Collecting knowledge For you !

ഡോ. ബി.ആര്‍. അംബേദ്കര്‍

By:
Posted: April 15, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!


ഇന്ത്യന്‍ ഭരണഘടനാശില്പി, ആദ്യ നിയമകാര്യമന്ത്രി, ദലിത് വിമോചകന്‍, സാമൂഹിക വിപ്ലവകാരി, രാഷ്ട്രമീമാംസകന്‍, ധനതത്ത്വശാസ് ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, ബുദ്ധമത പുനരുദ്ധാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്സൈനികനായ രാംജി സക്പാല്‍, ഭീമാബായ് ദമ്പതികളുടെ പതിനാലാമത്തെ മകനായിട്ടാണ് 1891ല്‍ ഏപ്രില്‍ 14ന് നിലവില്‍ മദ്ധ്യപ്രദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന മഹോയിലാണ് അംബേദ്കര്‍ ജനിച്ചത്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ നിന്നുള്ളവരാണ് അംബേദ്കറിന്റെ മാതാപിതാക്കള്‍. ദളിത് വിഭാഗമായ മഹര്‍ ജാതിയില്‍ പെട്ടരായിരുന്നു.പ്രാഥമിക വിദ്യാഭ്യാസാനന്തരം 1908-ല്‍ ബോംബെയിലെ എല്‍ഫിന്‍സ്റ്റണ്‍ ഹൈസ്കൂളില്‍ നിന്നു അംബേദ്കര്‍ മെട്രിക്കുലേഷന്‍ പാസാവുകയും ചെയ്തു ഭീം. തുടര്‍ന്ന് കോളേജിലെത്താന്‍ അംബേദ്കര്‍ക്ക് ബറോഡ മഹാരാജാവിന്റെ സ്‌കോളര്‍ഷിപ്പ് നേടേണ്ടിവന്നു. ഒടുവില്‍ പ്രശസ്തമായ നിലയില്‍ അംബേദ്കര്‍ ബോംബെ സര്‍വകലാശാലയില്‍ നിന്നുംബി.എ. പാസായി. തുടർന്നും പഠിക്കണമെന്ന് അംബേദ്കർക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. എന്തെങ്കിലും ജോലി ചെയ്യാനും അച്ഛനെ സഹായിക്കുവാനും അംബേദ്കർ തീരുമാനിച്ചു. ബിരുദധാരിയായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആരും അംബേദ്കർക്ക് ജോലി നൽകിയില്ല. അംബേദ്കർ കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനോടു കാര്യം ഉണർത്തിച്ചു. അങ്ങനെ മഹാരാജാവ് സൈന്യത്തിൽ ലഫ്റ്റനന്റായി അംബേദ്കറെ നിയമിച്ചു. അതിനിടയിൽ അച്ഛൻ രോഗബാധിതനായി കിടപ്പിലായി. അച്ഛൻ മരിച്ചു. അച്ഛൻറെ വിയോഗം അംബേദ്ക്കറെ തളർത്തി. അങ്ങനെ കൊട്ടാരത്തിലെ ജോലി രാജി വെച്ചു. വളരെയധികം ദാരിദ്യവും പ്രയാസവും അംബേദ്ക്കറെ വേട്ടയാടി. ഈ കാലയളവിൽ സമർഥരായ ഏതാനും വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ ബറോഡാ രാജാവ് തീരുമാനിച്ചു. അയിത്ത ജാതിക്കാരനായ ഒരു ഇന്ത്യക്കാരന്‍ ആദ്യമായിട്ടായിരുന്നു ഉപരിപഠനാര്‍ഥം വിദേശരാജ്യത്തെത്തുന്നത്
1913-ല്‍ ബറോഡ സ്റ്റേറ്റ് സ്കോളര്‍ഷിപ്പോടെ അംബേദ്കര്‍ കൊളംബിയ സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് ചേരുകയും, 1915-ല്‍ ധനതത്ത്വശാസ്ത്രത്തില്‍ എം.എ.ബിരുദം കരസ്ഥമാക്കുകയും ചെയ്തു. 1916-ല്‍ കൊളംബിയ സര്‍വകലാശാലയിലെ നരവംശശാസ്ത്രവിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ ‘ഇന്ത്യയിലെ ജാതികള്‍: യാന്ത്രികത, ഉദ്ഭവം, വികാസം’ എന്ന പ്രബന്ധം അവതരിപ്പിച്ചു ശ്രദ്ധേയനായി. ഇതേവര്‍ഷം തന്നെ കൊളംബിയ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് ബിരുദവും അംബേദ്കര്‍ കരസ്ഥമാക്കി.
കൊളംബിയ സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം ഡോ. അംബേദ്കര്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും ധനതത്ത്വശാസ്ത്രത്തില്‍ എം.എസ്സി., ഡി.എസ്സി. ബിരുദങ്ങള്‍ കരസ്ഥമാക്കുന്നതിനും, ഗ്രേയ്സ് ഇന്നില്‍ നിയമപഠനത്തിനുമായി ലണ്ടനില്‍ എത്തി. എന്നാല്‍ സ്കോളര്‍ഷിപ്പിന്റെ കാലാവധി അവാസാനിച്ചതിനാല്‍ 1917-ല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ അംബേദ്കര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു.
ഇന്ത്യയില്‍ മടങ്ങിയെത്തിയ അംബേദ്കര്‍ സ്കോളര്‍ഷിപ്പിലെ വ്യവസ്ഥപ്രകാരം ബറോഡ രാജാവിന്റെ സൈനിക സെക്രട്ടറിയായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. എന്നാല്‍ ജാതി ഹിന്ദുക്കളുടെ ജാതീയമായ വിവേചനത്തെത്തുടര്‍ന്ന് വളരെ പെട്ടെന്ന് അംബേദ്കര്‍ക്ക് ഉദ്യോഗം ഉപേക്ഷിച്ചു ബോംബെയിലേക്ക് മടങ്ങേണ്ടിവന്നു. ബോംബെയില്‍ എത്തിയ അംബേദ്കര്‍ 1918-20 കാലത്ത് ബോംബെയിലെ സിഡെന്‍ഹാം കോളജില്‍ ധനതത്ത്വശാസ്ത്രം പ്രൊഫസറായി ജോലി നോക്കി. കോളജിലും ജാതീയത അദ്ദേഹത്തെ വേട്ടയാടി. എന്നാല്‍ അംബേദ്കര്‍ ധീരമായി ജാതിഹിന്ദുക്കളുടെ വിവേചനങ്ങളെ നേരിട്ടു. ഈ കാലഘട്ടത്തിലാണ് (1920 ജനു.) അംബേദ്കര്‍ മറാഠിയില്‍ മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്. തുടര്‍ന്ന് ഉദ്യോഗത്തില്‍ നിന്നു ലഭിച്ച സമ്പാദ്യത്തോടും കോല്‍ഹാപ്പൂരിലെ രാജാവ് ഷാഹുമഹാരാജിന്റെ സാമ്പത്തിക സഹായത്തോടുംകൂടി അദ്ദേഹം ലണ്ടനിലേക്ക് യാത്ര തിരിച്ചു. 1921-ല്‍ അംബേദ്കര്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്നു ധനതത്ത്വശാസ്ത്രത്തില്‍ എം.എസ്സി ബിരുദവും ഗ്രേയ്സ് ഇന്നില്‍ നിന്നു ബാര്‍ അറ്റ്ലാ ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് ഗവേഷണ പ്രബന്ധമായ ദ് പ്രോബ്ളം ഒഫ് റുപ്പീസ് സമര്‍പ്പിച്ചശേഷം ധനതത്ത്വശാസ്ത്രത്തില്‍ ഉന്നത ഗവേഷണം നടത്തുന്നതിനായി ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. എന്നാല്‍ നാല് മാസങ്ങള്‍ക്കുശേഷം ഗവേഷണ പ്രബന്ധത്തിലെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകള്‍ ദൂരീകരിക്കുന്നതിനായി അദ്ദേഹത്തിന് ലണ്ടനിലേക്ക് മടങ്ങേണ്ടിവന്നു.
വിദേശപഠനം പൂര്‍ത്തിയാക്കിയ അംബേദ്കര്‍ 1923 ഏ.-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങുകയും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. 1924-ല്‍ ബോംബെ കേന്ദ്രീകരിച്ച് ബഹിഷ്കൃതഹിതകാരിണി സഭ എന്നൊരു സാമൂഹിക സംഘടനയ്ക്ക് രൂപം നല്‍കി. അയിത്തജാതിക്കാര്‍ എന്നു ഹിന്ദുമതം മുദ്രകുത്തിയ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ പുരോഗതിയായിരുന്നു പ്രസ്തുത സംഘടനയുടെ ലക്ഷ്യം. ഈ സംഘടന അയിത്തജാതിക്കുട്ടികള്‍ക്കായി ബോംബെയില്‍ നിരവധി വിദ്യാര്‍ഥി ഹോസ്റ്റലുകള്‍ സ്ഥാപിക്കുകയുണ്ടായി. 1927-ല്‍ ബഹിഷ്കൃത ഭാരത് എന്ന പേരില്‍ ഒരു വാരികയും അംബേദ്കര്‍ പുറത്തിറക്കി. സാമൂഹിക സമത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 1927-ല്‍ അംബേദ്കര്‍ സമതസൈനികദള്‍ എന്ന മറ്റൊരു സന്നദ്ധ സംഘടനയ്ക്കും രൂപം നല്കി. മിശ്രവിവാഹത്തിനും, പന്തിഭോജനത്തിനും പ്രാമുഖ്യം നല്കിയ പ്രസ്തുത സംഘടന വളരെപ്പെട്ടെന്നുതന്നെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.അധഃസ്ഥിത വിഭാഗങ്ങളുടെ അനിഷേധ്യ നേതാവ് എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഡോ. അംബേദ്കര്‍ 1927-ല്‍ ബോംബെ നിയമനിര്‍മാണസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.1929-ല്‍ സമത സൈനികദളിന്റെ മുഖപത്രമായ സമത പ്രസിദ്ധീകരണം ആരംഭിച്ചു.1927 മാ. 19-ന് ഡോ. അംബേദ്കര്‍ ചരിത്രപ്രസിദ്ധമായ മഹദ്സത്യാഗ്രഹത്തിന് നേതൃത്വം നല്‍കി. ജാത്യാചാരങ്ങള്‍ കൊടികുത്തി വാണിരുന്ന അക്കാലത്ത് അയിത്തജാതിക്കാര്‍ എന്ന് കണക്കാക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ പൊതുകിണറുകള്‍, ടാങ്കുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കുടിവെള്ളം ശേഖരിക്കാന്‍ ജാതിഹിന്ദുക്കള്‍ അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് മഹദിലെ പൊതുകുളത്തില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നതിനുവേണ്ടിയായിരുന്നു മഹദ്സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. ഡോ. അംബേദ്കറുടെ ആഹ്വാനത്തെത്തുടര്‍ന്ന് പതിനായിരങ്ങള്‍ 1927 മാ. 19-ന് മഹദില്‍ അണിനിരക്കുകയും മഹദിലെ ചൌദാര്‍ കുളത്തില്‍ നിന്നും കുടിവെള്ളം ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് 1927 ആഗ. 4-ന് മഹദ് മുനിസിപ്പാലിറ്റി ചൌദാര്‍കുളം അയിത്തജാതിക്കാര്‍ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ജാതിഹിന്ദുക്കള്‍ അയിത്തജാതിക്കാരെ കുളത്തില്‍ നിന്നു വെള്ളം ശേഖരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അംബേദ്കറും അനുയായികളും 1927 ഡി.-ല്‍ പ്രതിഷേധവുമായി വീണ്ടും മഹദില്‍ സമ്മേളിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഡി. 25-ന് അംബേദ്കര്‍ മനുസ്മൃതി കത്തിക്കുകയും അയിത്തജാതിക്കാരോട് ഹിന്ദുമതത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നു മോചനം നേടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ഒടുവില്‍, 1937-ല്‍ ചൗദാര്‍ കുളം അയിത്തജാതിക്കാര്‍ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള ബോംബെ കോടതിയുടെ വിധിയുണ്ടായി.
1928 ഒ. 23-ന് ഡോ. അംബേദ്കര്‍ സൈമണ്‍ കമ്മീഷന് മുന്നില്‍ ഹാജരാകുകയും പുതിയ ഭരണഘടനാ നിര്‍ദേശങ്ങളില്‍ അയിത്തജാതിക്കാര്‍ക്ക് പ്രത്യേക വോട്ടവകാശം ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. സൈമണ്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം 1930-ല്‍ ബ്രിട്ടന്‍ ഭരണഘടനാ പരിഷ്കാരങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ വട്ടമേശ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും തമിഴ് നാട്ടിലെ റാവു ബഹദൂര്‍ ശ്രീനിവാസനോടൊപ്പം അംബേദ്കറെ പ്രസ്തുത സമ്മേളനങ്ങളില്‍ അയിത്തജാതിക്കാരെ പ്രതിനിധാനം ചെയ്യാന്‍ തിരഞ്ഞെടുക്കുകയും ചെയ്തു. വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുത്ത അംബേദ്കര്‍ അയിത്തജാതിക്കാര്‍ ഹിന്ദുക്കളില്‍ നിന്നും വ്യതിരിക്തരാണെന്നും അവരെ ന്യൂനപക്ഷമായി പരിഗണിച്ചു പ്രത്യേക വോട്ടവകാശം നല്‍കണമെന്നും വാദിച്ചത് ഗാന്ധിജിയുടെ ശക്തമായ എതിര്‍പ്പിന് കാരണമായി. അയിത്തജാതിക്കാര്‍ ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമാണെന്നു വാദിച്ച ഗാന്ധിജിയാകട്ടെ അയിത്തജാതിക്കാര്‍ക്ക് പ്രത്യേക വോട്ടവകാശം നല്‍കിയാല്‍ സ്വന്തം ജീവന്‍ കൊണ്ടും അതിനെ നേരിടുമെന്ന് വട്ടമേശ സമ്മേളനങ്ങളില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ബ്രിട്ടന്‍ 1932 ആഗ. 17-ന് അയിത്തജാതിക്കാര്‍ക്ക് പ്രത്യേക വോട്ടവകാശം അനുവദിച്ചുകൊണ്ടുള്ള കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. തുടര്‍ന്നു ഗാന്ധിജി 1932 സെപ്. 20-ന് പൂണെയിലെ യെര്‍വാദജയിലില്‍ കമ്യൂണല്‍ അവാര്‍ഡിനെതിരെ നിരാഹാരസമരം ആരംഭിക്കുകയും സെപ്. 24-ലെ പൂനാ കരാര്‍ പ്രകാരം നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു.
നാസിക്കിലെ കലാറാം ക്ഷേത്രത്തില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശന സ്വാതന്ത്യ്രം ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു സമരത്തിന് 1930 മാ. 2-ന് ഡോ. അംബേദ്കര്‍ ആരംഭം കുറിച്ചു. സത്യാഗ്രഹസമരം അഞ്ചുവര്‍ഷം നീണ്ടുനിന്നെങ്കിലും ജാതിഹിന്ദുക്കള്‍ അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശം അനുവദിച്ചില്ല. 1935-ല്‍ അംബേദ്കര്‍ പ്രസ്തുത സമരം അവസാനിപ്പിച്ചുകൊണ്ട് ബോംബെയിലെ യെയോലയില്‍ ദലിതരുടെ ഒരു വലിയ സമ്മേളനം വിളിച്ചുചേര്‍ക്കുകയും പ്രസ്തുത സമ്മേളനത്തില്‍ വച്ച് താന്‍ ഹിന്ദുവായി മരിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
1935 മേയ് 27-ന് അംബേദ്കറുടെ ഭാര്യ രമാഭായി അന്തരിച്ചു. ഇതേവര്‍ഷം ജൂണില്‍ അംബേദ്കര്‍ ബോംബെയിലെ ഗവണ്‍മെന്റ് ലാ കോളജിന്റെ പ്രിന്‍സിപ്പാള്‍ ആയി നിയമിക്കപ്പെട്ടു. 1935 ഡി.-ല്‍ ലാഹോറിലെ ജത്-പത്-തോഡക് എന്ന സംഘടന ഡോ. അംബേദ്കറെ ജാതിനിര്‍മൂലനം എന്ന വിഷയത്തെ അധികരിച്ചു പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ പ്രബന്ധത്തിലെ ഹിന്ദുമത വിമര്‍ശന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന സംഘാടകരുടെ നിര്‍ദേശം അംബേദ്കര്‍ അവഗണിച്ചതിനെത്തുടര്‍ന്ന് പ്രസ്തുത സമ്മേളനം തന്നെ സംഘാടകര്‍ ഒഴിവാക്കി. ശ്രദ്ധേയമായ പ്രസ്തുത പ്രബന്ധം അംബേദ്കര്‍ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
അംബേദ്കര്‍ 1936 ഒ.-ല്‍ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി രൂപീകരിക്കുകയും ബോംബെ പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും എല്ലാ സംവരണസീറ്റുകളിലും വിജയിക്കുകയും ചെയ്തു. 1942-ല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ എന്ന പേരില്‍ മറ്റൊരു സാമൂഹിക-രാഷ്ട്രീയ സംഘടനയ്ക്കു രൂപം നല്‍കി. 1942 ജൂലായില്‍ അംബേദ്കറെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌണ്‍സിലില്‍ അംഗമായി നിയമിച്ചു. 1946 വരെ എക്സിക്യൂട്ടീവ് കൌണ്‍സിലില്‍ അംഗമായി തുടര്‍ന്നു. 1945-ല്‍ അധഃസ്ഥിതരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പീപ്പിള്‍സ് എഡ്യൂക്കേഷന്‍ സൊസൈറ്റി രൂപീകരിക്കുകയും സൊസൈറ്റിയുടെ കീഴില്‍ മഹാരാഷ്ട്രയില്‍ കോളജുകള്‍ ഉള്‍പ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
ഡോ.അംബേദ്കറെ കൂടാതെ, അല്ലാഡി കൃഷ സ്വാമി അയ്യര്‍, എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍, കെ.എം. മുന്‍ഷി, ഡോ. രാജേന്ദ്രപ്രസാദ്, വി.ടി. കൃഷ്ണമാചാരി, നെഹ്രു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ബി.എന്‍. റാവു എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമായിരുന്നു. 141 ദിവസത്തെ നിരന്തര പ്രയത്‌നത്തിന്റെ ഫലമായി ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഡോ. അംബേദ്കര്‍ രൂപം നല്‍കി. കമ്മിറ്റി മെമ്പര്‍മാര്‍ പലരുണ്ടായിട്ടും ഡോ. അംബേദ്കറുടെ അശ്രാന്തപരിശ്രമം ഒന്നുകൊണ്ടായിരുന്നു ഭരണഘടന തയ്യാറാക്കാന്‍ സാധിച്ചതുതന്നെ. 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടം ഭരണഘടനാ നിര്‍മ്മാണവേളയില്‍ പരിശോധിക്കപ്പെടുകയുണ്ടായി. പുതിയ ഭരണ ഘടന 1949 നവംബര്‍ 26-ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ട് ഡോ. അംബേദ്കര്‍ ഇങ്ങനെ പ്രഖ്യാപിച്ചു. 'ഭാരതീയരായ നാം നമ്മുടെ ഭരണഘടനയും സ്വാതന്ത്ര്യവും ഭാരതത്തിലെ ഒരു കുഞ്ഞുള്ളകാലം വരെ ചോരയും ജീവനും നല്‍കി സംരക്ഷിക്കും'.1949 നവംബറില്‍ ഭരണഘടനാ കരടിന് അംഗീകാരം. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി
1951-ല്‍ ഡോ. അംബേദ്കര്‍ തയ്യാറാക്കിയ ഹിന്ദുകോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുവെങ്കിലും ബില്‍ പാസാകാത്തതില്‍ പ്രതിഷേധിച്ച് 1951 സപ്തംബര്‍ 27-ന് അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെച്ചു.1951-52ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോംബെ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് ജനവിധി തേടിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പംതന്നെ ഹിന്ദുമത ത്തോടും അവയിലെ അനാചാരങ്ങ ളിലും പ്രതിഷേധിച്ചുകൊണ്ട് 1956 ഒക്ടോബര്‍ 14-ന് മൂന്ന് ലക്ഷമനുയികളോടൊപ്പം ഡോ. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചു. ഇതേവര്‍ഷം തന്നെ അദ്ദേഹം ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിക്ക് പകരം പട്ടികജാതിക്കാര്‍ക്കായി 'റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയപാര്‍ട്ടിക്കും ജന്മം നല്‍കി.
ഒട്ടേറെ പ്രബന്ധങ്ങളുടെയും പ്രമുഖ ഗ്രന്ഥങ്ങളുടെയും കര്‍ത്താവ് കൂടിയാണ് ഡോ. അംബേദ്കര്‍. 1956 ഡിസംബര്‍ 5ന് രാത്രിയില്‍ സിലോണില്‍ നിന്നെത്തിയ ഏതാനും ബുദ്ധഭിക്ഷുക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തി. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന അദ്ദേഹം പിന്നീട് ഉണര്‍ന്നില്ല. ഡിസംബര്‍ ആറിന് പുലര്‍ച്ചെ ചായയും കൊണ്ടുചെന്ന പരിചാരകന്‍ കണ്ടത് ഡോ. അംബേദ്കര്‍ മരിച്ചു കിടക്കുന്നതാണ്. ഡിസംബര്‍ 7-ന് അദ്ദേഹത്തിന്റെ ഭൗതികശരീരം മുംബൈയിലെ ചൈത്യഭൂമിയില്‍ ബുദ്ധമതാചാരപ്രകാരം സംസ്കരിച്ചു. സംസ്കാര ചടങ്ങിനോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു ലക്ഷം പേര്‍ ബുദ്ധമതം സ്വീകരിച്ചു. 1991-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് മരണാനന്തര ബഹുമതിയായി ഡോ. അംബേദ്കര്‍ക്ക് ഭാരതരത്നം നല്‍കി ആദരിച്ചു.
Pscvinjanalokam PSC VINJANALOKAM

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *