കർണാടകത്തിൽ ഒരു സഹസ്രാബ്ദം മുൻപേ ഭരണം നടത്തിയിരുന്ന രാജവംശമാണ് ഹൊയ്സാല രാജവംശം .കർണാടകം ഒരു പക്ഷെ ഏറ്റവും ഔന്നത്യം പ്രാപിച്ചതും ഹൊയ്സാല രാജാക്കന്മാരുടെ കാലത്തു തന്നെ .വാസ്തുവിദ്യയുടെ സുവര്ണകാലമായിരുന്നു ഹൊയ്സാല കാലഘട്ടം .ഹൊയ്സാല വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഹൊയ്‌സാലേശ്വര ക്ഷേത്രവും ചെന്ന കേശവ ക്ഷേത്രവും .

ഹൊയ്സാല രാജാവ് നരസിംഹൻ മൂന്നാമന്റെ സേനാനായകനായിരുന്നു സോമനാഥൻ .അദ്ദേഹമാണ് സോമനാഥപുരം എന്ന പട്ടണം സ്ഥാപിച്ചത് .പുതിയ പട്ടണത്തിന്റെ തിലകക്കുറിയായിട്ടാണ് നരസിംഹൻ മൂന്നാമൻ ചെന്ന കേശവ ക്ഷേത്രം പണികഴിപ്പിച്ചത്. ചെന്ന കേശ ക്ഷേത്രത്തിനും ഒരു നൂറ്റാണ്ടുമുമ്പ് പണികഴിപ്പിച്ച ഹൊയ്‌സാലേശ്വര ക്ഷേത്രത്തെ വെല്ലുന്നതായിരുന്നു ചെന്ന കേശവ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയും കൊത്തുപണികളും .ഹൊയ്സാല രാജാക്കന്മാർ ആയിരത്തിലധികം ക്ഷേത്രങ്ങൾ തങ്ങളുടെ കാലത്ത് നിർമിച്ചിരുന്നു .അവയിൽ അഗ്രഗണ്യ സ്ഥാനത്തു വരുന്ന ഒരു ക്ഷേത്രമാണ് ചെന്ന കേശവ ക്ഷേത്രം .ഹൊയ്സാലവാസ്തുവിദ്യ പൂര്ണതയെ പ്രാപിച്ചത് ചെന്ന കേശവ ക്ഷേത്രത്തിലൂടെയാണ് എന്നഭിപ്രായമുള്ള ധാരാളം ചരിത്രകാരന്മാർ ഉണ്ട് .

സുന്ദരനായ കേശവന്റെ (കൃഷ്ണൻ ) ക്ഷേത്രമാണ് ചെന്ന കേശവ ക്ഷേത്രം.ഹൊയ്‌സാലേശ്വര ക്ഷേത്രത്തിലേതുപോലെ കടഞ്ഞെടുത്ത ശിലകളിലാണ് ക്ഷേത്രം നിലകൊള്ളുന്നത് .ഈ ശിലകൾ കടയാൻ ഉപയോഗിച്ച രീതികൾ ഇന്നും അജ്ഞാതമാണ് .സോമനാഥപുരത് ഈ ക്ഷേത്രനിർമാ ണതിനുപയോഗിച്ച ശിലകൾ ലഭ്യമല്ലാത്തതിനാൽ ഇവ വളരെ അകലെ നിന്നും സോമനാഥപുരത് എത്തിച്ചതാവാം .ഈ ശിലകളുടെ കടത്തു തന്നെ അക്കാലത്തു ദുഷ്കരമായ സാങ്കേതിക പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കാം .ഖനനം ചെയ്തെടുക്കുമ്പോൾ താരതമ്യേന മൃദുവും എന്നാൽ അന്തരീക്ഷ വായുവിന്റെ പ്രവർത്തനത്തിലൂടെ നൂറ്റാണ്ടുകളിലൂടെ കഠിനവും ആയിത്തീരുന്ന സോപ്‌സ്റ്റോൺ (soapstone ) എന്ന കൃഷ്ണ വർണ്ണമുളള ശിലകളിലാണ് നിർമ്മാണത്തിനുപയോഗിച്ചത് ഇത്തരം ശിലകളുടെ ഖനനവും ,കടത്തും ,കൈകാര്യം ചെയ്യലും ഇന്നും അത്ഭുതമുളവാക്കുന്നവയാണ് .

മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമന്വയമാണ് ചെന്ന കേശവ ക്ഷേത്രം .വിവിധ ഭാവങ്ങളിലുള്ള വിഷ്ണു ഭഗവാന്റെ രൂപങ്ങളാണ് പ്രതിഷ്ഠ . കേശവ ,ജനാർദന ,വേണുഗോപാല എന്നിവയാണ് ഭഗവാന്റെ പ്രതിരൂപങ്ങൾ .കേശവ ക്ഷേത്രത്തിലെ പ്രതിഷ്ട ഇപ്പോൾ നിലനിൽക്കുന്നില്ല ..എണ്ണൂറു കൊല്ലത്തെ ചരിത്രത്തിൽ ക്ഷേത്രം പലതവണ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട് എന്ന വിശ്വാസം ഉണ്ട് .ഒരിക്കൽ ഭാഗീകമായി തകർക്കപ്പെട്ട ക്ഷേത്രത്തെ വിജയ നഗര രാജാക്കന്മാർ പുനഃസൃഷ്ടിച്ചസ്ഥായും കരുതപ്പെടുന്നു .ആ പുനഃ സൃഷ്ടിയുടെ അടയാളങ്ങൾ ഇപ്പോഴും ദൃശ്യമാണ് .

ശൈവ ,വൈഷ്ണവ സങ്കൽപ്പങ്ങളുടെ ഉദാത്തമായ സമന്വയമാണ്വൃ ചെന്ന കേശവ ക്ഷേത്രം .ക്ഷേത്രത്തിലെ പല മനോഹരശില്പങ്ങളും ആക്രമണകാരികളുടെ ആയുധങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാം .പല കൊത്തുപണികളുടെയും മുഖം മാത്രം വികൃതമാകകപ്പെട്ടിരിക്കുന്നു . ഈ വികൃതമാകകലിനിടയിലും രാമായണത്തിലെയും ,ഭാഗവതത്തിലെയും ,മഹാഭാരതത്തിലെയും സംഭവങ്ങളെ സൂചിപ്പിക്കുന്ന വിശിഷ്ടമായ കൊത്തുപണികൾ ഇപ്പോഴും ക്ഷേത്ര മതിലുകളിൽ കാലത്തെയും ആക്രമണകാരികളെയും വെല്ലുവിളിച്ചുകൊണ്ട് നിലനിൽക്കുന്നു .

ദക്ഷിണ ,ഉത്തര ഇന്ത്യൻ വാസ്തു വിദ്യാ രീതികളുടെ സമന്വയമാണ് ചെന്ന കേശവ ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷത .മൂന്ന് ശ്രീകോവിലുകൾക്കുമുകളിലും ഉളളത് ഉത്തരഇന്ത്യൻ വാസ്തു വിദ്യാ ശൈലിയിലുള്ള ശിഖരങ്ങളാണ് .മൂന്ന് ശ്രീകോവിലുകൾക്കും കൂടി ഒരു സഭാ മണ്ഡപമാണുളളത് .ഇതും ഈ മഹാക്ഷേത്രത്തിന്റെ പ്രതേകതയാണ് .കടഞ്ഞെടുത്ത കൽത്തൂണുകളിലാണ് മണ്ഡപം നിൽക്കുന്നത് .മണ്ഡപത്തിന്റെ മേൽക്കൂരയിൽ പോലും അതി സങ്കീർണ്ണമായ കൊത്തുപണികൾ ഉണ്ട് .നവ ഗ്രഹങ്ങളെ മണ്ഡപത്തിൽ കുടിയിരുത്തിയിരിക്കുന്നു .മണ്ഡപമേല്കൂരയിലെ കൊത്തുപണികൾ കല്ലിൽ തീർത്ത കൊത്തുപണികളിൽ ഏറ്റവും സങ്കീര്ണമായവയാണെന്നു പറയാതെ തരമില്ല .

പലവുരു തകർക്കാൻ ശ്രമിച്ചിട്ടും തകരാതെ നിലനിൽക്കുന്ന ഭാരതത്തിന്റെ ഒരു പ്രതിരൂപം തന്നെയാണ് ചെന്ന കേശവ ക്ഷേത്രം

ചിത്രങ്ങൾ : ചെന്ന കേശവ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ ,ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
ref
1.http://www.templesofindia.net/…/chennakesava-temple-somanat…
2.https://en.wikipedia.org/…/Chennakesava_Temple,_Somanathapu…
3.https://www.karnataka.com/s…/somnathpur-chennakesava-temple/

Leave a Reply

Your email address will not be published. Required fields are marked *