ്രശ്നങ്ങളിലൂടെ സംഭാഷണത്തിലേയ്ക്ക് കടന്നു.

വടക്കുംകൂര്‍ രവിവര്‍മ്മ തമ്പുരാന്‍ തുടങ്ങിവച്ചു: “ഇപ്പ്രാവശ്യം പടിഞ്ഞാറന്‍പുഞ്ചയിലെ വിളവു മോശമായിപ്പോയി. വെച്ചൂരില്‍ മട വീണ് ആയിരം പറയോളം വെള്ളത്തിലായത് അനിയന്‍ അറിഞ്ഞിരുന്നോ?”

വിഷയത്തിലേയ്ക്ക് ജ്യേഷ്ടന്‍ കടന്നുവരുന്നുണ്ട് എന്നത് ഉള്ളില്‍ ചിരിയുണ്ടാക്കിയെങ്കിലും അതു പുറത്തു കാട്ടാതെ ആദിത്യവര്‍മ്മ പറഞ്ഞു: “കഷ്ടം! എന്നല്ലാതെ എന്ത് പറയാന്‍. ദൈവഹിതം തടയാന്‍ പറ്റുമോ? കാര്യമായി എടുക്കേണ്ടതില്ല.”

ഇങ്ങനെ ഒന്നോരണ്ടോ ചോദ്യങ്ങളും ഉത്തരങ്ങളുമായി സംഭാഷണം നീളവേ പൊടുന്നനെ രവിവര്‍മ്മ ചോദിച്ചു:
” അല്ല.. ഈ മണത്തറപ്പള്ളിപ്പാടത്തെ പറ്റിയുള്ള വിഷയത്തില്‍ അനുജന് എന്താണ് അഭിപ്രായം? അത് വിട്ടുതരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണല്ലോ മറുപടിക്കത്തില്‍ നിന്നും മനസ്സിലാകുന്നത്?”

ആദിത്യവര്‍മ്മ: തല്‍ക്കാലം പുതുതായി അതിര്‍ത്തികളില്‍ ഒരു മാറ്റവും വേണ്ടെന്നാണ് ഇവിടുത്തെ പ്രജകളുടെ പൊതുവായ അഭിപ്രായം. അതാണ്‌ അങ്ങനെ എഴുതേണ്ടിവന്നത്. കോയ്മ എന്ന നിലയില്‍ എനിക്ക് മറ്റൊന്നും ആവതില്ലല്ലോ?!”

രവിവര്‍മ്മ: “അത് ശരി, അപ്പോള്‍ പടവെട്ടി നേടണമെന്നാണോ?”

ആദിത്യവര്‍മ്മ: “അങ്ങനെയൊന്നും ഇവിടെ നിന്നു നിരുവിച്ചിട്ടില്ല. ആവുന്നതിനു വിരോധവുമില്ല.”

രവിവര്‍മ്മ: എങ്കില്‍ പട വെട്ടുന്നതിനുള്ള തയാറെടുപ്പോടെയാണ് ഞാന്‍ വന്നിരിക്കുന്നത്. പലകയും കരുക്കളും തയ്യാറുണ്ടോ?

ആദിത്യവര്‍മ്മ: “ശരി, ഉടന്‍ തയ്യാറാക്കാം.”
ആ വെല്ലുവിളി സ്വീകരിച്ച ആദിത്യവര്‍മ്മ എഴുനേറ്റു.

അപ്പോള്‍ താഴെ ഒരു കോലാഹലം കേട്ടു. വടക്കുംകൂറ്റില്‍ നിന്നു വന്നവരും നാട്ടുകാരും തമ്മില്‍ ഒന്നും രണ്ടും പറഞ്ഞു കശപിശയാണ്. രാജാക്കന്മാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ തങ്ങളാല്‍ കഴിയുന്നത് അവര്‍ക്കും ചെയ്യേണ്ടേ!!! തമ്പുരാന്മാര്‍ ഇരുവരും മാളികയുടെ ബാല്‍ക്കണിയില്‍ നിന്നു എല്ലാവരോടും നിശബ്ദരായി ഇരിക്കുവാന്‍ ശാസിച്ചു. അതോടെ രംഗം ശാന്തമായി. തമ്പുരാന്മാര്‍ ഉള്ളിലേയ്ക്ക് തിരികെപോയതും നമ്മുടെ ഇരുപ്പൂട്ടി മാപ്പിള മുണ്ട് പാളത്താറു കാച്ചി ഉടുത്ത് ഒരു വാളും പരിചയുമായി നടുമുറ്റത്തു നിന്നു ചില അഭ്യാസപ്രകടനങ്ങള്‍ നടത്തി. പിന്നെ അങ്കച്ചുവട് വച്ച് മലക്കംമറിഞ്ഞ് തൊടിയിലെ ഒരു വാഴയുടെ മുന്നിലെത്തി. അനന്തരം ആ കണ്ണന്‍വാഴയുടെ തടിച്ച ഒരു കൈ വെട്ടി എടുത്ത് ഇല ചീന്തിക്കളഞ്ഞു. എന്നിട്ട് വാഴത്തട തോക്ക് പിടിക്കുന്നതുപോലെ പിടിച്ച് ആരെയും കൂസാതെ മാളികയുടെ മുകളിലേയ്ക്ക് കവാത്ത് ചെയ്ത് കയറിപ്പോയി. അവിടെ നിന്നിരുന്നവരെല്ലാം അപ്പോള്‍ ഒരേ സ്വരത്തില്‍ പിറുപിറുത്തു:” ഇനിയിപ്പോള്‍ ചതുരംഗം കളിയാണ്!!!”

വാഴത്തട കൊണ്ടുള്ള കരുക്കള്‍ നിരന്നു. ആവേശത്തോടെ തമ്പുരാന്മാര്‍ കളി ആരംഭിച്ചു. ആഞ്ഞുവെട്ടിയും തടുത്തുമുള്ള “ഘോരയുദ്ധം” ആ പലകത്തട്ടില്‍ പൊടിപാറിച്ചു!!! തമ്പുരാന്‍റെ അംഗരക്ഷകരും പ്രധാനമന്ത്രിമാരും കളി സസൂക്ഷ്മം വീക്ഷിച്ച് അടുത്തു തന്നെയുണ്ട്. കളി നാഴിക… വിനാഴിക.. അങ്ങനെ നീണ്ടിട്ടും അന്ത്യമില്ലാതെ തുടരുകയാണ്. ഉച്ചതിരിഞ്ഞു ഒന്നരയടി നിഴലായിട്ടും പോരാട്ടം ഒരിടത്തും എത്തിയില്ല.

അപ്പോഴുണ്ട് “പടപടെ” ഒരു ശബ്ദം!!! മാളികപ്പുറത്തെ വരാന്തയില്‍ നിന്നും ഒരു വെള്ളരിപ്രാവ് ജനാലയിലൂടെ ഉള്ളില്‍കടന്നു പറക്കുകയാണ്. പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേയ്ക്കായി. ഈ സമയത്ത് ജനലിനരുകില്‍ നിന്നിരുന്ന ഇരുപ്പൂട്ടി മാപ്പിള തെക്കുംകൂര്‍ തമ്പുരാനായ ആദിത്യവര്‍മ്മയുടെ ശ്രദ്ധയെ തന്നിലേയ്ക്ക് ക്ഷണിച്ചു. കഥകളിമുദ്രയിലൂടെ “വെള്ളാനയ്ക്ക് വില കുറഞ്ഞു” എന്ന് കാണിച്ചുകൊടുത്തു. പ്രാവിന്‍റെ ശബ്ദഘോഷങ്ങള്‍ക്കിടെ മറ്റാരും ഇത് കാണാന്‍ ഇടയായില്ല. ഉടന്‍തന്നെ ആദിത്യവര്‍മ്മ വെള്ളാനയെ വടക്കുംകൂറിനു വെട്ടാന്‍ പാകത്തിന് വെയ്ക്കുകയും ആലോചന വേണ്ടുംവണ്ണമില്ലാതെ ആവേശത്തോടെ വടക്കുംകൂര്‍ രവിവര്‍മ്മ വെട്ടുകയും അടുത്ത രണ്ടു കരുനീക്കങ്ങള്‍ക്കിടെ വടക്കുംകൂര്‍ അടിയറവു പറയേണ്ടിവരുകയും ചെയ്തു. അങ്ങനെ ആ മഹായുദ്ധം പരിസമാപ്തിയിലായി!!

പോരാട്ടത്തിനു അന്ത്യം കുറിച്ച് ഹസ്തദാനം നടത്തിയശേഷം ഇരുവരുമൊരുമിച്ച് അമൃതേത്തു കഴിച്ചുപിരിഞ്ഞു. അങ്ങനെ മണത്തറപ്പള്ളി പാടം തിരികെ കിട്ടാനുള്ള “ദൈവഹിതം” തങ്ങള്‍ക്കില്ല എന്നു സമാധാനിച്ച് രവിവര്‍മ്മയും സംഘവും കടുത്തുരുത്തിയിലേയ്ക്ക് തിരിച്ചു.
…………………………………………………………………………………………..

ചതുരംഗം നടക്കുമ്പോള്‍ ജനലിനരികെ നിന്ന് കളിയുടെ ഓരോ നീക്കവും ഇരുപ്പൂട്ടി കാണുന്നുണ്ടായിരുന്നു. ആ കളിയിലും കേമനായ ഇരുപ്പൂട്ടിയാണ് മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിക്കാന്‍ ജനലിലൂടെ പ്രാവിനെ പറത്തിവിട്ടത്. ആദിത്യവര്‍മ്മത്തമ്പുരാന് ഇരിപ്പൂട്ടിയുടെ കൌശലപ്രയോഗങ്ങള്‍ പണ്ടേ അറിയാവുന്നതിനാല്‍ അങ്ങോട്ടേയ്ക്ക് ഒന്ന് ശ്രദ്ധിക്കുകയേ വേണ്ടിയിരുന്നുള്ളൂ. സ്വതവേ കളിപ്രിയനായ തമ്പുരാനും ഇരുപ്പൂട്ടിയുടെ മുദ്രയുടെ അര്‍ത്ഥം ഉടന്‍ പിടികിട്ടി. മഹാഭാരതയുദ്ധത്തിലെ കൃഷ്ണന്‍ എന്തുതരം കൌശലങ്ങളാണോ പ്രയോഗിച്ചത് അതേ തരത്തിലുള്ള ഒരടവ് ആദിത്യവര്‍മ്മയുടെ സാരഥിയായ ഇരുപ്പൂട്ടി പ്രയോഗിച്ചുനോക്കുകയായിരുന്നു. സാക്ഷാല്‍ കൃഷ്ണന്‍റെ സകല അടവുകളും കഥകളിത്തട്ടില്‍ കണ്ടു പരിചയിച്ച ഇരുപ്പൂട്ടിക്ക് ഇതൊക്കെ നിസ്സാരകാര്യമായിരുന്നല്ലോ!. ഏതായാലും ഈ കള്ളക്കളി തല്‍ക്കാലം ആദിത്യവര്‍മ്മത്തമ്പുരാനും ഇരുപ്പൂട്ടി മാപ്പിളയുമല്ലാതെ മൂന്നാമതൊരാള്‍ അറിയാന്‍ ഇടയായതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *