ഈ സ്ത്രീയുടെ പേരാണ് ബബുഷ്കാ ലേഡി. ക്രൈം സീൻ അനാലിസിസ് നടത്തിയപ്പോൾ ഫിലിം ഫൂട്ടെജിൽ കണ്ട ഒരു സ്ത്രീയാണിവർ. കൊല്ലപ്പെട്ടത് നിസാരക്കാരനായിരുന്നില്ല. JFK എന്നറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി.

1963 നവംബർ 22 വെള്ളിയാഴ്ച 12.30 നു ആയിരുന്നു സംഭവം. ടെക്സാസിലെ ഡല്ലാസിൽ വച്ചായിരുന്നു സംഭവം. അവിടെയാണ് നിഗൂഢാത്മകമായ ഈ സ്ത്രീയുടെ സാന്നിദ്ധ്യം!.

ഒരു ബ്രൌൺ ഓവർകോട്ടും തലയിൽ ഒരു സ്കാർഫുമായിരുന്നു ആ സ്ത്രീയുടെ വേഷം. റഷ്യൻ വല്യമ്മമാർ ധരിക്കുന്ന രീതിയിലുള്ള ആ സ്കാർഫിന്റെ പേരിലാണ് അജ്ഞാതയായ ആ സ്ത്രീക്ക് ബബുഷ്ക സ്ത്രീ എന്ന് പേരുവന്നത്.

ആ സ്ത്രീ മുഖത്തിനു മുന്നിലായി എന്തോ പിടിച്ചിട്ടുണ്ടായിരുന്നു. അതൊരു കാമറയായിരുന്നുവെന്നു സംശയിക്കപ്പെടുന്നു. ആ സീനിലെ പല ഫോട്ടോകളിലും ആ സ്ത്രീയുണ്ടായിരുന്നു. വെടിവയ്പ്പുകഴിഞ്ഞ് അവിടുന്ന് ജനം എല്ലാം ഒഴിവായപ്പോഴും നമ്മുടെ ബബുഷ്ക അവിടെനിന്നു ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു!. കുറച്ച് സമയത്തിനു ശേഷം അവൾ അവിടുന്ന് നടന്നകന്നു കിഴക്കുഭാഗത്തുള്ള Elm Street ലേക്ക് പോയി.

FBI പബ്ലിക്കായി ആ സ്ത്രീയോട് മുന്നോട്ടുവന്നു അവരെടുത്ത ഫോട്ടോകൾ സമർപ്പിക്കണമെന്ന് അഭ്യർഥിച്ചു. ആ സ്ത്രീ മുന്നോട്ടുവരുകയോ, ആ ഫിലിം ഫൂട്ടേജ് കണ്ടെത്തുകയോ ചെയ്തില്ല.

1970 ൽ ബിവെർലി ഒലിവർ എന്ന സ്ത്രീ മുന്നോട്ടുവന്ന് ബുബുഷ്ക താനായിരുന്നുവെന്ന് വെളിപ്പെടുത്തി. എന്നാൽ അവർ പറഞ്ഞ കഥ വിശ്വാസ യോഗ്യമായിരുന്നില്ല. അവളൊരു തട്ടിപ്പുകാരിയാണെന്ന് കരുതപ്പെടുന്നു. ഇതുവരെ ബബുഷ്ക ആരെന്നു തിരിച്ചറിയപ്പെട്ടിട്ടില്ല!. അവൾ അവിടെ എന്തെടുക്കുകയായിരുന്നുവെന്നും!. അവൾ മുന്നോട്ടുവന്ന് തെളിവ് നൽകാതിരുന്നതും അസാധാരണമായിരുന്നു. ഇന്നും ഇതൊരു ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *