Collecting knowledge For you !

*തനിയേ തെളിയുന്ന വഴിവിളക്കുകൾ*

By:
Posted: April 9, 2018
Category: Energy
Comments: 0
download palathully android app ! >>>> Get!

നെതർലാൻഡിന്റെ കുറേ ഭാഗം കടൽനിരപ്പിലും താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുരുകുന്ന സമയത്ത് കടലിരച്ചുകയറി ഈ പ്രദേശങ്ങൾ മുങ്ങിപ്പോകാനുള്ള സാദ്ധ്യത കണ്ടാണ് ഡച്ച് ഭരണാധികാരികൾ 1932ൽ കടൽത്തീരത്ത് ഡൈക് അഥവാ ഒരു കൂറ്റൻ മതിൽ പണിതത്. 5000ത്തോളം തൊഴിലാളികൾ 5 വർഷം പണിയെടുത്താണ് ഇതിന്റെ പണി തീർത്തത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും കടലിനെ ഇപ്പോഴും പ്രതിരോധിക്കുന്നതുമായ ഒന്നാണ് അഫ്സ്ല്യൂട്ട് ഡൈക് (Afsluitdijk) എന്ന പ്രസിദ്ധമായ കടല്പ്രതിരോധസംവിധാനം.

ഈയ്യിടെ, മറ്റൊരു സംഭവത്തിലൂടെയാണ് അഫ്സ്ലൂട്ട് ഡൈക് മാദ്ധ്യമശ്രദ്ധ നേടിയത്. ഡാൻ റൂസ്ഗാർഡിന്റെ നേതൃത്വത്തിൽ നടത്തിയ ഐകൂൺ അഫ്സ്ലൂട്ട്ഡൈക് എന്ന രൂപകല്പനാ നവീകരണ പദ്ധതിയാണ് വേറിട്ടുനിന്ന് അത്ഭുതമാകുന്നത്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ "ഗേറ്റ് ഓഫ് ലൈറ്റ്" ഊർജ്ജസംരക്ഷണത്തിന്റെ വിപ്ലവകരമായ ആശയമാണ് ലോകത്തിന് പങ്കു വയ്ക്കുന്നത്.

32 കിലോമീറ്റർ ദൂരമുള്ള ഡൈക്കിനുമുകളിലൂടെയാണ് പ്രധാനനിരത്ത് പണിഞ്ഞിരിക്കുന്നത്. കടലിന്റെ ശാന്തതാബാഹുല്യം അതിമനോഹരമായി ആസ്വദിക്കാവുന്ന രീതിയിലുള്ള നിർമ്മിതി, ഈ നിരത്തിനെ ലോകത്തിലെ ഏറ്റവും വാഹനസാന്ദ്രത ഉള്ള ഇടങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ഒരു ദിവസത്തിൽ ഏകദേശം 20000ത്തോളം കാറുകളാണ് ഈ വഴിയിലൂടെ പോകുന്നത് (ഒരു ശരാശരി ഇന്ത്യൻ നഗരത്തിലെ വാഹനസാന്ദ്രത). കാറുകളുടെ രാത്രി സഞ്ചാരം ഉണ്ടാക്കുന്ന പ്രാകാശമലിനീകരണം ഒരു പ്രധാനപ്രശ്നമായിരുന്നു. കൂടാതെ, 32 കിലോമീറ്റർ ദൂരമുള്ള റോഡിനെ തുടർച്ചയായി പ്രകാശമാനമാക്കി നിർത്തേണ്ടതിന്റെ ഊർജ്ജവിനിയോഗവും വളരെയധികമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഗേറ്റ് ഓഫ് ലൈറ്റ് എന്ന പ്രൊജക്ടുമായി കഥാനായകൻ, റൂസ്ഗാഡ് എത്തുന്നത്.

കാറുകളുടെ ഹെഡ്ലാമ്പിൽ നിന്നും വരുന്ന പ്രകാശത്തെ വിപരീതദിശയിൽ ചിതറിച്ച് പാതയെ പ്രകാശമാനമാക്കുക എന്നതായിരുന്നു ഗേറ്റ് ഓഫ് ലൈറ്റ് പദ്ധതി. ഇതിനായി പരമാവധി വെളിച്ചനഷ്ടം കുറച്ച് ചിതറിക്കുന്ന തരം മൈക്രോപ്രിസം റിഫ്ലക്ടറുകൾ ഉപയോഗിച്ച് അറുപതോളം വരുന്ന ഫ്ലഡ് ഗേറ്റുകളെ പ്രകാശമാനമാക്കി. തുടർച്ചയായി വരുന്ന രാത്രിവണ്ടികൾ, തെരുവുവിളക്കില്ലാതെ തന്നെ ഈ പ്രദേശത്തെ വെളിച്ചം കാണിച്ചുകൊണ്ടിരുന്നു.

ഗേറ്റ്സ് ഓഫ് ലൈറ്റ് പ്രൊജക്ടിലൂടെ, പ്രകാശമലിനീകരണം തടയാനും തെരുവിളക്കിനായുപയോഗിക്കുന്ന ഊർജ്ജവിനിയോഗം വൻ തോതിൽ കുറക്കാനും സാധിച്ചു. ഇത് വളരെ പ്രധാനപ്പെട്ട ഒരു തുടക്കം മാത്രമാണ്. ലൈറ്റ് റ്റ്യൂബുകളും മൈക്രോപ്രിസങ്ങളും എല്ലാം ഉപയോഗിച്ച് തെരുവോർജ്ജവിനിയോഗം പരമാവധി കുറയ്ക്കാൻ നമുക്കും പഠനങ്ങൾ തുടങ്ങാം.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *