ദന്ത ചികിത്സകളില്‍ ഏറ്റവും അധികം തെറ്റി ധരിക്കപ്പെട്ടിട്ടുള്ള ചികിത്സയാണ് റൂട്ട് കനാൽ എന്ന് വിളിക്കപ്പെടുന്ന Root Canal Treatment(RCT). ഞാൻ നാട്ടിൽ ക്ലിനിക്ക് തുടങ്ങിയ കാലത്ത് പല്ല് വേദനയുമായി വരുന്ന ഓരോ രോഗിക്കും RCT ചിത്രം വരച്ച് പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. ചിത്രം വരയ്ക്കാൻ എന്റെ prescription pad ന്റെ പുറകിലെ ചട്ടയാണ് പതിവായി ഉപയോഗിച്ചിരുന്നത്. പല്ലുകളും ഞരമ്പുകളും വേർതിരിച്ച് മനസ്സിലാക്കാൻ ചുവപ്പും നീലയും മഷി മാറ്റി ഉപയോഗിച്ചിരുന്നു. അതൊക്കെ ഒരു കാലം!
RCT യെ കുറിച്ച് സാധാരണ കേള്‍ക്കാറുള്ള സംശയങ്ങൾക്കുള്ള ഒരു “വിശദീകരണ” പോസ്റ്റാണ് ഇത്!
1.എന്താണ് റൂട്ട് കനാൽ ചികിത്സ?
RCT യെ പൊതുവെ ആളുകൾ പറയുന്നത് “വേര് അറുക്കുന്ന” ചികിത്സ
എന്നാണ്. RCT ചെയ്യുമ്പോൾ വേര് അറുക്കുമോ? പല്ല് പറിച്ച് വേര് അറുത്തിട്ട് തിരിച്ച് വെക്കുമോ എന്നൊക്കെയാണ് പലരുടേയും സംശയം.RCT എന്ന പ്രക്രിയയിൽ പല്ലിന്റെ വേര് അറുക്കുന്ന നടപടി ഇല്ല എന്നതാണ് വാസ്തവം. പല്ലിനെ local anesthesia കൊടുത്ത് തരിപ്പിച്ചതിന് ശേഷം പല്ലിനുള്ളിലേക്ക് ഒരു ദ്വാരം(access cavity) സ്രഷ്ടിച്ച്, അണുബാധയേറ്റ മജ്ജ അഥവാ dental pulp നീക്കം ചെയ്യുക മാത്രമാണ് ചെയ്യുക. അത് നീക്കം ചെയ്തു കഴിഞ്ഞാൽ പല്ലിന് സംവേദന ക്ഷമത ഇല്ലാതാവും. പിന്നീട് പല്ലിന്റെ വേരിന്റെ അകം (Root canal) നല്ല വടിവൊത്ത ഒരു തുരങ്കം പോലെ ആക്കി എടുക്കും, എന്നിട്ട് അതിനകത്ത് ദ്രവിച്ചു പോകാത്ത മെഴുക് പോലൊരു സാധനം( gutta percha)വച്ച് നിറയ്ക്കുന്നു. ഇതെല്ലാം ആവശ്യവും സൗകര്യവും അനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ തവണകളായിട്ടാണ് ചെയ്യുക. പല്ലിന്റെ വേരിനകം അടച്ചു കഴിഞ്ഞാൽ മുകളിലെ access cavity അരക്കിട്ട് ഉറപ്പിക്കുന്നു.പാൽ പല്ലുകൾ ആണെങ്കിൽ വേരിനകം ദ്രവിച്ചു പോകുന്ന സാധനങ്ങളാണ് നിറയ്ക്കുന്നത്. അത് പല്ല് ഇളകി പോകുമ്പോഴേക്കും കൂടെ ദ്രവിച്ചു പോകുകയും ചെയ്യും.
2.എന്തിനാണ് റൂട്ട് കനാൽ?
പല്ലുകളില്‍ കേടോ മോണരോഗമോ വന്ന് വേരിന് അകത്തും അതിനടിയിലും ചുറ്റും നീരും പഴുപ്പും വന്നാലാണ് സാധാരണ RCT ചെയ്യുന്നത്. മിക്കവരിലും ഇങ്ങനെ ഒക്കെ ഉണ്ടാകുമ്പോൾ വേദനയും ഉണ്ടാവും. അതായത് പ്രധാനമായും വേദനയുള്ള പല്ലുകളില്‍ ആണ് RCT ചെയ്യുന്നത്. അതു പോലെ പോടടച്ച് പുനർ നിർമ്മിക്കാൻ കഴിയാത്തവ ക്യാപ്പ് ചെയ്യാൻ വേണ്ടിയും പല്ലുകൾ തമ്മിൽ കൂട്ടി ഘടിപ്പിച്ച് നഷ്ടപ്പെട്ടവ തിരിച്ച് പിടിപ്പിക്കാനും(bridge) RCT വേണ്ടി വരാറുണ്ട്.
3.റൂട്ട് കനാൽ ചെയ്യുമ്പോൾ വേദനയുണ്ടാവുമോ?
ഇല്ല. ചിലപ്പോൾ വളരെ കുറച്ച്!
രണ്ട് തരം പല്ലുകളിൽ RCT ചെയ്യാറുണ്ട്. Vital tooth (ചേതനയുള്ളവ) അല്ലെങ്കിൽ Non vital tooth(അചേതനമായവ). Vital tooth ല്‍ RCT ചെയ്യുമ്പോൾ എത്ര തന്നെ തരിപ്പിച്ചാലും ചിലപ്പോൾ access cavity ഉണ്ടാക്കി root canal ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ചിലയാളുകള്‍ക്ക് ചെറിയ വേദന ഉണ്ടാവാറുണ്ട്. അത് procedure ന്റെ ഉടനീളം ഉണ്ടാവാറില്ല താനും. Non vital tooth ആണ് ചെയ്യുന്നതെങ്കിലോ, തരിപ്പിച്ചില്ലെങ്കില് പോലും വേദനയുണ്ടായിക്കോളണമെന്നുമില്ല.
4.റൂട്ട് കനാല്‍ ചെയ്ത പല്ല് ക്യാപ്പിംഗ് ചെയ്യണോ?
ക്യാപ്പ് ചെയ്യുന്നതാണ് ഉത്തമം. അവയ്ക്ക് ഉറപ്പ് നൽകാൻ അത് സഹായിക്കും. പല്ലിന്റെ ക്യാപ്പിംഗിനെ കുറിച്ച് വിശദമായി മറ്റൊരിക്കല്‍ പറയാം.
5.റൂട്ട് കനാൽ ചെയ്താൽ വീണ്ടും ആ പല്ലിന് വേദനയൊ പഴുപ്പോ ഉണ്ടാവാനുള്ള സാധ്യതയുണ്ടോ?
മറ്റെല്ലാ surgical procedures ചെയ്യുമ്പോഴും ഉള്ള ചെറിയൊരു ശതമാനം പരജായ സാധ്യത റൂട്ട് കനാലിനുമുണ്ട്. ഒരു പാട് പേർ റോഡിൽ അശ്രദ്ധമായി വണ്ടിയോടിച്ചാലും ഏറ്റവും ശ്രദ്ധിച്ചു ഓടിച്ച ആൾ ചിലപ്പോൾ അപകടത്തിൽ പെടാറില്ലേ? അതു പോലെ. മാത്രവുമല്ല, RCT ചെയ്ത പല്ലിന്റെ “അയൽവാസി”കളായ പല്ലുകൾ, മോണ എന്നിവയുടെ സൗഖ്യവും ക്ഷേമവും ഒക്കെ ഇതിനേയും അനുകൂലമായും പ്രതികൂലമായും ബാധിക്കും. ഒരിക്കൽ RCT ചെയ്തു, ഇനി ആ ഭാഗത്തേക്കേ തിരിഞ്ഞു നോക്കണ്ട എന്ന മനോഭാവം ദോഷം ചെയ്യും!
6.RCT ചെയ്താൽ ക്യാൻസർ വരുമോ?
ആ ബെഷ്ട്! ദ് മ്മടെ “വെടക്ക”ഞ്ചേരി ടീംസ് ചോദിക്കാറുള്ള ചോദ്യമാണ്.
മറുപടി ഇത്ര മാത്രം! RCT ചെയ്തില്ലേലും ചിലപ്പോൾ ക്യാൻസർ വരും. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും കേള്‍ക്കുന്ന പാട്ടും കാണുന്ന കാഴ്ചകളും വരെ മലീമസമായ ഈ ലോകത്ത് ക്യാൻസർ വരാൻ RCT തന്നെ വേണമെന്നില്ല. ഇന്ത്യയിൽ വിവാഹ മോചനം തേടുന്നവരില്‍ 99% വും വിവാഹം കഴിച്ചവരാണെന്ന് പറയുന്നത് പോലെയാണ് RCT യും ക്യാൻസറും തമ്മിലുള്ള “അന്തർ ധാര”!
രോഗിയുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ആധുനിക ദന്ത വൈദ്യം യഥാർത്ഥത്തിൽ RCT യെ Emergency dental care ആയിട്ടാണ് കാണുന്നത്. പല്ലിന്റെ വേദന അകറ്റാനും അവയെ പറിച്ചു കളയാതെ നിലനിർത്താനും ഉള്ള അടിയന്തിര മാർഗ്ഗം. എന്നാൽ പല്ലിനെ നിലനിർത്തുന്നത് ഒരു “ആഡംബര”മായിട്ടാണ് ഇന്നും നമ്മൾ കരുതുന്നത്. പല്ലുകൾ ഒരെണ്ണം പറിഞ്ഞു പോയാലും രോഗിയുടെ ജീവന് അപകടം ഇല്ലാത്തതു കൊണ്ടാവാം!
എങ്കിലും മാറ്റങ്ങൾ വന്നു കഴിഞ്ഞു. ഇന്ന് റൂട്ട്ക കനാലിനെ ചിത്രം വരച്ചു പഠിപ്പിക്കേണ്ട ആവശ്യമില്ല. ആളുകൾ പല്ലുകൾ കൊഴിഞ്ഞ് കവിളൊട്ടി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. പലരും RCT ചോദിച്ചു വരുന്നു. പണ്ടത്തെ പോലെ പല്ല് പറിച്ചു കളഞ്ഞ് “സെറ്റു പല്ല്” വയ്ക്കുന്നത് ഇപ്പോൾ “ഫാഷൻ” അല്ല. ഒരു വിധത്തിലും നിലനിർത്താൻ കഴിയാത്ത പല്ലുകൾ മാത്രമേ ഇന്ന് ആളുകൾ പറിച്ചു കളയുന്നുള്ളൂ. ഹൃദ്രോഗികളേയും പ്രമേഹ രോഗികളെയും പോലെ പല്ല് പറിക്കാൻ പല നിബന്ധനകളും ഉള്ളവർക്ക് RCT വലിയൊരു ആശ്വാസമാണ്. പ്രകൃതിദത്തമായ പല്ലുകൾ കൊണ്ട് ചവച്ചരച്ചു കഴിക്കുന്നതിന്റെ ആ ഒരു feel, അത് ഒന്നു വേറെ തന്നെയാണ്. ഉള്ള കാലം അവനവന്റെ പല്ലു കൊണ്ട് നന്നായി ചവച്ച് വല്ലതും തിന്നണം, നല്ല ആത്മവിശ്വാസത്തോടെ പൊട്ടി ചിരിക്കണം എന്നൊക്കെ ആഗ്രഹം ഉള്ളവർ മാത്രം തിരഞ്ഞെടുക്കേണ്ട ചികിത്സയാണ് Root Canal Treatment!
Tail piece: ഒരു RCT ചെയ്യാൻ വരുന്ന ചിലവ് 2500_4500 രൂപ ആണെന്ന് കഴിഞ്ഞ വർഷത്തെ ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ നിരക്ക് വിവര പട്ടിക പറയുന്നു. പുതുക്കിയ പട്ടിക കൈയ്യിൽ കിട്ടിയിട്ടില്ല! RCT യ്ക്ക് GST ബാധകമാണ്!